ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

14 October 2020

സരസ്വതി ദേവിക്ക് കൂട്ട് മുന്നൂറ്റി നങ്കയും, വേളിമല കുമാരസ്വാമിയും

സരസ്വതി ദേവിക്ക് കൂട്ട് മുന്നൂറ്റി നങ്കയും, വേളിമല കുമാരസ്വാമിയും

നവരാത്രി  ഘോഷയാത്രക്ക് നാന്ദി കുറിക്കുന്നത് പത്മനാഭപുര കൊട്ടാരത്തിലെ തേവാരക്കെട്ടിൽ നിന്നുമാണ്. ഇവിടെ നിന്നുമാണ് വിദ്യാദേവിയായ ശ്രീ സരസ്വതിദേവിയും മറ്റു രണ്ട് കൂട്ടരും ഒരുമിച്ച് യാത്ര തിരിക്കുന്നത്. ദേവിയുടെ കൂടെ കൂട്ടുപോകുന്ന ആ രണ്ട് കൂട്ടരും ആരെല്ലാം ആണെന്നും എവിടെ നിന്നു വരുന്നുവെന്നും ആദ്യം അറിയേണ്ടതില്ലേ...?! ആ രണ്ട് കൂട്ടരും മറ്റാരുമല്ല...

1. മുന്നൂറ്റി നങ്ക
2. വേളിമല കുമാരസ്വാമി

1. മുന്നൂറ്റി നങ്ക

ശുചീന്ദ്രം ക്ഷേത്രത്തിൽ നിന്ന് മുന്നൂറ്റി നങ്കയെയാണ് ആദ്യം പുറത്തെഴുന്നള്ളിക്കുന്നത്. ആചാരനുഷ്ഠാനങ്ങളോടുകൂടി പല്ലക്കിലേറ്റി പോലീസ് കമാൻഡോകളുടെയും റൈഫിൾ പോലീസിന്റെയും അകമ്പടിയോടുകൂടി ആനയിച്ച് പുറത്തിറക്കി ഘോഷയാത്രയോടുകൂടി
ശ്രീ നീലകണ്ഠസ്വാമി ക്ഷേത്രത്തിലേക്ക് യാത്രയാകുന്നു.

കടും ശർക്കരയോഗം കൊണ്ടു നിർമ്മിച്ച ദേവി വിഗ്രഹം "മുൻ ഉദിത്ത നങ്ക" ആണ്. ഇതിനു പിന്നിലുള്ള ഐതിഹ്യം... ലക്ഷ്മി, സരസ്വതി, പാർവ്വതി എന്നീ ദേവിമാർ ഇവരുടെ ഭർത്താക്കന്മാരെ ശിശു രൂപത്തിൽ കിടക്കുന്നത് കണ്ട് തിരിച്ചറിയാൻ കഴിഞ്ഞില്ല. അതിനാൽ നാരദമഹർഷിയുടെ ഉപദ്ദേശപ്രകാരം അവർ  പ്രജ്ഞാതീർത്ഥത്തിലിരുന്ന് ആദിപരാശക്തിയെ ധ്യാനിക്കുന്നു. ഒടുവിൽ ആദിപരാശക്തി   "മുൻ ഉദിത്ത നങ്കയായി പ്രത്യക്ഷപ്പെട്ട് ആ ശിശുക്കളെ കൃത്യമായി തിരിച്ചറിഞ്ഞു. അങ്ങനെയാണ് ശുചീന്ദ്രത്ത് ത്രിമൂർത്തികൾ ഒരുമിച്ച് ശിവലിംഗമായി പ്രതിഷ്ഠിക്കപ്പെട്ടത്. അങ്ങനെ ഇവിടെത്തെ ദേവിയെ മുന്നൂറ്റി നങ്ക എന്നും അറിയപ്പെടുന്നു.

