ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

3 October 2019

എന്തുകൊണ്ടാണ് രാധയ്ക്ക് ഇത്ര പ്രാധാന്യം?

എന്തുകൊണ്ടാണ് രാധയ്ക്ക് ഇത്ര പ്രാധാന്യം?

രാധയില്ലാതെ നമുക്ക് കൃഷ്ണനെ സങ്കൽപ്പിക്കാൻ പോലും സാധിക്കില്ല. ദിവ്യത്വവും ഏറെ പ്രത്യേകതകൾ നിറഞ്ഞതുമാണ് ഐതീഹ്യങ്ങളിലെ കൃഷ്ണൻറെയും രാധയുടെയും ബന്ധം.

ഒരുമിച്ചല്ലെങ്കിൽ  പൂർണതയില്ലെന്ന അവസ്ഥയിലാണ് കൃഷ്ണനും രാധയും, അതുകൊണ്ട് തന്നെ പ്രണയത്തിൻറെ പ്രതീകമാണ് ഇരുവരും.

കൃഷ്ണനും രാധയും വിവാഹിതരല്ലെങ്കിലും കൃഷ്ണൻറെ പേരിനൊപ്പം എപ്പോഴും രാധയുടെ പേരുമുണ്ടാകും. കൃഷ്ണൻറെ ഭാര്യമാരുടെ ശിൽപ്പങ്ങളും മറ്റും ഇല്ലെങ്കിലും ഒട്ടുമിക്ക ക്ഷേത്രങ്ങളിലും കൃഷ്ണനൊപ്പം രാധയെയും കൊത്തിവെച്ചിട്ടുണ്ടാകും.

കൃഷ്ണൻറെ ജീവിതത്തിൽ  രാധയുടെ സാന്നിദ്ധ്യം സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്. കൃഷ്ണൻറെ ജീവിതത്തിൽ  രാധയ്ക്കുള്ള സ്ഥാനം സംബന്ധിച്ച് ഐതീഹ്യ നിരൂപകർക്കിടയിൽ വ്യത്യസ്താഭിപ്രായങ്ങളുണ്ടായിട്ടുണ്ട്.

കൃഷ്ണൻറെ രാധയും മറ്റ് തോഴിമാരുമൊത്തുള്ള രാസലീലകൾ പ്രസക്തമാണെങ്കിലും അതിനൊരു ലൈംഗിക ചുവയല്ല നൽകിയിട്ടുള്ളത്, മറിച്ച് ആത്മീക പരിവേഷമാണുള്ളത്.

കൃഷ്ണൻറെ ശക്തിയുടെ സ്രോതസ്സ് എന്ന് വിശ്വസിക്കപ്പെടുന്നത് രാധയാണ്. പലപ്പോഴും കൃഷ്ണൻറെ സുഹൃത്തും, ഉപദേശകയും, ഊർജം പകരുന്ന ആളും, വഴികാട്ടിയുമൊക്കെയാണ് രാധ.

ഐതീഹ്യങ്ങളെക്കുറിച്ച് പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുന്ന ചിലർ അഭിപ്രായപ്പെടുന്നത് രാധയെന്നത് ഒരു സാങ്കൽപ്പിക കഥാപാത്രമാണെന്നാണ്. മറ്റ് ചിലർ പറയുന്നു കൃഷ്ണൻറെ തന്നെ പ്രതിരൂപമാണ് രാധയെന്ന്.

പറഞ്ഞുകേട്ടിട്ടുള്ള ഒരു പുരാണകഥയിൽ  രാധ കൃഷ്ണനോട് ചോദിക്കുന്നുണ്ട്, നമ്മൾ എന്തുകൊണ്ട് വിവാഹിതരല്ല എന്ന്. രാധയുടെ നിഷ്കളങ്കമായ ഈ ചോദ്യത്തിന് കൃഷ്ണൻ നൽകിയ മറുപടി  'വിവാഹം’  എന്നത് രണ്ട് ആളുകൾ തമ്മിലാണ്. ഞാനും നീയും ഒന്നാണ്. പിന്നെങ്ങനെയാണ് നമുക്ക് വിവാഹിതരാകാൻ കഴിയുന്നത്' എന്നായിരുന്നു.

പരസ്പരം വേർതിരിച്ച് നിർത്താൻ കഴിയുന്നതല്ല കൃഷ്ണനും രാധയും. ഇവർ പ്രതിനിധാനം ചെയ്യുന്നത് നിസ്വാർത്ഥ പ്രണയത്തെയാണ്, അതിനിടയിൽ  കാമത്തിന് സ്ഥാനമില്ല. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന പല തലമുറകളെയും സ്വാധീനിക്കാൻ  കൃഷ്ണനും രാധയ്ക്കും സാധിക്കും...

No comments:

Post a Comment