ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

8 December 2019

ധ്യാനം

ധ്യാനം

' മന ഏവ മനുഷ്യാണാം കാരണം ബന്ധമോക്ഷയോഃ
ബന്ധായ വിഷയാസക്തം മുക്തൈന്നിർവ്വിഷയം മതം'

മനസ്സ് ഒന്നുമാത്രമാണ് ബന്ധനത്തിനും മുക്തിക്കും കാരണം. മനസ്സ് വിഷയാസക്തമാകുമ്പോൾ ബന്ധിക്കപ്പെടുന്നു. വിഷയരഹിതമാകുമ്പോൾ മുക്തിയും ലഭിക്കുന്നു. വിഷയങ്ങളെ വിട്ട് മനസ്സ് ആത്മാഭിമുഖമാക്കി നിർത്തുമ്പോൾ അനന്വയമായ ആത്മദർശനം ലഭിക്കുന്നു. പരമാത്മാവുമായി ജീവചൈതന്യത്തിന് ഉണ്ടാവുന്ന തന്മയീഭാവമാണ് ഉപാസന. വിഭിന്നരൂപത്തിലും ഭാവത്തിലും തെളിഞ്ഞു പ്രകാശിക്കുന്ന ഏകസത്തയെ തന്ത്രശാസ്ത്രത്തിൽ മന്ത്രദേവതകൾ എന്നു വിളിക്കുന്നു. മന്ത്രദേവതകളുടെ സ്വരൂപത്തിന്റെയും ഭാവത്തിന്റെയും അടിസ്ഥാനത്തിൽ ആണ് ധ്യാനശ്ലോകങ്ങൾ ആവിഷ്കൃതമായിട്ടുള്ളത് .
ധ്യാനത്തിന്റെയും അടിസ്ഥാനപ്രമാണം

" യാദൃശീ ഭവാനാ നിത്യാ സിദ്ധിർഭവതി താദൃശീ"

നാം യാതൊന്നായി ഭാവൻ ചെയ്യുകയും ആന്തരികമായി മനനം ചെയ്യുകയും ചെയ്യുന്നുവോ ക്രമേണ നാം അതുമായി താദത്മ്യം പ്രാപിക്കുന്നു. ധ്യാനമെന്നാൽ കേവലം ശ്ലോകം ചൊല്ലൽ മാത്രമല്ല.

ധ്യാനത്തിന്റെ പ്രാധാന്യം
ധ്യാനത്തെ സാധൂകരിക്കുന്ന പ്രമാണങ്ങൾ ഓട്ടനവധിയുണ്ട്.

“ധ്യാനേന ജ്ഞാനമപ്നോതി ജ്ഞാനാന്മോക്ഷശ്ച വിന്ദതി"

ധ്യാനം ഹേതുവായി ജ്ഞാനം ലഭിക്കുന്നു. ജ്ഞാനത്തിലൂടെ മോക്ഷവും സിദ്ധിക്കുന്നു.
"ധ്യാനം വിനാ ചിത്തശുദ്ധേഃ കരണം നൈവ വിദ്യതേ"
ധ്യാനം കൂടാതെ ഒരിക്കലും ചിത്തശുദ്ധി കൈവരുന്നതല്ല. (ശിവതത്ത്വസുധാനിധി) ,

"ധ്യാനയോഗാദ് ഭവേത് സിദ്ധിർനാന്യഥാ ഖലു പാർവ്വതി" ധ്യാനയോഗം കൊണ്ടുമാത്രമേ സിദ്ധി ലഭിക്കുകയുള്ളു മറ്റൊരുപായം ഇല്ല.

"ദേവ ഏവ യജേദ്ദേവം നാദേവോ ദേവമർച്ചയേത്"
ദേവൻ മാത്രമാണ് ദേവനെ പൂജിക്കുന്നത് ദേവനായിട്ടല്ലാതെ ദേവനെ അർച്ചിക്കരുത്. ദേവനായി തീരാനും ഈശ്വരഭാവം ഉൾക്കൊള്ളുവാനുമുള്ള ഉത്തമപദ്ധതിയാണ് ധ്യാനയോഗം. സർവ്വകഴിവും ഉപയോഗിച്ച് ദേവനും താനുമായി സങ്ക്ൽപിക്കുകയാണ് ധ്യനത്തിൽ ചെയ്യുന്നത്.

ജപമായാലും, പൂജയായാലും, അർച്ചനയായാലും , ഹോമമായാലും എന്നുവേണ്ട എല്ലാദേവകാര്യങ്ങൾക്കും ധ്യാനത്തിലൂടെ മാത്രമേ അതാതു ദേവനുമായി തന്മയീഭാവം പ്രാപിക്കാൻ കഴിയൂ. അതുകൊണ്ട് ധ്യാനം അതീവശ്രദ്ധയോടെ പഠിക്കുകയും ജാഗ്രതയോടെ മനനം ചെയ്യേണ്ടതുമാണ്.

