ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

4 December 2019

യോഗശാസ്ത്രം

യോഗശാസ്ത്രം

അതിപുരാതനകാലം മുതല്‍ ഈ ഭാരതവര്‍ഷത്തില്‍ പ്രചാരത്തില്‍ ഇരിക്കുന്ന സമ്പ്രദായമാണ് യോഗം. അത് ദര്‍ശനശാസ്ത്രമെന്ന നിലയില്‍ സൂത്രരൂപത്തില്‍ നിബന്ധിച്ചത് പതഞ്ജലിമഹര്‍ഷിയാണ്. ശ്രീവ്യാസന്‍, ഭോജരാജാവ്, വാചസ്പതിമിശ്രന്‍ മുതലായ മഹാപുരുഷന്മാര്‍ പാതഞ്ജലയോഗസൂത്രങ്ങളുടെ ഭാഷ്യാദിവ്യാഖ്യാനങ്ങള്‍കൊണ്ട് യോഗശാസ്ത്രത്തെ വിപുലമാക്കിയിട്ടുണ്ട്. ഭാരതീയങ്ങളായ മറ്റു ദര്‍ശനങ്ങളുടേതെന്ന പോലെ യോഗദര്‍ശനത്തിന്റെയും പരമലക്ഷ്യം മനുഷ്യനെ അനര്‍ത്ഥങ്ങളില്‍നിന്നു നിവര്‍ത്തിപ്പിച്ചു പരമാനന്ദത്തിലെത്തിക്കുകയാണ്. അതിനുള്ള മുഖ്യമായ ഉപായം ചിത്തനിരോധനരൂപമായ സമാധിയാണെന്നു പതഞ്ജലിമഹര്‍ഷി അനുശാസിക്കുന്നു.

ഇക്കാണപ്പെടുന്ന പ്രപഞ്ചം പ്രകൃതിയെന്നും പുരുഷനെന്നും രണ്ടു മൂലതത്വങ്ങള്‍ ചേര്‍ന്നുണ്ടായതാണെന്നത്രേ യോഗശാസ്ത്രസിദ്ധാന്തം. പുരുഷന്‍ നിര്‍ഗ്ഗുണനും നിര്‍വികാരനും ചേതനനും നിത്യനും അനേകനും ആണെന്നും പ്രകൃതി സഗുണവും വികാരിയും ജഡവും നിത്യവും ഏകവുമാണെന്നും യോഗശാസ്ത്രത്തില്‍ പ്രതിപാദിച്ചിരിക്കുന്നു. പുരുഷന്റെ സംയോഗംനിമിത്തം ത്രിഗുണാത്മികയായ പ്രകൃതി മഹത്തത്വം അഹങ്കാരതത്വം തുടങ്ങി ഇരുപത്തിമൂന്നു തത്വങ്ങളായി പ്രപഞ്ചരൂപത്തില്‍ പരിണമിച്ച് ആ പുരുഷനെ ബദ്ധനാക്കിത്തീര്‍ക്കുന്നു. ചിത്തമായി പരിണമിച്ച പ്രകൃതിയില്‍ പ്രതിഫലിച്ച ജീവന്‍ ആ ചിത്തവൃത്തികളോട് താദാത്മ്യപ്പെട്ട് അതിന്റെ ധര്‍മ്മങ്ങളെല്ലാം തന്‍േറതാണെന്നു തെറ്റിദ്ധരിച്ചാണ് ബദ്ധനായും ദുഃഖിയായും തീരുന്നത്. അതുകൊണ്ട്, സര്‍വദുഃഖത്തിനും കാരണം പ്രകൃതിയേയും പുരുഷനേയും വേര്‍തിരിച്ചറിയുവാന്‍ പാടില്ലായ്മയാണ് എന്ന് യോഗികള്‍ വിശ്വസിക്കുന്നു. ചേതനനായ പുരുഷനോടുള്ള താദാത്മ്യസംബന്ധംകൊണ്ട് പ്രകൃതിവികാരമായ ചിത്തവും സചേതനമായി പ്രതിഭാസിക്കുന്നു. അതിനാല്‍ അവിദ്യ, അസ്മിത, രാഗം, ദ്വേഷം, അഭിനിവേശം ഇങ്ങനെ അഞ്ചുവിധത്തിലുള്ള ക്ലേശങ്ങള്‍ പുരുഷന്‍ അനുഭവിക്കേണ്ടിവരുന്നു.

