ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

28 October 2018

ബ്രഹ്മാദിസപ്തമാതൃക്കളുടെ തത്ത്വം

ബ്രഹ്മാദിസപ്തമാതൃക്കളുടെ തത്ത്വം

പൊതുവെ എല്ലാ ക്ഷേത്രങ്ങളിലും സപ്തമാതൃക്കളുടെ പ്രതിഷ്ഠ ബലിക്കല്ലായി പ്രതിഷ്ഠ ഉണ്ടാകും. ശ്രീകോവിലിന്റെ തെക്കുഭാഗത്ത് ബലിക്കൽ രൂപത്തിൽ ഒൻപത് ശിലകളായിട്ടാണ് പ്രതിഷ്ഠിക്കാറുള്ളത്. ചിലപ്പോൾ വിഗ്രഹരൂപത്തിലും പ്രതിഷ്ഠിക്കാറുണ്ട്. ശ്രീകോവിലിന്റെ തെക്കുഭാഗത്ത് വടക്കോട്ട് ദർശനമായി സപ്തമാതൃക്കളായ ബ്രഹ്മാണി, മഹേശ്വരി, വൈഷ്ണവി, കൌമാരി, ഇന്ദ്രാണി, വരാഹി, ചാമുണ്ഡി എന്നീ ദേവികളെയും അംഗരക്ഷകരായി ഗണപതി, വീരഭദ്രൻ എന്നിവരെയും പ്രതിഷ്ഠിക്കുന്നു.

