ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

29 December 2016

ബ്രഹ്മസംഹിതയ്‌ക്കൊരാമുഖം

ബ്രഹ്മസംഹിതയ്‌ക്കൊരാമുഖം

ഈശ്വരന്‍ ആര്, ഞാന്‍ ആര്, ഞാനും ഈശ്വരനുമായുള്ള ബന്ധമെന്ത്? ഇതത്രേ വേദാന്തികളുടെയും ബ്രഹ്മജിജ്ഞാസുക്കളുടെയും മുഖ്യചിന്ത. പരമാത്മാവ് ഈശ്വരന്റെ അപരനാമധേയമാണ്. പരമാത്മാവായി ഈശ്വരന്‍ തന്റെ സാന്നിദ്ധ്യം ഓരോ ജീവാണുവിലും അറിയിക്കുന്നു. ഓരോ ജീവതത്ത്വത്തിലും പരമാത്മാവും ജീവാത്മാവും കുടികൊള്ളുന്നതായി ശ്വേതാശ്വതരോപനിഷത്ത് വ്യക്തമാക്കുന്നു. എന്നാല്‍ ആ പരമാത്മാവിന്റെ സ്വരൂപം എന്താണെന്ന് ഇപ്പോഴും ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും സംശയമാണ്. അവരവരുടേതായ വ്യാഖ്യാനങ്ങള്‍കൊണ്ടും ഭാവനകൊണ്ടും ഈശ്വരനെ നിര്‍ഗുണമായും സഗുണമായും ആരാധിക്കുന്നു. മാനവരാശിയുടെ ഉദ്ധാരണത്തിനായിട്ടാണ് വേദങ്ങളും ഉപനിഷത്തുകളും പുരാണേതിഹാസങ്ങളുമെല്ലാം. ഇവയെല്ലാം പഠിച്ചുകഴിഞ്ഞ വ്യക്തിക്കും ഈശ്വരനെന്ന് കണ്ടെത്താന്‍ കഴിയുന്നില്ല. എല്ലാം ഈശ്വരനെന്ന് അവര്‍ കരുതുന്നു. വലിയ ഭാരമുള്ള ഗ്രന്ഥങ്ങള്‍ രചിച്ച് പലരെയും പലവഴിക്ക് നയിക്കുന്നു. ഈ പ്രയാണം എവിടെയാണവസാനിക്കുന്നത്? ഈ പ്രയാണത്തിന്റെ ലക്ഷ്യം മോക്ഷമെന്നും മുക്തിയെന്നും വേദാന്തികള്‍ വാദിക്കുന്നു. എന്നാല്‍ എപ്പോഴാണ് മോക്ഷം ലഭിക്കുക എന്ന് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ? ക്ഷേത്ര ദര്‍ശനങ്ങള്‍ മാത്രംകൊണ്ട് ഈ മോക്ഷം ലഭിക്കുമോ? മനുഷ്യസേവനത്തിനായി ആശുപത്രികളും അനാഥാലയങ്ങളും തുറന്നാല്‍ മുക്തി കിട്ടുമോ?

മാനവരാശിയുടെ ഇതുവരെയുള്ള ചരിത്രത്തിലാദ്യമായി ഒരു വ്യക്തി മാത്രമേ താന്‍ പരമേശ്വരനാണെന്ന് പറഞ്ഞിട്ടുള്ളൂ. ഒളിയും മറയുമോടെ പല ആധുനിക ഋഷിമാരും അങ്ങനെ പറയുന്നുണ്ടെങ്കിലും അത് തെളിയിക്കാന്‍ വ്യക്തിക്ക് മാത്രമേ സാധിച്ചിട്ടുള്ളൂ. ദേവകീവാസുദേവന്മാരുടെ അഷ്ടമസന്താനമായി വന്നവതരിച്ച സാക്ഷാല്‍ ശ്രീകൃഷ്ണന്‍. അഹം ആദിര്‍ ഹി ദേവാനാം എന്ന് ഭഗവദ്ഗീതയില്‍ പ്രഖ്യാപിക്കുന്നു. സര്‍വചരാചരങ്ങളുടെയും ഏകനാഥനും അവിടുന്ന് തന്നെ. വേദങ്ങളുടെയും ഉപനിഷത്തുകളുടെയും പുരാണങ്ങളുടെയും സാരം ഭഗവദ്ഗീതയാണെന്ന് ദ്വൈതികളും അദ്വൈതികളും ഒരുപോലെ സമ്മതിക്കുന്നു. ഭഗവദ്ഗീതയില്‍ തുടങ്ങിയ തീര്‍ത്ഥാടനം ഭാഗവതത്തില്‍ എത്തുന്നു. ഭഗവാന്റെ അതീന്ദ്രിയ ലീലകളുടെ അമൃതം നുകരാന്‍ ഭാഗവതപഠനം നമ്മെ സഹായിക്കുന്നു.

