ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

10 October 2020

കൈപ്പത്തി പ്രതിഷ്ഠയുള്ള ഇന്ത്യയിലെ ഏക ക്ഷേത്രം

കൈപ്പത്തി പ്രതിഷ്ഠയുള്ള ഇന്ത്യയിലെ ഏക  ക്ഷേത്രം...

പാലക്കാട് ജില്ലയിൽ കല്ലേക്കുളങ്ങര അകത്തേത്തറ എന്ന സ്ഥലത്താണ് കല്ലേക്കുളങ്ങര ഹേമാംബികാക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഭഗവതിയുടെ രണ്ട് കൈപ്പത്തികളാണ് ഇവിടെ പ്രതിഷ്ഠിച്ച് ആരാധിക്കുന്നത്. കൈപ്പത്തി ആരാധിക്കുന്ന ഇന്ത്യയിലെ തന്നെ ഏക ക്ഷേത്രമാണിത് എന്നാണ് കരുതുന്നത്.

ഈ ക്ഷേത്രത്തിൽ ദേവിയുടെ കൈപ്പത്തി ആരാധിക്കുന്നതിനു പിന്നിൽ ഒരു കഥയുണ്ട്. ഇപ്പോൾ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തു നിന്നും കിലോമീറ്ററുകൾ അകലെ വനത്തിൽ ഒരു ദുർഗ്ഗാ ക്ഷേത്രമുണ്ടായിരുന്നുവത്രെ. കുറൂർ, കൈതമുക്ക് നമ്പൂതിരിമാര്‍ എല്ലാ ദിവസവും ദേവിയോടുള്ള ഭക്തി കാരണം ഇത്രയും ദൂരം സ‍ഞ്ചരിച്ച് കാടു താണ്ടി ഇവിടെ എത്തുമായിരുന്നുവത്രെ. എന്നാൽ കാലം കടന്നു പോകവേ പ്രായാധിക്യം കാരണം നമ്പൂതിരിമാർക്ക് ഇവിടെ എത്താൻ വയ്യാതായി. അങ്ങനെയിരിക്കേ ഒരു ദിവസം അവർ ക്ഷീണം സഹിക്ക വയ്യാതെ ഒരു മരച്ചുവട്ടിൽ വിശ്രമിക്കാനിരുന്നുയ അപ്പോൾ പ്രായമായ ഒരു സ്ത്രീ വന്ന് അവർക്കു കുറച്ച് പഴങ്ങൾ നല്കുകയും അത് കഴിച്ച് അവർ ദേവിയുടെ പക്കലേക്ക് പോവുകയും ചെയ്തു. പിറ്റേദിവസം ഇതുവഴി കടന്നുപോകുമ്പോൾ വൃദ്ധ നിന്ന സ്ഥാനത്ത് ഒരു ആനയെയും സമീപത്ത് ദേവിയെയും കണ്ടു. പിന്നീട് അവർ ആ സ്ഥലം വരം മാത്രം വന്നു പ്രാർഥിച്ചു മടങ്ങാൻ തുടങ്ങി. പ്രായത്തിൻരെ അവശതകൾ പിന്നെയും ബാധിച്ചതോടെ അവിടം വരെയും പോകാൻ അവർക്കു വയ്യാതായി. അങ്ങനെ ഒരു ദിവസം ദേവി സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് താൻ അടുത്തുള്ള തടാകത്തിൽ കുടികൊള്ളും എന്നറിയിച്ചു.

ദേവിയുടെ സ്വപ്നത്തിലെ അരുളിപ്പാണ് ഓർമ്മിയിൽ വെച്ച കുറൂർ നമ്പൂതിരി സുഹൃത്തായ കൈതമുക്കിനൊപ്പം അതിരാവിലെ തടാകത്തിലെത്തി. അപ്പോൾ തടാകത്തിൽ നിന്നും രണ്ടു കൈകൾ ഉയർന്നു വരുന്നത് അവര്‍ കണ്ടു. അത് ദേവിയുടേതാണെന്ന് മനസ്സിലാക്കിയ അവർ പെട്ടെന്ന് അവിടേക്ക് നീന്തി ചെന്ന് ആ കയ്യിൽ പിടുത്തമിട്ടു. പെട്ടന്നു തന്നെ ആ കൈകൾ രണ്ടും കല്ലായി മാറിയത്രെ. അങ്ങനെ ഈ സ്ഥലത്തിന് കല്ലേക്കുളങ്ങര എന്നു പേരു വരുകയും ദേവി പ്രത്യക്ഷപ്പെട്ട സ്ഥലത്ത് കൈകൾ പ്രതിഷ്ഠയായി ക്ഷേത്രം നിർമ്മിക്കുകയും ചെയ്തു എന്നാണ് വിശ്വാസം.

ദേവിയുടെ കൈപ്പത്തി പ്രതിഷ്ഠയെക്കുറിച്ച് മറ്റൊരു കഥയും ഇവിടെ പ്രചാരത്തിലുണ്ട്. സ്വപ്നത്തിൽ ദേവി പ്രത്യേക്ഷപ്പെട്ടപ്പോൾ തൻറെ പൂർണ്ണ രൂപം ദർശിച്ചതിനു ശേഷം മാത്രമേ സംസാരിക്കുവാൻ പാടുള്ളൂ എന്നു പറഞ്ഞിരുന്നുവത്രെ. എന്നാൽ ആദ്യം കൈകൾ ഉയർന്നു വന്നപ്പോൾ തന്നെ കുറൂർ നമ്പൂതിരി അതാ കണ്ടു എന്നു വിളിച്ചു പറയുകയും അത് കേട്ട് ദേവി കൈകൾ മാത്രം ദർശനം നല്കി അപ്രത്യക്ഷയാവുകയും ചെയ്തുവത്രെ. അങ്ങനെ സ്വയംഭൂവായ ദേവിയുടെ അനുഗ്രഹിക്കുന്ന രീതിയിലുള്ള രണ്ടു കൈകളാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.

