ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 October 2019

ശ്രീമദ് ഭാഗവതത്തിലെ പൃഥു

ശ്രീമദ് ഭാഗവതത്തിലെ പൃഥു

സ്വയംഭൂവമനുവിൻറെ പുത്രന്മാരാണ് പ്രിയവ്രതനും ഉത്താനപാദനും. പ്രിയവ്രതനു രാജ്യഭരണം താത്പര്യമില്ലാത്തതുകൊണ്ട്, ഉത്താനപാദൻ രാജ്യഭരണം ഏറ്റെടുത്തു. അദ്ദേഹം സുനീതിയെയും സുരിചിയെയും വിവാഹം കഴിച്ചു. സുരുചി അതീവസുന്ദരിയായതുകൊണ്ട് രാജാവിന് അവളോടു കൂടുതൽ പ്രിയംതോന്നി. സുനിതയുടെ പുത്രൻ ധ്രുവനും, സുരുചിയുടെ പുത്രൻ ഉത്തമനും ആയിരുന്നു. ഉത്തമനെ പിതാവ് മടിയിലിരുത്തി ലാളിക്കുമ്പോൾ, അഞ്ചുവയസ്സുമാത്രമുള്ള ധ്രുവനും അതുപോലെ പിതാവിൻറെ മടിയിലിരിക്കാൻ ആഗ്രഹിച്ചു. പക്ഷെ, സുരുചി ധ്രുവനെ തട്ടിമാറ്റുകമാത്രമല്ല, പോയി നാരായണനെ തപസ്സുചെയ്ത് തൻറെ മകനായിവന്നുപിറക്കാനും ആക്ഷേപരൂപത്തിൽ ആക്രോശിച്ചു. തന്നിമിത്തം, അമ്മയുടെ അനുഗ്രഹവും വാങ്ങി, നാരദമഹർഷിയുടെ ഉപദേശവും സ്വീകരിച്ച്, തപസ്സുചെയ്ത് ഭഗവാനെ പ്രീതിപ്പെടുത്തി വരവും കൈക്കലാക്കി കൊട്ടാരത്തിൽ മടങ്ങിയെത്തി.

ധ്രുവന് "കൽപ്പൻ" എന്നും "വത്സൻ" എന്നും രണ്ടുപുത്രന്മാർ, ശൈശുമാരൻ എന്ന രാജാവിൻറെ പുത്രിയായ "ഭൂമി" യിൽ ജനിച്ചു. പിന്നീട് അദ്ദേഹം വായുനന്ദിനിയായ "ഇഡയെ" വിവാഹം കഴിക്കുകയും, അവളിൽ "ഉൽക്കനൻ" ജനിക്കുകയുംചെയ്തു. ഉൽക്കനൻ സന്യാസം സ്വീകരിക്കുകയാൽ, വത്സനെ രാജ്യാഭിഷേകം ചെയ്തു. വത്സൻറെ പുത്രൻ "അംഗൻ", സുനീഥയെ വിവാഹം കഴിച്ചെങ്കിലും പുത്രന്മാരുണ്ടായില്ല. അതിനാൽ, പുത്രകാമേഷ്ടിയാഗംനടത്തി "വേനൻ" എന്ന പുത്രനെ ജനിപ്പിച്ചു. പക്ഷെ വേനൻ ആകട്ടെ അധർമ്മിയും കശ്മലനുമായി ജീവിതം നയിച്ചു. അതിൽ മനംനൊന്ത പിതാവ് അംഗൻ രാജ്യം വെടിഞ്ഞ് അടവിയിൽ പ്രവേശിച്ച് തപസ്സുചെയ്ത് ജീവൻത്യജിച്ചു.

