ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 August 2021

വൃക്ഷങ്ങളുടെ ലക്ഷണങ്ങള്‍

വൃക്ഷങ്ങളുടെ ലക്ഷണങ്ങള്‍

വിശിഷ്ട നിര്‍മ്മിതികള്‍ക്ക് ഉപയോഗിക്കേണ്ടുന്ന വൃക്ഷങ്ങളുടെ ലക്ഷണങ്ങളെ കുറിച്ച് എല്ലാ ഗ്രന്ഥങ്ങളും സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. നിര്‍മ്മിതിക്ക് ഉപയോഗിക്കുന്ന തടി സര്‍വഥാ ഉത്തമവും ഗുണ പൂര്‍ണവും ആയിരിക്കണം. ഏറെ പ്രായമായ തടിയും വിളഞ്ഞിട്ടില്ലാത്ത വിധം പ്രായമില്ലാത്തതുമായ തടിയും സ്വീകാര്യമല്ല. അപ്രകാരം തന്നെ വൃക്ഷത്തിന് വളവോ ക്ഷതമോ ഉണ്ടാകാനും പാടില്ല. ഉചിതമായ സ്ഥലങ്ങളില്‍ വളരുന്ന വൃക്ഷങ്ങളെ സ്വീകരിക്കണം. പുണ്യപ്രദമായ മലമുകളിലോ, കാട്ടിലോ,പുഴയോരത്തോ നില്‍ക്കുന്ന വൃക്ഷങ്ങള്‍ ആണ് ഏറ്റവും അഭിലഷണീയമായിട്ടുള്ളത്. ഹൃദയത്തെ സന്തോഷിപ്പിക്കുന്നതും ആകര്‍ഷിപ്പിക്കുന്നമാകണം വൃക്ഷങ്ങള്‍. ഇത്തരത്തിലുള്ള വൃക്ഷങ്ങള്‍ കൊണ്ട് നിര്‍മ്മിച്ചാല്‍ നിര്‍മ്മിതി തികച്ചും ഐശ്വര്യപ്രദമായിരിക്കും. സര്‍വസാര, അന്തസ്സാര വൃക്ഷങ്ങളാണ് സാമാന്യമായി നിര്‍മ്മാണത്തിന് ഉപയോഗിക്കാവുന്നത്. പൊതുവെ നിസ്സാര വൃക്ഷങ്ങളെ യാതൊരു കാര്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ പാടില്ലാത്തതാകുന്നു. ബഹിസ്സാര വൃക്ഷങ്ങളെ താത്കാലിക നിര്‍മിതികള്‍ക്കായി ഉപയോഗിക്കാം. അന്യത്ര ഉപയോഗിക്കാവുന്ന വൃക്ഷങ്ങള്‍ താഴെപ്പറയുന്നവയാണ്.

