ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

4 December 2019

പുരാണ ഉത്പത്തി

പുരാണ ഉത്പത്തി

‘പുരാ’ എന്ന അവ്യയവും പ്രാപണാര്‍ത്ഥത്തിലുള്ള ‘ണീഞ്’ ധാതുവും ‘ഡ’ പ്രത്യയവും ചേര്‍ന്നുണ്ടായ ശബ്ദമാണ് പുരാണം. പണ്ടുണ്ടായത് എന്നാണ് ഇതിനര്‍ത്ഥം. ‘പുരാതന കല്പത്തിലുണ്ടായ സംഭവപരമ്പരകളാണ് പുരാണം’ എന്നു മത്സ്യപുരാണത്തില്‍ പറയുന്നു.
(”പുരാതനസ്യ കല്പസ്യ പുരാണാനി വിദുര്‍ബുധഃ” മ.പു. 4.5.63)
പ്രാചീന കാലം മുതല്‍ തുടര്‍ന്ന് നിലനില്‍ക്കുന്നതുകൊണ്ടു പുരാണം എന്നപേര് സിദ്ധിച്ചതായി വായുപുരാണത്തില്‍ കാണുന്നു (യസ്മാദ് പുരാഹ്യനതീദം പുരാണം തേന തത്‌സ്മൃതം). അനാദികാലം മുതല്‍ ലോകത്തില്‍ സംഭവിച്ചിട്ടുള്ള വൃത്താന്തങ്ങളെ പരമ്പരയായി കേട്ടറിഞ്ഞ് സംഗ്രഹിച്ചിട്ടുള്ള ഗ്രന്ഥസമുച്ചയമാണ് പുരാണങ്ങള്‍ എന്ന് ചില പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇന്നത്തെ രീതിയില്‍ കാണപ്പെടുന്ന പുരാണസാഹിത്യം എന്ന അര്‍ത്ഥത്തില്‍ പ്രാചീനകാലത്തു പുരാണശബ്ദം പ്രയോഗിക്കപ്പെട്ടിരുന്നില്ല. പഴയ കഥകള്‍ എന്നോ പ്രാചീന സംഭവങ്ങളുടെ വിവരണം എന്നോ മാത്രമേ അന്ന് പുരാണശബ്ദത്തിന് വിവക്ഷ ഉണ്ടായിരുന്നുള്ളൂ.

