ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

10 December 2019

വിവിധ ജില്ലകളിലെ നാലമ്പലങ്ങൾ

വിവിധ ജില്ലകളിലെ നാലമ്പലങ്ങൾ

തൃശ്ശൂര്‍ ജില്ലയിലെ നാലമ്പലങ്ങള്‍

ദ്വാരകാപതിയായ ഭഗവാന്‍ വാസുദേവന്‍ ആരാധിച്ചിരുന്ന നാല് അഞ്ജനവിഗ്രഹങ്ങള്‍ ദ്വാപരയുഗാവസാനം ശ്രീകൃഷ്ണഭഗവാന്റെ സ്വര്‍ഗ്ഗാരോഹണത്തോടെ കടലെടുത്തെന്നും പിന്നീട് എന്നോ ഒരു ദിവസം കടലില്‍ മീന്‍ പിടിക്കുവാന്‍പോയ മുക്കുവന്മാര്‍ക്ക് ഈ വിഗ്രഹങ്ങള്‍ കിട്ടിയെന്നും അവര്‍ ആ വിഗ്രഹങ്ങള്‍ അന്നത്തെ നാട്ടുപ്രമാണിയായിരുന്ന വാക്കെയില്‍ കയ്മള്‍ക്ക് കാഴ്ചവെക്കുകയും ചെയ്തുവെന്നുമാണ് ഐതിഹ്യം. ദേവപ്രശ്‌നവിധിപ്രകാരം വിഗ്രഹങ്ങള്‍ ശ്രീരാമലക്ഷ്മണ ഭരതശത്രുഘ്‌നന്മാരുടെതാണെന്നു കണ്ടെത്തി. പിന്നീട് രാമവിഗ്രഹം തൃപ്രയാറിലും, ഭരതവിഗ്രഹം ഇരിങ്ങാലക്കുടയിലും, ലക്ഷ്മണവിഗ്രഹം മൂഴിക്കുളത്തും, ശത്രുഘ്‌നവിഗ്രഹം പായമ്മലും പ്രതിഷ്ഠിച്ചുവെന്നതാണ് ഐതിഹ്യം. 

1.തൃപ്രയാര്‍ ശ്രീരാമസ്വാമിക്ഷേത്രം

മഹാക്ഷേത്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഗുരുവായൂരിനും കൊടുങ്ങല്ലൂരിനും മദ്ധ്യേയുള്ള തൃപ്രയാറില്‍, തീവ്രാനദിയുടെ പടിഞ്ഞാറേക്കരയില്‍ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച പ്രശാന്തസുന്ദരമായ സ്ഥലത്താണ് ശ്രീരാമസ്വാമിക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശ്രീഭൂമീസമേതനായ ശ്രീരാമവിഗ്രഹപ്രതിഷ്ഠയാണ് ഇവിടെയുള്ളത്. ശംഖ്, ചക്രം, കോദണ്ഡം, അക്ഷമാല എന്നിവ ധരിച്ച് നാലുകൈകളോടുകൂടിയ വിഗ്രഹത്തില്‍ ശ്രീയും ഭൂമിയും ഇരുപാര്‍ശ്വങ്ങളില്‍ നിന്ന് ഭഗവാനെ അര്‍ച്ചിക്കുന്നതായി കാണുന്നു. ശൈവ-വൈഷ്ണവതേജസ്സുകള്‍ ശ്രീരാമചന്ദ്രനില്‍ ഖരാവധാവസരത്തിലാണ് ഒന്നിച്ചു പ്രതിബിംബിച്ചതെന്നും അതുകൊണ്ട് ഖരവധോദ്യുക്തനായ ശ്രീരാമനായിട്ടാണ് തൃപ്രയാറ്റു തേവര്‍ വര്‍ത്തിക്കുന്നതെന്നും വിശ്വസിക്കുന്നു.

