ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 October 2020

ശക്തിപാത

ശക്തിപാത

തന്ത്രം, മന്ത്രം, യന്ത്രം

തന്ത്ര ശാസ്ത്രത്തിൽ സാധനയ്ക് ഉപയോഗിക്കുന്നത് പ്രധാനമായും മന്ത്രവും യന്ത്രവുമാണ്. ആ വ്യവസ്ഥിതി എങ്ങനെ ഉത്ഭവിച്ചു എന്നു നോക്കാം.
നിരാകാരവും നിർഗുണവും ആയ ബ്രഹ്മം എപ്പോഴൊ എങ്ങിനെയോ പലതാകണം എന്നാലോചിച്ചു. ആ ചിന്ത ഘനീഭവിച്ചു ഘനീഭവിച്ച് ഒരു ബിന്ദു (•) രൂപപ്പെട്ടു. അതു ബ്രഹ്മത്തിൻ്റെ ബോധമായി. ഈ ബോധം ചിന്തിച്ചു ചിന്തിച്ച് വികാസം പ്രാപിച്ചു (0). അങ്ങിനെ വികസിച്ചപ്പോൾ അത് പൊട്ടിത്തെറിച്ചു, ഒരു ബലൂൺ വികസിച്ചു പൊട്ടിത്തെറിച്ചു രൂപാന്തരം പ്രാപിച്ച പോലെ. ഒരു കഷ്ണം (⤾)അല്ലെങ്കിൽ ഒരു ചാപം അല്ലെങ്കിൽ കല, ബിന്ദു നീളത്തിൽ വികസിച്ചാൽ രൂപാന്തരപ്പെടുന്ന നേർ രേഖ (|), ഇങ്ങനെയുള്ള രൂപങ്ങൾ ഉണ്ടായി.
പൊട്ടിത്തെറിച്ചപ്പോൾ ഉണ്ടായ കലകളെ മാതൃകകൾ എന്നും മാതാക്കൾ എന്നും വിളിച്ചു. അവ അക്ഷരങ്ങളായി (ഒരിക്കലും- ക്ഷരമില്ലാത്തത് - നാശമില്ലാത്തത്).

അങ്ങനെ ഒരു ബിന്ദുവിൽ നിന്നും രൂപപ്പെട്ട ഒരു വട്ടം, ഒരു കല, ഒരു നേർവര, ( • ➜ 0 ➜ റ ➜ | ). ഇങ്ങനെ പ്രഥമ ബിന്ദുവിൽന്നിന്നും ആരംഭിച്ച് അതിൽത്തന്നെ ലയിക്കുന്ന അറുപത്തിനാലു കലകൾ ഉണ്ടായി. ഇത്രയും കൊണ്ടല്ലാതെ ഒരക്ഷരവും ഒരു ചിത്രവും ലോകത്തുണ്ടായിട്ടില്ല.

അതേ ബിന്ദുവിൽ നിന്നാണ് നാദവും ഉണ്ടായത്. ആ ബിന്ദു വികാസം പ്രാപിച്ചു പൊട്ടിത്തെറിച്ചപ്പോൾ നാദം ഉണ്ടായി. നാദവും അക്ഷരങ്ങളും (അക്ഷര ബ്രഹ്മം) ചേർന്നു നാമവും മന്ത്രങ്ങളും ഉണ്ടായി. നാമത്തിന് രൂപവും ഉണ്ടായി. ബിന്ദുവിൽ തുടങ്ങി ബിന്ദുവിൽത്തന്നെ അവസാനിക്കുന്നതുകൊണ്ടാണ് പ്രപഞ്ചം വൃത്താകാരത്തിൽ ആണെന്നു പറയുന്നത്.

ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രയത്നങ്ങളെ തരണം ചെയ്യാൻ സഹായിക്കുന്നതാണ് യന്ത്രം. കലകളും വരകളും ഉപയോഗിച്ചു നിർമ്മിക്കുന്നതാണ് യന്ത്രങ്ങൾ. താന്ത്രികൻ യന്ത്രങ്ങളിൽ മന്ത്രങ്ങൾ ന്യസിക്കുമ്പോൾ മാത്രമേ അത് പ്രായോഗികമാകുകയുള്ളു. അല്ലെങ്കിൽ അതു വരകളും കുറികളും ചേർന്ന ഒരു ചിത്രം മത്രമേ അയിരിക്കൂ.