ഋഷീശ്വരന്മാർ വേനനെ ശപിച്ച് നിധനം ചെയ്തു. മാതാവ് സുനീഥ സങ്കടപ്പെട്ട് ആരുമറിയാതെ വേനൻറെ മൃതശരീരത്തെ ഒരുഎണ്ണത്തോണിയിൽ സൂക്ഷിച്ചുവച്ചു. രാജ്യഭരണത്തിന് ആളില്ലാതെയായപ്പോൾ, സുനീഥയുടെ നിർദ്ദേശപ്രകാരം ഋശീശ്വരന്മാർ വേനൻറെ ശരീരത്തെ പുറത്തെടുത്ത് മന്ത്രോച്ചാരണങ്ങളോടെ കടയാനാരംഭിച്ചു. ആദ്യം തുടയിൽനിന്നും പാപങ്ങളുടെ പ്രാകൃതമർത്ത്യരൂപമായ "നിഷാദൻ" ഉത്ഭവിച്ചു. അവൻറെ വർഗ്ഗത്തിൽനിന്നുമാണ് പിന്നീട് നിഷാദന്മാർ ഉണ്ടായത്. അനന്തരം കൈകൾ കടഞ്ഞപ്പോൾ വിഷ്ണുവിൻറെ അംശമായ ഒരു ആൺകുഞ്ഞും ലക്ഷ്മീദേവിയുടെ അംശമായ ഒരുപെൺകുഞ്ഞും ഉത്ഭവിച്ചു. ആൺകുഞ്ഞിന് "പൃഥു" എന്നും പെൺകുഞ്ഞിന് "അർച്ചിസ്സ്" എന്നും നാമകരണംചെയ്തു.

അവർ രണ്ടുപേരും പ്രായപൂർത്തിയായപ്പോൾ വിധിയാംവണ്ണം അവരുടെ വിവാഹവും നടന്നു. പൃഥുവിനെ അഭിഷേകംചെയ്ത് രാജാവാക്കി. ആ മംഗളാവസരത്തിൽ യക്ഷരാജാവായ കുബേരൻ ഒരു വിശിഷ്ടരത്നസിംഹാസനവും, വരുണൻ വെൺകൊറ്റക്കുടയും, മാരുതൻ രണ്ടുവെൺചാമരങ്ങളും, ദേവേന്ദ്രൻ മണിരത്നവിരാജിതമായ ഒരുകിരീടവും, യമധർമ്മൻ രാജദണ്ഡും, ലക്ഷ്മീദേവി ഉറപ്പേറിയ പടച്ചട്ടയും, സരസ്വതിദേവി മുത്തുപ്പടവും, പാർവ്വതിദേവി ദിവ്യപട്ടാംബരവും, മഹാവിഷ്ണു സുദർശനതുല്യമായ ചക്രവും, പരമശിവൻ ചന്ദ്രഹാസഖഡ്ഗവും, അഗ്നിഭഗവാൻ അത്ഭുതശോഭയുള്ള വില്ലും, സൂര്യൻ ആ വില്ലിനുയോജിച്ച ദിവ്യബാണങ്ങളും, വിശ്വകർമ്മാവ് വിശ്വമോഹനമായ ഒരു രഥവും, ചന്ദ്രൻ വെള്ളക്കുതിരകളും, സമുദ്രം ഒരു ശംഖും, ഭൂമി സുവർണ്ണപാദുകങ്ങളും പൃഥുവിന് പാരിതോഷികമായി നൽകി.

പൃഥുവിൻറെ ഭരണകാലത്ത് ഭൂമി കനിഞ്ഞില്ല. അതോടെ ഭക്ഷ്യക്ഷാമം ഏർപ്പെട്ടു. വേനനെ ഭയന്ന് ഭൂമി നേരത്തെത്തന്നെ എല്ലാ സമ്പത്തുക്കളും തൻറെ അന്തർഭാഗത്ത് അടക്കിയൊളിച്ചുവച്ചിരുന്നു. പൃഥു അപേക്ഷിച്ചിട്ടും, ഭൂമി ചെവിക്കൊണ്ടില്ല. ക്രുദ്ധനായ രാജാവ് ഒരു ആഗ്നേയാസ്ത്രം ഭൂമിയുടെനേർക്ക് തൊടുത്തുവിട്ടു. അപ്പോൾ ഭൂമി ഗോരൂപം ധരിച്ച് രാജാവിൻറെമുന്നിൽ പ്രത്യക്ഷപ്പെട്ട്, ആവശ്യമുള്ള സമ്പത്ത് കറന്നു (എടുത്തു) കൊൾകാനാവശ്യപ്പെട്ടു. അതിൻപ്രകാരം സ്വായംഭൂവമനുവിനെ കന്നിൻകിടാവാക്കി, ഗോരൂപവതിയായ ഭൂമിയുടെ അകിട്ടിൽനിന്നും നാനാസമ്പത്തുക്കളും കറന്ന് അനുഭവിച്ചു. അനന്തരം പൃഥു ഭക്തിബഹുമാനപൂർവ്വം ഭൂമിയെ യഥാസ്ഥാനത്തുറപ്പിച്ചു കൃതാർത്ഥനായി. പിന്നീട് അദ്ദേഹം ഭൂമിയെ കൃഷിക്കനുയോജ്യമാക്കിത്തർത്തു. പൃഥുവിൽനിന്നും ശ്രെയസ്സുണ്ടാതിനാൽ ഭൂമിക്ക് പൃഥ്‌വി എന്ന പേരും സിദ്ധിച്ചു.