ഈ ഭഗവാന്റെ (ശ്രീകൃഷ്ണന്റെ) സ്വരൂപവും അവിടുത്തെ കലകളും എന്താണ്? ഭഗവാന്റെ പരമധാമം എവിടെയാണ്? ഇതിനുള്ള ഉത്തരം കണ്ടെത്താന്‍ കമലോദ്ഭവനായ ബ്രഹ്മാവിന് ഒരിക്കല്‍ ആഗ്രഹം തോന്നി. കന്നുകാലികളെ മേച്ചുനടന്ന യാദവബാലന്‍ ജഗന്നിയന്താവായ വിഷ്ണുതന്നെയാണ്. ബ്രഹ്മാവിന് ആദ്യം മനസ്സിലായില്ല. അമ്പതു നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഭഗവാന്‍ സ്വയം വന്നവതരിച്ച വൃന്ദാവനഭൂമിയില്‍ വന്നപ്പോഴാണ് ബ്രഹ്മാവിന് ഈ സംശയം ഉദിച്ചത്. എന്നാലൊന്ന് പരീക്ഷിച്ചുകളയാമെന്ന് ബ്രഹ്മാവ് നിശ്ചയിച്ചു. തന്റെ പ്രിയ ഗോക്കളെയും ഗോപന്മാരെയുംകൊണ്ടാണ് ഭഗവാനും അദ്ദേഹത്തിന്റെ പ്രിയ ജ്യേഷ്ഠന്‍ ബലരാമനും ദിവസേന വനയാത്ര നടത്തിയിരുന്നത്. കന്നുകാലികള്‍ വൃന്ദാവനത്തിലെ പുല്‍മേടുകളില്‍ വിഹരിക്കുമ്പോള്‍ ഭഗവാന്‍ തന്റെ സുഹൃത്തുക്കളുമായി പല ക്രീഡകളിലും മുഴുകിയിരിക്കും.