പ്രപഞ്ചത്തിൻ്റെയും വൃഷ്ടിശരീരത്തിൻ്റെയും സൂക്ഷ്മതലങ്ങളിൽ പ്രവർത്തിക്കുന്നു. ശക്തിവിശേഷങ്ങളെയാണ് ബ്രഹ്മാദിസപ്തമാതൃക്കൾ കുറിക്കുന്നത്. ബ്രഹ്മി എന്നത് സൃഷ്ടിശക്തിയും, മഹേശ്വരി എന്നത് സംഹാരശക്തിയും, കൗമാരി എന്നത് ഗുരുശക്തിയും, വൈഷ്ണവി എന്നത് സ്ഥിതി ശക്തിയും, വരാഹി എന്നത് മൂലാധാരത്തെ കുത്തിയിളക്കികൊണ്ട് താഴോട്ട് പ്രവഹിക്കുന്ന അതിശക്തിയായ ഈശ്വരീയ പ്രവാഹവും, ഇന്ദ്രാണി എന്നത് മൂലാധരത്തിൽ പ്രഥ്വവിതലത്തിൽ യോഗനിദ്രകൊള്ളുന്ന ശക്തിയും, ചാമുണ്ഡാ എന്നത് അവിടെ നിന്ന് ഉയർന്നു പൊങ്ങുന്ന അത്യുഗ്രമായ പ്രചണ്ഡമായ സാധകൻ്റെ തപശക്തിയുമാണ്. ഇവയെല്ലാമാണ് നമ്മുടെ ആന്തരീകതലത്തിൽ പ്രവർത്തനമാനങ്ങളായിരിക്കുന്ന ശക്തികൾ. ഏതു വൃഷ്ടിശരീരത്തിലും ഈ ശക്തികൾ പ്രവർത്തിക്കുന്നുണ്ട്. വിശേഷിച്ച് മനുഷ്യശരീരത്തിലും പ്രപഞ്ചത്തിലും, പ്രപഞ്ചശരീരീം ഒരു വൃഷ്ടിശരീരമാണല്ലോ. ഇത് രണ്ടിനോടും സാദൃശ്യം വഹിക്കുന്ന തരത്തിലാണല്ലോ. ക്ഷേത്രഗാത്രത്തെ സംവിധാനം ചെയ്തിട്ടുള്ളത്. അപ്പോൾ സ്ഥൂലദേഹത്തിൻ്റെ ഉപരിയായി മനോമയ കോശത്തിൻ്റെ താഴേയായി ഈ ശക്തികളുടെ പ്രവർത്തനരംഗം വരും. ക്ഷേത്രശിൽപ്പത്തിൽ യമനിൽ നിന്ന് സ്വൽപ്പം പടിഞ്ഞാറുമാറികൊണ്ടുള്ള പ്രദക്ഷിണമാർഗ്ഗത്തിൽ കൂടിയുള്ള ഈ ചലനം ഈശ്വരാഭിമുഖമായ ഈ അനന്തതയിലേക്കുള്ള പ്രയാണത്തെയാണ് കുറിക്കുന്നത്. അതായത് അൽപ്പം പടിഞ്ഞാറോട്ട് മാറുമ്പോൾ മാതൃക്കൾ യമൻ്റെ ഉപരിഭാഗത്താകുകയാണ് ചെയ്യുന്നത്. ഈ സപ്തമാതൃക്കളുടെയും ബലിപീഠങ്ങൾ ഈ സങ്കൽപ്പങ്ങൾക്കനുസരിച്ചാണ് . ഈ ഏഴു ശക്തികളേയും മൂലാധാരത്തിൻ്റെ അധിഷ്ഠാന ദേവതയായ ഗണപതിയെയും , സഹസ്രാരത്തിൻ്റെ അടിസ്ഥാനദേവതയായ ശിവൻ്റെ പ്രാതിനിധ്യം വഹിക്കുന്ന വീരഭദ്രനും വലയം ചെയ്തിരിക്കുന്നത് യുക്തി സഹമാണെന്ന് പറയാൻ കഴിയും..
യമൻ്റെ പടിഞ്ഞാറ് ഒരു നീളമുള്ള പീഠത്തിൽ തന്നെ ഈ ഏഴു മാതൃക്കളേയും ഓരേ വരിയിലും , അൽപ്പം വടക്കുമാറി ആ പീഠത്തിൽ തന്നെ കിഴക്കും പടിഞ്ഞാറും അഗ്രങ്ങളിൽ വീരഭദ്രനെയും ഗണപതിയെയും പ്രതിഷ്ഠിച്ചിരിക്കുകയാണ്. ബ്രഹ്മി എന്ന സൃഷിശക്തിയേയും , മഹേശ്വരി എന്ന സംഹാരശക്തിയേയും സൃഷ്ടമായ സമഷ്ടിവൃഷ്ടി ശരീരങ്ങളിൽ ഹംസമന്ത്രരൂപങ്ങളിലുള്ള പ്രാണചലനങ്ങളാണ് ഹംസപീഠത്തിനുപരിയായി നിൽക്കുന്ന ഗുരുശക്തിയാണ് കൗമാരി. അതിനെ ആവരണം ചെയ്ത് നിൽക്കുന്നത് അമൃതമയമായ( പാലാഴിയിൽ പള്ളികൊള്ളുന്ന) വൈഷ്ണവിശക്തിയണ്. അവിടെ നിന്ന് ഭൂമിയെ ഉദ്ധരിക്കുവാൻ അതിശക്തമായി താഴോട്ട് അവതരിച്ച ശക്തിയാണ് വരാഹി. വാരഹത്തിൻ്റെ തോറ്റകൊണ്ട് താണുപോയ ഭൂമിയെ ഉദ്ധരിച്ചതായിട്ടാണല്ലോ പുരാണകഥ. ആ ഭൂമിയുടെ അഥവാ പാർത്ഥിവമായ അധസ്തലത്തിൽ കുടിക്കൊള്ളുന്ന ശക്തിയാണ് സുപ്തമായ കുണ്ഡലിനി അഥവ ഇന്ദ്രാണി, അതിൻ്റെ ഉർത്ഥിരൂപമാണ് ഉയരുന്ന പ്രചണ്ഡശക്തിയായ കുണ്ഡലിനി- അതാണ് ചാമുണ്ഡാ, ഈ കൽപ്പനാ സപ്തമാതൃക്കളുടെ സൂക്ഷ്മതത്ത്വങ്ങളിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. ജീവൻ്റെ ഈശ്വരാഭിമുഖമായ പ്രയാണത്തിൻ്റെ ആദ്ധ്യത്മികഗതിയുടെ പടികളാണ് ഈ സപ്തമാതൃക്കളുടെ പഠിഞ്ഞാറോട് നീണ്ടു നിൽക്കുന്ന പ്രതിഷ്ഠകൾ.

• അരയന്നമാണ് ബ്രഹ്മാണിയുടെ വാഹനം. കൈയിൽ ജപമാലയും കമണ്ഡലവുമുണ്ട്.

• ത്രിലോചനയായ മഹേശ്വരി കാളപ്പുറത്താണ്. ശിവനെപ്പോലെ പാമ്പുകൾ കൊണ്ടാണ് വളയും മാലയും അണിഞ്ഞിരിക്കുന്നത്. കൈയിൽ തൃശൂലം.

• ആൺമയിലിന്റെ കഴുത്തിലേറിയ കൌമാരിയുടെ കൈയിൽ വേലാണ് ആയുധം.

• വിഷ്ണുശക്തിയായ വൈഷ്ണവിയുടെ വാഹനം ഗരുഡനാണ്. ശംഖ്ചക്രഗദാഖഡ്ഗങ്ങളും ശാർങ്ഗശരവും കൈയ്യിലേന്തിയ സുന്ദരരൂപം.

