ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

2 August 2021

ഭൂമിയ്ക്ക്, പൃഥ്വി എന്ന പേര് വന്നതിനു പിന്നിൽ ഒരു കഥയുണ്ട്.

ഭൂമിയ്ക്ക്, പൃഥ്വി എന്ന പേര് വന്നതിനു പിന്നിൽ ഒരു കഥയുണ്ട്.

ഭൂമീദേവി സർവ്വംസഹയാണ്, ക്ഷമയുടെ പരകോടിയാണ് എന്നൊക്കെ നമ്മൾക്കറിയാം. എന്നാൽ, ഇടയ്ക്കോരോ കുറുമ്പൊക്കെ ആരും കാണിയ്ക്കുമല്ലോ. ചോദിയ്ക്കാനും പറയാനും ആരുമില്ലാതിരുന്ന ഒരുകാലത്ത്, ഭൂമീദേവി കാണിച്ച ഒരു വിക്രസ്സിൽ നിന്നാണ് കഥ തുടങ്ങുന്നത്.

പണ്ട്പണ്ടൊരിയ്ക്കൽ ഭൂമിയിൽ, രാജാവില്ലാത്തൊരു കാലമുണ്ടായി. നാഥനില്ലാക്കളരിയായി ഭൂമി .
എന്തുചെയ്താലും ആരും ചോദിയ്ക്കാനില്ല.
നല്ലതു ചെയ്താൽ പ്രശംസിയ്ക്കാനുമില്ല;
കെട്ടത് ചെയ്താൽ വിമർശിയ്ക്കാനുമില്ല ആരും. അരാജകത്തം എന്ന വാക്ക് യഥാർത്ഥത്തിൽ അങ്ങ് നടപ്പിലായ ഒരു കാലം.

വണ്ടികൾ കുത്തിത്തിരുകി ഗതാഗതം സ്തംഭിച്ച ഒരു നാൽക്കവലയിൽ, ഒരു പോലീസുകാരൻ വന്ന്, രണ്ട് കൈവീശൽ വീശിക്കാണിച്ചാൽ ഗതാഗതം നിമിഷനേരത്തിൽ സാധാരണ പോലെയാകുന്നത് കണ്ടിട്ടില്ലേ!?
അതുപോലെയാണ് ഭൂമിയിലെ എല്ലാ കാര്യങ്ങളും. പേടിയ്ക്കാൻ, താടിയുള്ളൊരപ്പൻ ഉണ്ടെങ്കിലേ കാര്യങ്ങൾ നേരേചൊവ്വേ നടക്കൂ.

ഇപ്പോൾ, ആ അപ്പൻ ഇല്ലാത്തതിനാൽ ഭൂമി, ഭൂമിയിലെ സകല ചെടികളേയും ദഹിപ്പിച്ച്, വിഴുങ്ങിക്കളഞ്ഞു. 'എന്തിനാ ഇങ്ങനെ ചെയ്തത്?' എന്ന് ചോദിച്ചാൽ; പ്രത്യേകിച്ച് കാരണമൊന്നുമില്ല. ഉണ്ടിരിയ്ക്കണ ഭൂമിയ്ക്കൊരു വിളി തോന്നി എന്നേ പറയാൻ പറ്റൂ.
ഒരു രസം! ഒരു മന:സുഖം! സകല സസ്യജാലങ്ങളേയും വിഴുങ്ങി, ജേസീബിയിട്ട് വലിച്ച പോലെയായി ഭൂമി!

കൃഷിക്കാരെല്ലാം കുടുങ്ങി.

നാളെ കൊയ്യാം..
നാളെ ഞാറ് നടാം..
നാളെ മാങ്ങ പറിയ്ക്കാം..
തേങ്ങയിട്ട് എണ്ണയാട്ടണം..
പുളി കുലുക്കാറായി.. എന്നൊക്കെ മനസ്സിലിട്ട് കിടന്നുറങ്ങിയവർ കാലത്തെഴുന്നേറ്റ് പുറത്തിറങ്ങി നോക്കിയപ്പോൾ ഉടുമുണ്ടഴിഞ്ഞു
പോയപോലൊരു തോന്നൽ!