2. ഇരിങ്ങാലക്കുട കൂടല്‍മാണിക്യക്ഷേത്രം

തൃശ്ശിവപേരൂരിന് തെക്കുമാറി ചാലക്കുടി, കുറുമാലി പുഴകള്‍ക്കു മദ്ധ്യേ സ്ഥിതിചെയ്യുന്ന ഗ്രാമമാണ് ഇരിങ്ങാലക്കുട. ഭരതന്‍ ശ്രീരാമന്റെ പാദുകങ്ങള്‍ ഭക്തിപുരസ്സരം സൂക്ഷിച്ച് പൂജിച്ചിരുന്ന ‘നന്ദിഗ്രാമം’ ഇരിങ്ങാലക്കുടയാണെന്നു പറയുന്നു. പണ്ട് കുലീപിനി മഹര്‍ഷി യാഗം ചെയ്തിരുന്ന സ്ഥലവും ഇവിടെയായിരുന്നുവത്രെ. അതുകൊണ്ടാണ് ഇവിടുത്തെ തീര്‍ത്ഥക്കുളത്തിന് “കുലീപിനി തീര്‍ത്ഥമെന്ന് പേരുവന്നതെന്നു വിശ്വസിക്കപ്പെടുന്നു. അതിലിന്നും ഗംഗാസാന്നിദ്ധ്യമുണ്ടെന്നാണ് വിശ്വാസം. തീര്‍ത്ഥത്തിലെ ജലത്തിലെ ഔഷധമൂല്യംതന്നെ അതിനു തെളിവാണെന്നു പറയപ്പെടുന്നു. തീര്‍ത്ഥക്കുളത്തിന്റെ മറ്റൊരു പ്രത്യേകത, മത്സ്യമൊഴികെ സാധാരണ ജലാശയങ്ങളില്‍ കാണാറുള്ള പാമ്പ്, തവള തുടങ്ങിയ ജലജന്തുക്കളൊന്നും അതില്‍ കാണപ്പെടുന്നില്ലെന്നുള്ളതാണ്. ഭാരതത്തിലെ അപൂര്‍വ്വം ഭരതക്ഷേത്രങ്ങളില്‍ ഒന്നായ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ പ്രതിഷ്ഠാമൂര്‍ത്തി മഹാവിഷ്ണുവിന്റെ അംശാവതാരവും, വനവാസം കഴിഞ്ഞ് ശ്രീരാമന്‍ വരുന്നതും കാത്ത് കഴിയുന്ന ഭരതനാണ്. ശ്രീരാമന്‍ അയോദ്ധ്യയുടെ പരിസരത്തിലെത്തിക്കഴിഞ്ഞതായി ഹനുമാനില്‍നിന്നറിഞ്ഞ പ്രസന്നഭാവത്തിലാണ് ഇരിപ്പ്.

3.തിരുമൂഴിക്കുളം ലക്ഷ്മണക്ഷേത്രം

തൃശ്ശിവപേരൂര്‍ ജില്ലയുടെ തെക്കുപടിഞ്ഞാറു ഭാഗത്തായി സ്ഥിതിചെയ്യുന്ന മാളയില്‍നിന്നും ആലുവയിലേക്കുള്ള വഴിയില്‍, എറണാകുളം ജില്ലയുടെ വടക്കേയറ്റത്താണ് പ്രസിദ്ധ ലക്ഷ്മണക്ഷേത്രമായ തിരുമൂഴിക്കുളം ക്ഷേത്രം സ്ഥിതിചെയ്യുന്നത്. “സര്‍പ്പം ജ്ഞാതം സൗമിത്രം” എന്നാണ് പ്രതിഷ്ഠാസങ്കല്പം. മഹാവിഷ്ണുവിന്റെ ശയ്യയായ ആദിശേഷന്റെ അവതാരമായാണ് ലക്ഷ്മണന്‍ കരുതിപ്പോരുന്നത്. പരശുരാമനാല്‍ പ്രതിഷ്ഠിക്കപ്പെട്ട വൈഷ്ണവ ക്ഷേത്രമാണ് തിരുമൂഴിക്കുളമെന്ന് അനുമാനിക്കുന്നു. നാഗരാജാവായ അനന്തലക്ഷ്മണന്റെ ക്ഷേത്രത്താല്‍ അനുഗൃഹീതമായ മൂഴിക്കുളത്തിലോ സമീപപ്രദേശങ്ങളിലോ സര്‍പ്പദംശനമേറ്റ് അകാലമരണമുണ്ടായിട്ടുള്ളതായി കേട്ടുകേള്‍വിപോലുമില്ലെന്നാണ് തദ്ദേശവാസികള്‍ പറയുന്നത്. 

