എങ്ങനെ നിശ്ചലനായി ധ്യാനിക്കാം
ദീർഘനേരം തീരെ അനങ്ങാതെ ഒരേ ഇരിപ്പിൽ ഇരിക്കണമെന്ന് ആഗ്രഹമുണ്ട്, പക്ഷെ സാധിക്കുന്നില്ല. ശരീരം അനക്കാതെ ഇരിക്കാനായി എനിക്കാവുന്നില്ല. എന്താണതിനൊരു പോംവഴി?
അനങ്ങാതെ കുറെ നേരം ഇരുന്ന ഇരുപ്പിൽ ഇരിക്കണമെങ്കിൽ ശരീരം പ്രത്യേകമായി അത് ശീലിക്കുകതന്നെ വേണം. അതിനുള്ള മാർഗമാണ് ഹഠയോഗ. നമ്മുടെ ശരീരം ആരോഗ്യവും ദൃഡവുമായിരുന്നാലും അതു സാധിക്കണമെന്നില്ല . അതിന് മറ്റുചില വ്യവസ്ഥകൾകൂടി പാലിക്കേണ്ടതുണ്ട്. അതാണ് അഷ്ടാംഗം.
യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി - ഇങ്ങനെ എട്ടെണ്ണം ചേർന്നതാണ് അഷ്ടാംഗയോഗം. ഇവയെ ഓരോ പടിയായിട്ടല്ല, ഓരോ അംഗമായാണ് കാണേണ്ടത്.
നമ്മൾക്ക് ഏട്ടവയവങ്ങൾ ഉണ്ടെങ്കിൽ, അതിൽ ഏതിനെ ആദ്യം ചലിപ്പിക്കണം എന്നു തീരുമാനിക്കേണ്ടത് നമ്മൾ തന്നെയാണ്. അതിനെ സംബന്ധിച്ച് പ്രത്യേക നിയമമോ നിബന്ധനയോ ഇല്ല. എപ്പോഴും വലതുകാൽ തന്നെ മുന്നോട്ടു വക്കണമെന്ന്. യാതൊരു നിബന്ധനയുമില്ല, എന്നാൽ ചില സാഹചര്യങ്ങളിൽ ആദ്യം വലതുകാൽ മുന്നോട്ട് വെക്കുന്നതാണ് ഉചിതം. എന്നാൽ വേറെ ചില സാഹചര്യങ്ങളിൽ ഇടതുകാലിനായിരിക്കും മുൻഗണന. ഏതു വേണമെന്നുള്ളത് നിങ്ങൾ ചെയ്യുന്ന പ്രവർത്തിയെ ആശ്രയിച്ചിരിക്കും. അതുപോലെ അഷ്ടാംഗങ്ങളിൽ ഏതിനെയാണ് ആദ്യം ശീലിക്കേണ്ടത് എന്നതും നിങ്ങളുടെ സാഹചര്യത്തെ ആസ്പദമാക്കിയാണിരിക്കുന്നത്.
മാനവ ചരിത്രമെടുത്തുനോക്കിയാൽ ആദ്യകാലത്ത് ശരീരത്തിനായിരുന്നു ഒന്നാംസ്ഥാനം. അതേ സമയം മാനവപുരോഗതിയിൽ തടസ്സമായി നിന്നതും ശരീരം തന്നെയായിരുന്നു. അതുകൊണ്ട് ജനങ്ങൾ ആദ്യം പരിശീലിക്കാൻ തുടങ്ങിയത് ഹഠയോഗമായിരുന്നു. ഏതാനും നൂറ്റാണ്ടുകൾക്ക് മുൻപുവരെ മാനസികരോഗങ്ങൾ സമൂഹത്തിൽ വലിയൊരു പ്രശ്നമായിരുന്നില്ല, ചുരുക്കം ചിലരെ മാത്രമേ അത് ബാധിച്ചിരുന്നുള്ളൂ. സാമാന്യ ജനങ്ങളെ വലച്ചിരുന്നത് ശാരീരികമായ രോഗാവസ്ഥകളായിരുന്നു. ഇന്നും നാട്ടിൻപുറങ്ങളിൽ ചെന്നാൽ ഇതുതന്നെയാണ് അവസ്ഥ - മാനസീകരോഗങ്ങൾ കുറവാണ്, ശാരീരിക പ്രശ്നങ്ങളാണ് അധികവും.
