ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

4 April 2016

അന്നദാനം മഹാദാനം.

അന്നദാനം മഹാദാനം.
അന്നദാനത്തിന്‍റെ മഹത്വം പറയുന്ന ഈ കഥ മഹാഭാരതത്തിലാണ് പറഞ്ഞിട്ടുള്ളത്.
കര്‍ണ്ണനും സുയോധനനും മരണശേഷം സ്വര്‍ഗ്ഗത്തിലെത്തി. രണ്ട് പേര്‍ക്കും ഉജ്ജ്വലമായ വരവേല്‍പ്പും കാര്യങ്ങളും ഒക്കെ ലഭിച്ചു. എന്നിട്ട് രണ്ട് പേര്‍ക്കും ഓരോ കൊട്ടാരം നല്‍കി. സകലവിധ സൌകര്യങ്ങളും ഉള്ള കൊട്ടാരങ്ങളില്‍, ദര്‍ബ്ബാറുകളും, നര്‍ത്തകിമാരും എല്ലാമുണ്ടായിരുന്നു. കുറച്ച് നേരം കഴിഞ്ഞു. കര്‍ണ്ണന് ദാഹം അനുഭവപ്പെട്ടു. വെള്ളം അന്വേഷിച്ച് കൊട്ടാരം മൊത്തം കറങ്ങി നടന്നു. ഒരിടത്തും കിട്ടിയില്ല. വെള്ളം മാത്രമല്ല, ഭക്ഷണവും അവിടെയെങ്ങും ഇല്ല എന്ന് മനസ്സിലായി. ഉള്ള ആപ്പിളും, മുന്തിരിയുമെല്ലാം തന്നെ സ്വര്‍ണ്ണത്തിലും വെള്ളിയിലും ഉള്ളതാണ്. വൈകുന്നേരമായപ്പോഴേക്കും കര്‍ണ്ണന്‍ അവശനായി. ഗതിമുട്ടിയപ്പോള്‍ കര്‍ണ്ണന്‍ , കൃഷ്ണനെ കണ്ട് സങ്കടം ഉണര്‍ത്തിച്ചു. ഒന്നും തിന്നാനും കുടിക്കാനും തരാതെ എന്ത് സ്വര്‍ഗ്ഗം? സുയോധനന് എല്ലാ സൌഭാഗ്യവും ഉണ്ട്. എനിക്ക് ഭക്ഷണവും വെള്ളവും ഇല്ല. എന്നിങ്ങനെ പരാതികള്‍ ലിസ്റ്റ് ഇട്ടു.
കൃഷ്ണന്‍:നീ ഭൂമിയില്‍ എന്തൊക്കെ ചെയ്തൊ, അതനുസരിച്ചാണ് സ്വര്‍ഗ്ഗത്ത് നിനക്ക് ഓരോ സൌകര്യങ്ങള്‍ കിട്ടുന്നത്. എന്നെങ്കിലും ദാഹിച്ച് വരുന്ന ഒരാള്‍ക്ക് വെള്ളമോ, വിശന്ന നടന്ന ഒരാള്‍ക്ക് ഭക്ഷണമോ നീ കൊടുത്തിട്ടുണ്ടോ? കൊടുത്തതെല്ലാം സ്വര്‍ണ്ണവും, വെള്ളിയും രത്നങ്ങളുമല്ലെ? പിന്നെ നിനക്ക് സ്വര്‍ഗ്ഗത്തിലെങ്ങനെ ഭക്ഷണം കിട്ടും?.
കര്‍ണ്ണന്‍ ആകെ വിഷമത്തിലായി.
കര്‍ണ്ണന്‍: ഭക്ഷണം കിട്ടാന്‍ ഒരു വഴിയും ഇല്ലെ?
കൃഷ്ണന്‍: എന്നെങ്കിലും ആര്‍ക്കെങ്കിലും അന്നദാനം നടത്തുന്ന സ്ഥലത്തേക്ക് നീ വഴി പറഞ്ഞു കൊടുത്തിട്ടുണ്ടോ?
കര്‍ണ്ണന്‍: ഉണ്ട്. ഒരിക്കല്‍ സുയോധനന്‍ അന്നദാനം നടത്തിയപ്പോള്‍ ഒരാള്‍ക്ക് ആ സത്രത്തിലേക്കുള്ള വഴി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കൃഷ്ണന്‍: എന്നാല്‍ നീ അന്ന് ചൂണ്ടിയ ആ വിരല്‍ ഇപ്പോള്‍ നുണഞ്ഞ് നോക്കൂ.