4. പായമ്മല്‍ ശ്രീ ശത്രുഘ്‌നക്ഷേത്രം

ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ഈ ക്ഷേത്രം ആക്രമണത്തിന് ഇരയായെന്നു കരുതപ്പെടുന്നു. ക്ഷേത്രത്തിന്റെ അധഃപതനത്തില്‍ ദുഃഖാകുലരായ സമീപവാസികളായ ഭക്തജനങ്ങള്‍ കാലക്രമത്തില്‍ സംഘടിച്ച് ക്ഷേത്രേശസമ്മതത്തോടുകൂടി ശത്രുഘ്‌നസേവാസമിതി രൂപീകരിച്ച് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ക്ഷേത്രാധികാരികളുടെയും ഭക്തജനങ്ങളുടെയും ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ ക്ഷേത്രത്തിന് നഷ്ടമായികൊണ്ടിരിക്കുന്ന ദൈവീക ചൈതന്യത്തെ പുനഃസ്ഥാപിക്കുവാന്‍ സാധിച്ചു. ലവണാസുരവധത്തിന് ഉദ്യുക്തനായ ശത്രുഘ്‌നനാണ് ഇവിടത്തെ പ്രതിഷ്ഠ. ദാശരഥികളില്‍ കനിഷ്ഠപുത്രനായ ശത്രുഘ്‌നന്‍ മഹാവിഷ്ണുവിന്റെ സുദര്‍ശനചക്രത്തിന്റെ അവതാരമാണെന്നാണ് വിശ്വാസം. രാമനും ഭരതനും ലക്ഷ്മണനും ശത്രുഘ്‌നനും ഒരേ ചുറ്റുവട്ടത്തില്‍ കുടികൊള്ളുമ്പോള്‍ അവര്‍ക്കേറ്റവും പ്രിയപ്പെട്ട ഹനുമാനെങ്ങനെ അകന്നുനില്‍ക്കാനൊക്കും! അങ്ങനെ ഇരിങ്ങാലക്കുടയുടെ തൊട്ടു തെക്കുഭാഗത്തു തൃശ്ശൂര്‍ - കൊടുങ്ങല്ലൂര്‍ രാജപാതയുടെ കിഴക്കരുകിലാണ് പ്രസിദ്ധമായ നടവരമ്പ് ഹനുമാന്‍ കോവില്‍. നാലമ്പലം തീര്‍ത്ഥാടനത്തിന് ശ്രീരാമദാസനായ ഹനുമത്‌സ്വാമിദര്‍ശനത്തോടെയാണ് പരിസമാപ്തി കുറിക്കുന്നത്. 

കോട്ടയം ജില്ലയിലെ നാലമ്പലങ്ങള്‍

1. രാമപുരം ശ്രീരാമക്ഷേത്രം

വനവാസകാലത്തിനിടയില്‍ ശ്രീരാമചന്ദ്രന്‍ സീതാലക്ഷ്മണന്മാരോടൊന്നിച്ച് ഇന്ന് രാമപുരം എന്നറിയപ്പെടുന്ന ഈ പ്രദേശം സന്ദര്‍ശിച്ചിരുന്നുവത്രേ. സീതാപരിത്യാഗത്തിനുശേഷം അസ്വസ്ഥനായ ശ്രീരാമചന്ദ്രന്‍ മനഃശാന്തി ലഭിക്കാനായി തെരഞ്ഞെടുത്തത് പണ്ട് കാനനവാസത്തിനിടയില്‍ ഒരിക്കല്‍ കടന്നുപോയ ഈ സ്ഥലത്തായിരുന്നു. ശ്രീരാമചന്ദ്രനെ അന്വേഷിച്ചിറങ്ങിയ ഭരത-ലക്ഷ്മണ-ശത്രുഘ്‌നന്മാര്‍ ഈ പ്രദേശത്തിന്റെ പ്രശാന്തതയില്‍ ആകൃഷ്ടരായി. അവരും രാമപുരത്തിനു ചുറ്റും വസിക്കാന്‍ തീരുമാനിച്ചു. ഇങ്ങനെയാണ് ഇന്നത്തെ നാലമ്പലങ്ങളുടെ ആവിര്‍ഭാവമെന്നാണ് ഐതിഹ്യം. വടക്കന്‍ പറവൂരിന്റെ പ്രജകളായിരുന്ന ചില നമ്പൂതിരിമാര്‍ അവിടുത്തെ രാജാവുമായി അഭിപ്രായവ്യത്യാസമുണ്ടായപ്പോള്‍ തങ്ങളുടെ ഉപാസനാമൂര്‍ത്തിയായ ശ്രീരാമവിഗ്രഹവുമായി ആ പ്രദേശത്തുനിന്നും പലായനം ചെയ്തു. അവര്‍ തങ്ങളുടെ ഉപാസനാ മൂര്‍ത്തിയെ പ്രതിഷ്ഠിച്ച സ്ഥലമാണ് പിന്നീട് രാമപുരമായി അറിയപ്പെട്ടതെന്നാണ് സ്ഥലനാമ ചരിത്രം പറയുന്നത്. അതിനുമുമ്പേ ഈ പ്രദേശം കൊണ്ടാട് എന്നാണ് അറിയപ്പെട്ടിരുന്നത്. കൊണ്ടട് എന്നാല്‍ കുന്നുകളോടുകൂടിയ ദിക്കെന്നാണ് അര്‍ത്ഥം. കിഴക്കോട്ട് ദര്‍ശനമായാണ് ഇവിടുത്തെ ശ്രീരാമപ്രതിഷ്ഠ. മീനമാസത്തിലെ തിരുവോണം നാളില്‍ ആറാട്ടോടെയാണ് കൊടിയേറ്റം. എട്ടുനാളുകള്‍ നീണ്ട് നില്‍ക്കുന്നതാണ് ഇവിടുത്തെ ഉത്സവം. 