പുന്ന, കരിങ്കാലി, ഇരിപ്പ, ചെമ്പകം, ഇരുള്‍ മരം, നീര്‍ മരുത്, വേങ്ങ, കുമിഴ്, പത്മം ,ചന്ദനം,  ഇലഞ്ഞി, വേപ്പ്, വേങ്ങ, കൊന്ന, ആഞ്ഞിലി, പ്ലാവ്, ഏഴിലംപാല ഭൗമി എന്നിവ. അപ്രകാരംതന്നെ ചില സ്ഥാനത്ത് നില്‍ക്കുന്ന വൃക്ഷങ്ങളെ ശാസ്ത്രം നിഷിദ്ധ വൃക്ഷങ്ങളായി കണ്ടിട്ടുണ്ട്. ക്ഷേത്രത്തിനടുത്തു നില്‍ക്കുന്ന വൃക്ഷങ്ങള്‍, ഇടിവെട്ടേറ്റത്, അഗ്നിബാധ കൊണ്ടോ അല്ലാതെയോ ഉണങ്ങിയത്, പ്രധാന സഞ്ചാര പാതയ്ക്ക് അരികില്‍ നില്‍ക്കുന്നത്, ധര്‍മ്മാനുഷ്ഠാന കര്‍മ്മങ്ങള്‍ ചെയ്യുന്നിടത്ത് നില്‍ക്കുന്നത്, പക്ഷിമൃഗാദികള്‍ ഏറെ അധിവാസ സ്ഥാനമാക്കിയത്, കാറ്റു കൊണ്ടോ ആനകുത്തിയോ വളഞ്ഞു പോയത്, പിണഞ്ഞു നില്‍ക്കുന്നത്, പൊട്ടിയത്, ധാരാളം ചിതല്‍പ്പുറ്റുകള്‍ താഴെ വളര്‍ന്നത്, വള്ളികള്‍ വളരെ പടര്‍ന്നു കയറിയിട്ടുള്ളത്, പൊള്ളയായത്, കൊമ്പുകളില്‍ ചില്ലകള്‍ ഇല്ലാത്തത്,  പുഴുക്കളും പ്രാണികളും ആക്രമിച്ചത്, അകാലത്തില്‍ പൂക്കുകയും കായ്ക്കുകയും ചെയ്യുന്നത്, ക്ഷേത്രങ്ങളിലും മറ്റു ആരാധനാകേന്ദ്രങ്ങളിലും വളരുന്നത്, ദേവതാധിവാസം സങ്കല്പിക്കപ്പെട്ടത്, കിണര്‍, കുളം, തടാകം തുടങ്ങിയ ജലസ്ഥാനങ്ങള്‍ക്ക് അരികില്‍ നില്‍ക്കുന്നത്, എന്നിങ്ങനെയുള്ളതെല്ലാം നിര്‍മ്മിതിക്ക് വര്‍ജ്യമായ വൃക്ഷങ്ങളാണ്. നിര്‍മ്മിതിക്ക് വേണ്ടിയുള്ള വൃക്ഷം കണ്ടെത്താനായി വനത്തിലേക്കാണ് സാധാരണയായി പോകേണ്ടത്. നല്ല ഗ്രഹസ്ഥിതി ഉള്ള ശുക്ലപക്ഷ ദിനത്തില്‍ ആണ് പോകേണ്ടത്. തടി കണ്ടെത്താന്‍ പോകുന്നതിനു മുമ്പ് യഥാവിധി ഭക്തിപുരസ്സരം ആചാരങ്ങളൊക്കെ അനുഷ്ഠിച്ചിരിക്കണം. ഈ സഞ്ചാരത്തിനിടയില്‍ ഉണ്ടാകുന്ന ശകുനങ്ങളും നിമിത്തങ്ങളും ശുഭകരം ആയിരിക്കണം. മുറിക്കുന്നതിന് തിരഞ്ഞെടുക്കുന്ന മരത്തെയും വനദേവതകളെയും സുഗന്ധദ്രവ്യങ്ങള്‍, പൂക്കള്‍, ധൂപം വിശിഷ്ടഭോജ്യങ്ങള്‍, എന്നിവ കൊണ്ട് പൂജിച്ചു പ്രസാദിപ്പിക്കണം.

