ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

3 December 2019

താലപ്പൊലിയെടുക്കല്‍

താലപ്പൊലിയെടുക്കല്‍

അഷ്ടമംഗല്യങ്ങള്‍ ദര്‍ശിക്കുന്നത് പുണ്യമായി നമ്മുടെ ഗ്രാമീണ ജീവിതം കണക്കാക്കുന്നു. പുണ്യകര്‍മ്മങ്ങളിലും ചടങ്ങുകളിലും അഷ്ടമംഗല്യ വസ്തുക്കള്‍ അങ്ങനെ പ്രാധാന്യമുള്ളതായി തീര്‍ന്നു. അതിന്റെ ലഘൂകരിച്ച രൂപമാണ് താലപ്പൊലിയായി രൂപാന്തരപ്പെട്ടത്.

”കുരവം ദര്‍പ്പണം ദീപം
കലശം വസ്ത്രമക്ഷതം
അംഗനാഹേമസംയുക്തം
അഷ്ടമംഗല്യ ദര്‍ശനം”

കണ്ണാടി, വിളക്ക്, ജലം നിറച്ച പാത്രം, പുതുവസ്ത്രം, നെല്ലുമരിയും ചേര്‍ന്ന അക്ഷതം, സ്വര്‍ണ്ണം, മംഗലവതിയായ സ്ത്രീ, കുരവ എന്ന പേരിലറിയപ്പെടുന്ന സന്തോഷാരവം എന്നീ എട്ടു ഘടകങ്ങള്‍ യോജിച്ച് കാണുന്നത് പുണ്യവും സന്തോഷപ്രദവുമായി കണക്കാക്കുന്നു. അരിയും നെല്ലും ചേരുന്നതിനെ അക്ഷതം എന്നു പറയുന്നു. ഇത് നാശമില്ലാത്ത ഭാവിയുടെ പ്രതീകമായി കണക്കാക്കുന്നു. ഇത് മണ്ണിന്റെ കൂടി പ്രതീകമാണ്. വിളക്ക് അഗ്നിയേയും അറിവിനേയും സൂചിപ്പിക്കുന്നു. ജീവന്റെ ആധാരമായ ജലത്തെ കലശകുടത്തില്‍ നിറച്ചിരിക്കുന്നു. പ്രകൃതി ഘടകങ്ങളായ പഞ്ചഭൂതങ്ങളേയും നമ്മുടെ പൂര്‍വ്വസംസ്‌കൃതിയേയും ഭാവിയുടെ പ്രത്യാശകളേയും നാം അഷ്ടമംഗല്യത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

ഭാരതീയര്‍ ഏതൊരു കാര്യം ചെയ്യുമ്പോഴും ഭൗതികതയുടെ മുകളില്‍ അതിന്റെ അന്തര്‍ധാരയായി ആത്മീയതയെ കൂട്ടിച്ചേര്‍ക്കുന്നു. ഇക്കാര്യം നമ്മുടെ അഷ്ടമംഗല്യ ദര്‍ശനത്തിലും നമുക്ക് കാണാം. വസ്ത്രാഭരണവിഭൂഷിതയായ കുമാരിമാരെ ലക്ഷ്മിദേവിയായൂം ഐശ്വര്യരൂപമായും കണക്കാക്കുന്നു. അതിപ്രാചീന കാലം മുതല്‍ എല്ലാ ചടങ്ങിലും അഷ്ടമംഗല്യം ഒരുക്കിയിരുന്നു. എന്നാല്‍ ഇന്ന് ഹൈന്ദവ വിവാഹങ്ങളില്‍ മാത്രമാണ് അഷ്ടമംഗല്യം ആചരിക്കുന്നത്.

എന്നാല്‍ ഇതിന്റെ ലോപിച്ച രൂപമായ താലപ്പൊലി ഇന്ന് എല്ലാ ചടങ്ങുകളിലും സ്വീകരിച്ചുവരുന്നു. പെണ്‍കുട്ടികള്‍ പാത്രങ്ങളില്‍ പൂക്കള്‍ നിറച്ച് താലവുമായി പ്രധാന വ്യക്തിത്വങ്ങളെ സ്വീകരിക്കുവാനായി നില്‍ക്കുന്നു. ഇതിന് ഇന്നറിയപ്പെടുന്ന പേരാണ് താലപ്പൊലി. ക്ഷേത്രാചാരങ്ങളില്‍ താലങ്ങളില്‍ അരിയും പൂവും തേങ്ങാമുറികളില്‍ എള്ളുകിഴിയും എണ്ണയുമൊഴിച്ച് വിളക്ക് കത്തിച്ച് താലപ്പൊലിയായി കുട്ടികള്‍ അണിഞ്ഞൊരുങ്ങാറുണ്ട്.

മനുഷ്യ മനസ്സിന് ആനന്ദം പകരുവാനുള്ള ആചാരങ്ങള്‍ അത്മീയതയും അനുഭൂതിയും പകര്‍ന്നിരുന്നു. ജീവിതത്തെ ഭാവാത്മകമായി കാണുവാനുള്ള കഴിവ് ഭാരതീയര്‍ എന്നും വെച്ചു പുലര്‍ത്തിയിരുന്നു.
”ആചാരാത് പ്രഭവോ ധര്‍മ്മഃ” ആചാരത്തില്‍ നിന്നാണ് ധര്‍മ്മമുണ്ടാകുന്നത്. അങ്ങനെ താലപ്പൊലി നമ്മുടെ സമൂഹത്തിലെ ഒരാചാരമായി നിലകൊള്ളുന്നു.

No comments:

Post a Comment