2. അമനകര ഭരതക്ഷേത്രം

രാമപുരം ക്ഷേത്രത്തിന്റെ വടക്കുപടിഞ്ഞാറ്, കൂത്താട്ടുകുളം റൂട്ടില്‍ അമനകരയിലാണ് ഭരതക്ഷേത്രം സ്ഥിതിചെയ്യുന്നത്. കുന്നുകളുടെ ഇടയില്‍ താഴ്ന്ന ദിക്കായതുകൊണ്ടാണ് അമനകര എന്ന പേര് ലഭിച്ചതെന്നാണ് ഭൂമിശാസ്ത്രനിഗമനം. ഭരതകരയാണ് അമനകരയായി മാറിയതെന്നാണ് തദ്ദേശവാസികളുടെ വിശ്വാസം. 

3. കൂടപ്പുലം ലക്ഷ്മണ ക്ഷേത്രം

രാമപുരത്ത്‌നിന്നും ഉഴവൂരിലേക്കുള്ള മാര്‍ഗ്ഗത്തിലാണ് കുടപ്പുലം സ്ഥിതിചെയ്യുന്നത്. കൂടപ്പുലമെന്നും മൊഴിഭേദമുണ്ട്. കൂടമെന്നാല്‍ കൂടിനില്‍ക്കുന്നത് അല്ലെങ്കില്‍ കുന്നെന്നൊക്കെ പറയാം. പുലമെന്നാല്‍ പുലരുന്നിടവും. ചുരുക്കത്തില്‍ കുന്നിന്‍മുകളിലുള്ള, ജനവാസയോഗ്യമായ പ്രദേശത്തെയാണ് കൂടപ്പുലമെന്ന് വിളിച്ചുപോരുന്നത്. കുടപ്പലത്ത് 'കൂടെ ഫലമെന്നും' ചൊല്ലുണ്ട്. രാമനും സീതയും ലക്ഷ്മണനും കാനനവാസകാലത്ത് കൂടിയിരുന്ന മലയാണ് കൂടപ്പലമെന്നും സീതാരാമന്മാര്‍ ലക്ഷ്മണനെ കുടിയിരുത്തി പോയ സ്ഥലമാണിതെന്നും വിശ്വാസമുണ്ട്. ഉഴവൂരില്‍നിന്നും കൂടപ്പുലത്തേക്കു പോകുന്ന വഴിയില്‍ 'വില്‍ക്കുഴിയുണ്ട്'. രാമലക്ഷ്മണന്മാരുടെ വില്ലുകൊണ്ടുണ്ടായ കുഴിയാണത്രെ ഇത്. 