അനിത്യമായ ഈ ദൃശ്യപ്രപഞ്ചത്തെ നിത്യമായും, മലമൂത്രരക്തമാംസപൂയാദിസങ്കുലവും അശുചിയുമായ ദേഹത്തെ ശുചിത്വമുള്ളതായും, ദുഃഖപ്രദമായ വിഷയാനുഭവങ്ങളെ സുഖപ്രദമായും,ശരീരേന്ദ്രിയാദികളായ അനാത്മപദാര്‍ത്ഥങ്ങളെ ആത്മാവായും തെറ്റിദ്ധരിച്ചിരിക്കുന്നതാണ് അവിദ്യ. ഈ അവിദ്യതന്നെയാണ് മറ്റുള്ള ക്ലേശങ്ങള്‍ക്കെല്ലാം മൂലകാരണമായിരിക്കുന്നതും. എല്ലാ വിഷയങ്ങളേയും അറിയുന്ന പുരുഷനും ആ അറിവിനുള്ള കരണങ്ങളായ മനസ്സ്, ബുദ്ധി,ചിത്തം, ജ്ഞാനേന്ദ്രിയങ്ങള്‍ മുതലായവയും ഒന്നാണെന്നുള്ള ബോധമാണ് അസ്മിത. ഈ അസ്മിതകൊണ്ടാണ് ഞാന്‍ ബുദ്ധിമാന്‍, ഞാന്‍ ചിന്തകന്‍, ഞാന്‍ മന്ദന്‍ എന്നിങ്ങനെയുള്ള അന്തഃകരണധര്‍മ്മങ്ങളും,ഞാന്‍ കാണുന്നവന്‍, ഞാന്‍ കേള്‍ക്കുന്നവന്‍, ഞാന്‍ ബധിരന്‍, ഞാന്‍ കുരുടന്‍ ഇപ്രകാരമുള്ള ഇന്ദ്രിയ ധര്‍മ്മങ്ങളും, ഞാന്‍ തടിച്ചവന്‍, ഞാന്‍ മെലിഞ്ഞവന്‍ തുടങ്ങിയുള്ള ദേഹധര്‍മ്മങ്ങളും പുരുഷനില്‍ അഭിമാനരൂപത്തില്‍ അടിയുറച്ചു നില്ക്കുന്നത്. സുഖംതോന്നുന്ന വിഷയങ്ങളിലേക്കു മനസ്സ് കുതിച്ചു ചെല്ലുന്നു. സുഖപ്രദങ്ങളെന്നു കരുതുന്ന വസ്തുവിേലുള്ള മനസ്സിന്റെ പറ്റുമാനമാണ് രാഗം. ദുഃഖിപ്പിക്കുന്ന വിഷയങ്ങളിലുള്ള വൈമുഖ്യമാണ് ദ്വേഷം. സ്വഭാവേന തുര്‍ന്നുകൊണ്ടിരിക്കുന്ന ജീവിതാശ അഭിനിവേശമാകുന്നു.

