ഗണപതിഹോമത്തിന്റെ വേദാർഥം
ഗണപതിയെക്കുറിച്ചു കേൾക്കാത്തവർ ചുരുങ്ങും. എന്നാൽ പലർക്കും മഹാഗണപതിഭഗവാൻ ആരാണെന്നറിഞ്ഞുകൂടാ. ഭാരതത്തിലുടനീളം എന്തിന് ചില വിദേശരാജ്യങ്ങളിൽ പോലും ഗണപതിയുടെ സാന്നിദ്ധ്യം സജീവമാണ്. എന്തുകൊണ്ടാണ് ഗണപതിക്കിത്രയേറെ പ്രാധാന്യം ലഭിച്ചതെന്നതിനെക്കുറിച്ചു അല്പം ചിന്തിക്കേണ്ടതാണെന്നു തോന്നുന്നു.
കാരണം നാം ഓരോരുത്തരും കട തുടങ്ങുമ്പോൾ വീടു താമസം നടത്തുമ്പോൾ എന്നുവേണ്ട സകലതിന്റെയും തുടക്കത്തിൽ ഗണപതിഹോമം കേരളക്കാരനു പഥ്യമാണ്. ഗണപതിഹോമം എന്ന് കേൾക്കാത്തവർ ചുരുങ്ങും. ഗണപതിയെ ഈ തരത്തിൽ ഉപാസിക്കുമ്പോൾ എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് നാം മനസ്സിലാക്കണം. അർത്ഥമറിയാതെ ഒരു ആചാരണവും നാം പിന്തുടരാൻ പാടില്ല. ഇതായിരുന്നു പ്രാചീനമായ ഋഷിമാരുടെ ഭൗതീകസത്ത.
യുക്തിപൂർവ്വം കാര്യങ്ങളെ ആഗ്രഹിക്കുക വിശ്ലേഷണം ചെയ്യുക. അതിലൂടെ സത്യസത്യനിർണ്ണയം ചെയ്യുക. വേദങ്ങളിലാണ് ഇന്നുകാണുന്ന നിരവധി പ്രസ്താവന കാണാൻ കഴിയുക.
ഋഗ്വേദത്തിലെ രണ്ടാം മണ്ഡലത്തിലാണ് ആദ്യമായി ഗണപതിയെക്കുറിച്ചു പറയുന്നത്. അല്ലാതെ എല്ലാവരും കരുതുന്നതുപോലെ ഋഗ്‌വേദം തുടങ്ങുന്നതുതന്നെ വിഘ്നേശ്വരസ്തുതിയോടെയല്ല. ഋഗ്‌വേദം തുടങ്ങുന്നത് അഗ്നിയേസ്‌തുതിച്ചുകൊണ്ടാണ്. അപ്പോൾ പിന്നെ അഗ്നിക്ക് ഗണപതിയുടെ ബന്ധം വല്ലതുമുണ്ടോ എന്നേ അന്വേഷിക്കേണ്ടതുള്ളൂ. ഋഗ്വേദത്തിൽ നമുക്ക് വായിക്കാം (ഋഗ്‌വേദം 2 . 23 . 1). ഇവിടെ ഒന്നാമതായി ഗണപതി നിറം അഗ്നിവർണ്ണം, രണ്ടാമതായി ഗണപതിയിൽ എന്ത് നിക്ഷേപിച്ചാലും ദാഹിച്ചു തീരുന്നു. ഇങ്ങനെ നോക്കുമ്പോൾ ഗണപതിക്കും അഗ്നിക്കും തമ്മിൽ ഒട്ടേറെ സമാനതകളുള്ളതായി മനസ്സിലാക്കാം.
വേദങ്ങളിൽ അഗ്നിക്ക് നൽകിയപ്രാധാന്യം വേദാന്തർഗതമായ അഗ്നിവർണ്ണനയും ഏറ്റവും അധികം യോജിക്കുക ഗണപതിഭഗവാനുതന്നെയാണ്. പുകയെ കൊടിയാക്കുകയും അഗ്നിവർണ്ണം വസ്ത്രമാക്കുകയും ചെയ്യുന്നു എന്ന് പറയുമ്പോൾ ആലങ്കാരികമായി ഗണപതി അഗ്നിതന്നെയാണെന്ന് ഉറപ്പിച്ചു പറയുകയാണ് വൈദിക ഋഷികൾ. ഗണപതിഹോമംതന്നെ ഇതിന്റെ കൃത്യമായ ഉദാഹരണമാണ്.
ഹോമം വാസ്തവത്തിൽ ഇഡ പിംഗള നാഡികളിലൂടെ സാധനാമാർഗ്ഗത്തിലൂടെ അനുവർത്തിക്കുന്ന മന്ത്രസ്പന്ദനങ്ങളെ സുഷ്മനയിലേക്കു കൊണ്ടുവരാനുപയോഗിക്കുന്ന ഉപാധിയാണ്. മൂലാധാരം പ്രിത്വീതലത്തിലാണുള്ളത്. അതിന്റെ യന്ത്രരൂപമാണ് ചതുരശ്രം. ഈ ചതുരകുണ്ഡത്തിൽ അഗ്നി ജ്വലിപ്പിക്കുമ്പോൾ കുണ്ഡലിനിയിൽ മൂലാധാര ചക്രത്തിന്റെ പ്രതീകമാണ് കാണാൻ സാധിക്കുന്നത്. കുണ്ഡലിനിയിൽ മന്ത്രസ്പന്ദനങ്ങൾ ചേർക്കുന്നതിന്റെ പ്രതീകമാണ് കുണ്ഡത്തിൽ നെയ്യ് ഒഴിക്കുന്നത്.
കുണ്ഡം എന്നവാക്കുതന്നെ കുണ്ഡലിനിയുമായി ബന്ധപ്പെട്ടതാണ്. മന്ത്രസഹിതം കുണ്ഡത്തിൽ ഹവിസ്സ് അർപ്പിക്കപ്പെടുന്നത് കുണ്ഡലിനി ഉയരാൻ ഏറെ സഹായിക്കും. ഹോമപ്രക്രീയ മൂലാധാരത്തിൽ നിന്ന് കുണ്ഡലിനി അഗ്നി ഉയർന്നുപൊങ്ങുന്നതിന്റെ പ്രതീകമാണ്. ഇതാണ് ഗണപതിഹോമത്തിന്റെ വേദാർത്ഥം.
വിനായകൻ എന്ന ഗണപതിയുടെ പര്യായമെടുക്കുക. യജുർവേദം അവസാനിക്കുന്നത് അഗ്നേ നയ സുപദരായേ എന്ന് പറഞ്ഞുകൊണ്ടാണ് "( 40 . 16 ). അഗ്നി നേർവഴിക്കു നയിച്ചാലും" എന്ന ഈ പ്രാർത്ഥയിൽ വിനായക ശബ്ദത്തിന്റെ എല്ലാർത്ഥങ്ങളും ഉൾക്കൊള്ളുന്നുണ്ട്.
കാഠകസംഹിതയിൽ മറ്റൊരു വചനമുണ്ട്. അഗ്നിർവൈ ദേവാനാം സേനാനി; അർത്ഥം അഗ്നി ദേവന്മാരുടെ സേനാനിയാണ്. "സേന" എന്ന ശബ്ദത്തിന് സമൂഹം, കൂട്ടം, അഥവാ ഗണം എന്നീ അർത്ഥങ്ങളുമുണ്ട്.
No comments:
Post a Comment