ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 December 2020

പൂതിരുവാതിര - 01

പൂതിരുവാതിര

ഭാഗം - 01

വിശ്വാസ സമൂഹത്തിന് സർവ്വവിധ അനുഗ്രഹങ്ങളും ആശംസകളും നൽകി ധനുമാസത്തിലെ "തിരുവാതിര "

നോൽമ്പിന്റെ പുണ്യവും, പാട്ടിന്റെ രാഗങ്ങളും നൃത്തത്തിന്റെ ചുവടുകളും, മഞ്ഞിന്റെ കുളിരും കൊണ്ട് വന്ന്‌  കേരളീയാംഗനകളെ അടുത്ത വർഷവും  ആഹ്ലാദത്തിന്റെ ഉത്തുംഗ ശൃങ്ഗങ്ങളിൽ  ഊഞ്ഞാലാടിക്കുവാൻ !

തിരുവാതിര നക്ഷത്രം സന്തോഷവതിയായിരുന്നു പത്തോ, പതിനഞ്ചോ വർഷം മുൻപ് അന്യം നിൽക്കും എന്ന് കരുതിയിരുന്ന തിരുവാതിരക്കളി ഇന്ന് കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും, മണ്ഡപങ്ങളിലും ഹോട്ടലുകളിലും വരെ തിമിർത്താടുന്നു.

വർഷങ്ങൾക്ക് മുൻപ് തിരുവാതിര ആഘോഷിക്കുമ്പോളും അതിന്റെ ഐതിഹ്യത്തെ കുറിച്ചോ, കഥാസാരങ്ങളെ കുറിച്ചോ അധികമൊന്നും ആചരിക്കുന്നവർക്ക് പോലും  അറിയില്ലായിരുന്നു. എന്നാൽ ഇന്നതല്ല സാഹചര്യം. സാമൂഹ്യ മാധ്യമങ്ങൾ, നവമാധ്യമങ്ങൾ എന്നിവയിൽ കൂടി തിരുവാതിരയുടെ കഥാതന്തുവും, ചരിത്രവും, ഐതിഹ്യവുമെല്ലാം മനഃപാഠമായിരിക്കുന്നു.  ആതിരയുടെ  ഐതിഹ്യത്തിന്റെ പല രീതിയിലുള്ള വ്യാഖ്യാനങ്ങൾ പലവുരു വായിച്ചു കേരളത്തിലെ വിശ്വാസി സമൂഹം  ഹൃദിസ്ഥമാക്കിയിരിക്കുന്നു. തിരുവാതിര മാഹാത്മ്യം ഇന്ന്  ആബാലവൃദ്ധം സമൂഹത്തിന് മനഃപാഠമാണ്.

തിരുവാതിരക്കളിയും, എട്ടങ്ങാടിയുടെ ചേരുവകളും, വ്രതരീതികളും എല്ലാം ജനസഞ്ചയത്തിന്റെ മൊബൈലുകൾ ഹാങ്ങ്‌ ആവുന്ന രീതിയിൽ വന്നിട്ടും അധികം പ്രചാരം കിട്ടാതിരുന്ന ഒന്നായിരുന്നു "പൂത്തിരുവാതിര" യുടെ ചടങ്ങുകൾ.

തൃശ്ശിവപേരൂർ ജില്ലയിലെ തൈക്കാട്ടുശ്ശേരി വളരെ പ്രസിദ്ധമാണ്. അതിലൊന്ന് ആറാട്ടുപുഴ പൂരത്തിൽ പങ്കെടുക്കുന്ന തൈക്കാട്ടുശ്ശേരി ഭഗവതി ക്ഷേത്രമാണ്. മറ്റൊന്ന് അഷ്ടവൈദ്യൻമാരിൽ സുപ്രധാനിയായ തൈക്കാട്ട് മൂസ്സതുമാരാൽ പിന്തുടർന്ന് പോരുന്ന ആയുർവേദ പാരമ്പര്യവുമാണ്. ക്ഷേത്ര കലകളുടെ വലിയൊരു പാരമ്പര്യത്തിനും വ്യവസായ ചരിത്രത്തിനുമെല്ലാം തൈക്കാട്ടുശ്ശേരിക്കും പ്രാന്തപ്രദേശങ്ങൾക്കും സ്വന്തം. 

