ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

2 August 2021

ഗായത്രിയുടെ ശക്തിധാരകൾ

ഗായത്രിയുടെ ശക്തിധാരകൾ

ഗായത്രീസാധനയില്‍ ആത്മാവും പരമാത്മാവും തമ്മില്‍ തനിയെ വാര്‍ത്താവിനിമയം നടക്കുന്ന ഒരു സ്ഥിതിയുണ്ട്. ഈ ദിവ്യസമാഗമംമൂലം ദിവ്യമായ ഫലങ്ങള്‍ ലഭിച്ചുതുടങ്ങുന്നു. ഈ സ്ഥിതിവിശേഷത്തിന് 'അജപ' എന്നുപറയുന്നു.

ഗായത്രീസാധനയിലെ 'സോഹം' സാധനയാണ് അജപ. ഇതിനു 'ഹംസയോഗ'മെന്നും പറയുന്നു. ഗായത്രിയുടെ വാഹനം ഹംസമാണ്. ഗായത്രിയുടെ വാച്യാര്‍ത്ഥം പ്രാണനെ ത്രാണനം ചെയ്യുന്നത് (രക്ഷിക്കുന്നത്) എന്നാണ്. 'ഗയം' എന്നാല്‍ പ്രാണന്‍; 'ത്രി' എന്നാല്‍ ത്രാണനം ചെയ്യുന്നത്; പ്രാണത്വം വിശേഷരൂപത്തില്‍ പ്രാണായാമം മുഖേന പ്രവേശിക്കുന്നു. ഗായത്രീസാധനയില്‍ 24 പ്രാണായാമങ്ങള്‍ കല്പിച്ചിട്ടുണ്ട്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് 'സോഹം' സാധനയാണ്. അത്യുത്തമമായ രീതിയില്‍ രക്തപ്രവാഹം നടത്തുന്ന പ്രാണായാമമാണ് ഇത്. സാധാരണരീതിയില്‍ പ്രാണായാമം ചെയ്യുമ്പോള്‍ ഇച്ഛാശക്തി, ചിന്താശക്തി, ശാരീരികചലനം ഇവയാണ് പ്രവര്‍ത്തിക്കുന്നത്. സോഹം സാധനയില്‍ ഇതെല്ലാം ആത്മാവ് സ്വയം നിര്‍വഹിക്കുന്നു. ശരീരത്തിന്‍റെയും മനസ്സിന്‍റെയും ആവശ്യം വേണ്ടിവരുന്നതേയില്ല.
ശ്വാസം ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ 'സോ' എന്നുള്ള സൂക്ഷ്മധ്വനി ഉണ്ടാകുന്നു. ശ്വാസം പുറത്തേക്കുവിടുമ്പോള്‍ 'ഹം' എന്ന ധ്വനിയുടെ അനുഭൂതി ഉളവാകുന്നു. ഈ ധ്വനികള്‍ വളരെ ലോലമാണ്. സ്ഥൂലമായ കര്‍ണ്ണേന്ദ്രിയങ്ങള്‍ക്ക് അവ കേള്‍ക്കാനാവുന്നില്ല. ധ്യാനധാരണയിലൂടെ ധ്വനിയുടെ തന്മാത്രവരെ എത്തുമ്പോഴാണ് ഈ അനുഭൂതി വ്യക്തമാകുന്നത്. ശാന്തചിത്തതയോടും ഏകാഗ്രതയോടും ഉള്ളിലേയ്ക്കു ശ്വാസമെടുക്കുമ്പോള്‍ 'സോ' എന്നതിന്‍റെയും ശ്വാസം പുറത്തേയ്ക്കു വിടുമ്പോള്‍ 'ഹം' എന്നതിന്‍റെയും ധ്വനിപ്രവാഹം ഗ്രഹിക്കുമ്പോള്‍ കുറേ സമയത്തിനുശേഷം ഈ ധ്വനി അനായാസം അനുഭവവേദ്യമാകുന്നു. കൃഷ്ണന്‍റെ വേണുനാദം കേള്‍ക്കുമ്പോള്‍ ഗോപികയ്ക്കു ഉളവാകുമായിരുന്നതുപോലുള്ള ദിവ്യാനുഭൂതി ഇന്ദ്രിയങ്ങളുടെ അടിത്തട്ടില്‍, സോഹം മുഴങ്ങി കേള്‍ക്കുമ്പോള്‍, ഉളവാകുന്നു.
ശബ്ദബ്രഹ്മത്തെപ്പറ്റി - നാദബ്രഹ്മത്തെപ്പറ്റി ശാസ്ത്രങ്ങളില്‍ പ്രതിപാദിച്ചുകാണുന്നുണ്ട്. സാധാരണഗതിയില്‍ സത്സംഗപ്രഭാഷണത്തിന് 'ശബ്ദബ്രഹ്മ'മെന്നും ഭക്തിനിര്‍ഭരമായ ഭാവസംഗീതത്തിന് 'നാദബ്രഹ്മ'മെന്നും പറയുന്നു. എന്നാല്‍ ദിവ്യമായ പ്രതിപാദനത്തില്‍ ഈ രണ്ടു പദങ്ങളും 'സോഹം' എന്ന അര്‍ത്ഥസൂചകമായിട്ടാണ് പ്രയോഗിക്കപ്പെടുന്നത്. തപസ്വികള്‍ ഇതിന് 'അനാഹത ധ്വനി' എന്നും പറയുന്നു.
