ശകുനി
ഗാന്ധാരരാജൻ സുബലന്റെയും രാജ്ഞി സുധർമ്മയുടെയും നൂറു മക്കളിൽ ഏറ്റവും ഇളയവൻ. സുബലപുത്രനായതുകൊണ്ട് സൗബലൻ എന്നും എന്നെ വിളിക്കാറുണ്ട്. ഞങ്ങൾ നൂറുപേർക്കും കൂടി ഒരേയൊരു പെങ്ങൾ, ഗാന്ധാരി. (പിന്നീട് വർഷങ്ങൾക്കു ശേഷം ഗാന്ധാരിക്കും നൂറു പുത്രന്മാരും ഒരു പുത്രിയുമുണ്ടായത് കാലം കരുതിവെച്ച തമാശ.) ചെറുപ്പത്തിലേ ആരോഗ്യക്കുറവും മുടന്തും ഉണ്ടായിരുന്ന എന്നോട് അച്ഛനും അമ്മയ്ക്കും സഹോദരന്മാർക്കും വലിയ വാത്സല്യമായിരുന്നു. ശാരീരികവൈഷമ്യങ്ങൾ ഉണ്ടായിരുന്ന എനിക്ക് പക്ഷെ, അപാരമായ ബുദ്ധിശക്തി ഉണ്ടായിരുന്നു...
സന്തോഷകരമായ ജീവിതം. എന്നാലത് നീണ്ടുനിന്നില്ല. ഒരു ദിവസം ഹസ്തിനപുരത്തിൽ നിന്ന് ഭീഷ്മരുടെ സന്ദേശം കൊട്ടാരത്തിലെത്തി. ഒരു വിവാഹാലോചന. അന്ധനായ ധൃതരാഷ്ട്രർക്കു വേണ്ടി. കണ്ണുകാണാത്ത ധൃതരാഷ്ട്രനു പൊന്നുപെങ്ങൾ ഗാന്ധാരിയെ കൊടുക്കുന്നതിനെ ഞങ്ങൾ ശക്തമായി എതിർത്തു. അനിയൻ പാണ്ഡുവിനു വേണമെങ്കിൽ കൊടുക്കാം. പക്ഷെ ഭീഷ്മശാസനം, ഗാന്ധാരിയെ ധൃതരാഷ്ട്രനു വിവാഹം കഴിച്ചുകൊടുക്കാനായിരുന്നു. കുരുവംശത്തിന്റെ കൽപ്പനക്ക് എതിർ വാക്കില്ല...
അച്ഛൻ സുബലൻ കൊട്ടാര ജ്യോതിഷിയെ വിളിപ്പിച്ചു. ഏകപുത്രിയെ അന്ധനു വിവാഹം കഴിച്ചുകൊടുത്താൽ ഒരു ജന്മത്തിലും മോക്ഷം കിട്ടില്ലെന്ന് ജ്യോതിഷി പ്രവചിച്ചു. അച്ഛനാകെ വിഷമത്തിലായി. രണ്ടാം വിവാഹമാണെങ്കിൽ കുഴപ്പമില്ലെന്ന് ജ്യോതിഷി. ആദ്യവിവാഹത്തിനു മുമ്പ് എങ്ങനെയാണു രണ്ടാം വിവാഹം? ജ്യോതിഷിതന്നെ പരിഹാരവും നിർദ്ദേശിച്ചു. ഒരു ആടിനെക്കൊണ്ട് വിവാഹം നടത്തിക്കുക, വിവാഹം കഴിഞ്ഞ് ആടിനെ കൊന്നുകളയുക. ജ്യോതിഷി പറഞ്ഞപ്രകാരം ആടും ഗാന്ധാരിയുമായുള്ള വിവാഹം നടന്നു. വിവാഹശേഷം ആടിനെ കൊന്നുകളഞ്ഞു...
പിന്നെയും വർഷങ്ങൾ കുറെ കടന്നുപോയി. ഇപ്പോൾ ദുര്യോധനൻ യുവരാജാവാണു. പാണ്ഡവരും കൗരവരും തമ്മിലുള്ള വൈരം കൂടിവന്നു. ഒരു ദിവസം ശണ്ഠകൂടിയ ദുര്യോധനനെ ഭീമൻ 'ആടിന്റെ മോനെ' എന്നുവിളിച്ചു. അപമാനഭാരത്താൽ ചൂളിപ്പോയ ദുര്യോധനൻ കാര്യങ്ങൾ അന്വേഷിച്ചറിഞ്ഞു. അപമാനത്താലും കോപത്താലും ഭ്രാന്തുപിടിച്ച ദുര്യോധനൻ ഗാന്ധാരദേശത്തേക്ക് വന്നു. അവന്റെ അമ്മാവന്മാരായ ഞങ്ങൾ നൂറുപേരേയും അച്ഛനേയും കാരാഗൃഹത്തിലടച്ചു. എന്നിട്ടും ദുര്യോധനൻ അടങ്ങിയില്ല. ഞങ്ങൾ നൂറ്റൊന്ന് പേർക്കും കൂടി ഒരാൾക്കുള്ള ഭക്ഷണം മാത്രം നൽകിയാൽ മതിയെന്ന് ദുര്യോധനൻ കൽപ്പിച്ചു...
