ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

12 December 2016

അതികായന്‍

അതികായന്‍

രാമായണത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഒരു രാക്ഷസന്‍. രാവണന് ധാന്യമാലിനി എന്ന രാക്ഷസിയിലുണ്ടായ മകന്‍. ശരീരത്തിന്റെ വലുപ്പംകൊണ്ട് അതികായന്‍ എന്ന പേര്‍ സിദ്ധിച്ചു. മഹാകായന്‍, പര്‍വതോപമന്‍ മുതലായ പദങ്ങള്‍കൊണ്ട് അതികായന്റെ 'ദേഹമാഹാത്മ്യം' വാല്മീകിരാമായണത്തില്‍ വര്‍ണിച്ചിട്ടുണ്ട്. അതികായന്‍ തപസ്സുചെയ്ത് ബ്രഹ്മാവിനെ പ്രത്യക്ഷപ്പെടുത്തി, അദ്ദേഹത്തില്‍ നിന്നും സുരാസുരന്‍മാര്‍ക്ക് തന്നെ വധിക്കാന്‍ സാധ്യമാകരുതെന്ന വരവും ദിവ്യമായ കവചവും അര്‍ക്കഭാസ്വരമായ രഥവും അനേകം ദിവ്യാസ്ത്രങ്ങളും നേടി. യുദ്ധം ചെയ്ത് ഇന്ദ്രന്റെ വജ്രവും വരുണന്റെ പാശവും കരസ്ഥമാക്കി. ആ ബലശാലി രാവണന്റെ ആജ്ഞ അനുസരിച്ച് രാമനോടു പോരിനു ചെന്നു. ഭീമരൂപനായ അതികായനെക്കണ്ട് വാനരസൈന്യങ്ങള്‍ ഓടിപ്പോയി. വിസ്മയഭരിതനായ രാമന്‍ വിഭീഷണനോട് ചോദിച്ച് കാര്യങ്ങള്‍ മനസ്സിലാക്കി. പോരില്‍ അതികായനെ ലക്ഷ്മണന്‍ നേരിട്ടു. ഇരുപേരും ഘോരസമരം നടത്തി. ഒടുവില്‍ വായുഭഗവാന്റെ ഉപദേശമനുസരിച്ച് ലക്ഷ്മണന്‍ ബ്രഹ്മാസ്ത്രം പ്രയോഗിച്ച് അതികായനെ വധിച്ചു. ലങ്കാനഗരിയുടെ രക്ഷാഭാരം സമര്‍ഥമായി നിര്‍വഹിച്ചിരുന്ന ആ വീരന്റെ നിര്യാണം രാവണനെ നല്ലപോലെ അലട്ടി (വാ.രാ. യുദ്ധകാണ്ഡം).

No comments:

Post a Comment