ലളിതാ സഹസ്രനാമത്തിന്റെ പ്രാധാന്യം
പല ബീജമന്ത്രങ്ങളും ചൊല്ലണമെങ്കിൽ ഗുരുവിന്റെ ഉപദേശവും, സാധന ചെയ്യണമെങ്കിൽ ഗുരുവിന്റെ മേൽനോട്ടവും വേണമെന്നാണ് പറയുക. ആ ഭാഗ്യം ലഭിക്കുന്നവർ വളരെ കുറവാണ്. ലഭിച്ചാൽ തന്നെ ഉപദേശം കിട്ടിയ മന്ത്രം ജപിച്ചു സിദ്ധി വരുത്താനുള്ള ക്ഷമയുള്ളവർ അതിലും കുറവ്. അതുകൊണ്ട് സാധാരണക്കാരന് ചൊല്ലാൻ പാകത്തിന് ബീജമന്ത്രങ്ങൾ ഉൾക്കൊള്ളുന്ന ധാരാളം മന്ത്രങ്ങളും സ്തോത്രങ്ങളുമുണ്ട്.
ദേവിയെ ആരാധിക്കാന്‍ ഏറ്റവും നല്ല മന്ത്രങ്ങളിൽ ലളിതാ സഹസ്രനാമമാണ് ആദ്യത്തേത്. 32 അക്ഷരങ്ങളില്‍ കൂടുതല്‍ അക്ഷരങ്ങളുള്ള മന്ത്രമായതുകൊണ്ട് മാലമന്ത്രം എന്ന് ഇതറിയപ്പെടുന്നു. സകല ബീജമന്ത്രങ്ങളും ഷോഡശാക്ഷരീ മന്ത്രവും സഹസ്രനാമത്തിൽ അന്തർല്ലീനമാണ്. സഹസ്രനാമം തുടങ്ങുന്നത് തന്നെ "ശ്രീമാതാ ശ്രീമഹാരാജ്ഞി ശ്രീമദ് സിംഹാസനേശ്വരി " എന്നല്ലേ? ആദ്യവരിയിൽ തന്നെ മഹാലക്ഷ്മീ ബീജമായ "ശ്രീം" മൂന്നു തവണ ചൊല്ലിക്കഴിഞ്ഞു. "ക്രോധാകാരാങ്കുശോജ്വലാ" എന്നു ചൊല്ലുമ്പോൾ മഹാകാളീ ബീജമായ "ക്രോം" ആയി. "രാഗസ്വരൂപ" എന്നതിൽ മായാബീജമായ "ഹ്രീം" ഉണ്ട്. "ശ്രീപദാമ്ബുജാ" എന്നതിൽ വീണ്ടും ശ്രീം വന്നു. "ഹ്രീംകാരി, ഹ്രീമതി" എന്നു ചൊല്ലുമ്പോൾ ഹ്രീം രണ്ടു തവണയായി. അതുകൊണ്ട് , സഹസ്രനാമം ബീജമന്ത്രാക്ഷരങ്ങളുടെ മുത്തുകൾ കോർത്ത ശക്തിയുള്ള മാലാമന്ത്രമാണ്. അതുകൊണ്ട് ലളിതാ സഹസ്രനാമം ചൊല്ലുമ്പോൾ ഈണത്തിൽ ചൊല്ലരുത്. രാഗമോ താളമോ ഉപയോഗിക്കരുത് എന്ന് പ്രത്യേക നിഷ്കർഷയുണ്ട്.
ലളിതാ സഹസ്രനാമത്തിന്റെ അവതാരികയില്‍ ഡോ. ബി.സി. ബാലകൃഷ്ണന്‍ പറയുന്നത് ഇങ്ങനെയാണ്: "മൂന്ന്‍ എകാക്ഷരീ മന്ത്രങ്ങളും 72 ദ്വ്യക്ഷരീ മന്ത്രങ്ങളും 139 ത്ര്യക്ഷരീ മന്ത്രങ്ങളും 281 ചതുരക്ഷരീ മന്ത്രങ്ങളും 120 പഞ്ചാക്ഷരീ മന്ത്രങ്ങളും 58 ഷഡക്ഷരീ മന്ത്രങ്ങളും 2 സപ്താക്ഷരീ മന്ത്രങ്ങളും 240 അഷ്ടാക്ഷരീ മന്ത്രങ്ങളും 7 ദാശാക്ഷരീ മന്ത്രങ്ങളും 3 എകാഡശാക്ഷരീ മന്ത്രങ്ങളും 3 ദ്വാദശാക്ഷരീ മന്ത്രങ്ങളും 72 ഷോഡശാക്ഷരീ മന്ത്രങ്ങളും കൊണ്ടാണ് വാഗ്ദേവതകള്‍ ദേവിയുടെ ആയിരം നാമങ്ങള്‍ ആവിഷ്ക്കരിച്ചിരിക്കുന്നത്." അത്രയും മന്ത്രനിബദ്ധമാണ് ലളിതാസഹസ്രനാമം. വേറെ എന്തു മന്ത്രോപദേശമാണ് നമുക്കു വേണ്ടത്! ശ്രീവിദ്യാ മന്ത്രത്തിന്റെയും ശ്രീചക്രത്തിന്റെയും ശ്രീവിദ്യാ ദേവിയുടെയും ഐക്യമാണ് ലളിതാ സഹസ്രനാമം.