വീട്ടിൽ നമ്മെ ജോലിയിൽ സഹായിക്കുന്ന പല യന്ത്രങ്ങളും ഉണ്ട്. അവ പ്രവർത്തിക്കണമെങ്കിൽ അതിൽ ഏതെങ്കിലും തരത്തിലുള്ള ശക്തി പ്രവേശിക്കണം.
ഫാൻ, മിക്സി, ടെലിവിഷൻ ഇവയൊക്കെ വൈദ്യുതി ഉപയോഗിച്ചു പ്രവർത്തിക്കുമ്പോൾ സൈക്കിൾ പോലുള്ള വാഹനങ്ങൾ നമ്മൾ ചവിട്ടി നമ്മുടെ തന്നെ ശക്തിയുപയോഗിച്ച് പ്രവർത്തിപ്പിക്കുന്നു.

എന്നാൽ കാർ തുടങ്ങിയ വാഹനങ്ങൾ പലതരത്തിൽ ഉള്ള ഇന്ധനങ്ങൾ ഉപയോഗിച്ചു പ്രവർത്തിക്കുന്നു. ആ ഇന്ധനങ്ങളെ ശക്തിയാക്കി തീർക്കാനുള്ള മാർഗങ്ങൾ അതിൽത്തന്നെ ഉൾക്കൊള്ളുന്നുണ്ട്. അത്തരത്തിലുള്ള ഇന്ധനങ്ങൾ ഉപയോഗിച്ചില്ലായെങ്കിൽ അവയൊന്നും പ്രവർത്തന നിരതം ആകുകയില്ല.

അതേപോലെയാണ് ഈ താന്ത്രിക യന്ത്രങ്ങളും. അവയെ ശക്തിയാക്കാൻ ഉള്ള മന്ത്രങ്ങൾ അതിൽ ഉൾക്കൊള്ളിക്കുമ്പോൾ ആ യന്ത്രങ്ങൾ നമ്മുടെ പ്രയത്നങ്ങളെ ലളിതമാക്കാൻ സഹായിക്കുന്നു. ഇങ്ങനെ യന്ത്രങ്ങൾ ഉണ്ടായി.

മന്ത്രം

എല്ലാ പ്രപഞ്ചഘടകങ്ങളേയും കൂടി അറുപത്തിനാലു കലകളിൽ ചേർത്തിരിക്കുകയാണ് തന്ത്രം. പ്രപഞ്ചത്തിലെ ഓരോ അംശത്തേയും "കല" എന്നാണ് തന്ത്രം വിളിക്കുന്നത്. കല എന്നാൽ അംശം (ഭാഗം, ഉൾക്കൊള്ളുന്ന ഘടകം) എന്നാണ് അർത്ഥമാക്കുന്നത്. ഭാഷയിൽ അൻപത്തിനാലു കലകൾ - അക്ഷരങ്ങൾ - പ്രപഞ്ചോപകാരത്തിനായി പ്രകടമാക്കിയിട്ടുണ്ട്.

"ഓം " എന്ന പ്രണവ ശബ്ദം മുതൽ "ശ്രീം" എന്ന പരമൈശ്വര്യത്തിൻ്റെ ശബ്ദം വരെയുള്ള അക്ഷരങ്ങൾ സംസ്കൃതഭാഷയിലുണ്ട്
ബിന്ദു, നാദം, അ, ഉ, മ്, തുടങ്ങിയ അഞ്ചെണ്ണം വ്യാഹൃതികളാണ്. (5)
ഓം- പ്രധമ പൂർണ്ണ കല (1)
അം, ആം, ഇം, ഈം, ഉം, ഊം, ഋം, ൠ, ഌo, ൡo, എം, ഐം, ഒo, ഔo, അം, അഃ (അഹം) (16 സ്വര കലകൾ)
കം, ഖം, ഗം, ഘം, ങം, ചം, ഛം, ജം, ഝo, ഞം, ടം, ഠം, ഡം, ഢo, ണം,
തം, ഥം, ദം, ധം, നം, പം, ഫം, ബം, ഭം, മം, (25 സ്വര കലകൾ)
യം, രം, ലം, വം, ശം, ഷം, സം, ഹം, ളം, ക്ഷം, ത്രം, ജ്ഞം (12 )
ശ്, ര്, ഈ, നാദം, ബിന്ദു. (5)
(5+1+16+25+12+5=64)