പ്രൗഢഗംഭീര ചരിത്രമുറങ്ങുന്ന തൈക്കാട്ടുശ്ശേരി ഭഗവതി ക്ഷേത്രത്തിന്റെ നടപ്പുര തിരുവാതിരകളിക്കും, ഊഞ്ഞാലാട്ടത്തിനും പാതിരാ പൂ ചൂടലിനും,  പൂജക്കും ഒപ്പം  തിരുവാതിര ചടങ്ങുകളിലെ "പൂത്തിരുവാതിര " ആഘോഷത്തിനും ഈ വർഷവും സാക്ഷിയായി.  

ഗ്രാമത്തിലെ തിരുവാതിര വ്രതം അനുഷ്ഠിക്കുന്ന വിശ്വാസികളുടെ വീടുകളിലെ, കഴിഞ്ഞ തിരുവാതിരക്ക് ശേഷം വിവാഹിതരായ ദമ്പതികളെ ക്ഷേത്രത്തിൽ നടക്കുന്ന  "പൂത്തിരുവാതിര " ആഘോഷത്തിലേക്ക് ക്ഷണിക്കുന്നതോടെ ചടങ്ങുകൾക്ക് ശുഭാരംഭമാകുന്നു. തിരുവാതിര നാളിൽ  സന്ധ്യയോടെ ക്ഷേത്രത്തിൽ എത്തുന്ന നവ ദമ്പതികളെ വാക്കുരവ ഇട്ടും ആർപ്പുവിളിച്ചും സംഘാടകർ സ്വീകരിക്കുന്നതോടെ പൂത്തിരുവാതിര ചടങ്ങുകൾ ആരംഭിക്കുന്നു.

നവദമ്പതികളെ ഓരോരുത്തരെയായി  ആനയിച്ചു ഇരുത്തുന്നത് മുൻകൂട്ടി സജ്ജമാക്കിയ ഇരിപ്പിടത്തിലേക്കാണ്. അരിമാവണിഞ്ഞു അതിനു നടുവിൽ ശിവലിംഗ രൂപസാമ്യമുള്ള അമ്മിക്കല്ല് വക്കുന്നു. അതിന് മുൻപിൽ വിളക്ക് കൊളുത്തിവക്കുന്നു. (പച്ചമുളകും ചമ്മന്തിയും അരക്കുന്ന അമ്മിക്കല്ലിൽ പോലും ദൈവത്തെ ദർശിക്കുന്ന മഹനീയ വ്യവസ്ഥ) അമ്മിക്കല്ലിനു വലത്തു ഭാഗത്തായി മറ്റൊരു നിലവിളക്കും കൊളുത്തിവക്കും.

പ്രസ്തുത നിലവിളക്കിനു മുന്പിലായാണ് ദശപുഷ്പ്പങ്ങളും, പാതിരാക്ക് ചൂടാനുള്ള പൂക്കളും ഒരുക്കി വക്കുന്നത്. പൂക്കൾക്ക് ഇടത് വശത്തായി ത്രിനേത്രമുള്ള നാളികേരം ഉടച്ചു വക്കുന്നു. അതിനും മുൻപിലായി അഷ്ടമംഗല്യത്തട്ടും കദളിപ്പഴവും വക്കുന്നു.  അവയോട് ചേർന്ന് അരച്ചെടുത്ത ചന്ദനവും വക്കുന്നു.