4. മേതിരി ശത്രുഘ്‌നക്ഷേത്രം

 മേല്‍ തിരിവ് എന്ന വാക്ക് ലോപിച്ചുണ്ടായതാണത്രേ മേതിരി. പടിഞ്ഞാറു ഭാഗമെന്നും മേതിരിക്ക് അര്‍ത്ഥമുണ്ട്. മേതിരിയുടെ കിഴക്കായി കിഴുതിരിയുമുണ്ട്. ശാന്തരൂപത്തില്‍ ശത്രുഘ്‌നസ്വാമിയുടെ പ്രതിഷ്ഠയാണിവിടെ. ശത്രുഘ്‌നസ്വാമിയുടെ ക്ഷേത്രത്തിന് വലതുവശത്തായി ശ്രീപോര്‍ക്കിലിയുടെ ക്ഷേത്രവുമുണ്ട്. ശ്രീപോര്‍ക്കിലിയെ ദര്‍ശിക്കുന്നതിനു മുമ്പായി ശത്രുഘ്‌നസ്വാമിയെ ദര്‍ശിക്കണമെന്നാണ് ആചാരം. ശത്രുഘ്‌നക്ഷേത്രത്തിന്റെ കിഴക്കുവശത്താണ് ശ്രീപോര്‍ക്കിലീദേവിയുടെ മൂലസ്ഥാനം. ചതുരാകൃതിയിലുള്ള ശത്രുഘ്‌ന ക്ഷേത്രത്തിന്റെ മേല്‍ക്കൂരവരെ കരിങ്കല്ലിലാണ് നിര്‍മിച്ചിരിക്കുന്നത്.

മലപ്പുറം ജില്ലയിലെ നാലമ്പലങ്ങള്‍

മലപ്പുറം ജില്ലയുടെ വര്‍ത്തമാനകാല സാഹചര്യം എന്തുതന്നെയായിരുന്നാലും ഈ പ്രദേശത്തിന് മഹിതമായ ഒരു പാരമ്പര്യമുണ്ട്. ആദ്ധ്യാത്മികവും സാംസ്‌കാരികവുമായ നവോത്ഥാനത്തിന്റെ ശംഖധ്വനി മലയാളമണ്ണിലാകെ മുഴങ്ങുന്നതിന് നാന്ദികുറിച്ചത് ഈ മണ്ണില്‍ നിന്നാണ്. തുഞ്ചത്തെഴുത്തച്ഛന്‍, മേല്‍പ്പുത്തൂര്‍, പൂന്താനം തുടങ്ങിയ മഹാത്മാക്കളുടെ ജന്മത്തിനും ജീവിത ദൗത്യത്തിനും സാക്ഷ്യം വഹിച്ച പുണ്യപുരാതന പ്രദേശമാണിത്. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ നിന്നും കോഴിക്കോട്ടേയ്ക്ക് പോകുന്ന പാതയിലൂടെ മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അങ്ങാടിപ്പുറത്തെത്താം. മലപ്പുറം ജില്ലയിലെ മലപ്പുറം - പെരിന്തല്‍മണ്ണ റൂട്ടില്‍, അങ്ങാടിപ്പുറം എത്തുന്നതിന് മുമ്പെ, രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം കേന്ദ്രീകരിച്ചാണ് നാലമ്പലങ്ങളുള്ളത്. 