ഈ ശാസ്ത്രം ശബ്ദരൂപവും കൂടിയാണ്. ഈ നാദബ്രഹ്മമെന്ന് പറയപ്പെടുന്ന തത്വമാകട്ടെ"പര, പശ്യന്തി, മാധ്യമ, വൈഖരി" എന്നിങ്ങനെ നാല് പിരിവുകളോട് കൂടിയതാണ്. അവയിൽ 'പരാ' എന്നതു ജ്ഞാനികളാലും, 'പശ്യന്തി' കേവലം യോഗികളാലും, 'മദ്ധ്യമാ' ധ്യാനശക്തിയോടുകൂടിയ ഉപാസകരാലും, 'വൈഖരി' വേദശാസ്ത്രജ്ഞന്മാരാലും പണ്ഡിതന്മാരാലും അനുഭവിക്കത്തക്കതാണ്.
ഇവയിൽ മൂന്നു ഭാഗവും അന്തർമുഖമായും, വൈഖരിയെന്ന ഒരു ഭാഗം ബഹിർമുഖമായും ഇരിക്കും. ആ വൈഖരിയായതു ബഹുവിധ വേദശാസ്ത്രഭാ‌ഷാവിശേ‌ഷങ്ങളായി വികസിച്ചിരിക്കുന്നു.

ഉപാധിസംബന്ധങ്ങളാൽ ഏകമായ ആ അക്ഷരം, (ഓം) മൂന്നായും (അ, ഉ, മ). പിന്നീടത് പതിനാറായും, അൻപതായും (സ്വരാക്ഷരങ്ങളും വ്യഞ്ജനക്ഷരങ്ങൾ, ചില്ലക്ഷരങ്ങൾ) മാറുമ്പോൾ ആ അക്ഷരങ്ങളെ വർണ്ണങ്ങളെന്നു പറയും.
അപ്രകാരം വികസിച്ചിരിക്കുന്ന ആ വൈഖരി തുടക്കത്തിൽ സ്വയം ഏകാക്ഷരമായിരിക്കും. ധ്വനി, നാദം, ശബ്ദം എന്നൊക്കെ പറയുന്ന ഇത് ഒരു വ്യക്തിയുടെ ഉള്ളിൽ അനുഭവവേദ്യമാകുന്നത് നാഡികളുടെ കമ്പനത്തിലൂടെയും പുറത്തിനിന്നുള്ള നാദം പഞ്ചേന്ദ്രിയങ്ങളിൽ ഒന്നായ കേൾവിശക്തിയിലൂടെയും ആണ്.

നാദത്തിന് പര, പശ്യന്തി, മാധ്യമ, വൈഖരി എന്ന് നാലവസ്ഥകൾ പറഞ്ഞുവല്ലോ. ആ നാദം എവിടെ നിന്ന് ഉദിച്ച് എവിടെ അസ്തമിക്കുന്നോ ആ സ്ഥാനം "പര" യെന്ന് പറയുന്നു.
ഈ നാദം ഏതെങ്കിലും ഉപാധികളോട് ചേരുമ്പോൾ"പശ്യന്തി" എന്ന് പറയും. ഈ നാദത്തിൽ മാത്രകൾ(അക്ഷരങ്ങൾ - മാതൃക്കൾ) ചേരുമ്പോൾ "മധ്യമ" എന്ന് പറയും. ഇവ അക്ഷരങ്ങൾ - അകാരാദി വർണ്ണങ്ങൾ ആയി വികസിക്കുമ്പോൾ "വൈഖരി" എന്നും പറയും.

No comments:

Post a Comment