മനുഷ്യജന്മം ശ്രേഷ്ഠ ജന്മമോ...?
ശ്രീ വൈകുണ്ഠം... സാക്ഷാൽ പരമാനന്ദമൂർത്തിയായ ഭഗവാൻ മഹാവിഷ്ണുവിന്റെ വാസസ്ഥാനം. ഉജ്ജ്വലിക്കുന്ന കോടി സൂര്യൻമാരെപ്പോലെ തിളങ്ങുന്ന കിരീടകടകഹാരാദികളാലും, ശ്രീവത്സത്താലും, ശോഭയേറിയ കൗസ്തുഭരത്നത്താലും, തൂമന്ദഹാസം പൊഴിച്ച് പ്രസന്നമായിരിക്കുന്ന മുഖകാന്തിയാലും ശംഖ്ചക്രഗദാപത്മങ്ങളേന്തിയ കൈകളാലും, താമരപ്പൂവിനൊത്ത പാദങ്ങളാലും, മറ്റൊന്നിനോടും ഉപമിക്കാനാവാത്ത അതി മനോഹാരിതയോടും കൂടി പരിശോഭിതനായി വിളങ്ങി നിൽക്കുന്ന കായാമ്പൂവർണ്ണൻ പാലാഴിയിൽ അനന്തന്റെ മേലെ ശയിക്കുകയാണ് !! ഐശ്വര്യത്തിന്റെ നിറകുടമായ ലക്ഷ്മീദേവിയും സർവ്വാഭരണ വിഭൂഷിതയായി ഭഗവാനോടൊപ്പം തന്നെയുണ്ട് !!
ഭഗവാനോടൊത്ത് പലതും പറഞ്ഞ് സന്തോഷമായി ഇരിക്കുന്ന അവസരത്തിലാണ് ലക്ഷ്മീദേവിയുടെ മനസ്സിൽ ഒരു സംശയം തോന്നിയത്. "ഭഗവാനെ !! അങ്ങയുടെ പ്രേരണയാൽ ബ്രഹ്മാവാണല്ലൊ ഈ പ്രപഞ്ചത്തിലെ സൃഷ്ടികളെല്ലാം നടത്തിയത്!അതിൽ തന്നെ മനുഷ്യജന്മം ആണല്ലൊ ഏറ്റവും ഉൽകൃഷ്ടമായത് !! അങ്ങ് അതിൽ സംതൃപ്തനല്ലെ? ഇത്രയും വിവേചനബുദ്ധിയും, സ്വയം ചിന്തിക്കാനും, വകതിരിവോടെ കാര്യങ്ങൾ നടപ്പിലാക്കാനും, അങ്ങയെ നിരന്തരം ധ്യാനിച്ച് മോക്ഷം നേടുവാനും എല്ലാം കഴിയുന്ന ഒരു ജന്മം മനുഷ്യന് മാത്രമല്ലെ അങ്ങ് നൽകിയിട്ടുള്ളത്? അങ്ങേയ്ക്ക് അതിൽ ഇപ്പോൾ സന്തോഷം തോന്നുന്നില്ലെ?"
ലക്ഷ്മീദേവിയുടെ ഇത്തരത്തിലുള്ള ഒരു ചോദ്യം കേട്ട ഭഗവാനാവട്ടെ മറുപടി ഒന്നും പറയാതെ മൗനം പാലിച്ചിരിക്കുകയാണുണ്ടായത്! ഭഗവാനിൽ നിന്നും പ്രതീക്ഷിച്ച മറുപടി ഒന്നും കിട്ടാഞ്ഞപ്പോൾ, ലക്ഷ്മീദേവിയാകട്ടെ, ഭഗവാന്റെ താമരപ്പൂ പോലെ സുന്ദരമായ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കി! എപ്പോഴും പുഞ്ചിരി തൂകിക്കൊണ്ടിരിക്കുന്ന ഭഗവാന്റെ മുഖത്തിന് ചെറുതായി ഒരു മങ്ങലേറ്റുവോ? ലക്ഷ്മീദേവിക്ക് ഉൽക്കണ്ഠയായി!
"എന്തുപറ്റി ഭഗവാനെ? ഞാൻ ചോദിച്ചതിൽ എന്തെങ്കിലും അപാകത ഉണ്ടായോ? അങ്ങ് എന്താണ് പതിവില്ലാത്ത വിധം ദുഃഖിതനായത്?"
ദേവിയുടെ ചോദ്യത്തിനുത്തരമായി ഭഗവാൻ പറഞ്ഞു: "ഭവതി! നമുക്ക് നമ്മുടെ വിവിധ സൃഷ്ടികളുടെ സ്വഭാവ വിശേഷങ്ങൾ ഒന്ന് വിശകലനം ചെയ്തു നോക്കാം! എന്റെ കൂടെ വരൂ! നമുക്ക് ഓരോ സൃഷ്ടിയെയും വിശദമായി പരിശോധിക്കാം!