അതിനും ഇടതു വശത്തായി ശിവപ്രതിരൂപമായ അമ്മിക്കല്ലിനു മുന്നിലായാണ് മറ്റു പൂജാദികളിൽ വെക്കാത്ത ദ്രവ്യമായ "താംബൂലം " വക്കുന്നത്. കേടുപാടുകൾ ഇല്ലാത്ത തളിർവെറ്റിലയും, വാസനച്ചുണ്ണാമ്പും, കള്ളിയടക്കയും (ഇപ്പോൾ സുപ്പാരി ആ സ്ഥാനം ഏറ്റെടുത്തു) ഏലക്ക, കരയാമ്പൂ, ജാതിപത്രി എന്നിവയുടെ മിശ്രിതവും ചേർത്ത് വക്കുന്നു.
ഇവക്ക് മുൻപിലായി തഴപ്പായ വിരിച്ചു അതിനു മുകളിൽ അലക്കിയ മുണ്ട് വിരിച്ചു ദമ്പതികൾക്കു ഇരിക്കാൻ ഇരിപ്പിടം ഒരുക്കുന്നു.

ദമ്പതികളെ ഇരുത്തുന്നതിനു മുൻപ് പൂജാരി പൂജാ കർമ്മങ്ങൾ ചെയ്തിട്ടുണ്ടാകും. അർദ്ധനാരീശ്വര സങ്കൽപ്പത്തിലോ, ലക്ഷ്മീനാരായണ സങ്കൽപ്പത്തിലോ ഐക്യമത്യ പൂജകളാണ് ഭൂരിഭാഗം സ്ഥലങ്ങളിലും ചെയ്യാറുള്ളത്. ഈ പൂജകൾ നടത്താനുള്ള അധികാരം കൂടുതൽ സ്ഥലങ്ങളിലും വാര്യർ കുടുംബങ്ങൾക്കാണ് വിധിക്കപ്പെട്ടിട്ടുള്ളത്. ഇതിന് വിഭിന്നമായി നമ്പൂതിരിമാരും, മറ്റു സമുദായാംഗങ്ങളും പൂജ നടത്തുന്ന സ്ഥലങ്ങളും ഉണ്ട്.

ഈ സമയത്ത് പൂജ നടത്തുന്ന പുരോഹിത വർഗ്ഗത്തെ കുറിച്ച് പരാമർ ശ്ശിക്കേണ്ടിയിരിക്കുന്നു. ഹിന്ദുവിനെ വിഘടിപ്പിച്ചു നിർത്താനുള്ള കുടിലതയുടെ സൃഷ്ടിയായിരുന്നു പുരോഹിത വർഗ്ഗമെന്നും, ബ്രാഹ്മണനെന്നും ജാതീയമെന്നുമുള്ള വേർതിരിവുകൾ. തെറ്റെന്നു പറഞ്ഞു പ്രചരിപ്പിച്ച മനുസ്മൃതി എഴുതിയ മനു ബ്രാഹ്മണനോ പൂജാരിയോ ആയിരുന്നില്ല.

ഒരു ചണ്ടാളനായിരുന്ന ഐതരേയൻ ആണ്, ബ്രാഹ്മണങ്ങൾ" എഴുതിയത്. മുക്കുവസ്ത്രീയുടെ മകനായ  വ്യാസനല്ലേ വേദങ്ങൾ പകുത്തത്. ഒരു കാട്ടാളജന്മത്തിന്റെ കൃതിയായ രാമായണമല്ലേ ബ്രാഹ്മണർ പോലും പാരായണം ചെയ്യുന്നത്. ഒരു തിരുമേനിയോട് പോയി മീൻ കൂട്ടി തുടങ്ങാൻ പറഞ്ഞ എഴുത്തച്ഛനല്ലേ നാരായണീയത്തിന് പിന്നിലെ പ്രേരകശക്തി. ശ്രീ നാരായണ ഗുരുദേവനും ചട്ടമ്പിസ്വാമിയും ഒക്കെ ബ്രാഹ്മണരായിരുന്നോ?

അപ്പോൾ ഒരുകാര്യം വ്യക്തമാകുന്നു. ബ്രാഹ്മണ്യത്തിന്റെ പേര് പറഞ്ഞ് പലരും  നിഷേധിച്ചത് മാറ്റി നിർത്തിയത്  ഗ്രന്ഥകർത്താക്കളായ അബ്രാഹ്മണരെ തന്നെ  ആയിരുന്നു.