അദ്ദേഹം അനേകം അശ്വമേധയാഗങ്ങൾ നടത്തിയിരുന്നു. നൂറാമത്തെ യാഗത്തെ മുടക്കാനായി, ഇന്ദ്രൻ ഒരു സന്യാസവേഷത്തിലെത്തി അശ്വത്തെ മോഷ്ടിച്ചുകൊണ്ടുപോകുന്നതിനിടെ അത്രിമഹർഷി അത് കാണുകയും രാജാവിനെ വിവരം ധരിപ്പിക്കുകയും ചെയ്തു. രാജാവിൻറെ പുത്രൻ ഇന്ദ്രനെ ഓട്ടിച്ച്, അശ്വത്തെ തിരിച്ചുകൊണ്ടുവന്നു. അതുകണ്ടുസന്തോഷിച്ച പിതാവ് പുത്രന് "വിജിതാശ്വൻ" എന്ന പേര് നൽകി. ഇന്ദ്രൻ ഒരിക്കൽക്കൂടി വേഷപ്രച്ഛന്നനായി വന്ന് കുതിരയെ മോഷ്ടിച്ചപ്പോൾ, ക്രുദ്ധനായ രാജാവ് "നിരോധിനി" എന്ന അസ്ത്രം പ്രയോഗിച്ചു. രാജാവിന് അയ്യാൾ ഇന്ദ്രനാണെന്നു അറിഞ്ഞുകൂടായിരുന്നു. ഗത്യന്തരമില്ലാതെ ഇന്ദ്രൻ ബ്രഹ്‌മാവിനെ ശരണംപ്രാപിച്ചു. അങ്ങനെ ബ്രഹ്‌മാവ്‌ പ്രത്യക്ഷപ്പെട്ട് രാജാവിനെ സമാധാനിപ്പിക്കുകയും, അതോടൊപ്പം മോഷ്ടിതാവ് ഇന്ദ്രനാണെന്നു പറഞ്ഞുകൊടുക്കുകയും ചെയ്തു. അതോടുകൂടി വിഷ്ണുവിൻറെ അംശമായ രണ്ടുപേരും മിത്രങ്ങളായി.

വാർദ്ധക്യത്തിൻറെ ആരംഭത്തിൽ സനകാദിമഹർഷികൾ പ്രത്യക്ഷപ്പെട്ട് ആ രാജാവിനു ബ്രഹ്മജ്ഞാനം ഉപദേശിച്ചു. അതോടെ പുത്രൻ വിജിതാശ്വനെ രാജ്യം വാഴിച്ചുകൊണ്ടു, സർവ്വലൗകികബന്ധങ്ങളും വെടിഞ്ഞ്, കാട്ടിൽപോയി തപസ്സനുഷ്ടിച്ച് മുക്തിപദം പ്രാപിച്ചു. രാജപത്നിയായ അർച്ചിസ്സ് അദ്ദേഹത്തിൻറെ ചിതയിൽച്ചാടി ആത്മാഹൂതിചെയ്ത് പുണ്യപദംനേടി.

