ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

4 December 2019

പുരാണ ഉല്പത്തിയും വിഭജനവും

പുരാണ ഉല്പത്തിയും വിഭജനവും

ശ്രുതികളേയും സ്മൃതികളേയും പുരാണങ്ങളേയുമാണല്ലോ ഹിന്ദുക്കള്‍ ധര്‍മ്മവിഷയത്തില്‍ പ്രമാണഗ്രന്ഥങ്ങളായി അംഗീകരിച്ചിരിക്കുന്നത്. ഇവയില്‍ പുരാണങ്ങളെ മാത്രമേ സാമാന്യജനങ്ങള്‍ ധര്‍മ്മവിഷയത്തില്‍ പ്രമാണമായി സ്വീകരിക്കാറുള്ളു. വേദം പരമപ്രമാണമാണെങ്കിലും അതു പഠിക്കുന്നതിനും അതിന്റെ അര്‍ത്ഥം ഗ്രഹിച്ച് വിഹിതകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനും ബ്രാഹ്മണര്‍ക്കു മാത്രമേ അധികാരമുണ്ടായിരുന്നുള്ളു. ബ്രാഹ്മണരില്‍ത്തന്നെയും ബുദ്ധിവികാസം സിദ്ധിച്ച സംസ്‌കാരസമ്പന്നരായ കുറച്ചു പണ്ഡിതന്മാര്‍ മാത്രമാണ് വേദങ്ങളുടെ അര്‍ത്ഥം വേണ്ടതുപോലെ ധരിച്ചിരുന്നതും. ഇതുകൊണ്ട് സമുദായത്തിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും വൈദികജ്ഞാനം സമ്പാദിച്ച് ധാര്‍മ്മികജീവിതം നയിച്ച് ശ്രേയസ്സു നേടാന്‍ അവസരമില്ലാതെവന്നു. ഈ കുറവു പരിഹരിക്കുന്നതിനുവേണ്ടിയാണ് സര്‍വ്വജ്ഞനായ ഭഗവാന്‍ വ്യാസന്‍ പുരാണങ്ങള്‍ നിര്‍മ്മിച്ചത്. വേദങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ള എല്ലാ വിഷയങ്ങളും ലൗകികങ്ങളും ദൈവികങ്ങളുമായ ആഖ്യാനോപാഖ്യാനങ്ങള്‍ വഴി മന്ദബുദ്ധികള്‍ക്കുപോലും നല്ലതുപോലെ മനസ്സിലാകത്തക്കവണ്ണം സരസവും ലളിതവുമായ ഭാഷാരീതിയില്‍ വിസ്തരിച്ചു പ്രതിപാദിക്കുന്ന ഗ്രന്ഥസമൂഹമാണു പുരാണങ്ങള്‍. മഹാപുരാണമെന്നും ഉപപുരാണമെന്നും അവയ്ക്ക് രണ്ടു ശാഖകളുണ്ട്. സര്‍ഗ്ഗം, വിസര്‍ഗ്ഗം, സ്ഥാനം, പോഷണം, ഊതി, മന്വന്തരങ്ങള്‍, ഈശാനുകഥ, നിരോധം, മുക്തി, ആശ്രയം ഇങ്ങനെ പത്തു ലക്ഷണങ്ങളോടുകൂടിയവ മഹാപുരാണങ്ങളും സര്‍ഗ്ഗം, പ്രതിസര്‍ഗ്ഗം, വംശം, മന്വന്തരങ്ങള്‍, വംശാനുചരിതങ്ങള്‍ ഈ അഞ്ചു ലക്ഷണങ്ങളോടുകൂടിയവ ഉപപുരാണങ്ങളുമാണ്. ബ്രാഹ്മം, പാത്മം, വൈഷ്ണവം, വായവ്യം, ഭാഗവതം, നാരദീയം, മാര്‍ക്കണ്‌ഡേയം, ഭവിഷ്യം, ബ്രഹ്മവൈവര്‍ത്തം, വാരാഹം, ലൈംഗം, സ്‌കാന്ദം, വാമനം, കൗര്‍മ്മം, മാത്സ്യം, ഗാരുഡം, ബ്രഹ്മാണ്ഡം ഇങ്ങനെ പതിനെട്ടു ഗ്രന്ഥങ്ങളാണ് മഹാപുരാണങ്ങളായി ഗണിക്കപ്പെടുന്നത്.