കര്‍ണ്ണന്‍ ഭഗവാനെ അനുസരിച്ചു. വലതു കയ്യിലെ ചൂണ്ടുവിരല്‍ നുണഞ്ഞ കര്‍ണ്ണന് വിശപ്പ് മാറി എന്ന് ഐതീഹ്യം. അന്നദാന സത്രത്തിലേക്ക് ചൂണ്ടിക്കാട്ടിയ വിരലിന് ഇത്രയും പുണ്യമെങ്കില്‍, അന്നദാനം നടത്തുന്നവര്‍ക്ക് സ്വര്‍ഗ്ഗം നിശ്ചയമത്രേ!
ദാനങ്ങളില്‍ വച്ച് ഏറ്റവും മഹത്തായത്‌ അന്നദാനമാണ്. മറ്റു ഏതൊരുദാനവും അന്നദാനത്തോളം മാഹാത്മ്യമേറിയതാവില്ല. വിശന്നുവലഞ്ഞു വരുന്ന ഒരാള്‍ക്ക്‌ അന്നം ലഭിക്കുമ്പോഴുണ്ടാകുന്ന ആശ്വാസവും അതു കഴിച്ചശേഷമുണ്ടാകുന്ന സംതൃപ്തിയും അന്നദാദാവിന് അനുഗ്രഹമായി പരിണമിക്കുന്നു. മറ്റൊരു ദാനം കൊണ്ട് കിട്ടുന്നയാള്‍ക്ക് തൃപ്തി വരണമെന്നില്ല. ധനം, വസ്ത്രം, സ്വര്‍ണ്ണം, ഭൂമി ഇവയില്‍ ഏതു കൊടുത്താലും വാങ്ങുന്നയാള്‍ക്ക് കുറച്ച് കൂടി കൊടുത്താല്‍ അതും അയാള്‍ വാങ്ങും. എന്നാല്‍ അന്നദാനം ലഭിച്ചാല്‍, വിശപ്പുമാറി കഴിഞ്ഞാല്‍ സംതൃപ്തിയോടെ പുഞ്ചിരിച്ചുകൊണ്ട് പറയും മതിയെന്ന്. അന്നദാനത്തിലൂടെ ദാനം ഏറ്റുവാങ്ങുന്നയാളിന് പരിപൂര്‍ണ്ണ തൃപ്തിയാണ് ഉണ്ടാകുന്നത്. ഈ ഒരു തൃപ്തി മറ്റൊരു ദാനത്തിലൂടെയും ആര്‍ജ്ജിക്കാന്‍ കഴിയില്ല. അന്നദാനം നടത്തിയാല്‍ ദാരിദ്ര്യവും കടവും മാറുമെന്നാണ് വിശ്വാസം. കൂടാതെ കുടുംബത്തില്‍ സമ്പത്ത് സമൃദ്ധിയും ഐശ്വര്യവുമുണ്ടാകും. ജീവന്‍ നിലനിര്‍ത്താന്‍ ഭക്ഷണം അത്യാവശ്യമാണ്. അന്നദാനം നല്‍കുന്നതിലൂടെ ഒരാള്‍ക്ക് ജീവന്‍ നല്‍കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് അന്നദാനം മറ്റു ദാനങ്ങളെക്കാള്‍ മഹത്തരമാണ് എന്നു പറയുന്നത്. ശിവപുരാണത്തിലാണ് അന്നദാനത്തെകുറിച്ച് പറഞ്ഞിരിക്കുന്നത്.

'"'ഗജതുരംഗസഹസ്രം ഗോകുലം കോടി ദാനം
കനകരചിത പാത്രം മേദിനിസാഗരാന്തം;
ഉദയകുല വിശുദ്ധം കോടി കന്യാപ്രദാനം
നഹി നഹി ബഹുദാനം അന്നദാനസുസമാനം''"

എന്നാണ് അന്നദാനത്തെ പ്രകീര്‍ത്തിക്കുന്നത്. അതായത് ആയിരം കൊമ്പനാനകള്‍, ആയിരം പടക്കുതിരകള്‍, ഒരു കോടി പശുക്കള്‍, നവരത്‌നങ്ങള്‍ പതിച്ച അനവധി സ്വര്‍ണ്ണാഭരണങ്ങള്‍, പാത്രങ്ങള്‍, സമുദ്രത്തോളം ഭൂമീ എന്നിങ്ങനെ നിരവധി ദാനങ്ങള്‍ ചെയ്താലും അതൊന്നും അന്നദാനഫലത്തിന് തുല്യമാകില്ല എന്നാണ്.

No comments:

Post a Comment