"ധ്യാനഭേദം പ്രപശ്യന്തി രുചിഭേദാത് പൃഥക് വിധം"

സാധകന്റെ രുചിഭേദമനുസരിച്ച് ഒരേ മൂർത്തിക്കു തന്നെ ധ്യാന ഭേദങ്ങളും കാണപ്പെടുന്നു. ഉദാ;- മഹാവിഷ്ണുവിനെ വാസുദേവനായും,സങ്കർഷണമൂർത്തിയായും, .അങ്ങനെ പലരും പലവിധത്തിലും ആണ് ഇഷ്ട്പെടുന്നത് . അതിനെല്ലാം ധ്യാന ശ്ലോകങ്ങളും കാണാം.

ധ്യാനം മനസ്സിനെ ബലപെടുത്തുന്നു., ചൈതന്യവത്താക്കുന്നു. ഏകാഗ്രമാക്കുന്നു. ധ്യാനം കൂടാതെ ജപമില്ല, ജപമില്ലാതെ പുരശ്ചരണമില്ല, പുരശ്ചരണമില്ലാതെ മന്ത്രസിദ്ധിയും ഇല്ല.

എന്താണ് ധ്യാനം

മന്ത്രമൂർത്തിയുടെയോ, മന്ത്രദേവതയുടെയോ, സ്വരൂപത്തിന്റെയും ഭാവത്തിന്റെയും സമൂർത്തമായ ആവിഷ്കാരണമാണ് ധ്യാനം. സ്വയം ആകലും ആയിതീരലും,.

ഇന്ദ്രിയസഞ്ചയങ്ങളെ സമാഹരിച്ച് മനസ്സിനെ കേന്ദ്രീകരിച്ച് തന്റെ തന്നെ സ്വരൂപമായി ഇഷ്ട്ദേവതയെ ചിന്തിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയെ ധ്യാനം എന്നു പറയുന്ന്. (കുളാർണ്ണവം).

ഇന്ദ്രീയം - മനസ്സ് - ചിത്തം - ജീവചൈതന്യം.(ഇഷ്ട്ദേവത)

ധ്യാനമെന്നാൽ മനസ്സിനെ യഥാവിധി സംയോജിപ്പിക്കലാണ് ( രുദ്രയാമളം).

മനസ്സിനെ സമാഹരിച്ച് അന്തർവർത്തിയായ ജീവചൈതന്യത്തെ, തന്റെ അഭിഷ്ട്ദേവതയെ വിഭാവനം ചെയ്യുന്നതിനെ ധ്യാനം എന്നു പറയുന്നു. (ശാരദാതിലകം) .

ധ്യാനങ്ങളെ മൂന്നായി തരം തിരിക്കാം .
1- സാവയവം
2 - മിശ്രം
3- നിരാകാരം

1- മന്ത്രമൂർത്തിയുടെ ഭാവത്തെയും ആയുധ വിന്യാസക്രമത്തെയും വർണ്ണിച്ചു കൊണ്ടുള്ളവയാണ് സാവയവധ്യാനങ്ങൾ,

2- മന്ത്രമൂത്തിയുടെ പ്രധാനപ്പെട്ട തത്വങ്ങളും അൽപം ചില പ്രസക്തഭാഗങ്ങളും മാത്രം വർണ്ണിക്കുന്നതാണ് മിശ്രധ്യാനം.

3 - തത്വത്തിനു മാത്രം പ്രസക്തിയുള്ളവയാണ് നിരാകാരധ്യാനങ്ങൾ.

ധ്യാനസ്ഥാനങ്ങൾ

ഹൃദയപത്മകർണ്ണികയിലും സൂര്യമണ്ഡലത്തിലും ചന്ദ്രമണ്ഡലത്തിലും അഗ്നിമണ്ഡലത്തിലും പ്രതിമയിലും ഇഷ്ടദേവതയെ ധ്യാനിക്കാം .

ഇതിൽ ഹൃദയപത്മമാണ് പ്രഥമഗണനീയവും സുപ്രധാനവും. ഈ സങ്കൽപത്തെ കുറിച്ച് മനസ്സിലാക്കുന്നത് യോഗയവും യുക്തവുമായിരിക്കും. ഈ സംവിധാനത്തിൽ ഹൃദയത്തെ പത്മത്തോടാണ് ഉപമിച്ചിരിക്കുന്നത്. താമര സർവ്വദേവതാസാന്നിദ്ധ്യം ഉൾകൊള്ളുന്ന ദൈവീകപുഷ്പം കൂടിയാണ്.