”മദ്വയം ഭദ്വയം ചൈവ ബ്രത്രയം വ ചതുഷ്ടയം
നാലിംപാഗ്നി പുരാണാനി കുസ്‌കം ഗാരുഡമേവ ച”
(അനാപലിംഗകൂസ്‌കാനി പുരാണാനി പൃഥക് പൃഥക്)

എന്നു പതിനെട്ടു പുരാണങ്ങളുടെ നാമങ്ങള്‍ സൂത്രരൂപത്തില്‍ ദേവീഭാഗവതത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. ‘മ’ എന്നാദ്യക്ഷരമുള്ള രണ്ടു പുരാണങ്ങളും (മാത്സ്യം, മാര്‍ക്കണ്‌ഡേയം) ‘ഭ’ എന്ന് ആദ്യക്ഷരമുള്ള രണ്ടു പുരാണങ്ങളും (ഭാഗവതം, ഭവിഷ്യം), ‘ബ്ര’ എന്നാദ്യക്ഷരമുള്ള മൂന്നു പുരാണങ്ങളും (ബ്രഹ്മപുരാണം, ബ്രഹ്മവൈവര്‍ത്തപുരാണം, ബ്രഹ്മാണ്ഡപുരാണം), ‘വ’ എന്ന് ആദ്യക്ഷരമുള്ള നാലു പുരാണങ്ങളും (വരാഹപുരാണം, വായുപുരാണം, വാമനപുരാണം, വിഷ്ണുപുരാണം) ‘ന’ എന്ന് ആദ്യക്ഷരമുള്ള ഒരു പുരാണവും (നാരദീയപുരാണം), ‘ലിം’ ആദ്യക്ഷരമുള്ള ഒരു പുരാണവും (ലിംഗപുരാണം), ‘പ’ എന്ന് ആദ്യക്ഷരമുള്ള ഒരു പുരാണവും (പത്മപുരാണം), അഗ്നി പുരാണവും ‘കൂ’ എന്ന് ആദ്യക്ഷരമുള്ള ഒരു പുരാണവും (കൂര്‍മ്മപുരാണം), ‘സ്‌കം’ എന്ന് ആദ്യക്ഷരമുള്ള ഒരു പുരാണവും (സ്‌കന്ദ പുരാണം) ഗാരുഡപുരാണവും ചേര്‍ന്ന് പതിനെട്ടാണു മഹാപുരാണങ്ങളെന്ന് ഈ ശ്ലോകത്തിൽ നിന്നു മനസ്സിലാക്കാം.

സനത്കുമാരം, നാരസിംഹം, നാരദീയം, ശിവപുരാണം, ദൗര്‍വാസസം, കാപിലം, മാനവം, ഔശനസം, നാന്ദികേശ്വരം, വാരുണം, കാളികം, മാഹേശ്വരം, സാംബം, സൗരം, പാരാശര്യം, കല്ക്കി, മാരീചം, ഭാര്‍ഗ്ഗവം ഇവ പതിനെട്ടും ഉപപുരാണങ്ങളാണ്. ഉപപുരാണങ്ങളെക്കാള്‍ പ്രാമാണ്യവും പ്രാധാന്യവും മഹാപുരാണങ്ങള്‍ക്കാണു കല്പിക്കപ്പെട്ടിട്ടുള്ളത്. മഹാപുരാണങ്ങളെല്ലാം തന്നെ വ്യാസനാണു നിര്‍മ്മിച്ചതെന്നു വിശ്വസിക്കപ്പെടുന്നു. ഇരുപത്തിയെട്ടു വ്യാസന്മാരുടെ കഥ ചില പുരാണങ്ങളില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഓരോ ചതുര്യുഗത്തിലും ഉള്ള ദ്വാപരത്തില്‍ ഭഗവാന്‍ വ്യാസരൂപത്തില്‍ അവതരിച്ചു ധര്‍മ്മസംസ്ഥാപനത്തിനുവേണ്ടി വേദപുരാണേതിഹാസങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നാണു പൗരാണികന്മാരുടെ വിശ്വാസം. എന്നാല്‍ പുരാണങ്ങള്‍ക്കു വലിയ പഴക്കമില്ലെന്നും അവ ക്രിസ്തുവര്‍ഷം ആയിരത്തിഇരുനൂറിനുശേഷം ഉണ്ടായതാണെന്നും വിത്സണ്‍ മുതലായ പാശ്ചാത്യനിരൂപകന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. പക്ഷേ, പാര്‍ജിഡര്‍ മുതലായ പണ്ഡിതന്മാര്‍ സംസ്‌കൃതസാഹിത്യം നല്ലതുപോലെ അദ്ധ്യയനം ചെയ്തതിനുശേഷം എഴുതിയിട്ടുള്ളത്, പുരാണങ്ങളില്‍ പലതും ക്രിസ്തുവിനു മുന്‍പുതന്നെ രചിക്കപ്പെട്ടിട്ടുള്ളതാണെന്നത്രേ. ആരണ്യകങ്ങളിലും ഉപനിഷത്തുകളിലും പുരാണത്തെക്കുറിച്ചു പരാമര്‍ശിക്കുന്നുണ്ട്.