വേദപുരാണേതിഹാസകാദിവിദ്യകള്‍ ഈശ്വരനില്‍ നിന്നു ആവിര്‍ഭവിച്ചതും ഋഷികളും മുനിമാരും സ്വശിഷ്യപരമ്പരകളില്‍ കൂടി പ്രചരിപ്പിച്ചതും ആണെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നു. വായുപുരാണം 1-58 ലും മത്സ്യപുരാണം 3-3-4 ലും, വേദത്തിന്റെ ആവിര്‍ഭാവത്തിനു മുമ്പുതന്നെ ബ്രഹ്മാവിന്റെ മുഖത്തുനിന്നു പുരാണം ഉണ്ടായതായി പറയുന്നു. കല്പാരംഭത്തില്‍ പുരാണം ഒന്നേ ഉണ്ടായിരുന്നുള്ളൂ. പുരുഷാര്‍ത്ഥബോധകമായ ആ പുരാണം ശതകോടി പ്രവിസ്‌കരമായിരുന്നു. കാലത്തിന്റെ പരിവര്‍ത്തനം കൊണ്ട് മന്ദബുദ്ധികളായിത്തീര്‍ന്ന മനുഷ്യര്‍ക്ക് വിശാലമായ ആ പുരാണസംഹിത ഗ്രഹിക്കാന്‍ കഴിവില്ലാതായി. ആ ഘട്ടത്തില്‍ ലോകകല്യാണകാരിയായ ഭഗവാന്‍ നാരായണന്‍ വ്യാസനായി അവതരിച്ച് ബൃഹത്തായ ആ പുരാണസമുച്ചയത്തെ നാലുലക്ഷം ശ്ലോകമാക്കി സംഗ്രഹിച്ചു. അതാണ് ഇന്നത്തെ പുരാണങ്ങള്‍ എന്നു സ്‌കന്ദപുരാണം രേവാമഹാത്മ്യത്തിലും പദ്മപുരാണം സൃഷ്ടിഖണ്ഡത്തിലും പ്രതിപാദിച്ചിരിക്കുന്നു. പുരാണങ്ങള്‍ വ്യാസനിര്‍മ്മിതങ്ങള്‍ എന്നാണ് സാമാന്യജനങ്ങള്‍ വിശ്വസിക്കുന്നത്. വ്യാസന്‍ പുരാണസംഹിത പരിഷ്‌കരിച്ചു സംഗ്രഥനം ചെയ്തു എന്നത് സത്യമാണ്. എന്നാല്‍, വ്യാസന് മുമ്പും പുരാണങ്ങള്‍ ഉണ്ടായിരുന്നതായി ഗവേഷകന്മാര്‍ തെളിയിച്ചിട്ടുണ്ട്. വൈദികകാലം തൊട്ട് പുരാണങ്ങള്‍ വികസിച്ചു വരികയാണ്. അതിനാല്‍, വ്യാസപൂര്‍വ്വ കാലിക പുരാണങ്ങള്‍ എന്നും വ്യാസോത്തരകാലിക പുരാണങ്ങള്‍ എന്നും പുരാണങ്ങളെ രണ്ടായി വിഭജിക്കാം. വൈദികകാലം മുതല്‍ ഐതിഹ്യരൂപത്തിലും അല്ലാതെയും കേട്ടും കണ്ടും അറിഞ്ഞിട്ടുള്ള സംഭവപരമ്പരകളെ പ്രകാശിപ്പിക്കുന്ന അവ്യവസ്ഥിതങ്ങളായ പുരാണങ്ങളെ വ്യവസ്ഥാനുരൂപം പതിനെട്ടാക്കി വിഭജിച്ചതു വേദവ്യാസനാണ്. അതുകൊണ്ട്, പുരാണകര്‍ത്തൃത്വം വേദവ്യാസനില്‍ തന്നെ കല്പിക്കപ്പെട്ടു വരുന്നു.

വൈദിക പ്രസ്ഥാനവും പൗരാണിക പ്രസ്ഥാനവും
കല്പാരംഭം മുതല്‍ വൈദികമെന്നും പൗരാണികം എന്നും രണ്ട് ധാര്‍മ്മികപരമ്പരകള്‍ നിലനിന്നുവരുന്നതായി ഊഹിക്കപ്പെടുന്നു. അവയില്‍ വൈദികപരമ്പര പ്രാരംഭം മുതല്‍ നാനാതരത്തിലുള്ള അനുഷ്ഠാനങ്ങളോടു ചേര്‍ന്നാണ് പ്രവര്‍ത്തിച്ചത്. യജ്ഞങ്ങളില്‍ വിശിഷ്ട ദേവതകളെ ഉദ്ദേശിച്ചു ദ്രവ്യങ്ങള്‍ ഹോമിക്കുന്നതിനുള്ള മഹത്ത്വത്തെയാണ് അതു പ്രകടിപ്പിക്കുന്നത്. എന്നാല്‍ പൗരാണിക പരമ്പരയുടെ പ്രവര്‍ത്തനം ലോകവൃത്താന്തത്തെ സമീക്ഷിച്ചു സമഞ്ജസമായി വര്‍ണ്ണിക്കുക ആയിരുന്നു ഈ രണ്ടു സമ്പ്രദായങ്ങളും മിക്കവാറും ഒത്തുചേര്‍ന്നാണ് വികസിച്ചതും.

