ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

4 October 2020

ശഠാരി

ശഠാരി

കേരളത്തിന് പുറത്തുള്ള ക്ഷേത്രങ്ങളില്‍ പോകുന്ന ഭക്തര്‍‍ അവിടെയുള്ള പുരോഹിതന്മാര്‍,‍ തീര്‍ത്ഥം നല്കിയ ശേഷം കിരീട സദൃശമായ ഒന്ന് തങ്ങളുടെ ശിരസ്സില്‍ വച്ചുതരുന്നത് ശ്രദ്ധിച്ചിട്ടുണ്ടാകും. ഇത് വാസ്തവത്തില്‍ കിരീടമല്ല, മറിച്ച് ഭഗവാന്റെ പാദുകപീഠമാണ്, ഇതിനെ ശഠാരി എന്നാണ് പറയുന്നത്.  പുരാതന കേരളത്തിലുള്ള  13 ദിവ്യദേശങ്ങളിലൊഴികെയുള്ള മിക്കവാറും ക്ഷേത്രങ്ങളിലെ വൈഷ്ണവ പൂജാവിധികള്‍ പാഞ്ചരാത്രം, വൈഖാനസം എന്നിങ്ങനെ രണ്ട് വിധം താന്ത്രിക പാരമ്പര്യത്തിലാണ് വരുന്നത്, (കേരളത്തില്‍ തനതായ താന്ത്രിക വിധികളുള്ളതിനാല്‍ മറ്റ് ദേശങ്ങളിലെ ആരാധനാ ക്രമങ്ങളുമായി ചില വ്യത്യാസങ്ങളുണ്ട്) ഇവിടെയെല്ലാം പൊതുവെ ശഠാരി  ഭക്തര്‍ക്ക് ശിരസ്സിലേക്ക് നല്കുന്ന ചടങ്ങ് കാണാറുണ്ട്.

ശഠാരി എന്നത് വാസ്തവത്തില്‍ ശഠകോപമുനിയുടെ പ്രതീകം കൂടിയാണ്. നമ്മാഴ്വാര്‍ എന്ന് വിളിക്കപ്പെടുന്ന ശഠകോപമുനിയെ കരിമാരനെന്നും പരാങ്കുശനെന്നും വിളിക്കാറുണ്ട്. ഭഗവാന്റെ തിരുവടികളോട് ചേരുന്നതോടെ നമ്മുടെ പാപസഞ്ചയങ്ങളെല്ലാം ഭസ്മമായി മാറുമെന്ന് നമ്മാഴ്വാര്‍ തന്റെ കൃതിയായ (ദ്രാവിഡവേദമെന്ന് വിശേഷിപ്പിക്കപ്പെടുന്ന) തിരുവായ്മൊഴിയില്‍ പാടിയിട്ടുണ്ട്. മറ്റെല്ലാ മാര്‍ഗ്ഗത്തിലും എളുതായ മുക്തിപഥം ഭഗവാനിലുള്ള ആത്മസമര്‍പ്പണവും ശരണാഗതിയുമാണ് എന്നാണ് അദ്ദേഹത്തിന്റെ മതം. ശഠാരിക്ക് മുകളിലായി ഭഗവാന്റെ തിരുമെതിയടികള്‍ കാണാം. ശഠാരി എന്നത് നമ്മാഴ്വാരുടെ ഒരു നാമവുമാണ് (അദ്ദേഹം ജനിച്ച സമയത്ത് ശഠനായ വായുവിനോട് കോപിച്ചു്-കരയുകയോ ശ്വാസമെടുക്കുകയോ ചെയ്യാതെയിരുന്നു എന്നതിനാല്‍ ലഭിച്ച ഒരു പേരാണ് ഇത്) ശഠാരി ശിരസ്സിലേറ്റുന്നതോടെ നമ്മള്‍ ഭഗവാന്റെ തിരുവടികളിലേക്ക് ശിരസ്സ് ചേര്‍ക്കുകയാണ് ചെയ്യുന്നത്, എത്ര തിരക്കേറിയ ക്ഷേത്രങ്ങളിലും ഇങ്ങനെ നമുക്ക് ഭഗവദ് പാദത്തില്‍ ശിരസ്സ് ചേര്‍ക്കാനുള്ള അവസരം ലഭിക്കുന്നു. കൂടാതെ, നമ്മാഴ്വാരെന്ന ആചാര്യനെ, സ്വയം ഭഗവാന്റെ പാദപീഠമായി സങ്കല്പിച്ച മഹാഭക്തനെ ആദരിക്കുക കൂടിയാണ് ഇതിലൂടെ നാം ചെയ്യുന്നത്.

(ആകെ 108ദിവ്യക്ഷേത്രങ്ങളില്‍, 2എണ്ണം അഭൗതികമാണ് പാല്‍ക്കടലിലും, വൈകുണ്ഠത്തിലുമാണ് അവ. ശേഷിക്കുന്ന106ല്‍ 13 ദിവ്യദേശങ്ങൾ, മലൈനാട് അഥവാ പുരാതന കേരളത്തിൽ ആണ്.  ആധുനിക കേരളത്തിലുള്ളത് 11എണ്ണം മാത്രമാണ്.)

No comments:

Post a Comment