ഋചസ്സാമാനി ഛന്ദാംസി പുരാണം യജൂഷാസഹ
ഉച്ഛിഷ്ടജ്ജജ്ഞിരേ സര്‍വ്വേ ദിവിദേവാ ദിവിശ്രിതഃ

എന്ന് അഥര്‍വ്വവേദം പതിനൊന്നാം കാണ്ഡം ഏഴാം സൂക്തത്തില്‍ വേദങ്ങളെപ്പോലെതന്നെ പുരാണങ്ങളും സൃഷ്ടിയുടെ ആരംഭത്തില്‍ ഈശ്വരനില്‍നിന്നുതന്നെ ഉണ്ടായതായി വര്‍ണ്ണിച്ചിരിക്കുന്നു. ഇതുകൊണ്ടു മുന്‍പുണ്ടായിരുന്ന വേദങ്ങളെ ക്രമാനുബദ്ധമായി നിബന്ധിച്ചതുപോലെ ആദിമപുരാണത്തേയും യഥാക്രമം വികസിപ്പിച്ചു നിബന്ധിച്ചത് വേദവ്യാസനായതുകൊണ്ട് വേദങ്ങളുടെ കര്‍ത്താവെന്നതുപോലെ അദ്ദേഹം പുരാണങ്ങളുടെ കര്‍ത്താവായും അംഗീകരിക്കപ്പെട്ടിരിക്കുകയാണെന്നു തോന്നുന്നു. എന്നാല്‍ ഉപപുരാണങ്ങള്‍ പല മഹര്‍ഷിമാര്‍ പലപ്പോഴായി എഴുതിയതാണെന്നും അവയുടെ കര്‍ത്തൃത്വം വേദവ്യാസനില്ലെന്നും പ്രാമാണികന്മാരായ പല നിരൂപകന്മാരും അഭിപ്രായപ്പെടുന്നു. അവരില്‍ മിക്കവരും മഹാപുരാണങ്ങളുടെ കര്‍ത്തൃത്വം വേദവ്യാസനില്‍ത്തന്നെയാണു കല്പിക്കുന്നത്.