അത്തരമൊരു ദിവസം ബ്രഹ്മാവ് ഒമ്പത് ലക്ഷത്തോളം വരുന്ന ഗോക്കളെയും ഗോപന്മാരെയും സമീത്തുള്ള ഗുഹയില്‍ ഒളിപ്പിച്ച് അവരെ നിദ്രാധീനരാക്കി. അപ്പോള്‍ പരമപുരുഷനായ ദേവകീ പുത്രന്‍ ഒമ്പത് ലക്ഷം വിഷ്ണുരൂപങ്ങളായി വികസിച്ച് ഗോക്കളും ഗോപന്മാരുമായി പുനരാവിര്‍ഭവിച്ചു. ഒരു നിമിഷത്തേക്കാണ് സരസ്വതീനാഥനായ ബ്രഹ്മാവ് ഈ സാഹസമൊപ്പിച്ചത്. എന്നാല്‍ ബ്രഹ്മാവിന്റെ ഈ ഒരു നിമിഷം ഭൂമിയില്‍ ഒരു വര്‍ഷമായിരുന്നു. ഭഗവാന്റെ ഈ അചിന്ത്യമായ ലീലകണ്ട് ബ്രഹ്മാവ് ഇളിഭ്യനായി; മാത്രമല്ല ഭഗവാനെ സാഷ്ടാംഗം നമസ്‌കരിക്കുകയും ചെയ്തു. അപ്പോള്‍ സൃഷ്ടികര്‍ത്താവായ അവിടുന്ന് ഭഗവാനെ സ്തുതിച്ച് എഴുതിയതാണ് ബ്രഹ്മസംഹിത. ഇതിന്റെ അഞ്ചാമദ്ധ്യായം മാത്രമേ ഭാരതഭൂമിയില്‍ ഇപ്പോഴുള്ളൂ. കൊല്ലവര്‍ഷം 685 ല്‍ (1510 എ ഡി). ശ്രീകൃഷ്ണാവതാരമായ ശ്രീചൈതന്യ മഹാപ്രഭു തന്റെ ദക്ഷിണ ഭാരതപര്യടനത്തിന്റെ ഭാഗമായി വേണാട് എന്നറിയപ്പെടുന്ന വഞ്ചിരാജ്യവും സന്ദര്‍ശിക്കുവാന്‍ ഇടയായി. പൂരുരുട്ടാതി തിരുനാള്‍ ഇരവി ഇരവി വര്‍മ്മ എന്ന വിഷ്ണു ഭക്തനായ മഹാരാജാവായിരുന്നു അന്ന് വേണാട് ഭരിച്ചിരുന്നത്. വര്‍ക്കല ജനാര്‍ദനസ്വാമി ക്ഷേത്രവും തിരുവനന്തശയനത്തില്‍ പള്ളികൊണ്ടരുളുന്ന ശ്രീപദ്മനാഭപ്പെരുമാളിനെയും ദര്‍ശിച്ചശേഷം ശ്രീകൃഷ്ണ ചൈതന്യന്‍ തിരുവട്ടാര്‍ എന്ന അതിമനോഹരമായ തെക്കന്‍ ഗ്രാമത്തിലെത്തുകയും അവിടത്തെ ഗ്രാമദേവതകൂടിയായ ആദികേശവപ്പെരുമാളിനെ ദര്‍ശിക്കുകയും ചെയ്തു. തിരുവട്ടാറ്റ് ആദികേശവക്ഷേത്രത്തിലെ ഗ്രന്ഥപ്പുരയില്‍നിന്നാണ് മഹാപ്രഭുവിന് ബ്രഹ്മസംഹിത ലഭിച്ചത്. ഇത് പകര്‍ത്തിയശേഷം അദ്ദേഹം തിരുവരംഗത്തേക്ക് ഗമിച്ചുവെന്ന് ചരിത്രരേഖകള്‍ മൊഴിയുന്നു.

ശ്രീരാധാകൃഷ്ണ ഭക്തനും തിരുനാമസങ്കീര്‍ത്തനത്തിന്റെ വക്താവുമായിരുന്ന അഭേദാനന്ദ സ്വാമികളുടെ മാനസഗുരുവും ഗൗഡീയ മഠസ്ഥാപകനുമായ ശ്രീലഭക്തി സിദ്ധാന്ത സരസ്വതി ഗോസ്വാമികളും ബ്രഹ്മസംഹിതയ്ക്ക് പരിഭാഷ രചിച്ചിട്ടുണ്ട്.

ശ്ലോകം- ഒന്ന്

ഈശ്വരഃ പരമഃ കൃഷ്ണഃ
സച്ചിദാനന്ദവിഗ്രഹഃ
അനാദിരാദിര്‍ഃ ഗോവിന്ദഃ
സര്‍വകാരണ കാരണം

അര്‍ത്ഥം:
ഗോവിന്ദന്‍ എന്ന നാമധേയമുള്ള ശ്രീകൃഷ്ണനാണ് പരമപുരുഷന്‍. സച്ചിദാനന്ദ വിഗ്രഹമായ ആ ഗോവിന്ദന്‍ സര്‍വകാരണങ്ങളുടെയും കാരണമാകുന്നു.