എന്നാൽ ഈയിടെയായി കണ്ടുവരുന്ന ഒരു പ്രവണത വളരെയധികം പേർ മാനസീകരോഗങ്ങളാൽ ക്ലേശിക്കുന്നു. ശരീരത്തേക്കാൾ കൂടുതലായി ദൈനംദിന ജീവിതത്തിൽ മനസ്സിനെ ഉപയോഗപ്പെടുത്തുന്നു എന്നതായിരിക്കാം ഇതിനു കാരണം. ഇത് സാമൂഹ്യപരമായി നോക്കിയാൽ വലിയൊരു മാറ്റംതന്നെയാണ്. രണ്ടു നൂറ്റാണ്ടുകൾക്കപ്പുറത്തേക്ക് തിരിഞ്ഞുനോക്കിയാൽ കാണാം. മനുഷ്യൻ സ്വന്തം ശരീരത്തെയാണ് നിത്യ ജീവിതത്തിൽ കൂടുതലായി പ്രയോജനപ്പെടുത്തിയിരുന്നത്, മനസ്സിന്റെ സ്ഥാനം രണ്ടാം നിരയിലായിരുന്നു.
നമ്മൾ അഭിമുഖീകരിക്കുന്നത് ഇപ്പോഴത്തെ മനുഷ്യ സമൂഹത്തെയാണ്. അവരുടെ പ്രശ്നങ്ങൾ കൂടുതലായും മാനസീകമാണ്. ശാരീരിക പ്രശ്നങ്ങൾക്ക് രണ്ടാം സ്ഥാനമാണ് ഉള്ളത്. അതുകൊണ്ട് നാം ആരംഭം കുറിക്കേണ്ടത് ക്രിയകളിലൂടേയും ധ്യാനത്തിലൂടേയും ആണ്. പ്രാണോർജത്തെയും മനസ്സിനേയുമാണ് അത് ലക്ഷ്യമാക്കുന്നത്. അതിന്റെ സുസ്ഥിതിക്ക് ഉറപ്പ് വരുത്തിയതിനുശേഷമേ നാം ഹഠയോഗയിലേക്ക് തിരിയവു.
ശരീരത്തെ പാട്ടിലാക്കിയതുകൊണ്ടുമാത്രം അർകും അധികനേരം അനങ്ങാതിരിക്കാൻ പറ്റില്ല, അതിന് മനസ്സിനെക്കൂടി തയ്യാറാക്കേണ്ടതുണ്ട്. പ്രത്യേകിച്ച് ഇന്നത്തെ തലമുറയുടെ കാര്യത്തിൽ അതിന് വളരെയധികം പ്രാധാന്യമുണ്ട്. സമഗ്രമായ സുസ്ഥിതി ഏറ്റവും പ്രസക്തമാണ്. ശരീരവും മനസ്സും പ്രാണനും ഒരുപോലെ സമനിലയിലായിരിക്കണം. പഴയ തലമുറയിലുള്ളവരേക്കാൾ പുതിയ തലമുറയിലുള്ളവർ കൂടുതൽ പ്രതിഭാശാലികളാണ്, എന്നൊരു ധാരണയുമുണ്ട്. അതു ശരിയല്ല. ഇന്നത്തെ തലമുറയുടെ മനസ്സ് നിയന്ത്രണം വിട്ട് പല വഴിക്ക് തിരിയുന്നു. പലപ്പോഴും അതിന്റെ പ്രവർത്തനവും തോന്നിയ വിധത്തിലാകുന്നു. ഇതാണ് വാസ്തവം.