ഞങ്ങളെ പട്ടിണിക്കിട്ട് വധിക്കുക എന്നതായിരുന്നു ദുര്യോധന തന്ത്രം. നിസഹായരായ ഞങ്ങൾക്കെന്ത് ചെയ്യാൻ പറ്റും? അവസാനം ഒന്നു തീരുമാനിച്ചു. ഞങ്ങളിൽ ഒരാൾ ജീവിക്കുക. കുരുവംശത്തിന്റെ സർവ്വനാശം അവനിലൂടെയായിരിക്കണം. അതാരു? കൂട്ടത്തിൽ ഇളയവനും ബലഹീനനും എന്നാൽ ബുദ്ധിശാലിയുമായ എനിക്കാണു നറുക്കുവീണത്...
പിന്നീടങ്ങോട്ട് ഒരാൾക്കുമാത്രം വരുന്ന ആഹാരം, അവരെല്ലാം പട്ടിണി കിടന്ന് എനിക്കു നൽകി. പട്ടിണികിടന്ന് ഓരോരുത്തരായി മരിച്ചുവീണു. ലക്ഷ്യം നേടാൻ, ജീവൻ നിലനിർത്താൻ, മരിച്ചുവീണ എന്റെ പിതാവിന്റെ മാംസം വരെ ഞാൻ തിന്നു. എന്റെ അച്ഛന്റെ അസ്ഥികൊണ്ട് ഞാൻ രണ്ട് പകിടകൾ നിർമ്മിച്ചു. അവ എപ്പോഴും എന്റെ കയ്യിലുണ്ടായിരുന്നു...
പെങ്ങൾ ഗാന്ധാരി പിന്നീടാണു വിവരങ്ങളെല്ലാം അറിയുന്നത്. എന്നെ മോചിപ്പിച്ചു, ഹസ്തിനപുരിയിലേക്ക് ക്ഷണിക്കുകയും ചെയ്തു. എന്റെ ലക്ഷ്യപ്രാപ്തിക്ക് ഹസ്തിനപുരിയിൽ താമസിച്ചേ പറ്റൂ. അങ്ങനെ മനസിൽ ഒടുങ്ങാത്ത പ്രതികാരത്തിന്റെ കനലുകളും പേറി ദുര്യോധനന്റെ സന്തതസഹചാരിയായി ഞാൻ...
ഒന്നെനിക്ക് മനസിലായി. പുറത്തുനിന്നാർക്കും കുരുവംശത്തെ നശിപ്പിക്കാൻ കഴിയില്ല. ഇവർ തമ്മിൽത്തല്ലി തീരണം. അതിനുള്ള ഒരേയൊരു വഴി പാണ്ഡവരും കൗരവരും തമ്മിൽ വൈരം വളർത്തുക, തമ്മിൽ തല്ലിക്കുക, പരസ്പരം കൊല്ലിക്കുക എന്നതുമാത്രം...
പാണ്ഡവർ ഒരിക്കലുമെനിക്ക് ശത്രുക്കളല്ലായിരുന്നു. ഞാനങ്ങനെ ഭാവിച്ചു എങ്കിലും... പ്രതികാരം നിറവേറ്റാനുള്ള എന്റെ കരുക്കൾ മാത്രമായിരുന്നു പാണ്ഡവർ. പാണ്ഡവരെ കൊല്ലാനുള്ള ദുര്യോധനന്റെ പല പദ്ധതികളും ഞാൻ തന്നെ പൊളിച്ചു. പാണ്ഡവരിലൂടെയാണു എനിക്കെന്റെ പ്രതികാരം നിറവേറ്റേണ്ടത്. കർണ്ണനെ എനിക്കിഷ്ടമായിരുന്നില്ല. അവന്റെ ജന്മരഹസ്യം അറിഞ്ഞിട്ടൊന്നുമല്ല. പിന്നെയോ, എന്റെ ലക്ഷ്യപ്രാപ്തിക്ക് ഒരേയൊരു തടസ്സം കർണ്ണനായേക്കാം. ദുര്യോധനനെ പാണ്ഡവരിൽ നിന്നു രക്ഷിക്കാൻ കർണ്ണനു സാധിച്ചേക്കാം...
ഞാനുദ്ദേശിച്ച പോലെയെല്ലാം കാര്യങ്ങൾ നടന്നുകഴിഞ്ഞു. അതിന്റെ അവസാനം ഇതാ, മഹാഭാരതയുദ്ധം. എന്റെ ജീവൻ ബലികൊടുത്ത് ഞാനെന്റെ പ്രതികാരം പൂർത്തിയാക്കി. ഇപ്പോൾ ഈ യുദ്ധഭൂമിയിൽ സഹദേവന്റെ ശരമേറ്റ് ഞാനിതാ കിടക്കുന്നു. ഈ കുരുക്ഷേത്ര ഭൂവിൽ ചോരയണിഞ്ഞ് പ്രാണൻ വിടാൻ കിടക്കുന്ന എന്റെ മുഖത്ത് നിങ്ങൾക്കൊരു പുഞ്ചിരി കാണാം. ഭാരതവർഷത്തിലെ ഏറ്റവും ശക്തമായ ഒരു വംശത്തെ വെറും പകിട മാത്രം ആയുധമാക്കി മുച്ചൂടും നശിപ്പിച്ചവനാണു ഞാൻ. കണ്മുമ്പിൽ വിശന്നു മരിച്ചുവീണ അച്ഛനോടും സഹോദരന്മാരോടുമുള്ള വാക്കു പാലിച്ചവനാണു ഞാൻ. ആ സംതൃപ്തി നിറഞ്ഞ പുഞ്ചിരിയാണു നിങ്ങളെന്റെ മുഖത്തു കാണുന്നത്....
No comments:
Post a Comment