ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

15 December 2016

ശന്തനു രാജാവിന്റെ കഥ

ശന്തനു രാജാവിന്റെ കഥ

ശന്തനുമഹാരാജാവ് ഒരിക്കൽ ഗംഗാതീരത്തിലൂടെ നടക്കുമ്പോൾ അതിസുന്ദരിയായ ഒരു തരുണീമണിയെ കാണുന്നു. അത് മറ്റാരുമായിരുന്നില്ല സാക്ഷാൽ ഗംഗാദേവിയായിരുന്നു.
ദേവി ഭൂമിയിൽ വന്നത് അഷ്ഠവസുക്കളുടെ അപേക്ഷപ്രകാരം അവരുടെ അമ്മയാകാനായിരുന്നു.
അഷ്ഠവസുക്കൾക്ക് വസിഷ്ഠമഹര്‍ഷിയില്‍ നിന്ന് ഒരു ശാപം കിട്ടി ‘ഭൂമിയിൽ മനുഷ്യരായി ജനിക്കട്ടെ’ എന്ന ശാപം..
അഷ്ടവസുക്കള്‍ക്ക് ശാപം കിട്ടാൻ കാരണം...
ഒരിക്കൽ അഷ്ടവസുക്കള്‍ ഭാര്യമാരോടൊപ്പം വസിഷ്ഠമുനിയുടെ പർണ്ണശാലയ്ക്കരികിലൂടെ യാത്രചെയ്യവേ, വഷിഷ്ഠന് കശ്യപന്‍ ദാനം ചെയ്ത സുരഭി (കാമധേനു/നന്ദിനി) എന്ന പശുവിനെ കാണുന്നു. ചോദിക്കുന്നതെന്തും തരാൻ കഴിവുള്ള സുരഭിയെ വേണമെന്ന് വസുക്കളുടെ ഭാര്യയ്ക്ക് ഒരേ നിർബന്ധം. ദ്യോവിന്റെ ഭാര്യക്കായിരുന്നു ആഗ്രഹം. അഷ്ഠവസുക്കള്‍ മുനിയറിയാതെ സുരഭിയെ പിടിച്ചുകെട്ടി കൊണ്ടുപോകുന്നു. കോപം കൊണ്ട മുനി അവരെ ഭൂമിയിൽ പോയി മനുഷ്യരായി ജനിക്കാൻ ശപിക്കും. അഷ്ഠവസുക്കള്‍ മാപ്പിരക്കുമ്പോള്‍, ‘പശുവിനെ പിടിച്ചു കെട്ടാൻ മുൻകൈ എടുത്ത എട്ടാം വസുവായ ദ്യോവിന് ഭൂമിയിൽ വളരെക്കാലം ജീവിക്കേണ്ടിവരും മറ്റുള്ളവർക്ക് പെട്ടെന്ന് തിരിച്ചു വരാം’ എന്നും പറയുന്നു (എട്ടാം വസുവായ ദ്യോവാണ് ഭീക്ഷ്മരായി ജനിച്ച് വളരെക്കാലം ഭൂമിയിലെ ദുരിതങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന ഭീക്ഷമര്‍). അപ്രകാരം പെട്ടെന്ന് തങ്ങളെ തിരിച്ചയക്കാനായി തങ്ങളെ പ്രസവിച്ചയുടന്‍ തിര്‍ച്ചയക്കാനായി ഒരമ്മയ്ക്കായി അപേക്ഷയുമായി അവർ ഗംഗാദേവിയുടെ അരികില്‍ എത്തുന്നു.. ഗംഗാദേവി അവരുടെ അമ്മയായി ഭൂമിയില്‍ പോകാമെന്ന് സമ്മതിക്കുന്നു..
ഗംഗാദേവിയും ശന്തനുവും സംഗമിക്കാന്‍ മറ്റൊരു കാരണവും ഉണ്ട്..
ശന്തനു പൂര്‍വ്വജന്മത്തില്‍ ഇക്ഷ്വാകുവംശത്തിലെ മഹാഭിഷക് എന്ന ഒരു രാജാവായിരുന്നു. അദ്ദേഹം പതിനായിരം അശ്വമേധയാഗം നടത്തി ദേവേന്ദ്രനെ സന്തോഷിപ്പിച്ചു. ഒരിക്കല്‍ അദ്ദേഹം ദേവന്മാരും മഹര്‍ഷിമാരുമൊപ്പം ബ്രഹ്മാവിനെ കാണാന്‍ പോയി. സ്വര്‍ല്ലോകത്തില്‍ ചെല്ലുമ്പോള്‍ അവിടെ വച്ച് ഗംഗാദേവിയെ കാണുകയും കാറ്റില്‍ വസ്ത്രം ഇളകിപ്പോയ ഗംഗാദേവിയെ കണ്ട് കാമാതുരനായതുകണ്ട് ബ്രഹ്മാവ് കോപിച്ച് മഹാഭിഷക് ‘മനുഷ്യനായി ഭൂമിയില്‍ ജനിച്ച് തന്റെ അഭിലാക്ഷം പൂര്‍ത്തിയാക്കട്ടെ’ എന്നു ശപിക്കുന്നു.