ഗായത്രിയുടെ മൂലോത്സഭവസ്ഥാനം ഓംകാരമാണ്. ഇതിന്‍റെ വിസ്തൃതിയാണ് ഗായത്രിയുടെ അക്ഷരങ്ങളില്‍ അടങ്ങിയിരിക്കുന്നത്. ഇതുപോലെതന്നെ നാദബ്രഹ്മത്തിന്‍റെ ബീജം 'സോഹ'മാണ്. ഇതിന്‍റെ വിസ്തൃതിയാണ് നാദബ്രഹ്മസാധനയില്‍ സൂക്ഷ്മകര്‍ണ്ണേന്ദ്രിയങ്ങളിലൂടെ മണിമുഴക്കം, മേഘഗര്‍ജ്ജനം, വീണാനാദം, മൃദംഗധ്വനി, കളകളനാദം എന്നിങ്ങനെ അനേകം ധ്വനികളിലൂടെ അനുഭവവേദ്യമാകുന്നത്. ഈ ദിവ്യധ്വനികള്‍ പ്രകൃതിയുടെ സൂക്ഷ്മമായ അന്തരാളത്തില്‍ നിന്ന് ഉയരുകയും ഇതു ശ്രവിക്കാനുള്ള കഴിവു ലഭിച്ചുകഴിഞ്ഞാല്‍ അവയുടെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍ പ്രകടമാകുകയും ചെയ്യുന്നു. ഇതുമൂലം ലോകത്തില്‍ നടക്കുന്ന അദൃശ്യമായ പ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള അറിവ് സന്ദര്‍ശകര്‍ക്കു ലഭിക്കുകയും അവര്‍ സൂക്ഷ്മദര്‍ശികളായിത്തീരുകയും ചെയ്യുന്നു.
സാമാന്യസാധനകള്‍ ശരീരത്തിന്‍റെയും മനസ്സിന്‍റെയും പ്രയത്നംമൂലമാണ് സാദ്ധ്യമാകുന്നത്. എന്നാല്‍ 'അജപാ-ഗായത്രി' ആത്മാവുമായി ബന്ധപ്പെട്ടിരിക്കുന്നതുമൂലം ഈ സാധനയുടെ പ്രക്രിയ സ്വയം നടക്കുകയും അന്യശക്തികളുടെ ആശ്രയംകൂടാതെ സ്വന്തം അച്ചുതണ്ടില്‍ കറങ്ങുകയും ചെയ്യുന്നു. അജപ സാധനയാണ് അതോടൊപ്പം ശക്തിയുമാണ്. 'സോഹ'ത്തിന്‍റെ അഭ്യസനത്തിനു സാധന എന്നു പറയുന്നു. അതു ആത്മാവുമായി നേരിട്ടു ബന്ധപ്പെടുകയും ഗതിചക്രം സ്വയം കറങ്ങാന്‍ തുടങ്ങുകയും ചെയ്യുന്ന അവസ്ഥയില്‍ അത് ശക്തി ആയിത്തീരുകയും ചെയ്യുന്നു. ഈ ശക്തിയുടെ സഹായത്താല്‍ സാധകന്‍ ആത്മജ്ഞാനവും ബ്രഹ്മജ്ഞാനവും പ്രാപിക്കുന്നു. ഇതു സ്വന്തം അഭ്യുദയത്തിനും ലോകനന്മയ്ക്കുംവേണ്ടി സാമര്‍ത്ഥ്യം നേടാന്‍ സഹായിക്കുന്നു.
ഗായത്രിയില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന ഹംസയോഗത്തെ പരിഗണിച്ചുകൊണ്ട് ഗായത്രിയുടെ വാഹനം ഹംസമായി കാണിച്ചിരിക്കുന്നു. ഇതു സിദ്ധമാക്കുന്നവരുടെ അന്തരംഗം നീര-ക്ഷീരവിവേചനം ചെയ്യാനുള്ള സാമര്‍ത്ഥ്യം നേടുകയും തദ്വാരാ അവര്‍ ദിവ്യദര്‍ശികളായിത്തീരുകയും ചെയ്യുന്നു. അവരുടെ ബഹിരംഗം മുത്തുകള്‍ കൊത്തിയെടുക്കുകയും കൃമികീടങ്ങളെ ഭക്ഷണത്തിനായി വര്‍ജ്ജിക്കുകയും ചെയ്യുന്ന ആദര്‍ശം പാലിക്കുകയും ചെയ്യുന്നു. ഇപ്രകാരം ഉല്‍കൃഷ്ടചിന്തയും ആദര്‍ശകര്‍ത്തവ്യങ്ങളും പുലര്‍ത്തുന്നവരെ രാജഹംസം എന്നു പറയുന്നു. കൂടുതല്‍ ഔന്നത്യത്തിലെത്തുമ്പോള്‍ ഇവരെ ത്തന്നെ പരമഹംസം എന്നു പറയുന്നു. ഈ ഉന്നതതലത്തിലെത്താല്‍ ഗായത്രിയുടെ അജപാശക്തിയുടെ അസാധാരണ അനുഗ്രഹം സഹായകമാകുന്നു.

No comments:

Post a Comment