അതുപോലെ തന്നെ തെറ്റായി വ്യാഖ്യാനിക്കപ്പെട്ട ഒന്നായിരുന്നു തിരുവാതിര. മനകളിലും ഇല്ലങ്ങളിലും നായർ തറവാടുകളിലും ഒതുങ്ങി കൂടിയിരുന്ന തിരുവാതിര ആഘോഷത്തിലെ ആരാധ്യ ദേവതകൾ കാനനവാസികളായ, ഗിരിശൃങ്ഗങ്ങളിൽ ജീവിക്കുന്ന ശിവനും പാർവ്വതിയുമാണ്. ഗാന്ധിജിയുടെ ഭാഷ കടമെടുത്താൽ "ഗിരിജനം" ആധുനിക ഭാഷയിൽ പറഞ്ഞാൽ "ട്രൈബൽ ". സമത്വത്തിന്റെ ചിന്താധാരയിൽ നോക്കിയാൽ സ്വന്തം ശരീരത്തിന്റെ പകുതി സഹധർമ്മിണിക്കായി  പകുത്ത് നൽകിയ പരമേശ്വരൻ. ആ പരമേശ്വരൻ സർവ്വ ഭക്തർക്കും അവകാശ പെട്ടതാണെന്ന  തിരിച്ചറിവിൽ നിന്നാണ് തിരുവാതിര ജനകീയമാകുന്നത്. ഇങ്ങനെ ഒരു ആചാരത്തെ കലയെ വിസ്മൃതിയിൽ കളയാതെ കാത്തുസൂക്ഷിച്ചു നമുക്ക് കൈമാറി തന്ന മനകളോടും ഇല്ലങ്ങളോടും  നായർ തറവാടുകളോടും നമുക്ക് നന്ദി പറയാം.

പൂജാരി ഏത് വിഭാഗക്കാരനായിരുന്നാലും പൂ തിരുവാതിരയിൽ  ആരാധിക്കപെടുന്നത്  പുരുഷനോടൊപ്പമല്ല,  പുരുഷനും മുകളിൽ നിൽക്കുന്ന സ്ത്രീയെയാണ്.
അലക്കിയ മുണ്ടിനു മുകളിൽ ദമ്പതികളിലെ സ്ത്രീയെ വാക്കുരവയുടെ അകമ്പടിയോടെ ആദ്യം ആനയിക്കുന്നു. പിന്നീട് മാത്രമാണ്  പുരുഷനെ ആനയിക്കുന്നത്. അതേ ! ആദിമ ഹിന്ദു സംസ്കാര ആഘോഷങ്ങളിൽ പോലും" സ്ത്രീകൾക്ക് വേണ്ടി സ്ത്രീകളാൽ നയിക്കപ്പെടുന്ന സ്ത്രീകളുടെ ആഘോഷം" പുരുഷന്മാരാൽ  ചിട്ടപ്പെടുത്തിയിരിക്കുന്നു. ഇതിന്റെ പേരല്ലേ സമത്വം. "യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവത " എന്ന് ചിന്തിച്ച സാംസ്‌കാരിക പൈതൃകത്തിൽ, ഏതാനും പുഴുക്കുത്തുകൾ കടന്നു വന്ന്‌ ഹിന്ദുക്കളിൽ സ്ത്രീസമത്വമില്ല എന്ന് തിമിരാന്ധതയാൽ ഓളിയിട്ടാൽ അവർക്കായി  നമുക്ക് ഹിന്ദു ആചാരങ്ങളിലെ  സ്ത്രീ  മഹത്വസ്ഥാപനത്തിന്റെ  കാട്ടി  കൊടുക്കാനുള്ള തെളിവാണ് "തിരുവാതിര "

ഭാര്യ സ്വന്തം മോതിരവിരൽ കൊണ്ട് ഭർത്താവിനെ ചന്ദനം അണിയിക്കുന്നതോടെ പൂത്തിരുവാതിരയുടെ ചടങ്ങുകൾ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നു.

തുടരും...

No comments:

Post a Comment