താന്ത്രിക ആരാധനയിലെ സകല രീതികളെക്കുറിച്ചും ലളിതാ സഹസ്രനാമത്തില്‍ പറയുന്നുണ്ട്. സമയചാരതല്പര എന്നതില്‍ സമയാചാരത്തെക്കുറിച്ചും കൌളമാര്‍ഗ്ഗതല്‍പ്പരസേവിതാ എന്നതില്‍ കൌള മാര്‍ഗ്ഗത്തെക്കുറിച്ചും പറയുന്നു. വാമമാര്‍ഗ്ഗവും ദക്ഷിണമാര്‍ഗ്ഗവും ഒരേ പ്രാധാന്യത്തോടെ കാണുന്നതാണ് ഈ മന്ത്രം. വാഗ്ദേവതകളാണ് സഹസ്രനാമത്തിന്റെ ഋഷിമാര്‍. ഒരു നാമം പോലും ആവര്‍ത്തിക്കുന്നില്ല എന്നതും മറ്റു സഹസ്രനാമങ്ങളില്‍ നിന്നു വ്യതസ്തമായി നാമങ്ങളെ കൂട്ടിച്ചേര്‍ത്തു ഛന്ദസ്സ് ശരിയാക്കാന്‍ 'അഥ', 'അപി' 'ച' തുടങ്ങിയവ ഒന്നും ചേര്‍ക്കാതെ സൌപര്‍ണ്ണികയുടെ ഒഴുക്കുപോലെ സുവ്യക്ത മധുരമായിട്ടാണ് ലളിതാ സഹസ്രനാമം രചിക്കപ്പെട്ടിരിക്കുന്നത്.
ഒരു തട്ടത്തില്‍ ചുവന്ന പട്ടു വച്ച് അതില്‍ നിലവിളക്കു വച്ചു കൊളുത്തി ലളിതാ സഹസ്രനാമം ചൊല്ലി ചുവന്ന പൂക്കള്‍ അര്‍ച്ചിച്ചാല്‍ അതു സമ്പൂര്‍ണ്ണ ശ്രീചക്രപൂജയുടെ ഫലം ചെയ്യും എന്നു പറയപ്പെടുന്നു. വിദ്യാര്‍ത്ഥികള്‍ക്കു വിദ്യയും എല്ലാവര്‍ക്കും ഐശ്വര്യവും തരുന്നതാണ് ഈ ഉപാസന. ശ്രീമാതാ എന്നു തുടങ്ങി ലളിതാംബികാ എന്ന് അവസാനിക്കുന്നതുവരെ ഒരൊറ്റ മന്ത്രമായതുകൊണ്ട് ലളിതാ സഹസ്രനാമം ചൊല്ലുമ്പോള്‍ ഇടയ്ക്കു നിര്‍ത്താന്‍ പാടില്ല.അര്‍ത്ഥം കഴിയുന്നത്ര മനസ്സിലാക്കി ശ്രദ്ധയോടെ ചൊല്ലണം. ലളിതാ സഹസ്രനാമം വ്യാഖ്യാനം പഠിച്ചാല്‍ തന്ത്രശാസ്ത്രത്തത്തെക്കുറിച്ച് നല്ലൊരു അവഗാഹമുണ്ടാവും.
ലളിതാസഹസ്രനാമം ചൊല്ലുന്നവരുടെ മഹാത്മ്യങ്ങള്‍ ഏറെയാണ്. അവനെതിരെ ആഭിചാരം ചെയ്യുന്നവനെ പ്രത്യംഗിരാ ദേവി നശിപ്പിക്കുമത്രേ. ആറുമാസം സഹസ്രനാമം പാരായണം ചെയ്യുന്നവരുടെ ഭവനത്തില്‍ മഹാലക്ഷ്മി സ്ഥിരമായി വസിക്കും. ശ്രീവിദ്യാമന്ത്രമറിയാത്ത ബ്രാഹ്മണന്‍ പശുതുല്യനാണത്രേ.വെള്ളിയാഴ്ചകളില്‍ സഹസ്രനാമം ചെല്ലുന്നത് സര്‍വ്വ ഐശ്വര്യങ്ങള്‍ക്കും കാരണമാകും. ഒരു പോസ്റ്റില്‍ എഴുതാന്‍ കഴിയുന്നതില്‍ അപ്പുറമാണ് ലളിതാ സഹസ്രനാമം ജപിക്കുന്നവരുടെ ഫലശ്രുതി. ഈ സഹസ്രനാമം ചൊല്ലാന്‍ കഴിയുന്നത് ജന്മാന്തരസുകൃതം കൊണ്ടു മാത്രമാണ്.
No comments:
Post a Comment