“വായുപുത്രനായ ഹനുമാൻ ജീവിച്ചിരിപ്പുണ്ടോ ?”
രാമൻ തോറ്റ യുദ്ധമായിരുന്നു അന്ന്! രാമൻ മാത്രമല്ല ലക്ഷ്മണനും, സുഗ്രീവനും, അംഗദനും എല്ലാവരും തോറ്റുപോയിരുന്നു. ഇന്ദ്രജിത്തിൻ്റെ ബ്രഹ്മാസ്ത്രതേജസ്സിൽ വാനരപ്പട ഈയാംപാറ്റപോലെ കരിഞ്ഞു വീണു. രക്തവും, മൂത്രവും തളം കെട്ടികിടന്ന ആ യുദ്ധക്കളത്തിൽ രാമനും, ലക്ഷ്മണനും ജീവൻ നഷ്ടപ്പെട്ട വിധം നിശ്ചേതരായിക്കിടന്നു.
പടക്കളത്തിലെ ഭയാനകമായ ഇരുണ്ട നിശബ്ദതയിൽ ജീവൻ തിരഞ്ഞു നടന്ന വിഭീഷണൻ കത്തിച്ചു പിടിച്ച പന്തത്തിൻ്റെ വെളിച്ചത്തിൽ ശരവ്യനായ ഇനിയും മരിച്ചിട്ടില്ലാത്ത ആ വൃദ്ധവാനരനെ കണ്ടു; ജാംബവാൻ.
ശബ്ദം കൊണ്ട് മാത്രം രാക്ഷസ പ്രഭുവിനെ തിരിച്ചറിഞ്ഞ ജാംബവാൻ വിഭീഷണനോടു ചോദിച്ചു..
“വായുപുത്രനായ ഹനുമാൻ ജീവിച്ചിരിപ്പുണ്ടോ ?”
രാമൻ്റെ യുദ്ധമാണ്, ലക്ഷ്മണൻ്റെയും. സേനാപതിയാവട്ടെ സുഗ്രീവനാണ് എന്നിട്ടും എന്തുകൊണ്ട് ഹനുമാൻ? വിഭീഷണൻ സംശയം മറച്ചു വെയ്ക്കാതെ ജാംബവാനോടു ചോദിച്ചു..
“അങ്ങ് എന്തു കൊണ്ട് രാമനെ തിരയാതെ ഹനുമാനെ തിരയുന്നത്?!”
വീരപൗരുഷത്തിൻ്റെ അനന്ത സാദ്ധ്യതകളെ സ്മരിച്ചുകൊണ്ട് ആ ജ്ഞാനവൃദ്ധൻ ഇങ്ങനെ പറഞ്ഞു :
“അസ്മിൻ ജീവതിവീരേതു
ഹതമപ്യഹതം ബലം ഹനുമന്യുജ്ഞീതപ്രാണേ
ജീവന്തോപി മൃതാവയം”.
ആധീരൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ മരിച്ചാലും നമ്മളാരും മരിക്കില്ല ,ഇനി അവൻ മരിച്ചിട്ടുണ്ടെങ്കിലോ! ജീവനുണ്ടെന്നാലും നമ്മളാരും ജീവിക്കുകയുമില്ല.
കേവല വർഗ്ഗ സ്നേഹത്തിൻ്റെ വാക്കല്ലത്. അഹംബോധമറ്റ ഭക്തി ഭഗവാനെക്കൂടി രക്ഷിക്കുന്ന വീര്യബലവേഗങ്ങൾ ആർജിക്കുന്നതവിടെ നിന്നാണ്. അതിന് സമുദ്രത്തെ തരണം ചെയ്യുവാനും, പർവ്വതങ്ങളെ ഇളക്കുവാനും കഴിയും. മൃതമെന്നു കരുതുന്നതിൽ അമൃതം ചുരത്താനും.
അഹംബോധമില്ലായ്മയുടെ അപരിമേയ സാധ്യതയാണ് ഹനുമാൻ. ലങ്കയെരിച്ച പുശ്ചാഗ്രത്തിലെ തീ മാത്രമല്ല അത്. രാമായണത്തിൻ്റെ വെളിച്ചം കൂടിയാണ്. അസാദ്ധ്യതകളെ അനന്തസാധ്യതയാക്കി തടസ്സങ്ങളുടെ കടലുതാണ്ടുന്ന നിസ്വാർത്ഥ ഭക്തിയാണ് ഹനുമാൻ.
വെണ്ണയാണ് പോലും ഹനുമാന് ഇഷ്ട വഴിപാടിലൊന്ന് എന്തൊരു ഭാവാത്മകതയാണ്. സ്വാമിഭക്തിയുടെ ചെറു ചൂടിൽ ഉരുകിയലിഞ്ഞൊഴുകുന്ന അഹംബോധത്തിൻ്റെ വെണ്ണ! ആ നെയ്യിൽ വേണം രാമായണത്തിൻ്റെ വിളക്കു തെളിയുവാൻ.
എല്ലാവരും വീണു പോയ, തോറ്റു എന്നു തോന്നിയ യുദ്ധങ്ങളിൽ അങ്ങനെ ഒരാൾ വരും എന്ന പ്രതീക്ഷ കൂടിയാണത്. രാമായണം ത്രേതായുഗത്തിൻ്റെ മാത്രം പുസ്തകമല്ലാതാവുന്നത് അതിലെ ഹനുമാൻ ജീവിച്ചിരിക്കുന്നതു കൊണ്ടു കൂടിയാണ്.
വാതാത്മജം വാനരയൂഥമുഖ്യം ശ്രീരാമചന്ദ്രം ശിരസ്സാ നമാമി...
No comments:
Post a Comment