പരശുരാമൻ പ്രതിഷ്ഠ നടത്തിയ നാലു അംബികാലയങ്ങളിലൊന്നു കൂടിയാണ് ഈ ക്ഷേത്രം. ഏമൂർ ഭഗവതിക്ഷേത്രം എന്നും പേരുണ്ട്. കേരളത്തിന്റെ നന്മയ്ക്കായി പരശുരാമൻ സ്ഥാപിച്ച ക്ഷേത്രമാണിതെന്നും ഒരു വിശ്വാസമുണ്ട്.
കന്യാകുമാരിയിൽ ബാലാംബിക, വടകര ലോകനാർകാവിൽ ലോകാംബിക കൊല്ലൂരിൽ മൂകാംബിക കല്ലേക്കുളങ്ങരയിൽ ഹേമാംബിക എന്നിങ്ങനെ നാലു അംബികാ ക്ഷേത്രങ്ങളാണ് പരശുരാമന്‍ സ്ഥാപിച്ചത്.

കാലം കടന്നു പോകവേ ഇവിടുത്തെ ദേവി പാലക്കാട് രാജാവിന്റെ കുലദേവത ആയി മാറി എന്നാണ് വിശ്വാസം. ചേന്നാസ് നമ്പൂതിരിപ്പാട് എന്ന ആളുടെ സഹായത്തോടെ ദേവിയുടെ കൈകൾ പ്രത്യക്ഷപ്പെട്ട തടാകം നികത്തി ഇവിടെ രാജാവാണ് ഈ ക്ഷേത്രം നിർമ്മിച്ചതും എന്നും ഒരു വിശ്വാസമുണ്ട്. പിന്നീട് ദേവി രാജാവിന്റെ കുലദേവത ആയി മാറുകയായിരുന്നു.

ദിവസത്തിൽ മൂന്നു ഭാവങ്ങളിലാണ് ദേവിയെ ആരാധിക്കുന്നത്. രാവിലെ സരസ്വതിയായും ഉച്ചയ്ക്ക് ലക്ഷ്മിയായും വൈകീട്ട് ദുർഗ്ഗയായുമാണ് ഹേമാംബികാദേവി പൂജിക്കപ്പെടുന്നത്. ജലത്തിൽ പ്രത്യക്ഷപ്പെട്ടതിനാലാണ് ഹേമാംബിക എന്നു വിളിക്കുന്നത്.

രോഗശാന്തി, സന്താനലഭ്തി, വിദ്യാപുരോഗതി തുടങ്ങിയ അനുഗ്രഹങ്ങൾക്കായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികൾ ഇവിടെ എത്താറുണ്ട്. കുട്ടികളില്ലാത്ത ദമ്പതിമാർ ഇവിടെ എത്തി പ്രാർഥിച്ചാൽ കുഞ്ഞുണ്ടാകുമെന്നും കുഞ്ഞുണ്ടായി ആറു മാസത്തിനു ശേഷം ഇവിടെ എത്തി അടിമ കിടത്തണമെന്നും കൂടാതെ തൊട്ടിൽ സമർപ്പിക്കണമെന്നുമാണ് വിശ്വാസം. കുട്ടിയും തൊട്ടിയും എന്നാണ് ഈ വഴിപാട് അറിയപ്പെടുന്നത്.

നവരാത്രി, ഓണം, മണ്ഡലകാലം, ശിവരാത്രി, മീനത്തിലെ ലക്ഷാർച്ചന, കർക്കിടക പൂജകൾ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആഘോഷങ്ങൾ. നവരാത്രിക്കാലത്ത് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇവിടെ വിശ്വാസികളും തീർഥാടകരും എത്താറുണ്ട്.

1982 ൽ കോൺഗ്രസ് പാർട്ടിയുടെ പിളർപ്പിനു ശേഷം ഇന്ദിരാഗാന്ധി ഈ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നുവത്രെ. ലീഡർ കെ കരുണാകരന്റെ ഒപ്പമായിരുന്നു അന്ന് ഇന്ദിരാഗാന്ധി ഇവിടം സന്ദർശിച്ചത്.

ഇവിടെ എത്തിയ ഇന്ദിരാ ഗാന്ധിയെ ഏറ്റവും ആകർഷിച്ചത് അനുഗ്രഹിക്കുന്ന രൂപത്തിലുള്ള കൈപ്പത്തിയുടെ പ്രതിഷ്ഠ തന്നെയാണ്. കോൺഗ്രസ് പാർട്ടിയുടെ പിളർപ്പിനു ശേഷം ഇവിടുത്തെ പ്രതിഷ്ഠയിൽ നിന്നുമാണ് കൈപ്പത്തി ചിഹ്നം കോണ്‍ഗ്രസിനു നല്കുവാൻ ഇവർ തീരുമാനിച്ചത് എന്നൊരു കഥ പ്രചാരത്തിലുണ്ട്. എന്തുതന്നെയായാലും ഇന്ദിരാഗാന്ധി ക്ഷേത്രം സന്ദർശിച്ചതിന്റെ ചിത്രങ്ങൾ ഇവിടെ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.

പാലക്കാട് കല്ലേക്കുളങ്ങര എന്ന സ്ഥലത്ത് അകത്തേത്തറ എന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ഒന്നര കിലോമീറ്റർ വടക്കു മാറി സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്താം.....

No comments:

Post a Comment