• ശേഷനാഗത്തിന്റെ പുറത്തിരുന്ന് തേറ്റകൊണ്ട് നിലം കിളക്കുന്ന ഉഗ്രരൂപിണിയായ വാരാഹിയുടെ ആയുധം ഉലക്കയാണ്.

• ഉഗ്രമൂർത്തിയാണ് തീക്ഷ്ണ നഖദാരുണയായ നരസിംഹി. ഒന്നു സടകുടഞ്ഞാൽ നവഗ്രഹങ്ങളും താരകങ്ങളും വിറയ്ക്കും. ഇതാണ് പ്രത്യംഗിരിദേവി.

• വജ്രമാണ് ഇന്ദ്രാണിയുടെ ആയുധം.ആനയാണ് വാഹനം. അഭയമുദ്രകാട്ടി ആശീർവദിക്കുന്നു.

• പോത്താണ് പരാശക്തിയുടെ തന്നെ അംശമായ ചാമുണ്ഡിയുടെ വാഹനം. ത്രിലോചനയായ ഈ കാളി അഷടബാഹുവാണ്. ത്രിശൂലമാണ് ആയുധം. ശംഖ്, ചക്രം, പാശം, പലക, ശരം,ധാന്യം എന്നിവയാണ് മറ്റ് കൈകളിൽ .

ഇതുകളെ കൂടാതെ മാതൃക്കൾക്കും കുറച്ച് പടിഞ്ഞാറുമാറി ശാസ്താവിനേയും വായുകോണിൻ്റെ അൽപം കിഴക്കായി ദുർഗ്ഗയെയും സോമൻ്റെ തൊട്ടുപടിഞ്ഞാറായി സുബ്രമണ്യനെയും സോമൻ്റെ തൊട്ടു കിഴ്ക്കായി കുബേരനെയും പ്രതിനിദാനം ചെയ്യുന്ന ബലിപീഠങ്ങളുണ്ട്. ഇതിൽ കുബേരൻ ഉത്തരദിക്കിൻ്റെ അധിപൻ എന്ന നിലയിൽ സോമൻ്റെ ഒരു ആവർത്തനമാണ്. ശാസ്താവ് കേരളത്തിൽ പ്രചുരപ്രചാരമായ ഒരു മന്ത്രസങ്കൽപമാണ്, സുബ്രമണ്യൻ ഗുരുവിനെ പ്രതിനിദാനം ചെയ്യുന്നു. ഗുരു ഗുഹൻ എന്നി പേരുകളുടെ മന്ത്രശാസ്ത്രപ്രകാരമുള്ള അടുപ്പം അതിനെയാണ് സുചിപ്പിക്കുന്നത്. കൂടാതെ പുരാണങ്ങൾ ഗുഹനെയാണല്ലോ പരമശിവനുപോലും പ്രണവോപദേശം ചെയ്യുന്ന ഗുരുവായി സങ്കൽപ്പിച്ചിട്ടുള്ളത്, അതുകൊണ്ട് സോമൻ്റെ തൊട്ടടുത്തു തന്നെയാണ് സുബ്രമണ്യൻ്റെ സ്ഥാനം.

