ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

15 December 2020

ശിവപ്രസാദ പഞ്ചകം

ശിവപ്രസാദ പഞ്ചകം

ശിവ, ശങ്കര, ശർവ, ശരണ്യ, വിഭോ,
ഭവസങ്കടനാശന, പാഹി ശിവ,
കവിസന്തതി സന്തതവും തൊഴുമെൻ-
ഭവനാടകമാടുമരുമ്പൊരുളേ!       1

പൊരുളെന്നുമുടമ്പൊടു മക്കളുയിർ-
ത്തിരളെന്നുമിതൊക്കെയനർത്ഥകരം
കരളീന്നു കളഞ്ഞു കരുംകടലിൽ
പുരളാതെ പൊതിഞ്ഞു പിടിപ്പതു നീ.       2

പിടിപെട്ടു പുരണ്ടു മറിഞ്ഞു പിണ-
ക്കുടിയിൽ കുടികൊണ്ടു ഗുണങ്ങളൊടും
കുടികൊണ്ടു കുടിക്കുമരും കുടിനീ-
രടിതട്ടിയകത്തു നിറഞ്ഞിരി നീ.       3

കളമുണ്ടു കറുത്തതു നീ ഗരളം
കളമുണ്ടതുകൊണ്ടു കൃപാനിധിയേ,
കളമുണ്ടൊരു കൊണ്ടലൊടൊത്ത കടൽ-
ക്കളവുണ്ടൊരു സീമ നിനക്കു നഹി.       4

കനിവെന്നിലിരുത്തിയനംഗരസ-
ക്കനി തട്ടിയെറിഞ്ഞു കരം കഴുകി
തനി മുക്തി പഴുത്തു ചൊരിഞ്ഞൊഴുകും
കനകക്കൊടിയേ, കഴലേകുക നീ.

No comments:

Post a Comment