നാലുപുറവും നോക്കി!
ഒന്നും കാണുന്നില്ല!
കണ്ണ് തിരുമ്മി, വീണ്ടും നോക്കി. ഫലം നാസ്തി!
'കട്ടൻകാപ്പി കുടിയ്ക്കാത്തോണ്ട്, കണ്ണ് പിടിയ്ക്കാത്തതാകുമോ!?'

അല്ല.

സംഗതി, ചെടികളൊന്നും കാണുന്നില്ല.
എണ്ണയുമാട്ടണ്ട; മഞ്ഞളും പൊടിയ്ക്കണ്ട!
ഇനി ആകെ ചെയ്യാൻ കഴിയുന്ന കാര്യം വൃത്തിയ്ക്ക് പട്ടിണി കിടന്ന്, വിശാലമായി മരിയ്ക്കാം.

ഈ സമയത്താണ് പൃഥു എന്ന ആൾ, ഭൂമിയിൽ രാജാവായി അധികാരമേറ്റത്.
സകല ജീവജാലങ്ങളേയും മക്കളേപ്പോലെ കരുതാൻകഴിയുന്ന; സ്നേഹനിധിയും വിശാലമനസ്കനുമായിരുന്നു

പൃഥുരാജാവ്

പൃഥു, രാജാവായി അധികാരമേറ്റതും; കർഷകരെല്ലാം രാജാവിനെ, നിറഞ്ഞുവഴിയുന്ന കണ്ണുകളുള്ള മുഖംകാണിച്ച് സങ്കടമുണർത്തിച്ചു.
"രാജാവേ, കലികാലത്ത് കർഷകരുടെ അവസ്ഥ ഇതായിരിയ്ക്കുമെന്ന് കേട്ടിട്ടുണ്ട്. പക്ഷേ, അങ്ങ് ഭരിയ്ക്കുമ്പോൾ ഇങ്ങനെ സംഭവിയ്ക്കുന്നത് കഷ്ടമാണ്!"

കർഷകർ സങ്കടമുണർത്തിച്ചപ്പോൾ, രാജാവിലും സങ്കടമുണർന്നു.
രാജാവിന് സങ്കടം മാത്രമല്ല; ദേഷ്യവും ഉണർന്നു. "ഞാൻ രാജാവായിരിയ്ക്കുമ്പോൾ എന്റെ രാജ്യത്തെ പ്രജകളാരും സങ്കടപ്പെടാൻ പാടില്ല. ചെടികൾ അപ്രത്യക്ഷമാകാനുള്ള കാരണം എന്തായാലും ഞാനതിന് പ്രതിവിധി കണ്ടിരിയ്ക്കും. "ജനങ്ങൾക്ക് വാക്ക് കൊടുത്ത്, പുഥുരാജൻ തന്റെ അജഗവം എന്ന വില്ലുമെടുത്ത്, പുറത്തിറങ്ങി.

രാജാവിന് കാര്യം പിടികിട്ടി. 'വേലിതന്നെ വിളവ് തിന്നതാണ്. ഈ തോന്നിവാസം കാണിച്ച ഭൂമീദേവിയെ വെറുതെ വിട്ടുകൂടാ.'
പൃഥുരാജൻ, അജഗവം ചുമലിലേറ്റിയതും; സകല ചെടിയും തിന്ന്, ഏമ്പക്കം വിട്ടിരുന്നിരുന്ന ഭൂമീദേവിയ്ക്ക് അടിവയറ്റിലൊരു കാളലുണ്ടായി.
'ചന്ദനവും തുളസിയുമൊക്കെ തിന്ന കൂട്ടത്തിൽ കാഞ്ഞിരവും ചേരുമൊക്കെ തിന്ന്, ദഹനക്കേട് പിടിച്ചതാകുമോ!?' എന്നാണ് ആദ്യം സംശയിച്ചത്.
പെട്ടെന്ന് ഭൂമിയ്ക്കും കാര്യം പിടികിട്ടി.
വെട്ടിവിഴുങ്ങുന്ന സമയത്തെ അവസ്ഥയല്ല ഇപ്പോൾ. ഇപ്പോൾ കളരിയ്ക്ക് നാഥനായിരിയ്ക്കുന്നു.