അദൃശ്യ ഭൂതങ്ങള്‍ക്ക് ബലി നല്‍കിയിട്ട് മുറിക്കാന്‍ പോകുന്ന മരത്തെ കണ്ടെത്തണം. ധാരാളം ശിഖരങ്ങള്‍ ഉള്ളതും ഋജുവായതും തടിച്ചുരുണ്ടതും വൃക്ഷത്തെ ആണ്‍ വൃക്ഷമായി പരിഗണിക്കുന്നു. താഴെ ഭാഗം തടിച്ചും മുകള്‍ഭാഗം കനം കുറഞ്ഞതുമാണ് സ്ത്രീ വൃക്ഷങ്ങള്‍. താഴെ കുറഞ്ഞും മുകള്‍ഭാഗത്ത് കനം കൂടിയും വന്നാല്‍ അത് നപുംസക വൃക്ഷമാകുന്നു. മുഹൂര്‍ത്ത സ്തംഭത്തിനായി ഏറ്റവും സ്വീകാര്യമായത് പുരുഷവൃക്ഷം ആണെങ്കിലും മറ്റു നിര്‍മ്മിതിക്ക് എല്ലാത്തരം വൃക്ഷങ്ങളെയും ഉപയോഗിക്കാറുണ്ട്. ആചാര്യന്‍ ശുദ്ധമനസ്‌കനായി ഛേദിക്കാന്‍ വിധിക്കപ്പെട്ട വൃക്ഷത്തിന് കിഴക്കുഭാഗത്ത് ദര്‍ഭ വിരിച്ച് വലതുവശത്ത് മഴു വെച്ച് രാത്രി ഉറങ്ങണം. പ്രഭാതത്തില്‍ ശുദ്ധോദകം മാത്രം പാനം ചെയ്ത് പടിഞ്ഞാറ് നോക്കി അനുമതിക്കായി മന്ത്രം ചൊല്ലി നമസ്‌കരിച്ചിട്ട് വൃക്ഷങ്ങളെ അഭിവാദ്യം ചെയ്യണം. തുടര്‍ന്ന് മഴുവിന്റെ വായ്ത്തലയില്‍ പാലും വെണ്ണയും നെയ്യും പുരട്ടി തെരഞ്ഞെടുത്ത വൃക്ഷങ്ങള്‍ക്ക് അടയാളം നല്‍കണം. ഭൂനിരപ്പില്‍ നിന്ന് ഒരു കോലുയരത്തില്‍ മൂന്നുപ്രാവശ്യം മുട്ടി ആചാര്യന്‍ പരിശോധിക്കണം. ജലമാണ് ആദ്യം പുറപ്പെടുന്നതെങ്കില്‍ അത് ഭാഗ്യത്തിന്റെ സൂചനയായി പരിഗണിക്കണം. പാലോ വെളുത്ത കറയോ വന്നാല്‍ അതും ശുഭസൂചനയായി കാണണം. എന്നാല്‍ ചുവന്ന കറ പ്രത്യക്ഷപ്പെട്ടാല്‍ അശുഭകരമായി കണ്ടു ശ്രദ്ധാപൂര്‍വ്വം ഒഴിവാക്കേണ്ടതാണ്.

വൃക്ഷത്തിന്റെ പതനസമയത്ത് സിംഹഗര്‍ജനമോ,കടുവയുടെ അലര്‍ച്ചയോ, ആനയുടെ ചിഹ്നം വിളിയോ കേട്ടാല്‍ ശുഭ നിമിത്തമായി കാണണം. മറിച്ചു കരച്ചിലും, ചിരിയും, പക്ഷികളുടെ ശബ്ദമോ ആണ് കേള്‍ക്കേണ്ടി വരുന്നെങ്കില്‍ അതിനെ അശുഭമായി പരിഗണിക്കണം. ധ്വജം പോലുള്ള വിശിഷ്ട നിര്‍മിതികള്‍ക്കായി വൃക്ഷത്തെ സ്വീകരിക്കുമ്പോള്‍ താഴെ വീഴാത്ത വിധം സ്വീകരിക്കണം. മറ്റുള്ള സാഹചര്യങ്ങളില്‍ വൃക്ഷം മുറിക്കുമ്പോള്‍ അത് നിലം പതിക്കുന്നത് വടക്ക്അല്ലെങ്കില്‍ കിഴക്ക് ദിക്കിലേക്ക് ആണ് എങ്കില്‍ ശുഭകരം തന്നെയാണ്. മരം വീഴുന്നത് മതിലിലോ കല്ലിലോ വേങ്ങവൃക്ഷത്തിനുമേലോ ആണെങ്കില്‍ ശുഭമാണ്. മറിച്ചു വൃക്ഷങ്ങളുടെ ഇടയില്‍ തടഞ്ഞു നില്‍ക്കുന്നതോ തടി പൊട്ടി പൊളിഞ്ഞു വീഴുന്നതോ ശുഭകരമല്ല.

No comments:

Post a Comment