അപ്രമേയവും ഉദാത്തവൽക്കരിപ്പെട്ടതുമായ ഹൃദയപത്മം സങ്കല്പാധിഷ്ഠിതമാണെങ്കിലും കൂടി ആരാധനവിഷയമത്രെ. ആനന്ദകന്ദായ നമഃ, ജ്ഞാനനാളായ നമഃ, വൈരാഗ്യപത്രായ നമഃ, സൗഭാഗ്യ കേസരായ നമഃ, ഐശ്വര്യ കർണ്ണികായ നമഃ, എന്നിങ്ങനെ പത്മത്തിന്റെ എല്ല ഭാഗങ്ങളും അർച്ചന യോഗ്യം തന്നെ. ഇങ്ങനെയുള്ള ഹൃദയപത്മത്തിലാണ് ജീവചൈതന്യത്തെ ധ്യാനിക്കുവാൻ പറയുന്നത്.

ആനന്ദമാകുന്ന (ബ്രഹ്മം) കിഴങ്ങോടും ജ്ഞാനമാകുന്ന തണ്ടോടും കൂടിയ ഹൃദയപത്മത്തിൽ പ്രദീപകലികാസ്വരൂപത്തിൽ ജീവസ്വരൂപത്തെ ധ്യാനിക്കൂ.

മന്ത്രജപത്തെ ഫലവത്താക്കുന്ന ധ്യാനയോഗത്തെ പറയുന്നു.

സൂക്ഷമവും ജ്യോതിർമയവുമായ ജീവചൈതന്യത്തെ ഹൃദയത്തിൽ ചിന്തിക്കണം, മറ്റൊന്നും ചിന്തിക്കാതെയുള്ള ഈ അവസ്ഥ ഐശ്വര്യപൂർണമാണ് ഹൃദയം പത്മകണികയിൽ സദാ ശോഭിച്ചു കൊണ്ടിരിക്കുന്നതും കടമ്പിൻ പൂവിന്റെ ആകൃതിയ്ക്കൊത്തതും (ദീപനാളം പോലെ) ജ്യോതിർമ്മയിയായ സജീവചൈതന്യത്തെ ധ്യാനിക്കണം . ആ ജീവചൈതന്യത്തിൽ നിന്നും ബഹിർഗമിക്കുന്ന തേജസ്സ് സർവ്വനാഡീ പടലങ്ങളിൽ കൂടിയും പ്രസരിക്കുന്നതായി ഭാവിക്കണം. ഇപ്രകാരമുള്ള ജപധ്യാനനിരതനായ സാധകൻ മന്ത്രജന്യമായ പരമഫലം (സിദ്ധി) അനുഭവിക്കുന്നു

ധ്യാനം പരിപൂർണ്ണമാവുന്നത്....

ഭാവത്തിലാണ് സധകന്റെ ചിത്തം ലയിക്കേണ്ടത്. മന്ത്രമൂർത്തിയുടെ ഭാവം ഉൾക്കൊള്ളുക നിമിത്തം അതു തന്റെ ഭാവമായി തീരുന്നു. ഇപ്രകാരം ഭാവത്തിൽ അലിഞ്ഞു ചേരുന്ന പ്രക്രിയ ലയം എന്നറിയപ്പെടുന്നു. സ്വന്തം ആത്മാവിങ്കൽ മനസ്സിനെ ലയിപ്പിക്കുന്നതണ് ലയം എന്ന്  പറയുന്നത് . " മോക്ഷമാത്മമനോലയം".

ഭവത്തിൽ അലിഞ്ഞലിഞ്ഞ് ധ്യാതാവും ധ്യേയവും ഒന്നായിത്തീരുന്നു. ഈ സമയം ധ്യാതാവ് ശുദ്ധസത്വചൈതന്യം മാത്രമായി വർത്തിക്കുന്നു. സച്ചിസാനന്ദസ്വരൂപമായ ഈ അവസ്ഥയാണ് ധ്യാനത്തിന്റെ പരമകാക്ഷം. മനുഷ്യ മനസ്സിന്റെ ഭാവനചെയ്യുവാനും അനന്തമായി വികാസം ഉള്ള കഴിവിനെ ഈശ്വരോത്മുഖമാക്കുകയും വികസിപ്പിക്കുകയും ചെയ്യുമ്പോഴാണ്, ധ്യാനം എന്ന പ്രക്രിയ സഫലവും പരിപൂർണ്ണവും ആകുന്നത്...

No comments:

Post a Comment