വിജിതാശ്വന് സരസ്വതി എന്ന പത്നിയിൽ "ഹവിർദ്ധനൻ" എന്ന പുത്രനുണ്ടായി. ഹവിർദ്ധനന് രാജ്യഭരണത്തിൽ താത്പര്യമില്ലാത്തതിനാൽ , തൻറെ മകൻ "ബർഹിസ്സി" നു രാജ്യഭരണം നൽകിയിട്ട് കാട്ടിൽപോയി തപസ്സനുഷ്ഠിച്ചു. ബർഹിസ്സ് ഒരു യാഗതത്പരനായിരുന്നു. എപ്പോഴും യാഗശാലയിൽ ദർഭപ്പുല്ലിൻറെ അഗ്രം കിഴക്കോട്ടു വച്ച് പൂജാദ്രവ്യങ്ങളും കാണപ്പെട്ടതിനാൽ അദ്ദേഹത്തെ പ്രാചീന (കിഴക്കു) എന്ന് പ്രജകൾ അഭിസംബോധനചെയ്തിരുന്നു.

ബർഹിസ്സ് സമുദ്രനന്ദിനിയായ "ശതദൃതിയെ" വിവാഹം ചെയ്യുകയും അവർക്ക് പത്തുപുത്രന്മാർ ജനിക്കുകയുംചെയ്തു. പ്രാചീന ബർഹസ്സിൻറെ പുത്രൻമായതുകൊണ്ട് അവരെ "പ്രചേതാക്കൾ" എന്നു വിളിച്ചിരുന്നു. രാജ്യഭരണം അവർക്കിഷ്ടമല്ലാത്തതുകൊണ്ട്, സമുദ്രത്തിൽ മുങ്ങിക്കിടന്നുകൊണ്ട് ആയിരംവർഷത്തോളം മഹാവിഷ്ണുവിനെ ധ്യാനിച്ച് "ജലസ്തംഭന" തപസ്സ് ആചരിച്ചു. ബർഹിസ്സാകട്ടെ, പുത്രന്മാരുടെ വിയോഗത്താൽ നിരാശനായി കപിലമഹർഷിയുടെ ആശ്രമത്തിലെത്തി തപസ്സുചെയ്തു മുക്തിയടഞ്ഞു.

തപസ്സുകഴിഞ്ഞു ഭൂമിയിലെത്തിയ പ്രചേതാക്കൾ ബ്രഹ്‌മാവിൻറെ അനുഗ്രഹത്തോടുകൂടി "മരീഷ" എന്ന കന്യകാരത്നത്തെ വേളിചെയ്തു. അവർപത്തുപേർക്കുംകൂടി "ദക്ഷൻ" എന്ന ഒരു പുത്രൻ ജനിച്ചു. ദക്ഷൻ പിന്നീട്, "വീരണ" പ്രജാപതിയുടെ പുത്രിയായ "അസ്‌കിനി" എന്ന കോമളതരുണിയെ കല്യാണം കഴിക്കുകയും അവർക്ക് "ഹര്യശ്വന്മാർ" എന്നു വിളിക്കുന്ന ആയിരം പുത്രന്മാരും "ശബലന്മാർ" എന്നു വിളിക്കുന്ന മറ്റൊരായിരം പുത്രന്മാരും ജനിച്ചു. അവർ നാരദമഹർഷിയുടെ ഉപദേശപ്രകാരം തപസ്സനുഷ്ടിച്ച് പുണ്യപുരുഷാർദ്ധം നേടി. തന്നിമിത്തം വംശവർദ്ധന നടക്കാത്തതിൽ ക്രുദ്ധനായ ദക്ഷൻ നാരദനെ, "നീ ഒരിക്കലും ഒരിടത്തും ഉറച്ചിരിക്കാൻ ഇടയാകാതെ എന്നും എപ്പോഴും സഞ്ചാരിയായിത്തീരട്ടെ" എന്ന് ശപിച്ചു. പരമഭക്തനായ നാരദൻ അതൊരനുഗ്രഹമായി സ്വീകരിച്ചു.

1 comment:

  1. സുനിതി, സുരീചി ആരുടെ മക്കൾ ആണ്

    ReplyDelete