ഉത്പന്ന മാത്രസ്യപുരാ ബ്രഹ്മണോƒവ്യക്തജന്മനഃ
പുരാണ മേതത് വേദാശ്ച മുഖേഭ്യോƒനുവിനിസ്സൃതാഃ (20)
വേദാന്‍ സപ്തര്‍ഷയസ്തസ്മാദ് ജുഗൃഹുസ്തസ്യമനാഃ
പുരാണം ജഗൃഹുശ്ചാദ്യാ മുനയസ്തസ്യ മാനസാഃ (23)

മാര്‍ക്കണ്ഡപുരാണം 45-ാം അദ്ധ്യായത്തിലെ ഈ ശ്ലോകങ്ങളില്‍ നിന്നു സ്പഷ്ടമാകുന്നത്. പ്രാചീന കാലത്തു ഋഷി പരമ്പര എന്നും മുനിപരമ്പര എന്നും വ്യത്യസ്തങ്ങളായ രണ്ടു സമ്പ്രദായങ്ങള്‍ ഉണ്ടായിരുന്നു എന്നാണല്ലോ. അവരില്‍ ബ്രഹ്മാവിന്റെ മാനസപുത്രനാമ്രായ സപ്തര്‍ഷികള്‍ ബ്രഹ്മമുഖങ്ങളില്‍ നിന്നു വേദങ്ങളയും സനകാദികളായ മാനസപുത്രന്മാര്‍ പുരാണത്തേയും ഗ്രഹിച്ചു. മന്ത്രങ്ങള്‍ ആവിഷ്‌കരിച്ചവരെന്നും ജ്ഞാനം കൊണ്ടു സംസാരസാഗരത്തിന്റെ അക്കര കടന്നവരെന്നും ‘ഋഷി’ ശബ്ദത്തിന് അര്‍ത്ഥം പറയാം. ജ്ഞാനം, ശ്രുതി, സത്യം, തപസ്സ് ഇവ ഒത്തിണിങ്ങിയവരാണ് ഋഷികള്‍ എന്ന് വായുപുരാണത്തില്‍ കാണുന്നു. ബ്രഹ്മര്‍ഷി, ദേവര്‍ഷി, മര്‍ഷി, പരമര്‍ഷി, കാണ്ഡര്‍ഷി, ശ്രുതര്‍ഷി, ജ്ഞാനര്‍ഷി ഇങ്ങനെ ഋഷികളെ ഏഴായി വിഭജിച്ചിട്ടുണ്ട്. ഈ ഋഷികളുടെ പരമ്പരയില്‍ കൂടിയാണ് വേദമന്ത്രങ്ങളും യജ്ഞയാഗാദി കര്‍മ്മങ്ങളും ലോകത്തില്‍ പ്രചരിച്ചത്.