ലക്ഷ്മീ സമേതനായ ഭഗവാൻ ഓരോ സൃഷ്ടിയുടെയും കർമ്മ രീതികളും, വിശേഷങ്ങളും പരിശോധിക്കാൻ തുടങ്ങി!
ആദ്യം മനുഷ്യരുടെ വിശേഷങ്ങൾ തന്നെയാവട്ടെ! കാരണം പുഴുവായും, പൂച്ചയായും, കൃമിയായും, കീടമായും പല പല ദുരിതജന്മങ്ങൾ കഴിഞ്ഞ് കിട്ടുന്ന അപൂർവ്വ ഭാഗ്യജന്മമാണല്ലൊ മനുഷ്യന്റേത്. അതും ഈ കലിയുഗത്തിൽ മനുഷ്യനായി പിറക്കുകയെന്നതിൽ പരം പുണ്യം ലഭിക്കാനുമില്ല, കാരണം നാമജപത്താൽ തന്നെ ഈ കലിയുഗത്തിൽ മനുഷ്യന് മോക്ഷപ്രാപ്തി നേടാൻ സാധ്യമാണല്ലൊ!
വളരെയധികം ആവേശത്തോടെ മനുഷ്യരുടെ ഇടയിലെത്തി, അവരുടെ ചെയ്തികൾ ഓരോന്നായി കണ്ടപ്പോൾ ലക്ഷ്മീദേവി ആകെ പരവേശത്തിലായി! "ഭഗവാനെ! എന്താണിത്? എന്താണ് ഞാൻ കാണുന്നത് ? ഇത്രയും മഹത്തായ പുണ്യജന്മം കിട്ടിയിട്ട് ഇവർ അതിന്റെ മഹത്വമറിയാതെ സ്വന്തം ജന്മം പാഴാക്കി കളയുകയാണല്ലൊ! രാഷ്ട്രീയത്തിന്റെ പേരിലും, ഒരു തുണ്ട് ഭൂമിയുടെ പേരിലും, സ്ത്രീധനത്തിന്റെ പേരിലും, മതത്തിന്റെ പേരിലും എന്തിനേറെ പറയുന്നു ഒരമ്മയുടെ മക്കൾ തന്നെ നിസ്സാര കാരണങ്ങൾക്ക് തമ്മിൽ വഴക്കും, ദ്വേഷ്യവും, കൊല്ലും കൊലയും നടക്കുകയാണല്ലൊ! പലവിധത്തിലുള്ള പീഡനങ്ങളും, ചതിയും, വഞ്ചനയും ആണല്ലൊ ഇവരിൽ മിക്കവരുടെയും മുഖമുദ്ര! പരസ്പര സ്നേഹവും, വിശ്വാസവും, സഹായ സഹകരണവും, ഈശ്വരവിശ്വാസവും എല്ലാ സദ്ഗുണങ്ങളും ഇവരിൽ നിന്ന് നഷ്ടപ്പെട്ടു പോയല്ലൊ ഭഗവാനെ! ഇത്രയും പുണ്യമേറിയ ഒരു ജന്മം കിട്ടിയിട്ടും ഇവർ അതിന്റെ വിലയറിയാതെ പാഴാക്കി കളയുകയാണല്ലൊ ഭഗവാനെ !! ഇങ്ങിനെയുള്ള സ്ഥലത്ത് എനിക്ക് അധികം സമയം തങ്ങാനാവില്ല ഭഗവാനെ !! സദ്ഗുണങ്ങളുള്ളിടത്തല്ലെലക്ഷ്മിക്ക് വസിക്കാൻ കഴിയൂ ! ലക്ഷ്മി ഉള്ളിടത്ത് ഭഗവാനും കൂടെ ഉണ്ടാവുമല്ലൊ! നമുക്ക് പറ്റിയ സ്ഥലമല്ല ഇത് ,നമുക്ക് വേഗം തന്നെ വൈകുണ്ഠത്തിലേക്ക് തിരിച്ചുപോകാം !! അങ്ങയുടെ മുഖകമലം വാടിയതിന്റെ പൊരുൾ എനിക്ക് ഇപ്പോൾ മനസ്സിലാവുന്നുണ്ട് പ്രഭോ!! "
"ദേവീ !അല്പം കൂടി ക്ഷമിക്കൂ! നമുക്ക് നമ്മുടെ മറ്റു സൃഷ്ടികളെ കൂടി നിരീക്ഷിച്ചിട്ട് പോകാം !! വൃക്ഷങ്ങളെയും, ചെടികളെയും നോക്കൂ! അവർ പക്ഷിമൃഗാദികൾക്കും, മനുഷ്യർക്കും തണലേകുന്നതും, തങ്ങളുടെ കായ്കനികൾ അവർക്ക് ഭക്ഷിക്കാനായി കൊടുക്കുന്നതും ഒരു പ്രതിഫലവും കാംക്ഷിച്ചല്ല. അതു പോലെ പക്ഷികളാകട്ടെ, മൃഗങ്ങളാവട്ടെ അവർക്ക് വിശപ്പിന് വേണ്ട ആഹാരവും, താമസിക്കാൻ ഒരു കുഞ്ഞു പാർപ്പിടവും മാത്രം സ്വന്തം അദ്ധ്വാനത്താൽ നേടുമെന്നല്ലാതെ, മനുഷ്യരെപ്പോലെ മറ്റുള്ളവരുടെത് കൈക്കലാക്കാനോ, പ്രകൃതിയെ നശിപ്പിക്കാനോ അവർ മിനക്കെടാറില്ല! അവർക്ക് വിശേഷബുദ്ധി നൽകിയിട്ടില്ലെങ്കിലും, വിശേഷബുദ്ധി ഉണ്ടെന്ന് അഹങ്കരിക്കുന്ന മനുഷ്യരെ പോലെ ഇവരൊന്നും തന്നെ അധഃപതിച്ചിട്ടില്ല".
