കദളിമംഗലം ക്ഷേത്രം
പത്തനംതിട്ട ജില്ലയിൽ തിരുവല്ലയ്ക്ക് അടുത്ത് വെൺപാല എന്നസ്ഥലത്താണ് കദളിമംഗലം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഭദ്രകാളീ ദേവിയാണ് ഇവിടുത്തെ പ്രധാന പ്രതിക്ഷ്ഠ. ഈ ക്ഷേത്രത്തെക്കുറിച്ച് നിലനിൽക്കുന്ന ഐതീഹ്യം ചുവടെ നൽകിയിരിക്കുന്നു.
വെമ്പൊലി നാട്ടുരാജാക്കന്മാരുടെ ഒരു കോവിലകം പഴയകാലത്ത് വെൺപാലയിൽ ഉണ്ടായിരുന്നു എന്നും അവിടെ നിന്നും അവർ ചങ്ങനാശ്ശേരിക്കും പിന്നീട് കോട്ടയത്ത് നട്ടാശ്ശേരിക്കും മാറുകയാണ് ഉണ്ടായതെന്നും പക്ഷം ഉണ്ട്. വെൺപാലയിൽ തെക്കുംകൂർ രാജകുടുംബം ഏതുകാലത്താണ് താമസിച്ചതെന്നോ എവിടെയായിരുന്നു അവരുടെ ആസ്ഥാനമെന്നോ തീർച്ചയില്ല. കോട്ടയം രാജധാനിയാക്കി വാണ തെക്കുംകൂർ രാജാക്കന്മാരുടെ രാജ്യം തെക്കോട്ട് തിരുവല്ല വരെ നീണ്ടുകിടന്നിരുന്നു. വെൺപൊലി നാട്ടുരാജാക്കന്മാർ എന്നും ഇവർ അറിയപ്പെട്ടിരുന്നു. വെൺപൊലിനാട് സംസ്കൃതീകരിച്ചപ്പോൾ രാജാവ് ബിംബലീശനായി. അവരുടെ ആദ്യ രാജധാനി തിരുവല്ലയ്ക്ക് അടുത്ത് വെൺപാല ആയിരുന്നു എന്നും അവിടെ നിന്നാണ് അവർ കോട്ടയത്തേക്ക് ആസ്ഥാനം മാറ്റിയതെന്നും ചരിത്ര രേഖകൾ വെളിപ്പെടുത്തുന്നു. 1753 (കൊല്ലവർഷം 928) ൽ മാർത്താണ്ഡവർമ്മ മഹാരാജാവ് തെക്കുംകൂർ രാജ്യം ആക്രമിച്ച് വേണാടിനോട് ചേർത്തു.
ഈ ദേശം കാവുംഭാഗത്ത് ഏറത്തു മേച്ചേരി നമ്പൂതിരിയുടെ അധികാര അതിർത്തിയിൽപ്പെട്ടതായിരുന്നു. വെൺപാലയിൽ വളരെ പഴക്കമുള്ള ഒരു ഭദ്രകാളി ക്ഷേത്രം ഉണ്ട്. ഇതാണ് കദളിമംഗലം. ഈ ക്ഷേത്രത്തിൻറെ പഴയ പേര് 'കാളിമംഗലം' എന്നായിരുന്നു. ഇന്നാട്ടിലെ നായർ സമുദായം വകയാണ് ഈ ക്ഷേത്രം. ഇതിൻറെ സ്ഥാപനത്തെപ്പറ്റി പല ഐതീഹ്യങ്ങളും ഉണ്ട്.
തെങ്ങേലിക്കരയിലെ വാണല്ലൂർ കുറുപ്പന്മാരുടെ മൂലകുടുംബം ബുധനൂർ ആയിരുന്നു. മന്ത്രതന്ത്രാദി വിഷയങ്ങളിൽ പ്രാവീണ്യമുള്ളവരായിരുന്നു വാണല്ലൂർ കുറുപ്പന്മാർ. ഇവർക്ക് മുൻകാലത്ത് കളമെഴുത്തും പാട്ടും മറ്റും ഉണ്ടായിരുന്നു.
നൂറ്റാണ്ടുകൾക്ക് മുൻപ് വാണല്ലൂർ കുറുപ്പ് ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവെ കുറുപ്പിൻറെ ഓലക്കുടയിൽ രണ്ടു ഭഗവതിമാർ കൂടെ വന്നു എന്നും അതിൽ ഒരു ദേവി തെങ്ങോലിൽ പൈങ്ങാവിൽ കുടുംബക്കാരുടെ വക ഒരു കാവിൽ കൂടിയിരുന്നു എന്നും മറ്റേ ഭഗവതി ഇന്നത്തെ കദളിമംഗലം ക്ഷേത്രത്തിൻറെ കിഴക്കുവശത്തുള്ള കാവിൽ കുടിയിരുന്നു എന്നും ഒരു ഐതീഹ്യം ഉണ്ട്.
കദളിമംഗലം ക്ഷേത്രത്തിലെ പടയണി വളരെ പ്രസിദ്ധമാണ്. ഇവിടുത്തെ പകല്‍പടയണിയും തുറന്നിട്ട നടയ്ക്ക് മുന്നീല്‍ തുളളിയുറഞ്ഞ് അലറിവിളിച്ച് കത്തിയ ആഴി വാരൂന്ന കാലയക്ഷി കോലവും പ്രസിദ്ധമാണ്. കോലം ചെയ്യുമ്പോള്‍ മുഖത്തിന് നല്ല ഭീകരത വരാറുണ്ട്. കറുപ്പ് നിറത്തിലുള്ള കാലയക്ഷിയുടെ മുഖം ഭീകരവും വികൃതവുമാണ്. നെഞ്ചുമാലയുടെയും പശ്ചാത്തലത്തിൽ വരുമ്പോൾ പേടിപ്പെടുത്തുന്ന രൂപമാകും. പണ്ട് ഇത് സ്ത്രീകളെ കാണിച്ചിരുന്നില്ല. ഒന്ന് രണ്ടുതവണ നല്ല ഭീകരതയുള്ളതായി പലരും പറഞ്ഞിരുന്നു.ഇവിടെ പടയണിയിൽ കാലയക്ഷി കനല്‍ വാരിയെറിഞ്ഞു കഴിഞ്ഞാലേ അമ്മയുടെ മനം തെളിയു. മനം തെളിഞ്ഞ അമ്മ പീന്നീടാണ് പറക്കെഴുന്നളളുന്നത്.
കേരളത്തിലെ പടയണി നടക്കുന്ന ക്ഷേത്രങ്ങളെ അപേക്ഷിച്ച്, കനല്‍ വാരുന്ന കാലയക്ഷികോലം കദളിമംഗലത്ത് മാത്രമേ കാണുവാന്‍ സാധിയ്ക്കു.
No comments:
Post a Comment