അങ്ങിനെ അഷ്ഠവസുക്കളുടെ മോക്ഷപ്രാപ്തിക്കായി ഗംഗാദേവിയും, ശന്തനുവിന്റെ അഭീഷ്ടസിദ്ധിക്കായി ശന്തനുവും (മഹാഭിഷക്) സംഗമിക്കുന്നു..
അങ്ങിനെ സംഗമിച്ച അവര്‍ തമ്മില്‍ അനുരക്തരാവുന്നു. ഗംഗാദേവിയുടെ സൌന്ദര്യത്തിൽ മതിമറന്ന ശന്തനു ദേവിയോട് വിവാഹാഭ്യാർത്ഥന നടത്തുന്നു. ദേവി സമ്മതിക്കുന്നു പക്ഷെ ഒരു നിബന്ധന മാത്രം. ‘താൻ ചെയ്യുന്ന ഒരു പ്രവർത്തിയേയും ചോദ്യം ചെയ്യാൻ പാടില്ല! എന്നു ചോദ്യം ചെയ്യുന്നോ അന്നു നമ്മുടെ ദാമ്പത്യബന്ധം അവസാനിക്കും’ ശന്തനു വ്യവസ്ഥ സമ്മതിക്കുന്നു. അപ്രകാരം ശന്തനു ഗംഗാദേവിയെ വിവാഹം കഴിക്കുന്നു..
ഗംഗാദേവി ശന്തനുവിനെ അളവിലധികം സ്നേഹിക്കുമെങ്കിലും കുഞ്ഞുങ്ങളുണ്ടാകുമ്പോള്‍ ജനിച്ചയുടന്‍ ഗംഗാനദിയില്‍ കൊണ്ട് ഒഴുക്കുമായിരുന്നു. ഹൃദയഭേദകമായ ഈ കാഴ്ച ശന്തനുവിനെ വലിയ ആഘാതമേല്‍പ്പിച്ചുവെങ്കിലും ഗംഗാദേവിയോടുള്ള പ്രേമത്തില്‍ അന്ധനായ ശന്തനു ഗംഗാദേവിയെ ചോദ്യം ചെയ്യാന്‍ ഭയപ്പെട്ടു. ചോദ്യം ചെയ്താല്‍ ഗംഗാദേവിയെക്കൂടി തനിക്ക് നഷ്ടപ്പെട്ടുപോകുമോ എന്ന ഭയത്താല്‍.
ഒടുവില്‍ 7 മക്കളെയും നദിയില്‍ ഒഴുക്കി, എട്ടാം വസു ജനിക്കുമ്പോള്‍ ശന്തനു ഒരു വിധം ധൈര്യം സംഭരിച്ച് ഗംഗാദേവിയെ തടുത്തു നിര്‍ത്തുന്നു. ‘എന്തിനാണ് നിരപരാധികളായ എന്റെ കുഞ്ഞുങ്ങളെ നീ ജനിച്ചയുടന്‍ കൊന്നുകളയുന്നത്?!, എന്റെ രാജ്യത്തിന് ഒരു അനന്തരാവകാശിയെങ്കിലും വേണം’ എന്നു പറഞ്ഞു കേഴുന്നു. ഗംഗാദേവി പുഞ്ചിരിയോടെ, ‘അങ്ങിതാ അങ്ങയുടെ വ്യവസ്ഥ ലംഘിച്ചിരിക്കുന്നു. ഇനി എനിക്ക് മടങ്ങിപ്പോകാം’ എന്നും പറഞ്ഞ് വസുക്കളുടെ കഥയും എട്ടാം വസുവായ ദ്യോവിനെ എല്ലാ വിദ്യയും അഭ്യസിപ്പിച്ച് തിരിച്ചു കൊണ്ടു തരാം എന്നും പറഞ്ഞ് മറയുന്നു.
ഗംഗാദേവിയേയും പുത്രനേയും പിരിഞ്ഞ വേദനയില്‍ മനം നൊന്ത് കഴിയുന്ന ശന്തനുവിന് ഗംഗാദേവി കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞ് പുത്രനെ ദേവവ്രതന്‍ എന്ന പേര്‍ നല്‍കി (ഭീഷ്മര്‍ ), ദേവഗുരുവായ ബൃഹസ്പതിയില്‍ നിന്നും വസിഷ്ഠമഹര്‍ഷിയില്‍ നിന്നും എല്ലാ ശാസ്ത്രവിദ്യകളും, ശസ്ത്രവിദ്യകളും പഠിച്ച് ഉത്തമനാക്കി തിരിച്ചു നല്‍കി വീണ്ടും സ്വര്‍ല്ലോകത്തേക്ക് പോകുന്നു..


 

No comments:

Post a Comment