1. രാമപുരം ശ്രീരാമക്ഷേത്രം

 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പരദേശി ഊരുചുറ്റി ഒടുവില്‍ രാമപുരത്തു വരികയും വടക്കേടത്ത് മനക്കല്‍ ചെന്ന് സന്ധ്യാവന്ദനവും മറ്റും കഴിച്ച് രാത്രി ഇല്ലത്ത് താമസിക്കുകയും ചെയ്തുവത്രെ. അദ്ദേഹത്തിന്റെ ഭാണ്ഡത്തില്‍ ഒരു സാളഗ്രാമം ഉണ്ടായിരുന്നു. ശ്രീരാമധ്യാനത്തിനായുള്ള സാളഗ്രാമം അടങ്ങുന്ന ഭാണ്ഡം മനക്കലെ നമ്പൂതിരിയെ ഏല്‍പ്പിച്ച് അത് സൂക്ഷിച്ചു വെക്കണമെന്നും പാല്‍ നിവേദിക്കരുതെന്നും പറഞ്ഞു. ബ്രാഹ്മണന്‍ നിത്യകര്‍മ്മങ്ങള്‍ കഴിച്ച് പോകാന്‍ സമയത്ത് ഭാണ്ഡം തിരികെ ചോദിച്ചപ്പോള്‍ അത് വെച്ച സ്ഥലത്ത് നിന്നും എടുക്കുവാന്‍ കഴിഞ്ഞില്ല. ബ്രാഹ്മണന്‍ നമ്പൂതിരിയോട് പറഞ്ഞ കാര്യങ്ങള്‍ അറിയാതെ മനക്കലെ സ്ത്രീകള്‍ സാളഗ്രാമത്തില്‍ പാല്‍ നിവേദിച്ച് പൂജാദികര്‍മ്മങ്ങള്‍ നടത്തിയിരുന്നു. ഇതറിഞ്ഞ ബ്രാഹ്മണന്‍ പരലോകം പ്രാപിച്ചു. അന്ന് രാത്രി ഉറക്കത്തില്‍ ഇല്ലത്തെ നമ്പൂതിരിക്ക് ഒരു ദര്‍ശനം ഉണ്ടായി. ഇപ്പോള്‍ ക്ഷേത്രം നില്‍ക്കുന്ന സ്ഥലത്ത് ഒരു കറുത്ത പുള്ളിപ്പശു പ്രസവിച്ചുനില്‍ക്കുന്നുണ്ടെന്നും ആ സ്ഥലം വെട്ടിത്തെളിയിച്ച് ഒരു ക്ഷേത്രം നിര്‍മ്മിക്കണമെന്നുമായിരുന്നു സ്വപ്‌നദര്‍ശനം. തുടര്‍ന്ന് പ്രസ്തുത സ്ഥലത്ത് ക്ഷേത്രപ്രതിഷ്ഠ നടന്നുവെന്നാണ് ഐതിഹ്യം. ഇവിടുത്തെ ശ്രീരാമപ്രതിഷ്ഠ രാവിലെ വനവാസത്തിലായ രാമനും വൈകീട്ട് സീതാസമേതനായ രാമനും ആണെന്നാണ് ഐതിഹ്യം. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലാണ് ഈ ക്ഷേത്രം. ഭരത-ലക്ഷ്മണ-ശത്രുഘ്‌ന ക്ഷേത്രങ്ങള്‍ ശ്രീരാമസ്വാമിക്ഷേത്രത്തിലേക്ക് മുഖമായി സ്ഥിതിചെയ്യുന്നുവെന്നതാണ് പ്രധാനപ്പെട്ട ഒരു സവിശേഷത. 

2. കരിഞ്ചാപ്പാടി ഭരതക്ഷേത്രം

നാറാണത്ത് ഗ്രാമാതിര്‍ത്തിയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി കരിഞ്ചാപ്പാടി എന്നപ്രദേശത്താണ് ഭരതക്ഷേത്രം സ്ഥിതിചെയ്യുന്നത്. ചിറയും കാടും കൂടിച്ചേര്‍ന്ന സ്ഥലമായതുകൊണ്ട് ഇവിടം ചെറക്കാട് എന്നും അറിയപ്പെടുന്നു. ചിറക്കാടെന്നും മൊഴിഭേദമുണ്ട്. മറ്റ് മൂന്നു ക്ഷേത്രങ്ങളും പുഴക്കോട്ടിരി പഞ്ചായത്തിലാണെങ്കില്‍ ഈ ക്ഷേത്രം കുറവ പഞ്ചായത്തിലാണ്. 

3. അയോദ്ധ്യാനഗര്‍ ലക്ഷ്മണക്ഷേത്രം

രാമപുരം ക്ഷേത്രത്തില്‍ നിന്നും ഏകദേശം ഒരു കി. മി. അകലെയായി പെരിന്തല്‍മണ്ണയ്ക്കു പോകുന്ന വഴിയില്‍ പനങ്ങാങ്ങര മുപ്പത്തെട്ടു സ്റ്റോപ്പിനടുത്ത്, പടിഞ്ഞാറ് ദര്‍ശനമായി ലക്ഷ്മണക്ഷേത്രം സ്ഥിതിചെയ്യുന്നു. അയോദ്ധ്യാനഗര്‍ എന്ന പേരില്‍ അറിയപ്പെടുന്നു, ഇന്ന് ഈ സ്ഥലം. ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലം വിശ്വാമിത്ര മഹര്‍ഷിയുടെ തപോകേന്ദ്രമായിരുന്നു എന്നാണ് വിശ്വാസം. മഹര്‍ഷിയുടെ സങ്കല്‍പ്പത്തിന്റെ സാഫല്യമാണ് രാമപുരത്തെ നാലമ്പലങ്ങളെന്നും തദ്ദേശവാസികള്‍ വിശ്വസിച്ചുപോരുന്നു. ഈ ക്ഷേത്രത്തില്‍ വിശ്വാമിത്രാമഹര്‍ഷിയെ സങ്കല്‍പ്പിച്ച് നിത്യേന രണ്ടുനേരവും വിളക്ക് വെച്ച് പോരുന്നുണ്ട്. 