ഇന്നത്തെ വിദ്യാഭ്യാസരീതി... പലവിധ മാനസീക പ്രശ്നങ്ങൾക്ക് കാരണമാകുന്നതാണ്. ഒരു കുട്ടി ഒരു പിരീഡിൽ കവിത പഠിക്കുന്നു, അടുത്ത പിരിഡിൽ ഗണിതവും. രണ്ടിനും തമ്മിൽ ബന്ധമുണ്ട് പക്ഷെ ആ ബന്ധം എന്താണെന്ന് മനസ്സിലാക്കികൊടുക്കാനുള്ള അറിവും കഴിവും ഉള്ള അദ്ധ്യാപകരില്ല. കണക്കിനുശേഷം വരുന്നത് സംഗീതമാണ്, അപ്പോഴും സ്ഥിതി തഥൈവ. സംഗീതം കഴിഞ്ഞാൽ രസതന്ത്രമായി. രണ്ടിനും തമ്മിലുള്ള ബന്ധം ആരാണ് കുട്ടിയെ പറഞ്ഞു ധരിപ്പിക്കുക? സംഗീത വകുപ്പും, രസതന്ത്ര വകുപ്പും തമ്മിൽ അല്ലെങ്കിലേ സ്വരചേർച്ചയില്ല, അദ്ധ്യാപകർ തമ്മിലും ഐക്യമില്ല.
എല്ലാ വിഷയങ്ങളും ഒന്നിനോടോന്ന് ബന്ധപ്പെട്ടതാണ്, എന്നാൽ ആ പരസ്പരബന്ധം മനസ്സിലാക്കാതെയാണ് നമ്മൾ അവ പഠിക്കുന്നതും പഠിപ്പിക്കുന്നതും. പരീക്ഷ ജയിക്കുവാനും, ഉദ്യോഗം നേടാനും മാത്രം വേണ്ടിയാണ് ഇന്നത്തെ പഠിത്തം മുഴുവൻ. ഒരു വിഷയത്തെക്കുറിച്ചും ആഴത്തിലറിയാൻ ആരും ശ്രമിക്കുന്നില്ല. അറിയണം എന്ന വാശിയും സാമാന്യമായി ആരിലും കാണുന്നില്ല. ആധുനിക ജീവിതത്തിന് സംഭവിച്ചിട്ടുള്ള വലിയൊരു നഷ്ടമാണിത്. എന്തായാലും ആ നഷ്ടബോധം ഇന്നത്തെ തലമുറക്കില്ല. ജീവിതം ഇങ്ങനെ മുന്നോട്ടുപോയാൽ മതി എന്നാണ് അവരുടെ തീരുമാനം.
ഇന്ന് മനുഷ്യമനസ്സിനെ തെറ്റായ രീതിയിലാണ് നമ്മൾ പാകപ്പെടുത്തി എടുക്കുന്നത്. അങ്ങനെയിരിക്കെ, നമ്മുടെ 'നാളെ'കൾ സ്വസ്ഥവും സന്തുഷ്ടവുമായിരിക്കുമെന്ന് ആശിക്കാനാകുമോ? ശരിയായ പ്രവർത്തിയിലൂടെ മാത്രമേ ശരിയായ ഫലം കിട്ടൂ. തെറ്റ് ശരിയിലേക്ക് നയിക്കുമെന്ന ചിന്തതന്നെ തെറ്റാണ്.
ഇവിടെ സ്വസ്ഥമായി അനങ്ങാതെയിരിക്കാൻ സാധിക്കുന്നില്ല എങ്കിൽ ശരീരത്തിന് കാര്യമായ എന്തോ പ്രശ്നമുണ്ട്, ഒരു ഡോക്ടറെ കണ്ടാൽ 'കുഴപ്പമൊന്നും ഇല്ല' എന്ന സർടിഫിക്കറ്റ് കിട്ടിയാൽത്തന്നേയും.