പതിനെട്ട് എന്ന സംഖ്യയ്ക്ക് സംസ്‌കൃതസാഹിത്യത്തില്‍ വളരെ പവിത്രതയും വ്യാപകത്വവും ഗൗരവവും കല്പിക്കപ്പെട്ടിട്ടുണ്ട്. മഹാഭാരതത്തിനു പതിനെട്ട് പര്‍വങ്ങളും ശ്രീമദ്ഭഗവത്ഗീതയ്ക്ക് പതിനെട്ട് അദ്ധ്യായങ്ങളും ശ്രീമദ്ഭാഗവതത്തിനു പതിനെണ്ണായിരം ശ്ലോകങ്ങളും ഉള്ളത് ആ പവിത്രതയെ ആണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് പുരാണസംഖ്യ പതിനെട്ട് ആയതു യാദൃശ്ചികം അല്ലെന്നും അതിനു കാരണമുണ്ടെന്നും വിദ്വാന്മാര്‍ അഭിപ്രായപ്പെടുന്നു. സൃഷ്ടി മുതലായ ലക്ഷണങ്ങള്‍കൊണ്ട് പുരാണങ്ങള്‍ സൃഷ്ടിയെയും സൃഷ്ടി കര്‍ത്താവിനെയും ആണ് സൂചിപ്പിക്കുന്നത്. സൃഷ്ടിയില്‍ മൂലതത്വങ്ങള്‍ പതിനെട്ട് ആയും സൃഷ്ടികര്‍ത്താവായ ഈശ്വരന്‍ ഉപാധിഭേദത്താല്‍ പതിനെട്ടായും ഗണിക്കപ്പെടുന്നതിന്റെ സൂചനയാണ് പുരാണസംഖ്യ എന്നു ചില പണ്ഡിതന്മാര്‍ രേഖപ്പെടുത്തിക്കാണുന്നു. സൃഷ്ടിയുടെ ഉദയം വൈദിക ഛന്ദസ്സുകളിലാണെന്നു വേദം പറയുന്നു. ഏഴു ഛന്ദസ്സുകള്‍ വേദത്തിലുണ്ട്, അവയില്‍ ഗായത്രിക്കും വിരാട്ടിനും പ്രാമുഖ്യം കല്പിക്കുന്നു. ഗായത്രി പൃഥിവി സ്ഥാനീയവും പ്രകൃതിരൂപവും വിരാട്ട് ദ്യുസ്ഥാനീയവും പുരുഷരൂപവും ആണെന്ന് പറയുന്നു. താണ്ഡ്യബ്രാഹ്മണത്തില്‍ പറയുന്നു. അതിനാല്‍, ദ്യോവ്, സൃഷ്ടിയുടെ പിതാവും പൃഥ്‌വി മാതാവും ആണെന്നു പരിഗണിക്കപ്പെടാം. അതുകൊണ്ട്, ഗായത്രിയും വിരാട്ടും ചേര്‍ന്നാണ് സൃഷ്ടിപ്രക്രിയ ഉണ്ടാകുന്നതെന്ന് കാണാം. ഗായത്രിക്കു എട്ട് അക്ഷരങ്ങളും വിരാട്ടിനു പത്ത് അക്ഷരങ്ങളും ഉണ്ട്. അവ രണ്ടും ചേരുമ്പോള്‍ പതിനെട്ട് അക്ഷരമാകുന്നു. അതുപോലെ, പുരാണങ്ങളുടെ മുഖ്യമായ പ്രതിപാദ്യം സൃഷ്ടിയും സ്രഷ്ടാവും ആണല്ലോ. പുരാണങ്ങളില്‍ വര്‍ണ്ണിച്ചിട്ടുള്ള സാംഖ്യാനുസാരിയായ സൃഷ്ടിപ്രക്രിയ അനുസരിച്ച് സൃഷ്ടിയില്‍ പതിനെട്ടു ഘടകങ്ങള്‍ മുഖ്യമായി അടങ്ങിയിരിക്കുന്നു. പ്രകൃതിയും പുരുഷനും മൂലതത്വങ്ങളായതിനാല്‍ സൃഷ്ടിയില്‍ പെടാത്ത നിത്യപദാര്‍ത്ഥങ്ങളാണ്. അവയുടെ സംയോഗത്തില്‍ നിന്നാണ് സൃഷ്ടിയിലെ മറ്റു ഘടകങ്ങള്‍ ഉണ്ടാകുന്നത്. പ്രകൃതി വികൃതികളായ മഹത്തത്വം, അഹങ്കാരത്തത്വം, ഭൂതതന്മാത്രകള്‍ അഞ്ച്, മനസ്സ്, ജ്ഞാനേന്ദ്രിയങ്ങള്‍ അഞ്ച്, കര്‍മ്മേന്ദ്രിയങ്ങള്‍ അഞ്ച് ഇവ പതിനെട്ടാണ് സാംഖ്യമതമനുസരിച്ചുള്ള പ്രധാനപ്പെട്ട സൃഷ്ടിഘടകങ്ങള്‍. ആ ഘടകങ്ങളെ സൂചിപ്പിക്കുന്നതിനാണു പുരാണങ്ങളെ പതിനെട്ടായി വിഭജിച്ചതെന്നു ചിലര്‍ പറയുന്നു. അതുപോലെ സ്രഷ്ടാവായ ഈശ്വരന്‍ ഉപാധിഭേദത്താല്‍ ക്ഷേത്രജ്ഞന്‍, അന്തരാത്മാവ്, ഭൂതാത്മാവ് എന്നു മൂന്നായി ഗണിക്കപ്പെടുന്നു. പരാത്പരന്‍, അവ്യയന്‍, അക്ഷരന്‍, ക്ഷരന്‍ എന്നു ക്ഷേത്രജ്ഞന്‍ നാലു പ്രകാരത്തിലും, അന്തരാത്മാവ്, അവ്യക്തന്‍, മഹാന്‍, വിജ്ഞാനാത്മാവ്, പ്രജ്ഞാനാത്മാവ്, പ്രാണാത്മാവ് എന്ന് അഞ്ചു പ്രകാരത്തിലും ഭൂതാത്മാവ് ശരീരാത്മാവ്, ഹംസാത്മാവ്, ദിവ്യാത്മാവ്, വൈശ്വാനരന്‍, തൈജസന്‍, പ്രാജ്ഞന്‍, ചിദാഭാസന്‍, ചിദാത്മാവ് എന്നു ഒന്‍പതു പ്രകാരത്തിലും കല്പിക്കപ്പെടുന്നു. ഇവയെല്ലാം കൂടി ചേരുമ്പോള്‍ പതിനെട്ടാകുന്നു. ഇങ്ങനെയാണ് പുരാണസംഖ്യ സ്രഷ്ടാവായ ഈശ്വരനെ സൂചിപ്പിക്കുന്നത്. ഇതിനാല്‍ പുരാണങ്ങള്‍ പതിനെട്ടായി വിഭജിച്ചതു യുക്തിയുക്തമാണെന്നു സിദ്ധിക്കുന്നു.