ഈ ക്ലേശങ്ങള്‍ അന്തഃകരണത്തില്‍ വൃത്തിരൂപത്തിലാണു പ്രകടമാകുന്നത്. സര്‍വ്വചിത്തവൃത്തികളേയും പ്രമാണം, വിപര്യയം, വികല്പം, നിദ്രാ, സ്മൃതി ഇങ്ങനെ അഞ്ചുപ്രകാരത്തില്‍ യോഗശാസ്ത്രം വ്യവച്ഛേദിച്ചിരിക്കുകയാണ്. തെറ്റിപ്പോകാത്ത വാസ്തവബോധത്തെ ഉളവാക്കുന്ന അന്തഃകരണവൃത്തികളാണ് പ്രമാണങ്ങള്‍. ഇന്ദ്രിയങ്ങളും വിഷയങ്ങളുമായിട്ടുള്ള സംസര്‍ഗ്ഗംകൊണ്ടുണ്ടാകുന്ന പ്രത്യക്ഷാനുഭവങ്ങളും ലക്ഷണത്തെവച്ചുകൊണ്ട് ലക്ഷ്യത്തെ അറിയുന്ന അനുമിതിബോധവും ശാസ്ത്രവാക്യങ്ങള്‍കൊണ്ടും യഥാര്‍ത്ഥവക്താക്കളായ ആചാര്യന്മാരുടെ വചനങ്ങള്‍കൊണ്ടും ഉണ്ടാകുന്ന ശാബ്ദബോധവും ആണ് പ്രത്യക്ഷമെന്നും അനുമാനമെന്നും ആഗമമെന്നും പറയുന്ന വൃത്തികള്‍. കയറിനെക്കണ്ടിട്ടു പാമ്പാണെന്നു ധരിക്കുന്നതുപോലെ ഒരു വസ്തുവിനെ മറ്റൊന്നായി ബോധിക്കുന്നതാണ് വിപര്യയവൃത്തി. ഒരു ശബ്ദം കേള്‍ക്കുമ്പോള്‍ അതിന്റെ അര്‍ത്ഥം ശരിയായി മനസ്സിലാക്കാതെ നിരര്‍ത്ഥകമായ എന്തെങ്കിലും തീര്‍ച്ചയാക്കുന്ന വൃത്തി വികല്പമാണ്. ശൂന്യമായ ജ്ഞാനത്തെ അവലംബിച്ചുവരുന്ന അന്തഃകരണവൃത്തി നിദ്രയാകുന്നു. ഉണരുമ്പോള്‍ ഇതുവരെ ഉറങ്ങുകയായിരുന്നു എന്നു നാം അറിയുന്നുണ്ട്. പ്രത്യക്ഷാനുഭവത്തെ ആശ്രയിച്ചുമാത്രമേ സ്മരണയുണ്ടാവുകയുള്ളൂ. പ്രത്യക്ഷമായിക്കാണാത്തതിന്റെ സ്മരണ നമുക്കൊരിക്കലുമുണ്ടാകുന്നതല്ല. പക്ഷേ, ഉണരുമ്പോള്‍ ഉറക്കത്തിന്റെ സ്മരണ നമുക്കുണ്ടാകുന്നു. അതുകൊണ്ട്, ഉറങ്ങുന്നകാലത്തും ചിത്തത്തില്‍ ഒരുതരം വൃത്തി ഉണ്ടായിരുന്നു എന്നാണ് യോഗശാസ്ത്രം പറയുന്നത്. ആ വൃത്തിയാണ് നിദ്ര. അനുഭവിച്ചിട്ടുള്ള വിഷയങ്ങളില്‍ ഏറ്റക്കുറിലുകൂടാതെയുള്ള തോന്നല്‍ സ്മൃതി (ഓര്‍മ്മ) എന്ന വൃത്തിയാകുന്നു.

ഈ വൃത്തികളില്‍ ചിലതെല്ലാം ദുഃഖത്തെ ഉളവാക്കുന്നതും ചിലതെല്ലാം ഉളവാക്കാത്തതുമാണ്. യോഗശാസ്ത്രത്തില്‍ വിധിക്കപ്പെട്ടിട്ടുള്ള അഭ്യാസംകൊണ്ടും വൈരാഗ്യംകൊണ്ടുമാണ് ചിത്തവൃത്തികളെ നിരോധിക്കേണ്ടത്. അങ്ങനെ ചിത്തവൃത്തികള്‍ നിരോധിക്കപ്പെടുമ്പോള്‍ പുരുഷന്‍ ആത്മാവ് അതിന്റെ സ്വന്തരൂപത്തില്‍, നിത്യശുദ്ധുദ്ധമുക്ത സ്വരൂപത്തില്‍, പ്രകാശിക്കും. അല്ലാത്തപ്പോള്‍ ചിത്തവൃത്തികളോടു താദാത്മ്യപ്പെട്ട് അവയുടെ ധര്‍മ്മങ്ങള്‍ ഏറ്റെടുത്ത് സംസാരിയായിത്തീരുക നിമിത്തം പുരുഷന് സ്വന്തരൂപത്തില്‍ പ്രകാശിക്കുവാന്‍ സാധിക്കുന്നില്ല. ശാസ്ത്രജ്ഞാനംകൊണ്ടും അഭ്യാസബലം കൊണ്ടും പുരുഷന്റെ യഥാര്‍ത്ഥസ്വരൂപം അനുഭവപ്പെടുമ്പോള്‍ പ്രകൃതിയുടെ പറ്റുമാനത്തില്‍നിന്നെല്ലാം വിട്ട് ആ പുരുഷന്‍ കൈവല്യം പ്രാപിക്കുന്നു.