അമേരിക്കയിലെ മെഡിക്കൽ ഗ്രന്ഥങ്ങളിൽ ആഴ്ചയിൽ രണ്ടുതവണ മലശോധന ഉണ്ടായാൽ മതി - അത് സാധാരണ ഗതിയാണ് എന്നുകണ്ടു. അതിശയം തോന്നി. എന്നാൽ യോഗശാസ്ത്രം പറയുന്നത് നിത്യവും രണ്ടു പ്രാവശ്യം മലശോധന ഉണ്ടാകണമെന്നാണ്. വിസർജ്യം ശരീരത്തിൽ കെട്ടിക്കിടക്കരുത് എന്ന് അവർ നിഷ്ക്കർഷിക്കുന്നു. പുറത്തേക്ക് പോകേണ്ട വസ്തുക്കൾ എത്രയും വേഗത്തിൽത്തന്നെ പുറത്തേക്ക് പോകണം. രാവിലെ എഴുന്നേറ്റ ഉടനെ ആദ്യമായി ചെയ്യേണ്ടത് അതാണ്. ആഴ്ചയിൽ രണ്ടു പ്രാവശ്യം മതി എന്നതിനർത്ഥം, ശരീരത്തിൽ മലം മൂന്നു ദിവസത്തോളം കെട്ടിക്കിടക്കുന്നു എന്നല്ലേ? അതാണ് സ്ഥിതിയെങ്കിൽ ശരീരസൌഖ്യം അനുഭവപ്പെടുന്നതെങ്ങനെയാണ്? കാരണം വൻകുടലിനും മനസ്സിനും തമ്മിൽ ബന്ധമുണ്ട്. ഒന്നിനെ ബാധിക്കുന്നതെല്ലാം ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ മറ്റതിനേയും ബാധിക്കുന്നുണ്ട്.
വൻകുടൽ സ്ഥിതിചെയ്യുന്നത് മൂലാധാരത്തിനു തൊട്ടാണ്. പ്രാണോർജത്തിന്റെ അടിസ്ഥാനമാണ് മൂലാധാരം. മൂലാധാരത്തിന് എന്ത് സംഭവിച്ചാലും, അത് ഏതെങ്കിലും വിധത്തിൽ ശരീരത്തെ മൊത്തമായി ബാധിക്കുന്നു, പ്രത്യേകിച്ചും മനസ്സിനെ. ഇന്നത്തെ ശാസ്ത്രജ്ഞന്മാർ ഇതെല്ലാം ക്രമേണ മനസ്സിലാക്കി വരുന്നുണ്ട്. അവർ ഭൂതക്കണ്ണാടിയിലൂടെ ശരീരത്തിന്റെ ഓരോ മുക്കും മൂലയും സൂക്ഷ്മനിരീക്ഷണത്തിന് വിധേയമാക്കുന്നു. ഓരോന്നിനെയും വെവ്വേറെ പഠിക്കുന്നതുകൊണ്ടുള്ള ദോഷം, ഓരോന്നിനെക്കുറിച്ച് വെവ്വേറെ നിഗമനങ്ങളിൽ എത്തുന്നു എന്നുള്ളതാണ്. ശരീരത്തെക്കുറിച്ച് സമ്പൂർണ്ണമായൊരു അറിവ് പുറത്തുനിന്ന് നോക്കിക്കണ്ട് നേടാനാവില്ല. അകത്തുനിന്നുള്ള പഠനംകൊണ്ടേ അതു സാദ്ധ്യമാവൂ.
മുടങ്ങാതെ സാധനകളനുഷ്ടിക്കണം, ആഹാരരീതിയിൽ മാറ്റം വരുത്തണം - പ്രകൃതിദത്തമായ പദാർത്ഥങ്ങൾ കൂടുതലായി ഉൾപ്പെടുത്തണം - അധികം കാലതാമസമില്ലാതെ നിങ്ങൾക്ക് ശരീരമനക്കാതെ ഇരിക്കാനാവും.
No comments:
Post a Comment