ആൽത്തറ ഭഗവതി ക്ഷേത്രം, മട്ടാഞ്ചേരി
മട്ടാഞ്ചേരിയിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ അകലെയാണ് ഈ പുരാതന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കൊങ്കണി സംസാരിക്കുന്ന വൈശ്യ-വാണിയ സമുദായത്തിൻറെ ഉടമസ്ഥതയിലുള്ള ഈ ക്ഷേത്രത്തിൽ ദുർഗ്ഗാദേവിയാണ് പ്രതിഷ്ഠ. ശ്രീ ജനാർദ്ദൻ ദേവസ്ഥാൻ കൊച്ചിയുടെ ഉടമസ്ഥതയിലുള്ള ഈ ക്ഷേത്രത്തിന് ഏകദേശം 400 വർഷത്തെ പഴക്കമുണ്ടെന്നാണ് അനുമാനം.
ഫോർട്ടുകൊച്ചിക്കു സമീപം അമരാവതിയിലുള്ള ആൽത്തറ ഭഗവതി ക്ഷേത്രം കൊങ്കണി വൈശ്യ-വാണിയ സമൂഹത്തിൻറെ ഉടമസ്ഥതയിലുള്ളതാണ്. 16-ാം നൂറ്റാണ്ടിൽ പോർച്ചുഗീസ് ഗോവ ആക്രമിച്ച് കീഴടക്കിയപ്പോൾ നടപ്പിൽ വരുത്തിയ കൂട്ടമായ നിർബ്ബന്ധിത മതംമാറ്റമുൾപ്പെടെയുള്ള ദ്രോഹപരമായ നയങ്ങളെ ഭയന്ന് കൊങ്കണി സമുദായങ്ങൾ പല സംഘങ്ങളിലായി കൊച്ചിയിലേയ്ക്കു അഭയം തേടി വന്നു. കൊച്ചിരാജാവ് അവരെ സ്വാഗതം ചെയ്യുകയും ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി ഭാഗങ്ങളിൽ താമസത്തിനായി അവർക്ക് ഭൂമി നൽകുകയും ചെയ്തു. ഒരു സാമൂഹ്യ, മത സ്ഥാപനമായ കൊച്ചി തിരുമല ദേവസ്വത്തിൻറെ കീഴിലുള്ള ആൽത്തറ ഭഗവതി ക്ഷേത്രത്തെ കീഴേടം ക്ഷേത്രം എന്നു വിളിക്കുന്നു. ഈ ക്ഷേത്രം 400 വർഷത്തിലധികം പഴക്കമുള്ളതാണെന്നു വിശ്വസിക്കപ്പെടുന്നു. പ്രധാനദേവത മഹിഷാസുരമർദ്ദിനിയായ ദുർഗാദേവി. അതായത് മഹിഷാസുരനെന്ന രാക്ഷസനെ കൊന്ന ദേവി. ഈ ദേവതാപ്രതിഷ്ഠ കേരളത്തിലെ ക്ഷേത്രങ്ങളിൽ വളരെ അപൂർവ്വമാണ്. ഈ ക്ഷേത്രം തൻറെ കപ്പലോട്ടത്തിനിടയ്ക്ക് കൊടുങ്കാറ്റിൽ പെട്ടുപോയ ഒരു നാവികൻ നിർമ്മിച്ചതാണെന്ന് പഴങ്കഥകൾ പറയുന്നു. താൻ കരയിൽ സുരക്ഷിതമായി എത്തുകയാണെങ്കിൽ ഒരു ക്ഷേത്രം നിർമ്മിച്ചുകൊള്ളാമെന്ന് അയാൾ പ്രതിജ്ഞ ചെയ്തു. ദേവി അയാളെ രക്ഷിച്ചതിനാൽ അയാൾ ഈ ക്ഷേത്രം പണിതു എന്നു വിശ്വസിക്കപ്പെടുന്നു. ഈ ക്ഷേത്രത്തിൽ എല്ലാ ഹിന്ദുക്കളും പോകാറുണ്ട്. പ്രത്യേക പൂജകളും ( ദേവിക്ക് സമർപ്പിച്ച ചടങ്ങുകൾ) ആഘോഷങ്ങളും നവരാത്രി ഉത്സവക്കാലത്ത് ഇവിടെ നടക്കുന്നു. മലയാളമാസം കുംഭം അതായത് ഫെബ്രുവരി-മാർച്ചിൽ 8 ദിവസം നീണ്ട വാർഷികോത്സവമാണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ടവിശേഷം. അന്നക്കളിയെന്ന പാരമ്പര്യ ഘോഷയാത്ര ഈ ഉത്സവത്തിൻറെ ആറാമാത്തെയും ഏഴാമത്തെയും ദിവസങ്ങളിൽ ഇവിടെ നടത്തുന്നു. ദുർഗാദേവി (കാളി), ഭീമൻ, ദാരികൻ എന്നിവയുടെ രൂപങ്ങൾക്കൊപ്പം മയിലിൻറെ ഭീമാകാരമായ രൂപങ്ങളും ക്ഷേത്രത്തിനുചുറ്റും ആളുകൾ ചുമന്നുനടക്കുന്നു. പാരമ്പര്യ വാദ്യസംഗീത്തിൻറെ അകമ്പടിയോടെ ആണുങ്ങളാണ് ഈ രൂപങ്ങൾ ഏറ്റിനടക്കുന്നത്. അടുത്തിടെയായി വാഹനങ്ങളിലാണ് രൂപങ്ങളുടെ അമ്പലം ചുറ്റ്. പണ്ട് ആഘോഷങ്ങളുടെ ഭാഗമായി മൃഗബലികളുമുണ്ടായിരുന്നു. ഇന്ന് മൃഗബലി നിരോധിച്ചിരിക്കയാണ്.
No comments:
Post a Comment