4. നാറാണത്ത് ശത്രുഘ്‌നക്ഷേത്രം

 രാമപുരം ക്ഷേത്രത്തില്‍ നിന്നും പടിഞ്ഞാറോട്ട് മാറി കോഴിക്കോട്ടേയ്ക്ക് പോകുന്ന ദേശീയപാതയില്‍, നാറാണത്ത് സ്റ്റോപ്പില്‍നിന്ന് ഏകദേശം നൂറ് മീറ്റര്‍ അകലെയാണ് ശത്രുഘ്‌നക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചതുര്‍ബാഹുവായ ശത്രുഘ്‌നനാണ് ഇവിടുത്തെ പ്രതിഷ്ഠ. ശ്രീരാമ ഭരത ലക്ഷ്മണ ക്ഷേത്രങ്ങള്‍ക്ക് വട്ടശ്രീകോവിലാണെങ്കില്‍ ശത്രുഘ്‌ന ക്ഷേത്രത്തിനു മാത്രം ചതുരശ്രീകോവിലാണ്. ലക്ഷ്മണ ക്ഷേത്രത്തിന് സമീപമുളള പനങ്ങാങ്ങര ശിവക്ഷേത്രം ഈ പ്രദേശത്തെ പുരാതന ക്ഷേത്രങ്ങളില്‍ ഒന്നായി കരുതുന്നു. ദുര്‍വാസാവ് മഹര്‍ഷിയുടെ തപോഭൂമിയാണ് ഈ പ്രദേശമെന്നുമുള്ള വിശ്വാസവുമുണ്ട്. ടിപ്പുവിന്റെ പടയോട്ടക്കാലത്തും തുടര്‍ന്നുള്ള ലഹളക്കാലങ്ങളിലും ഈ ക്ഷേത്രങ്ങള്‍ നിരവധി തവണ ആക്രമണത്തിന് വിധേയമായിട്ടുണ്ട്. അന്യമതസ്ഥരുടെ ആക്രമണങ്ങളെക്കാളേറെ ഹിന്ദുമതാനുയായികളുടെ അലസതയാണ് ഇവിടുത്തെ നാലമ്പലങ്ങളുടെ ശോചനീയാവസ്ഥയ്ക്ക് പ്രധാന കാരണം. തൃശ്ശൂര്‍ ജില്ലയിലെയും കോട്ടയം ജില്ലയിലെയും നാലമ്പലങ്ങളുമായി താരതമ്യം ചെയ്താല്‍ ശാപമോക്ഷം കാത്തുകിടക്കുകയാണ് മലപ്പുറം ജില്ലയിലെ നാലമ്പലങ്ങള്‍. 

എറണാകുളം ജില്ലയിലെ നാലമ്പലങ്ങള്‍

എറണാകുളം ജില്ലയിലും നാലമ്പലങ്ങള്‍ ഉണ്ടെന്നുള്ള വിവരം പലര്‍ക്കും അജ്ഞാതമായിരിക്കും. മൂവാറ്റുപുഴ താലൂക്കില്‍ രാമമംഗലം പഞ്ചായത്ത് പരിധിയില്‍ പിറവം പട്ടണത്തിനും രാമമംഗലത്തിനുമിടയിലാണ് ഇവിടുത്തെ നാലമ്പലങ്ങള്‍. 