പതിനെട്ടു പുരാണങ്ങളില്‍ പത്തെണ്ണം ശിവമാഹാത്മ്യത്തെയും, നാലെണ്ണം ബ്രഹ്മാവിന്റെ മാഹാത്മ്യത്തെയും രണ്ടെണ്ണം വിഷ്ണുവിന്റെ മാഹാത്മ്യത്തെയും, രണ്ടെണ്ണം ദേവിയുടെ മാഹാത്മ്യത്തെയും വര്‍ണ്ണിക്കുന്നതായി സ്‌കന്ദപുരാണകേദാരഖണ്ഡത്തില്‍ പറയുന്നു. എന്നാല്‍, തമിഴ് ഗ്രന്ഥങ്ങളില്‍ ബ്രഹ്മപുരാണവും പത്മപുരാണവും ബ്രഹ്മാവിന്റെ മാഹാത്മ്യത്തെയും, ബ്രഹ്മവൈവര്‍ത്തപുരാണം സൂര്യമാഹാത്മ്യത്തെയും അഗ്നിപുരാണം അഗ്നിമാഹാത്മ്യത്തെയും, ശിവപുരാണം സ്‌കന്ദപുരാണം, ലിംഗപുരാണം, കൂര്‍മ്മ പുരാണം, വരാഹപുരാണം, വാമനപുരാണം, ഭവിഷ്യപുരാണം, മത്സ്യപുരാണം, മാര്‍ക്കണ്‌ഡേയപുരാണം, ബ്രഹ്മാണ്ഡപുരാണം ഇവ പത്തും ശിവമാഹാത്മ്യത്തെയും, നാരദപുരാണം, ശ്രീമദ്ഭാഗവതം ഗരുഡപുരാണം വിഷ്ണുപുരാണം ഇവ നാലും വിഷ്ണുവിന്റെ മാഹാത്മ്യത്തെയും ആണ് വര്‍ണ്ണിക്കുന്നതെന്നു പറയുന്നു.

No comments:

Post a Comment