മറ്റൊരു മന്ത്ര സങ്കൽപമുള്ളത് ഗണപതി, ദുർഗ്ഗ, വടുകഭൈരവൻ, ക്ഷേത്രപാലൻ, എന്നി മന്ത്രമൂർത്തികൾക്ക് ഏതോരു മന്ത്രപ്രതിഷ്ഠയെയും പ്രധാന ബലിസ്ഥാനങ്ങളാണിവ. ശ്യാമളദണ്ഡകത്തിൽ "തത്രവിഘനേശ്വര ദുർഗ്ഗാവടു ക്ഷേത്രപാലൈര്യുതേ" എന്നിവരികൾ ഈ മന്ത്രശാസ്ത്രസങ്കേതത്തെ പ്രതിഫലിപ്പിക്കുന്നു. ഇതിൽ ഗണപതിയും വടുകഭൈരവനും സപ്തമാതൃക്കളുടെ ഇരുപുറവുമുള്ള ഗണപതി വീരഭദ്രന്മാർ പ്രതിനിദാനം ചെയ്യുന്നു. അതിനു വിപരീതമായി സോമൻ്റെ തലത്തിൽ ഇതിനു വിപരീതമായി സോമൻ്റെ തലത്തിൽ ഇതിനു സമാന്ത്രമായി നിൽക്കുകയാണ് ദുർഗ്ഗാക്ഷേതപാലന്മാർ, ക്ഷേത്രപാലൻ എന്ന സങ്കൽപ്പം അകത്തെ ബലിവട്ടത്തിലെ നിർമ്മാല്യധാരിയാണ്. , നിർമ്മാല്യധാരിക്ക് സമാനമായ ഒരു സ്ഥാനമാണ് പുറത്തെ ബലിവട്ടത്തിൽ ക്ഷേത്രപാലനുള്ളത്, ബലിയുടെ അവസാനം പാത്രത്തോടെ ക്ഷേത്രപാലകനു നിവേദിക്കുമെങ്കിൽ ദേവൻ്റെ ഏതു നിവേദ്യവും നിർമ്മാല്യധാരിക്ക് നിവേദിച്ച് നിർമ്മാല്യമാക്കി കൊടുക്കുകയാണ് ക്ഷേത്രത്തിൽ ചെയ്യുന്നത്. ദേവപരമായ നിവേദ്യത്തിനുശേഷം നിർമ്മാല്യധാരിക്കും . ഭൂതപരമായ ബലിശേഷം ക്ഷേത്രപാലനുമാണ് സമർപ്പിക്കുന്നത്. അതിനാൽ സൂക്ഷശരീരത്തിൻ്റെയും സ്ഥൂലശരീരത്തിൻ്റെയും പാലകന്മാരായ നിർമ്മാല്യധാരിയുടെയും ക്ഷേത്രപാലൻ്റെയും സങ്കൽപ്പങ്ങൾ ഒന്നു തന്നെയാണ്. ദേവൻ എങ്ങോട്ട് തിരിഞ്ഞാലും നിവേദ്യത്തിൽ അവസാനത്തെ കുടിക്കുനീർ വീഴ്ത്തി നിവേദ്യത്തെ വടക്കോട്ട് നിർമ്മല്യധാരിക്ക് പ്രാണാഹൂതിപുരസ്സരം നിവേദിക്കുന്നു എന്നോർക്കുക. ഈശ്വാനപദത്തിൽ ശിവലിംഗസമാനനായി ഈ നിർമ്മാല്യധാരി സ്ഥിതിചെയ്യുന്നു. ഇങ്ങനെയാണ് അകത്തെ ബലിവട്ടത്തെ ബലിദേവതകളുടെ സ്ഥിതി.

ബലിക്കല്ലുകള്‍ അവ പ്രതിനിധാനം ചെയ്യുന്ന ശക്തികളെ അനുസ്മരിക്കും വിധം വിവിധ വലിപ്പത്തില്‍ ആകൃതികളില്‍ കാണപ്പെടാം, എങ്കിലും മിക്ക ക്ഷേത്രങ്ങളിലും ഇന്ന് കാണപ്പെടുന്ന ബലിക്കല്ലുകള്‍ക്ക് ഒരേ ആകാരവും വലിപ്പവും ആണ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. തന്നെയുമല്ല ബലിക്കല്ലുകള്‍ ഇന്നത്തെ സമ്പന്ന ലോകത്തിന് മുന്നില്‍ ബലിചെമ്പുകള്‍, ബലി സ്വര്‍ണങ്ങള്‍ ഒക്കെയായി പരിണാമം പ്രാപിച്ചിരിക്കുന്നു. ബലിക്കല്ലുകള്‍ക്ക് മാത്രമല്ല ഈ ദുസ്ഥിതി ഉള്ളത്. ക്ഷേത്രങ്ങളുടെ ശ്രീകോവിലുകള്‍, അതിന്റെ ദ്വാരപാലകര്‍ എന്തിനേറെ ചില ക്ഷേത്രങ്ങള്‍ പൂര്‍ണമായും തന്നെ സുവര്‍ണ്ണ ക്ഷേത്രങ്ങളായി നിര്‍ബന്ധ പരിണാമത്തിനു വിധേയമാകുമ്പോള്‍ അവിടെ ഒരു ശക്തി ഉണ്ടെന്നു വിശ്വസിക്കുന്ന ഭക്തജനങ്ങള്‍ എന്തുകൊണ്ട് തങ്ങളുടെ സമ്പന്നതയെ പ്രതിനിധാനം ചെയ്യാനുള്ള ഇടമല്ല ആ ശക്തി വസിക്കുന്നിടം എന്ന് മനസ്സിലാക്കുന്നില്ല എന്നതാണ് അത്ഭുതം. പ്രാചീന സംസ്കൃതിയുടെ ജീവിച്ചിരിക്കുന്ന പൈത്രികമായ അതിപുരാതന ക്ഷേത്രങ്ങള്‍ പോലും അത്യാധുനികതയ്ക്ക് വഴിമാറുന്നു...

No comments:

Post a Comment