വ്യാഖ്യാനം
ദൈവം എന്ന് നാമോരോരുത്തരും വിളിക്കുന്ന അദൃശ്യശക്തിയെപ്പറ്റി ഇത്രയും സുവ്യക്തമായ അറിവ് തരുന്ന ശ്ലോകം വേറെയുണ്ടോ എന്ന് സംശയം. ഗോവിന്ദന്‍ എന്ന നാമത്തിന് ഗോക്കള്‍ക്കും ഇന്ദ്രിയങ്ങള്‍ക്കും ആനന്ദം കൊടുക്കുന്നവന്‍ എന്നാണര്‍ത്ഥം. കൃഷ്ണനെന്നാല്‍ കറുത്തനിറമുള്ളവനെന്നും സര്‍വാകര്‍ഷകനെന്നും അര്‍ത്ഥമുണ്ട്. ഈ ശ്ലോകത്തില്‍ ഈ രണ്ടു നാമങ്ങളുള്ള വ്യക്തിയെപ്പറ്റിയാണ് പ്രതിപാദ്യം. ഈ വ്യക്തിയെന്ന് പറയാന്‍ കാരണം അദ്ദേഹത്തിനെ സച്ചിദാനന്ദവിഗ്രഹമെന്ന് പറയുന്നതാണ്. സച്ചിദാനന്ദം എന്ന പദത്തിനെ മൂന്നായി വിഗ്രഹിക്കാം-സത്, ചിത്, ആനന്ദം-സത് എന്നാല്‍ ശാശ്വതം, ചിത് എന്നാല്‍ പരിപൂര്‍ണ ജ്ഞാനം-ആനന്ദമെന്നാല്‍ പരിപൂര്‍ണമായ നിര്‍വൃതി. ഇവ മൂന്നുമടങ്ങിയ രൂപമാണ് ശ്രീകൃഷ്ണന്റേതെന്ന് ബ്രഹ്മാവ് ഇവിടെ വ്യക്തമാക്കുന്നു. എല്ലാ ചരാചരങ്ങളെയും പരിപാലിക്കുന്നുവനു മാത്രമേ ശാശ്വതനായും സര്‍വജ്ഞനായും സദാ ആനന്ദമയനായും നിലകൊള്ളുവാന്‍ സാധിക്കുകയുള്ളൂ. സര്‍വഗുണസ്വരൂപനായ ഭഗവാന് രൂപമുണ്ടെന്ന് ഇതില്‍നിന്ന് വ്യക്തമാകുന്നു. പലരും അദ്ദേഹത്തിന്റെ നിര്‍ഗുണഭാവത്തെ തെറ്റിദ്ധരിക്കുന്നു. നിര്‍ഗുണമെന്നാല്‍ ഭൗതികഗുണങ്ങള്‍ അഥവാ നശ്വരങ്ങളായ ഗുണങ്ങള്‍ ഇല്ലാത്തവന്‍ അഥവാ ശാശ്വതഗുണങ്ങള്‍ ഉള്ളവന്‍ എന്നാണ് അര്‍ത്ഥമാക്കേണ്ടത്. ഈ ശാശ്വതനാണ് പരമേശ്വരനായ ഭഗവാന്‍. ഇദ്ദേഹം തന്നെയാണ് സര്‍വാകര്‍ഷകനും. സര്‍വാകര്‍ഷണം എന്നാല്‍ മറ്റെല്ലാത്തിനേക്കാളും ആകര്‍ഷണം തോന്നുന്നത് എന്നര്‍ത്ഥം. ഭഗവാന്‍ ഭൂമിയില്‍ തിരുവവതാരം ചെയ്തപ്പോള്‍ ഗോപസ്ത്രീകളുടെയും ഗോപന്മാരുടെയും ദേവ ഗന്ധര്‍വ-യക്ഷകിന്നര കിംപുരുഷന്മാരുടെയുമെല്ലാം ആകര്‍ഷണം ഭഗവാനിലേക്കായിരുന്നു. ഇത് അവിടുന്ന് പരമപുരുഷന്‍ ആയതുകൊണ്ടാണ്. കൃഷ്‌ണോ വൈ പരമം ദൈവതമെന്ന് മഹാദേവനായ ശിവശങ്കരന്‍ ശിവപുരാണത്തില്‍ പറയുന്നുണ്ട്. കുന്തീസുതനായ അര്‍ജുനന്‍ ശ്രീകൃഷ്ണനെ ഇങ്ങനെ സംബോധന ചെയ്യുന്നു:

പരംബ്രഹ്മ പരംധാമ
പവിത്രം പരമം ഭവാന്‍
പുരുഷം ശാശ്വതം ദിവ്യം
ആദിദേവം അജം വിഭും

സനാതനധര്‍മപുനഃസ്ഥാപകനായ ആദിശങ്കരന്‍ അദ്വൈതദര്‍ശനം പഠിപ്പിച്ചപ്പോഴും ശ്രീകൃഷ്ണനാണ് പരമപുരുഷന്‍ എന്ന് പ്രഖ്യാപിച്ചു. ഓരോ ദേവനെയും ഭഗവാന്‍ എന്ന് നാം സംബോധന ചെയ്യാറുണ്ട്. ദിവ്യയോഗിയെ മാത്രമല്ല സിദ്ധന്മാരെപ്പോലും ഭഗവാന്‍ എന്ന് വിളിക്കാറുണ്ട്. എന്നാല്‍ ആ പദത്തിന് അനുയോജ്യന്‍ ശ്രീകൃഷ്ണനാണ്. അസംഖ്യം വരുന്ന ദേവീദേവന്മാര്‍ ശ്രീകൃഷ്ണന്റെ അംശങ്ങളാണെന്ന് ഭഗവദ്ഗീതയും വ്യക്തമാക്കുന്നു. ഇവിടെ ചിലര്‍ ശ്രീകൃഷ്ണനെ മഹാവിഷ്ണുവിന്റെ അവതാരമായിക്കാണുന്നു. വിഷ്ണുവെന്നാല്‍ വ്യാപിച്ചിരിക്കുന്നവന്‍ എന്നര്‍ത്ഥം. എല്ലാ ദിക്കുകളിലും വ്യാപരിച്ചിരിക്കുന്നതുകൊണ്ടാണ് ഭഗവാനെ വിഷ്ണുവെന്ന് വിളിക്കുന്നത്.

വിഷ്ണുവെന്നും കൃഷ്ണനെന്നും വിളിക്കുന്നത് ഒരേ പരമപുരുഷനായ ഗോവിന്ദനെത്തന്നെയാണെന്നാണ് മനസ്സിലാക്കേണ്ടത്. അതിനാല്‍ എല്ലാ കാരണങ്ങളുടെയും കാരണമായ കൃഷ്ണന്‍ അഥവാ ഗോവിന്ദന്‍ അഥവാ വിഷ്ണു ആരുടെയും അവതാരമല്ല, മറിച്ച് സര്‍വാവതാരങ്ങളുടെയും കാരണമാണ്, അഥവാ അവതാരിയാണ് എന്നുപറയാം. അവതാരങ്ങള്‍ എടുക്കുന്നവന്‍ ആരോ അവന്‍ അവതാരി. ശുകബ്രഹ്മര്‍ഷിയും വേദവ്യാസനും ശ്രീകൃഷ്ണനെ അവതാരിയായി തന്നെ കാണുന്നു. വേദവ്യാസകൃതമായ ഭാഗവതപുരാണത്തില്‍ കൃഷ്ണദ്വൈപായന വ്യാസന്‍ തന്നെ ഇങ്ങനെ പറയുന്നു.

ഏതേ ചാംശ കലാ പുംസഃ
കൃഷ്ണസ്തു ഭഗവാന്‍ സ്വയം

എല്ലാ അവാരങ്ങളും കലകളും (കലയെന്നാല്‍ ഭഗവാന്റെ വിസ്തരണം എന്നര്‍ത്ഥം) ശ്രീകൃഷ്ണ ഭഗവാനില്‍നിന്നാണ് ഉദ്ഭൂതമായത്. ജയദേവകവിയും ഗീതഗോവിന്ദത്തില്‍ ശ്രീകൃഷ്ണനെ പരമപുരുഷനും അവതാരിയുമായി കാണുന്നു. ഗീതഗോവിന്ദത്തിലെ ദശാവതാര സ്‌തോത്രത്തില്‍ ശ്രീകൃഷ്ണനെ ഉള്‍പ്പെടുത്തിയിട്ടില്ല. കാരണം ജയദേവന്‍ ശ്രീകൃഷ്ണനെ അവതാരമായിട്ടല്ല, വിഷ്ണുവായിത്തന്നെയാണ് കണ്ടിരുന്നത്.

സാധുവും ശാസ്ത്രവും പറയുന്നതാണ് മുഖ്യം. രണ്ടും ശ്രീകൃഷ്ണന്റെ പരമഭാവത്തെ അംഗീകരിക്കുന്നു. സാധുവെന്നാല്‍ ഋഷിയെന്നര്‍ത്ഥം. ശാസ്ത്രമെന്നാല്‍ വേദപുരാണേതിഹാസങ്ങള്‍. ബ്രഹ്മസംഹിതയിലെ ഈ പ്രഥമശ്ലോകം വ്യത്യസ്തമായ ഒന്നല്ല മറിച്ച് സര്‍വശാസ്ത്രങ്ങളുടെയും സാരസംഗ്രഹമാണ്.

No comments:

Post a Comment