യോഗമാര്‍ഗ്ഗത്തിന് മന്ത്രയോഗം, ലയയോഗം, ഹഠയോഗം, രാജയോഗം ഇങ്ങനെ നാലു ശാഖകള്‍ ഉണ്ട്. അവയില്‍ പ്രണവം പഞ്ചാക്ഷരം മുതലായ മന്ത്രങ്ങള്‍, ഗുരൂപദേശമനുസരിച്ച്, കേവലകുംഭകം ചെയ്ത് മനസ്സുകൊണ്ട് ജപിച്ച് മനോവൃത്തികളെ നിയന്ത്രിക്കുന്നത് മന്ത്രയോഗവും, പ്രാണനേയും വൃത്തികളേയും യോജിപ്പിച്ച് ചിത്തത്തെ ആത്മാവായി ധ്യാനിക്കുമ്പോള്‍ അനുഭവപ്പെടുന്ന നാദബ്രഹ്മത്തില്‍ ആ ചിത്തത്തെ ലയിപ്പിക്കുന്നത് ലയയോഗവും, യമനിയമാദികളായ യോഗാംഗങ്ങള്‍കൊണ്ട് കേവലകുംഭകം ഉറപ്പിച്ച് ആ കുംഭകം കൊണ്ട് പ്രാണനെ നിരോധിക്കുന്നത് ഹഠയോഗവും, മന്ത്രയോഗസമാധിയിലും ലയയോഗസമാധിയിലും ഹഠയോഗസമാധിയിലും അനുഭവരൂപമായി പ്രകാശിക്കുന്നത് ഈശ്വരന്റെ ബ്രഹ്മസ്വരൂപമാണെന്നറിഞ്ഞ് നിര്‍വ്വികല്പകഭാവത്തില്‍ ഇരിക്കുന്നത് രാജയോഗവുമാണെന്ന് ശിവയോഗപ്രദീപിക മുതലായ ഗ്രന്ഥങ്ങളില്‍ പറയുന്നു . ഈ നാലു ശാഖകള്‍ക്കും യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നീ എട്ടംഗങ്ങളും സാമാന്യം ഒരു പോലെയാണ്.