2. വേളിമല കുമാരസ്വാമി

വേളിമലയിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് ശ്രീ വേളിമല കുമാരകോവിൽ. ശ്രീകുമാരന്റെയും വള്ളിയുടെയും വേളിനടന്നത് ഈ ക്ഷേത്രത്തിലാണെന്ന് വിശ്വസിക്കുന്നു. ഈ ക്ഷേത്രത്തെ കുറിച്ചുള്ള ഐതീഹ്യം പിന്നൊരിക്കൽ പറയാം. ഇവിടെ നിന്നും കുമാരസ്വാമിയും വെള്ളിക്കുതിരയുമാണ് എഴുന്നള്ളുന്നത്. ഈ വേളിമലയുടെ എല്ലാമെല്ലാമായ കുമാരസ്വാമി പല്ലക്കിലേറി ശ്രീകോവിലിനെ വലയം ചെയ്ത് കിഴക്ക് ഭാഗത്തുള്ള പടിക്കെട്ടുകൾ ഇറങ്ങി വാദ്യമേളങ്ങളുടെയും റൈഫിൾ പോലീസിന്റെയും അകമ്പടിയോടെ തമിഴകത്തിന്റെ നാട്ടുവഴിയിലൂടെ ശ്രീ നീലകണ്ഠസ്വാമി ക്ഷേത്രത്തിലേക്ക് നീങ്ങുന്നു.

അങ്ങനെ പല്ലക്കിലിരുന്ന്
ശ്രീ നീലകണ്ഠസ്വാമി ക്ഷേത്രത്തിലേക്ക് നീങ്ങുന്ന കുമാരസ്വാമിക്കും മുന്നൂറ്റി നങ്കയ്ക്കും ചെയ്യുവാനുള്ള നിയോഗം ചെറുതല്ലതന്നെ. ഇവിടെ നിന്നും തമിഴകത്തിന്റെ അതിരും കടന്ന് കേരളക്കരയിലെ അനന്തപുരിയിൽ നവരാത്രി ആഘോഷങ്ങൾക്ക് പത്മനാഭപുരം കൊട്ടാരത്തിൽ നിന്ന് പോകുന്ന സരസ്വതി ദേവിക്ക് കൂട്ട് പോകാനുള്ള എഴുന്നള്ളത്ത്. കുമാരസ്വാമി സരസ്വതി ദേവിയുടെ കാവലാളെങ്കിൽ മുന്നൂറ്റി നങ്കയുടെ വേഷം ഒരു തോഴിയുടെതും...

കുമാരസ്വാമിയും മുന്നൂറ്റി നങ്കയും യാത്ര ചെയ്ത് ശ്രീ നീലകണ്ഠസ്വാമി ക്ഷേത്രത്തിൽ ആദ്യം എത്തിച്ചേരുന്നു. അങ്ങനെ ഈ ക്ഷേത്രത്തിൽ  രണ്ടുപേരും കണ്ടുമുട്ടുന്നു. തുടർന്ന് രണ്ടു പേരും ശ്രീ നീലകണ്ഠസ്വാമി ക്ഷേത്രത്തെ വലയം വച്ച് ആർക്ക് വേണ്ടിയാണോ ഇരുവരും യാത്രക്ക് വന്നത്, ആ ദേവത കുടിയിരിക്കുന്ന കൊട്ടാരത്തിലേക്ക് എഴുന്നെള്ളുന്നു. തമിഴകത്തിന്റെ നാട്ടുവഴികൾ താലപ്പൊലിയും തട്ട് പൂജയും നൽകി ഇരുവരെയും സ്വീകരിക്കുന്നു.

രണ്ടു പേരും ഇവിടെ വച്ച് കണ്ടുമുട്ടുന്നതിന്റെ പിന്നിൽ തമിഴകത്ത് ഒരു ചെറിയ കഥ തന്നെ പഴമക്കാർ പറഞ്ഞ് നിലനിൽക്കുന്നു. വള്ളിയും മുരുകനുമായുള്ള കല്ല്യാണത്തിന്റെ ഇടനിലകാരിയാണ് മുന്നൂറ്റി നങ്ക. കുറവന്റെ മകളായ വള്ളിയെ മകൻ വിവാഹം ചെയ്യുന്നതിൽ ശിവ പെരുമാളിന് സമ്മതമല്ല. ഈ തടസ്സം മാറ്റുന്നതിന് മുന്നൂറ്റി നങ്ക കണ്ട ഉപായം ശ്രീപത്മനാഭനെ കണ്ട് കാര്യം പറയുക എന്നതാണ്. ഇതിനു വേണ്ടിയാണ് സരസ്വതി ദേവിക്ക് കൂട്ട് എന്ന നിലയിൽ ഇരുവരും യാത്ര തിരിക്കുന്നത്.

No comments:

Post a Comment