പുരാണം – വ്യാസനു മുന്‍പും പിന്‍പും
ബ്രഹ്മസാക്ഷാത്കാരം സിദ്ധിച്ചു സര്‍വ്വസംഗപരിത്യാഗികളായി കഴിയുന്ന മഹാത്മാക്കളാണു മുനികള്‍. ”ശൂന്യാകാര നികേതഃസ്യാത് യത്രസായംഗൃഹോമുനിഃ” എന്ന പ്രമാണമനുസരിച്ച് ശൂന്യമായ ഗൃഹത്തില്‍ നിവസിക്കുകയും പ്രഭാതത്തില്‍ ആ സങ്കേതം വിട്ടു വെളിയില്‍ സഞ്ചരിക്കുകയും സായംകാലത്ത് വീണ്ടും മടങ്ങി അവിടെ വന്നു വിശ്രമിക്കുകയും ചെയ്യുന്നവരാണു മുനികള്‍. അവര്‍ക്ക് ‘സായംഗൃഹന്മാര്‍’ എന്നും പേരുണ്ട് എന്നു ശംഖസ്മൃതി വാക്യത്തില്‍ നിന്നു മനസ്സിലാക്കാം. ആ മുനികളാണ് വ്യാസനു മുമ്പ് യജ്ഞശാലകളിലും മറ്റും ചെന്ന് പുരാണ പ്രവചനങ്ങള്‍ നടത്തിയിരുന്നത്. ശതപഥബ്രഹ്മാണ്ഡത്തില്‍ പതിനാലാം കാണ്ഡം നാലാമദ്ധ്യായം മൂന്നാം ബ്രാഹ്മണത്തില്‍ അശ്വമേധയാഗത്തെക്കുറിച്ചു പ്രതിപാദിക്കുന്നു. അവിടെ ‘പാരിപ്ലവ്യാഖ്യാനം’ വിശദമായി വ്യാഖ്യാനിച്ചിട്ടുണ്ട്. അതില്‍ നിന്നു വ്യാസന്‍ മുമ്പുള്ള പുരാണത്തിന്റെ സ്വരൂപം മനസ്സിലാക്കാം. ”യജ്ഞമണ്ഡപത്തില്‍ മൂന്നു സാവിത്രീയജ്ഞങ്ങള്‍ നടത്തപ്പെടുന്നു. അതിനു ശേഷം അശ്വമേധത്തിനു തെരഞ്ഞെടുത്ത കുതിരയെ നാനാദിക്കിലേക്കു സഞ്ചരിക്കാന്‍ വിടുന്നു. തുടര്‍ന്ന് യജ്ഞമണ്ഡപത്തില്‍ അനേകം അനുഷ്ഠാനങ്ങള്‍ നടത്തപ്പെടുന്നു. ഋത്വിക്കകളും ഹോതാക്കളും ഉദ്ഗാതാക്കളും ബ്രഹ്മാവും യഥാസ്ഥാനം ഇരുന്നതിനു ശേഷം അവിടെ അശ്വമേധയജ്ഞത്തില്‍ ദീക്ഷിതനായ വ്യക്തിക്ക് വേദപുരാണേതിഹാസങ്ങള്‍ ചൊല്ലി വ്യാഖ്യാനിച്ചു കൊടുക്കുകയാണു പതിവ്. ഇതിനു ‘പാരിപ്ലവ്യാഖ്യാനം’ എന്നു പറയുന്നു. ഒരു വര്‍ഷത്തോളം ഇതു നീണ്ടുനില്ക്കും. പത്തു ദിവസം കൊണ്ട് പാരിപ്ലവാഖ്യാനം ഒരു ആവര്‍ത്തി പൂര്‍ണ്ണമാകും. വീണ്ടും ആവര്‍ത്തിച്ചുകൊണ്ടിരിക്കും. ദിവസവും ഋത്വിക്കും യജമാനനും കൂടാതെ പലതരത്തിലുള്ള ശ്രോതാക്കളും യജ്ഞമണ്ഡപത്തിലേക്കു വരാറുണ്ട്. ഒരു വര്‍ഷം ഇങ്ങനെ മുപ്പത്തിയാറു പ്രാവശ്യം നടക്കും. ഇതിഹാസങ്ങളുടെയും പുരാണങ്ങളുടെയും പ്രവചനം 350 ദിവസവും ഉണ്ടായിരുന്നു. പുരാണപ്രവചനം മിക്കവാറും രാത്രിയിലാണു നടതത്തുക. ഇതില്‍ നിന്നു സിദ്ധിക്കുന്നത് വൈദികാനുഷ്ഠാനങ്ങളോടൊപ്പം പുരാണ പ്രവചനം വൈദികകാലം മുതല്‍ നടന്നുവന്നിരുന്നു എന്നാണ്. പക്ഷേ, ഇന്നത്തെപ്പോലെ വ്യാസനു മുമ്പ് നടന്നിരുന്ന പുരാണ പ്രവചനങ്ങള്‍ക്കു മേന്മ കല്പിക്കപ്പെട്ടിരുന്നില്ല. ഇക്കാലത്തു പുരാണ പ്രവചനങ്ങള്‍ക്കു ഹിന്ദുക്കള്‍ വലിയ മാന്യത കല്പിക്കുന്നു. ബാണഭട്ടന്റെ കാലമായ ഏഴാം ശതാബ്ദം മുതല്‍ ക്ഷേത്രങ്ങളില്‍ പുരാണപ്രവചനങ്ങള്‍ നടന്നുവന്നിരുന്നതായി താത്കാലിക ഗ്രന്ഥങ്ങളില്‍ നിന്നു മനസ്സിലാക്കാന്‍ കഴിയും.

No comments:

Post a Comment