രോഗം, മനസ്സിന്റെ പ്രവര്‍ത്തനരാഹിത്യം, സംശയം, സമാധിസാധകങ്ങളായ അഭ്യാസങ്ങള്‍ ചെയ്യാതിരിക്കുക, മനസ്സിനും ശരീരത്തിനും ഭാരംതോന്നുക, വിഷയങ്ങളില്‍ ഇച്ഛയുണ്ടാവുക, മിഥ്യാപ്രത്യക്ഷമുണ്ടാകുക, സമാധിസിദ്ധിക്കാതെവരിക, സമാധിക്കു ഭംഗം നേരിടുക, മുതലായവ സമാധി പ്രതിബന്ധകങ്ങളായ ചിത്തവിക്ഷേപങ്ങളാണ്. അപ്പോള്‍ ക്ലേശവും ഇച്ഛാഭംഗവും, ശരീരത്തിനു ഇളക്കവും ശ്വാസോച്ഛ്വാസപ്രവര്‍ത്തനവും ഉണ്ടായി ചിത്തത്തെ ചലിപ്പിക്കും. അവയെ ഇല്ലാതാക്കുവാനായി ചിത്തത്തെ ഒരേവിഷയത്തില്‍ നിറുത്തി ഏകാഗ്രത സമ്പാദിക്കേണ്ടതാണ്. അതിനുള്ള യോഗാഭ്യാസത്തിന് അഹിംസ, സത്യം, അസ്‌തേയം, ബ്രഹ്മചര്യം,അപരിഗ്രഹം തുടങ്ങിയ ‘യമ’ ങ്ങളും ശൗചം, സന്തോഷം, സ്വാദ്ധ്യായം, ഈശ്വരപ്രണിധാനം മുതലായ ‘നിയമ’ങ്ങളും അവശ്യം അനുഷ്ഠിക്കേണ്ടതാണെന്നു ശാസ്ത്രങ്ങള്‍ അനുശാസിക്കുന്നുണ്ട്. സ്ഥിരമായും സുഖമായുമുള്ള ഇരിപ്പിനാണ് പതഞ്ജലിമഹര്‍ഷി ആസനമെന്നു പറയുന്നത്. നട്ടെല്ലുനേരേ ഇരിക്കത്തക്കവിധം ശരീരത്തേയും ശിരസ്സിനേയും കഴുത്തിനേയും സമമാക്കി, പത്മാസനം മുതലായവ ബന്ധിച്ചുള്ള ഇരിപ്പാണത്. അല്പാല്പമായ പ്രയത്‌നം കൊണ്ടും ആത്മധ്യാനം കൊണ്ടും ആസനം സ്ഥിരവും സുഖകരവും ആയിത്തീരും. കുറച്ചധികസമയം നിരുപദ്രവമായി ആസനം ബന്ധിച്ചിരിക്കാന്‍ കഴിഞ്ഞാല്‍, സുഖം, ദുഃഖം, ശീതം, ഉഷ്ണം മുതലായ ദ്വന്ദങ്ങള്‍ ആ യോഗിയെ ബാധിക്കുകയില്ല. ആസനം ദൃഢമായാല്‍ പ്രാണായാമം പരിശീലിക്കേണ്ടതാണ്.

പൂരകകുംഭകരേചകാഭ്യാസങ്ങള്‍കൊണ്ട് ശ്വാസോച്ഛ്വാസങ്ങളുടെ ഗതിയെ നിരോധിക്കുന്നതിനാണ് യോഗദര്‍ശനത്തില്‍ പ്രാണായാമമെന്നു പറയുന്നത്. ആ നിരോധനം കൊണ്ട് പ്രകാശരൂപമായചിത്തത്തെ ആവരണം ചെയ്തിരിക്കുന്ന ക്ലേശാദിമലങ്ങള്‍ നീങ്ങും. അങ്ങനെയായാല്‍, മനസ്സിനെ ഏകാഗ്രമാക്കാന്‍ എളുപ്പമുണ്ട്. പ്രാണായാമാഭ്യാസത്തില്‍ ഉറപ്പുവന്നാല്‍ പിന്നീടു പ്രത്യാഹാരം പരിശീലിക്കണം. വിഷയമുദ്ര പതിയാത്തവിധം ഇന്ദ്രിയവ്യാപാരങ്ങളെ നിയന്ത്രിച്ച് ചിത്തത്തില്‍ ലയിപ്പിക്കുന്നതിന് പ്രത്യാഹാരമെന്നു പറയാം. മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ, സഹസ്രാരപത്മം ഈ സ്ഥാനങ്ങളില്‍ എവിടെയെങ്കിലും ഒരിടത്തുമാത്രം മനസ്സിനെ സ്ഥിരമായി നിറുത്തുന്നതിനാണ് ധാരണയെന്നു പറയുക. അതായത്, മറ്റു വിഷയങ്ങളെയെല്ലാം വിട്ടിട്ട് ഒരുവിഷയത്തില്‍മാത്രം മനസ്സു പറ്റിപ്പിടിച്ചാല്‍ അത് ധാരണയാകും എന്നു ചുരുക്കം. ആ ധാരണയില്‍ കുറച്ചുസമയം ചിത്തത്തെ നിറുത്താന്‍കഴിഞ്ഞാല്‍ അതാണു ധ്യാനം. ധ്യാനം കൊണ്ടു ധ്യാനിക്കപ്പെടുന്ന വിഷയത്തിന്റെ മാത്രം ആകൃതി കൈക്കൊള്ളുന്ന ചിത്തം - ചിത്തവൃത്തി - സമാധിയാകുന്നു. ധാരണയും ധ്യാനവും സമാധിയും ഒരേ ലക്ഷ്യത്തില്‍ വരുമ്പോള്‍ അതിനു ‘സംയമം’ എന്നുപറയും. ആ സംയമം ഉറച്ചാല്‍ ചിത്തത്തിനു ജ്ഞാനപ്രകാശം വര്‍ദ്ധിക്കുന്നതാണ്. അത് അനേകസിദ്ധികള്‍ക്കു കാരണമാണെന്നു യോഗദര്‍ശനത്തില്‍ പ്രത്യേകം എടുത്തുപറയുന്നുണ്ട്. എല്ലാ വിഷയങ്ങളിലും ഓടിനടക്കുന്ന മനസ്സിന്റെ അവസ്ഥ നശിക്കുകയും ഒരു വിഷയത്തില്‍ മാത്രം സ്ഥിരമായി ഊന്നിനില്ക്കുന്ന അവസ്ഥ ഉണ്ടാകുകയുമാണ് സമാധി. അഭ്യാസതാരതമ്യം കൊണ്ട്, ‘സംപ്രജ്ഞാത’ മെന്നും ‘അസംപ്രജ്ഞാത’ മെന്നും സമാധിയെ രണ്ടായി യോഗദര്‍ശനത്തില്‍ വിഭജിച്ചിട്ടുണ്ട്. അതുതന്നെ ”സബീജ” മെന്നും ‘നിര്‍ബീജ’മെന്നുമുള്ള പേരുകളാലും പറയപ്പെടുന്നു. ഒരു വൃത്തിധാരയെ – ഒരു വിചാരധാരയെ - നിലനിര്‍ത്തി ബാക്കി വൃത്തികളെയെല്ലാം ഇല്ലാതാക്കുന്ന സമാധി - ചിത്തപരിണാമം - ആണ് സംപ്രജ്ഞാതം, സബീജം എന്നെല്ലാം പറയുന്നത്. ആ അവശേഷിച്ച വൃത്തിയെപ്പോലും ഇല്ലാതാക്കി വൃത്തിരഹിതമായിത്തീര്‍ന്ന ചിത്തത്തെ - സമാധിയെ - അസംപ്രജ്ഞാതമെന്നും നിര്‍ബീജമെന്നും പറയും.

