ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

23 October 2019

വേദങ്ങളിലുണ്ട് ഉദാത്തമായൊരു പ്രപഞ്ചവിജ്ഞാനീയം

വേദങ്ങളിലുണ്ട് ഉദാത്തമായൊരു പ്രപഞ്ചവിജ്ഞാനീയം

ഋഗ്വേദത്തിലെ പ്രസിദ്ധമായ അഘമര്‍ഷണ സൂക്തത്തില്‍ ഈ ചാക്രികപ്രപഞ്ചത്തെക്കുറിച്ചുള്ള ആദ്യ പ്രതിപാദനം നമുക്ക് കാണാം. 'സൂര്യന്‍, ചന്ദ്രന്‍ തുടങ്ങിയവയെയെല്ലാം ഈശ്വരന്‍ മുന്‍പുള്ള സൃഷ്ടിയിലേതു പോലെ സൃഷ്ടിച്ചു' (സൂര്യാ ചന്ദ്രമസൗ ധാതാ യഥാ പൂര്‍വമകല്പയത് ഋ.10.190.3) എന്നാണ് ആ പ്രസ്താവം.  864 കോടി (8.64 ബില്യണ്‍) വര്‍ഷങ്ങള്‍ എന്ന കാലയളവാണ് ഒരു ബ്രഹ്മദിവസം എന്ന് അറിയപ്പെടുന്നത്. അതിന്റെ പകുതിയാണ് ഒരു കല്പം അതായത് 432 കോടി വര്‍ഷങ്ങള്‍. ഈ സംഖ്യയുടെ ആദ്യ സൂചന അഥര്‍വവേദത്തിലാണ് കാണുന്നത്.

ഈ സംഖ്യയ്ക്ക് വേറെയും ചില പ്രത്യേകതകളുണ്ട്. ശതപഥബ്രാഹ്മണം പറയുന്നതനുസരിച്ച് ഋഗ്വേദത്തിലെ എല്ലാ മന്ത്രങ്ങളിലെയും ആകെ അക്ഷരങ്ങള്‍ എണ്ണി നോക്കിയാല്‍ കിട്ടുന്ന സംഖ്യ 432000 ആയിരിക്കും. (ശ.ബ്രാ. 10.4.2.23). ഇത് കലിയുഗത്തിലെ ആകെ വര്‍ഷങ്ങളുടെ എണ്ണത്തിനു തുല്യമാണ്. അതിന്റെ 10 മടങ്ങാണ് ഒരു മഹായുഗം. അങ്ങനെയുള്ള 1000 മഹായുഗങ്ങള്‍ ചേര്‍ന്നതാണ് ഒരു കല്പം, അതായത് 432 കോടി വര്‍ഷങ്ങള്‍. ഋഗ്വേദമന്ത്രങ്ങളുടെ ആകെ അക്ഷരങ്ങളുടെ എണ്ണംപോലും സുനിശ്ചിതമാണ്. ശബ്ദപ്രപഞ്ചം എന്ന് ഋഷിമാര്‍ വിളിച്ച വേദങ്ങളുടെ ഘടനയ്ക്കുപോലും നാം കാണുന്ന ഈ രൂപപ്രപഞ്ചത്തോട് രഹസ്യമായ ഒരു സംബന്ധമുണ്ട് എന്നതിലേക്കുള്ള സൂചനയാണ് ഇത് തരുന്നത്.

ആധുനികശാസ്ത്രം ഭൗതികപ്രപഞ്ച (Material Universe) ത്തെക്കുറിച്ച് മാത്രമേ സംസാരിക്കുന്നുള്ളൂ. എന്നാല്‍ വേദങ്ങള്‍ അതിനപ്പുറത്തേക്കും കടന്നു ചെല്ലുന്നു. ഭൗതിക പ്രപഞ്ചത്തെക്കുറിച്ചുള്ള വേദവീക്ഷണത്തെ യുക്തിയുടെ തലത്തില്‍ നിന്നുകൊണ്ട് കണാദമുനി വൈശേഷികദര്‍ശനത്തില്‍ വിവരിക്കുന്നുണ്ട്. ആദ്യമായി കണസിദ്ധാന്തം Atomic theory) അവതരിപ്പിച്ചു എന്നതാണ് ഈ ദര്‍ശനത്തിന്റെ സവിശേഷതയായി ഏവരും ചൂണ്ടിക്കാട്ടാറുള്ളത്. കണഭാവത്തിലും മഹദ്ഭാവത്തിലും വര്‍ത്തിക്കുന്ന പഞ്ചഭൂതങ്ങളെന്ന അടിസ്ഥാന ദ്രവ്യങ്ങളെക്കുറിച്ച് നമുക്ക് പറഞ്ഞുതരുന്ന കണാദമുനി പക്ഷേ അതിനപ്പുറത്തുള്ള ലോകത്തേക്കുമുള്ള വാതായനങ്ങള്‍ ജിജ്ഞാസുവിനു മുന്‍പില്‍ തുറന്നിടുന്നുണ്ട്. 'ബുദ്ധ്യപേക്ഷം' എന്നാണ് കണാദമുനി തത്ത്വാന്വേഷണത്തിന്റെ സാമാന്യമായ രീതിയെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. അതായത് അതി ബൃഹത്തായ പ്രപഞ്ചത്തെ ബുദ്ധിയുടെ പരിധി യില്‍നിന്നുകൊണ്ട് മനസ്സിലാക്കുന്ന രീതി. അതിനുമപ്പുറമുള്ള സൂക്ഷ്മലോകങ്ങള്‍ ഈ മാര്‍ഗത്തില്‍ കണ്ടെത്താന്‍ സാധ്യമല്ല. എന്നാല്‍ യോഗസാധന എന്ന മാര്‍ഗത്തെ ആശ്രയിച്ച് കപിലമുനി അനാവരണം ചെയ്യുന്നത് ഇതിനും അപ്പുറമുള്ള ലോകത്തെയാണ്.