1. മാമലശ്ശേരി ശ്രീരാമക്ഷേത്രം

 പിറവം പട്ടണത്തിനും രാമമംഗലത്തിനും മധ്യേയാണ് മാമലശ്ശേരി ശ്രീരാമക്ഷേത്രം. ഇവിടുത്തെ വട്ടശ്രീകോവിലില്‍ ചതുര്‍ബാഹുവായ ശ്രീരാമചന്ദ്രന്‍ കിഴക്കുദര്‍ശനമായാണ് പ്രതിഷ്ഠിതമായിരിക്കുന്നത്. മാരീചനെ വധിച്ചെത്തിയ ശ്രീരാമന്‍ സീതാപഹരണത്തെക്കുറിച്ചറിഞ്ഞ് വിരഹിയായി കഴിയുന്ന ഭാവമാണത്രെ ഇവിടുത്തെ പ്രതിഷ്ഠയ്ക്ക്. രാമബാണമേറ്റ മാരീചനെന്ന മാന്‍ മലര്‍ന്നുവീണ പ്രദേശം മാന്മലചേരിയായും പിന്നീട് മാമലശ്ശേരിയായും അറിയപ്പെട്ടുവെന്നാണ് ഐതീഹ്യം.

2. മേമ്മുറി ഭരതപ്പിള്ളി ശ്രീഭരതസ്വാമി ക്ഷേത്രം

ശ്രീരാമബാണമേറ്റ മാരീചനെന്ന മാനിന്റെ മേല്‍ഭാഗം തെറിച്ചു വീണിടമാണത്രെ മേമ്മുറിയായത്. ശ്രീരാമസ്വാമി ക്ഷേത്രത്തില്‍നിന്നും അഞ്ച് കിലോമീറ്റര്‍ അകലെ വടക്കുകിഴക്കായാണ് ഭരതസ്വാമി ക്ഷേത്രം. ശ്രീരാമചന്ദ്രന്റെ വനവാസ വാര്‍ത്തയറിഞ്ഞ് ദുഃഖിതരായ ഭരത-ശത്രുഘ്‌നന്മാര്‍ അദ്ദേഹത്തെ തിരികെ അയോധ്യയിലേക്ക് കൂട്ടിക്കൊണ്ടുവരാനായി കാട്ടിലേക്ക് പുറപ്പെട്ടെങ്കിലും വനമധ്യേ ഭരത-ശത്രുഘ്‌നന്മാരും സൈന്യവും കൂട്ടംതെറ്റി. ഭരതന്‍ ഒറ്റപ്പെട്ട പോയ സ്ഥലമാണത്രെ ഭരതപ്പിള്ളി. രാജകീയ പ്രൗഢിയോടെയെങ്കിലും ദുഃഖിതനായ ഭരതന്‍ പടിഞ്ഞാറ് ദര്‍ശനമായി ജ്യേഷ്ഠനെ ഉറ്റുനോക്കിയാണ് കുടികൊള്ളുന്നത്. 

3. മുളക്കുളം ശ്രീലക്ഷ്മണ സ്വാമി ക്ഷേത്രം

 നാലമ്പല വഴിയിലെ മൂന്നാമത്തെ ക്ഷേത്രമാണിത്. സൗമിത്രി തിരുമൂഴിക്കുളത്തുനിന്നും ശീവേലി ബിംബത്തില്‍ എഴുന്നള്ളി ശ്രീലകം പൂണ്ട തീര്‍ത്ഥസ്‌നാനമാണത്രെ മുളക്കുളം ശ്രീ ലക്ഷ്മണ സ്വാമി ക്ഷേത്രം. 

4. മാമലശ്ശേരി നെടുങ്ങാട്ട് ശത്രുഘ്‌നസ്വാമി ക്ഷേത്രം

 ഭരതനുമൊത്ത് കാട്ടിലെത്തിയ ശത്രുഘ്‌നന്‍ കൂട്ടം തെറ്റി ഒരു നെടിയ കാട്ടിലകപ്പെട്ടു. ആ കാട്ടിലുള്ളയാളുകള്‍ അദ്ദേഹത്തെ നെടുങ്കാട്ട് തേവര്‍ അഥവാ നെടുങ്ങാട്ടു തേവരായി ആരാധിച്ചുവന്നു. അഷ്ടമംഗല ദേവപ്രശ്‌നത്തിനുശേഷം മാമലശ്ശേരി കാവുങ്കട കവലയ്ക്ക് മുന്നൂറ് മീറ്റര്‍ അകലെയായി പൂര്‍വസ്ഥാനത്തു തന്നെ പ്രതിഷ്ഠിക്കുകയുണ്ടായി. ക്ഷേത്ര പുനരുദ്ധാരണം പുരോഗമിച്ചുവരുന്നു.

No comments:

Post a Comment