നിര്‍ബീജസമാധികൊണ്ട് അവിദ്യാദികളായ ക്ലേശങ്ങളും കര്‍മ്മങ്ങളും നശിച്ച് പുരുഷന്‍ മുക്തനും സ്വതന്ത്രനുമായിത്തീരുന്നു. ഈവിധം പുരുഷനെ സ്വതന്ത്രനാക്കിത്തീര്‍ക്കുന്ന ഉപായമായിട്ടാണ് സമാധിയെ പതഞ്ജലിമഹര്‍ഷി ഉപദേശിച്ചിരിക്കുന്നത്. പക്ഷേ, പലരും അതാണ് ഉപേയമെന്നു തെറ്റിദ്ധരിക്കുന്നു. ”യുജ സമാധൗ” എന്ന ധാതുവില്‍നിന്നുണ്ടായ യോഗശബ്ദത്തിനു ‘സമാധി’ യെന്ന് പതഞ്ജലിമഹര്‍ഷി അര്‍ത്ഥം കല്പിച്ചിരിക്കുന്നു. അതുകൊണ്ടാണദ്ദേഹം ”യോഗശ്ചിത്തവൃത്തിനിരോധഃ” എന്നു യോഗത്തിനു നിര്‍വ്വചനം കൊടുത്തിരിക്കുന്നത്. ഈ ചിത്തവൃത്തി നിരോധം കൊണ്ട് പുരുഷന്‍ പ്രകൃതിയുടെ കെട്ടുപാടുകളില്‍ നിന്നെല്ലാം വിമുക്തനായി സ്വതന്ത്രനായി സ്വരൂപത്തില്‍ സ്ഥിതിചെയ്യുന്നുവെന്നാണ്, ”തദാദ്രഷ്ടുസ്സ്വരൂപേfവസ്ഥാനം” എന്ന യോഗസൂത്രംകൊണ്ട് ആ മഹര്‍ഷിശ്രേഷ്ഠന്‍ കാണിച്ചുതരുന്നത്.

No comments:

Post a Comment