പ്രകൃതി എന്ന മൂല കാരണതത്ത്വത്തില്‍ തുടങ്ങി മഹത്, അഹങ്കാരം, പഞ്ചതന്മാത്രകള്‍ തുടങ്ങി അതിസൂക്ഷ്മമായ ഒട്ടേറെ പദാര്‍ഥങ്ങള്‍ ഈ ഭൗതികപ്രപഞ്ചത്തിന്റെ കാരണഭാവത്തില്‍ നിലകൊള്ളുന്നുണ്ട് എന്ന് സാംഖ്യദര്‍ശനത്തില്‍ കപിലമുനി പറഞ്ഞുതരുന്നു. ഇതിന്റെ ആദിമൂലം ഋഗ്വേദത്തിലെ അദിതിസൂക്തം (ഋ.10.72) പോലുള്ള സൂക്തങ്ങളില്‍ നമുക്ക് കാണാം. വൈശേഷികദര്‍ശനം മുന്നോട്ടുവെച്ച കണസിദ്ധാന്തം ഭൗതിക പ്രപഞ്ചത്തിനുമപ്പുറമുള്ള സൂക്ഷ്മലോകത്തും ശരിയാണെന്നാണ് അദിതിസൂക്തം പഠിക്കുമ്പോള്‍ മനസ്സിലാവുക. ഇതിലൂടെ, മധ്യകാലത്ത് പരസ്പര വിരുദ്ധമെന്ന് കരുതപ്പെട്ട സാംഖ്യവൈശേഷികദര്‍ശനങ്ങള്‍ വാസ്തവത്തില്‍ പരസ്പരപൂരകങ്ങളാണെന്ന സത്യം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.

അദിതിസൂക്തത്തില്‍ മഹത്ത്, അഹങ്കാരം, പഞ്ചതന്മാത്രകള്‍ എന്നീ സാംഖ്യതത്ത്വങ്ങളെ അദിതിയുടെ ഏഴ് പുത്രന്മാരായാണ് വര്‍ണിച്ചിരിക്കുന്നത്. എട്ടാമത്തെ പുത്രനായ മാര്‍ത്താണ്ഡന്‍ പഞ്ചഭൂതനിര്‍മിതമായ ഭൗതികപ്രപഞ്ചവുമാണ്. എന്നാല്‍ സാംഖ്യം പറഞ്ഞവസാനിപ്പിക്കുന്ന ലോകത്തിനും അപ്പുറമുള്ള വേദാന്ത ലോകത്തെക്കുറിച്ചും വേദങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്. ഋഗ്വേദത്തിലെ നാസദീയസൂക്തം(ഋ.10.129) ഇതിന്റെ ഉത്തമ ഉദാഹരണമാണ്. നാസദീയസൂക്തത്തില്‍ പ്രപഞ്ചോല്പത്തിയുടെ രഹസ്യലോകങ്ങളെ അത്യുജ്ജ്വലമായ വാക്കുകളാല്‍ വര്‍ണിക്കുന്നുണ്ട്. കാള്‍ സാഗനെപ്പോലുള്ള ഭൗതികശാസ്ത്രജ്ഞരും മോറിസ് മെറ്റര്‍ലിങ്കിനെപ്പോലുള്ള സാഹിത്യ കാരന്മാരും നാസദീയ സൂക്തത്തിലെ ഈ വര്‍ണനയുടെ സൗന്ദര്യത്തെ പ്രകീര്‍ത്തിച്ചവരാണ്.

വേദങ്ങളുടെയും വേദങ്ങളിലെ പ്രപഞ്ച സങ്കല്പത്തെ അനാവരണം ചെയ്യുന്ന ഷഡ്ദര്‍ശനങ്ങളുടെയുമെല്ലാം സമഗ്രമായ ഒരു പഠനത്തിലൂടെ മാത്രമേ ഭാരതസംസ്‌കാരത്തിന്റെ, പ്രത്യക്ഷത്തില്‍ വൈവിധ്യമാര്‍ന്ന ഈ ബാഹ്യാലങ്കാരങ്ങളുടെയെല്ലാം രൂപകല്പനയ്ക്ക് നിദാനമായി വര്‍ത്തിച്ച പ്രപഞ്ചസങ്കല്പമെന്ന ഏകമായ ആ ആത്മാവിനെ തൊട്ടറിയാന്‍ സാധിക്കൂ. അറിവിന്റെ ഈ പ്രശോഭിതലോകത്തേക്ക് ജിജ്ഞാസുക്കളെ സഹര്‍ഷം സ്വാഗതം ചെയ്യട്ടെ.

ആചാര്യശ്രീ രാജേഷ്

No comments:

Post a Comment