ഇത്തരം സമയങ്ങളിൽ മനുഷ്യരേപ്പോലെ  ഭൂമിയും വേഷംമാറി മുങ്ങുകയാണ് ചെയ്തത്. ഭൂമി, ഒരു അമ്മപ്പശുവായി ഓടിയൊളിച്ചു.

രാജാവും ചില്ലറക്കാരനല്ലല്ലോ!
ഭൂമി, പശുവായി വേഷംമാറിയതും പാഞ്ഞുപോകുന്നതുമെല്ലാം കണ്ട രാജാവ്, പുറകേചെന്നു. ലോകമായ ലോകത്തൊക്കെ പശു ഓടി.പുറകേ രാജാവും.

ഇനി, പുല്ലോ വയ്ക്കോലോ കാടിവെള്ളമോ കിട്ടാതെ ഒരടി നടക്കാൻ പറ്റാത്ത അവസ്ഥയായി പശുവിന്. പുല്ലും വയ്ക്കോലുമൊന്നും കണികാണാൻപോലും കിട്ടാനില്ല! ആരെ കുറ്റം പറയാൻ!
എല്ലാം ദഹിപ്പിച്ച് അവസാനിപ്പിച്ചത് മറ്റാരുമല്ലല്ലോ...!

ഇനി ഒറ്റ വഴി.

പൃഥുവിന് മുന്നിൽ വെട്ടിയിട്ടപോലെ വീഴുക.സാഷ്ടാംഗം നമസ്ക്കരിച്ച് മാപ്പ് ചോദിയ്ക്കുക.

തൊഴുത്, കുളമ്പ് ചേർത്തുപിടിച്ച കൈകളോടെ, ഭൂമിപ്പശു പൃഥുരാജാവിനോട് അപേക്ഷിച്ചു. "രാജാവേ, കൊല്ലരുത്.
ഞാൻ ദഹിപ്പിച്ചുകളഞ്ഞ സസ്യജാലങ്ങളെയെല്ലാം പാലിന്റെ രൂപത്തിൽ ഞാൻ തിരിച്ചുതരാം.
എനിയ്ക്ക്, പാൽ ചുരത്താൻ തോന്നാൻ അങ്ങ് ഒരു പശുക്കുട്ടിയെ കൊണ്ടുവന്നാൽ മാത്രം മതി."

പൃഥുരാജാവ് കരുണാമയനാണല്ലോ.
മാത്രവുമല്ല; ഇക്കണ്ട ഓട്ടമൊക്കെ വില്ലും താങ്ങിപ്പിടിച്ച് ഓടിയത് പശുവിനെ കൊന്നുതിന്നാനുമല്ല.
തെറ്റ് ചെയ്താൽ ശിക്ഷിയ്ക്കണം അല്ലെങ്കിൽ തെറ്റ് ചെയ്തവർ അത് തിരിച്ചറിഞ്ഞ് തിരുത്തണം.
ഇവിടെ പശുവായാലും ഭൂമിയായാലും തെറ്റ് തിരുത്താൻ തയ്യാറാണ്. ഒരു പശുക്കുട്ടിയെ കിട്ടിയാൽ കാര്യം നടക്കും. രാജാവ്, സ്വായം ഭുവ മനുവിനോട് പശുക്കിടാവാവാൻ ആവശ്യപ്പെട്ടു.

മനു, പശുക്കുട്ടിയായി വന്നതും; ഭൂമിപ്പശുവിന് പാൽ ചുരന്നു. ഭൂമി  അകത്തേയ്ക്ക് എടുത്ത സകലസസ്യങ്ങളും പാലിന്റെ രൂപത്തിൽ പുറത്തുവന്നു.അങ്ങനെ, ഭൂമി വീണ്ടും സസ്യജാലങ്ങളാൽ ഐശ്വര്യപൂർണ്ണമായി.

മരിച്ചുകൊണ്ടിരുന്ന ഭൂമിയെ ഇപ്രകാരം വീണ്ടും ജനിപ്പിച്ചതിനാൽ; ഭൂമി, അന്നുമുതൽ പൃഥുവിന്റെ മകളായി കണക്കാക്കപ്പെട്ടു. പൃഥുവിന്റെ മകൾ എന്ന അർത്ഥത്തിൽ, ഭൂമിയ്ക്ക് പൃഥ്വി എന്ന പേരും ലഭിച്ചു.

No comments:

Post a Comment