അയ്യപ്പന്മാരുടെ അനുഷ്ഠാനവിധി
മാല ഇട്ടുകഴിഞ്ഞാല്‍ ശൗചവിധിയനുസരിച്ചുള്ള ശരീര ശുദ്ധി വരുത്തണം. കണ്ണ്, ചെവി, നാസാദ്വാരങ്ങള്‍, വായ്, പല്ല് നാക്ക് കക്ഷങ്ങള്‍, നാഭീപ്രദേശം, മലമൂത്രനാളികള്‍, ചര്‍മ്മം ഇവയിലൊന്നും അഴുക്ക് അറിയാതെ ശുചിയാക്കുകയെന്നതാണ് ശൗചവിധി. പൗരാണിക ശൗചവിധിയനുസരിച്ച് ശരീരം ശുദ്ധമാക്കുവാന്‍ ജലം, മണ്ണ്, വിഭൂതി തുടങ്ങിയ വസ്തുക്കള്‍ ഉപയോഗിക്കണം. എങ്കിലും ജലത്താല്‍ ശുദ്ധിവരുത്തി തുടര്‍ന്ന് ഭസ്മം ഉപയോഗിക്കുന്നതാണ് സാധാരണരീതി. മാലയിട്ട ഭക്തന്‍ അപ്പോള്‍ മുതല്‍ തത്ത്വസോപാനമായ പതിനെട്ടാംപടികള്‍ മനസ്സില്‍ ധ്യാനിക്കണം. പതിനെട്ടാംപടിയുടെ കാവല്‍ക്കാര്‍ സത്യം ധര്‍മം എന്നീ ദേവതകളാണ്. അതിനുള്ള പ്രാര്‍ത്ഥന ഇപ്രകാരമാണ്.
“നമാമി ധര്‍മശാസ്താരം
യോഗപീഠസ്ഥിതംവിളം
പ്രസന്നം നിര്‍മ്മലം ശാന്തം
സത്യ-ധര്‍മ വ്രതം ഭജേ
അഷ്ടാനശസുസോപാനം
സന്നിധാനം സ്മരേദ്ബുധഃ
സുഷുമ്നാവര്‍ത്തഗാത്മാനം
ഇരുംചഃ ശരണാഗതി.”
പ്രാര്‍ത്ഥനചൊല്ലി പതിനെട്ട് തിരുപ്പടികളെയും വലിയകടുത്ത കൊച്ചുകടുത്ത, വാപുരന്‍, മാളികപ്പുറത്തമ്മ, ഗണപതി ഇവരെ മനസ്സാസ്മരിച്ച് ഭഗവാന്റെ ഇരിപ്പിടമായ പീഠം മനസ്സാ തൊട്ടുനമിച്ച് ഇന്നേദിവസം താന്‍ മനസ്സാ വാചാ കര്‍മണാ അഹിംസാപരവും അധാര്‍മികവുമായ തെറ്റുകള്‍ ഒന്നും ചെയ്യുകയില്ലെന്നും അതിനുള്ള മനോബലം ലഭിക്കുവാനും അപേക്ഷിക്കുക. കാണുന്ന സകല ചരാചരങ്ങളിലും സ്വാമിദര്‍ശനം നടത്തുക. മിതവും ഹിതവുമായ ഭക്ഷണം കഴിക്കുക. ക്ഷേത്രദര്‍ശനത്തിന് സാധിക്കുന്നവര്‍ അപ്രകാരം ചെയ്യുക. അതിന് കഴിയാത്തവര്‍ സ്വന്തം മനസ്സ് ക്ഷേത്രമാക്കി അതിനുള്ളില്‍ ഭഗവാനെ ദര്‍ശിക്കുക. മാലധരിച്ച അയ്യപ്പന്‍ എട്ടുവിധ മൈഥുനങ്ങള്‍ (ഇന്ദ്രിയ സുഖത്തിനായി ഏര്‍പ്പെടുന്ന പ്രവൃത്തികള്‍) വര്‍ജ്ജിക്കണം. സത്യം മാത്രം പറയണം, ജാമ്യം നില്‍ക്കരുത, സാക്ഷിപറയരുത്, ക്ഷൗരം ചെയ്യരുത്, വാഗ്വാദം നടത്തരുത്, മരണാനന്തരചടങ്ങുകളില്‍ സംബന്ധിക്കരുത്. ഇപ്രകാരം നാല്‍പ്പത്തിയൊന്നുദിവസത്തെ വ്രതമനുഷ്ടിച്ചുവേണം മലയകറുവാന്‍.
No comments:
Post a Comment