"പ്രകൃതി തന്നെ ഈശ്വരനാണ് എന്ന് തിരിച്ചറിവുണ്ടായിട്ടും, ഭാവി തലമുറയ്ക്കു വേണ്ടി ഈ പ്രകൃതിയെ തനതായി നിലനിർത്തണമെന്നറിയാമായിരുന്നിട്ടും, അറിയാത്ത ഭാവം നടിച്ച് പ്രകൃതിയെ നശിപ്പിച്ചു കൊണ്ടിരിക്കുന്നത് ബുദ്ധിയുണ്ടെന്ന് നമ്മൾ അഭിമാനിക്കുന്ന മനുഷ്യൻ തന്നെയല്ലെ? മഴ വന്നാലും വെയിൽ വന്നാലും, അതിനെയും ശപിക്കുന്നത് അവൻ തന്നെ! നാശം പിടിച്ച മഴയെന്നോ, നശിച്ച ചൂടെന്നോ പറയുന്ന അവനറിയില്ലെ ഈ ചൂടും, മഴയും ഒന്നുമില്ലെങ്കിൽ പ്രകൃതിയ്ക്കും, അവനും നിലനിൽപ്പില്ലെന്ന് !! ഇതൊന്നുമറിയാത്ത വിവേചനബുദ്ധിയില്ലാത്ത പക്ഷിമൃഗാദികളും,വൃക്ഷലതാദികളും പ്രകൃതിയുടെ ഓരോ ഭാവത്തെയും പൂർണ്ണ തൃപ്തിയോടെ സ്വീകരിച്ചുകൊണ്ട്, സന്തോഷത്തോടെ ഉൾക്കൊണ്ടു കൊണ്ട്, തങ്ങളുടെ നിയതമായ കർമ്മങ്ങൾ അനുഷ്ഠിച്ചു കൊണ്ട് അതിനൊപ്പം തന്നെ ജീവിക്കുന്നത് നോക്കൂ!! പരസ്പരം സഹായിച്ചും, സഹകരിച്ചുമാണ് അവർ ജീവിക്കുന്നത്, മനുഷ്യൻ മറക്കുന്നതും അതുതന്നെയാണ്"
"ദേവീ ! എനിക്കിപ്പോൾ മനുഷ്യജന്മത്തെയോർത്ത് സന്തോഷമല്ല തോനുന്നത്, മറിച്ച് അവരുടെ അധർമ്മാനുഷ്ഠാനങ്ങൾ നിമിത്തം ഭൂമിയുടെ സ്ഥിതിയെന്തായിത്തീരും എന്ന ആകുലതയാണ് എന്നെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്നത്! ദുർല്ലഭമായതും, മഹത്വമേറിയതുമായ മനുഷ്യജന്മം കിട്ടിയിട്ടും, വരുംതലമുറയെ പറ്റി ഒരു നിമിഷം പോലും ചിന്തിക്കാതെ, സഹജീവികളെ ഒരിക്കൽ പോലും സ്നേഹിക്കാതെ, പരസ്പരം പോരടിച്ചും, നശിപ്പിച്ചും, തന്റെ സ്വാർത്ഥലാഭത്തിനായി പ്രകൃതിക്ക് മുഴുവൻ നാശം വരുത്തിയും , ജന്മം പാഴാക്കി കളയുന്നവരെയോർത്ത് വ്യാകുലപ്പെട്ട മനസ്സോടെ ഭഗവാൻ ലക്ഷ്മീദേവിയോടൊപ്പം തന്റെ വാസസ്ഥാനത്തേക്ക് മടങ്ങി !!
No comments:
Post a Comment