ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

7 July 2022

ഭക്തി വളരെ ശ്രേഷ്ടമാണ്

ഭക്തി വളരെ ശ്രേഷ്ടമാണ്

ഭഗവാൻ തന്നെയാണ് ഗതി. ആത്മാവ് ഭഗവാന്റെ സ്വന്തമാണ്, നമ്മുടേതല്ല. എപ്പോൾ ആത്മാവ് തന്നെ ഭഗവാന്റെയാകുമ്പോൾ, ഈ ശരീരം, ഇന്ദ്രിയങ്ങൾ, മനസ്സ്, ആ ശരീരത്തെ ആധാരമാക്കിയുള്ള ജീവിതം എല്ലാം തന്നെ ഭഗവാന്റെ ചുമതലയാണ്. അത് കൊണ്ടു നിശ്ചിന്തയോടെ, നിർഭയത്തോടെ ജീവിതം നയിക്കണം. എന്നും ഉണരുമ്പോൾ ഹൃദയം പുഷ്പിക്കണം. അതിനു എന്നും ഭഗവത് ധ്യാനം ചെയ്യണം. യാതൊരു ബുദ്ധിമുട്ടും ഇല്ലാത്ത ഒരു വിഷയമാണ് ഭഗവത് ധ്യാനം. ഏറ്റവും സുഖകരമായ ഒന്നാണ് അത്. മനസ്സ് ഇപ്പോഴും ഭഗവാനെ തന്നെ ഓർക്കണം. എന്നാൽ ആനന്ദം അനുഭവിക്കാം. ഭക്തി വളരെ ശ്രേഷ്ടമാണ്.

ഭഗവത് ഭക്തിക്കു ജാതിയോ, കുലമോ, ഗോത്രമോ ഒന്നും ഭേദമില്ല. പ്രാരബ്ധം അനുസരിച്ച് ഒരു ശരീരം ലഭിക്കുന്നു. അത് നല്ലത് പോലെ ഉപയോഗിച്ചാൽ ഭാഗ്യം തന്നെയാണ്. എല്ലാർക്കും ഭകതിക്ക് അർഹത ഉണ്ട്. അതിന്റെ ഫലത്തെ കുറിച്ച് നാം ചിന്തിക്കേണ്ട കാര്യമില്ല.   

എല്ലാ പ്രായത്തിലും കാലത്തിലും ഭഗവാനെ അനുഭവിക്കാം. ഭഗവാൻ നമുക്ക് നല്ലത് തന്നെ ചെയ്യുന്നു എന്നു ദൃഡമായി വിശ്വസിക്കണം. ആ വിശ്വാസം ഒട്ടും മാറാൻ പാടില്ല. അങ്ങനെ മാറുമ്പോൾ ഭഗവാന്റെ അനുഗ്രഹത്തെ നാം അറിയുന്നില്ല. ഭഗവാൻ ഇപ്പോഴും നമുക്ക് അനുഗ്രഹം ചൊരിഞ്ഞു കൊണ്ടിരിക്കുന്നു. പക്ഷെ നാം വല്ലപ്പോഴും മാത്രം അതു കൈ നീട്ടി സ്വീകരിക്കുന്നു. ഓരോരുത്തരും അവരവരുടെ ഗൃഹത്തിൽ ഇരുന്നുകൊണ്ട് നാമജപം ചെയ്യേണ്ടതാണ്. നാമം ജപിക്കുന്ന സമയത്ത് നമ്മുടെ മറ്റു ചിന്തകൾ നമ്മിൽ നിന്നും അകന്നു നിൽക്കും.

ഭഗവാനെ മുറുകെ പിടിക്കണം. ഒരു ക്ഷണം പോലും ഭഗവാനെ മറക്കരുത്. മറക്കേണ്ട ആവശ്യവും ഇല്ല. സദാ സർവദാ കൃഷ്ണ സ്മരണം ചെയ്യണം. 'എന്നെ മാത്രം ചിന്തിച്ചു കൊണ്ടു, മറ്റു ചിന്തകളെ വെടിഞ്ഞു ആരാണോ എന്നെ ആരാധിക്കുന്നത്, അവരുടെ യോഗവും ക്ഷേമവും ഞാൻ വഹിക്കുന്നു' എന്നു ഭഗവാൻ ഗീതയിൽ പറയുന്നു. യോഗം എന്നാൽ കിട്ടാൻ പ്രയാസമായത് കിട്ടുന്നത്. ക്ഷേമം എന്നാൽ അതിനെ സംരക്ഷിക്കുന്നത് യാതൊരു ചിന്തയും ഇല്ലാതെ ഭഗവാനെ മാത്രം ചിന്തിച്ചിരുന്ന നമ്മെ ഭഗവാൻ ഒരിക്കലും കൈവെടിയുകയില്ല.

ഭക്തിയെന്നാൽ ശക്തിയാണ്, ധൈര്യമാണ്, ജീവിക്കാനുള്ള പ്രചോദനമാണ് എന്തെല്ലാം തടസങ്ങളുണ്ടായാലും, അനേക ജന്മങ്ങൾക്കുശേഷം പണിപ്പെട്ട് ലഭിച്ച മർത്ത്യ ജന്മം ധന്യമാകാൻ ഓരോരുത്തരും സ്വന്തം മനസ്സിൽ അൽപമെങ്കിലും ഭക്തി വളർത്തിയെടുക്കാൻ ശ്രമിക്കേണ്ടതാണ്  

'നാസ്തി തേഷു ജാതി വിദ്യാ രൂപ കുലാദി ഭേദഃ'

തന്റെ ഭക്തന്മാരിൽ കുലമോ, ജാതിയോ, വിദ്യയോ ധനമോ തുടങ്ങിയ യാതൊരു ഭേദവും ഭഗവാൻ നോക്കുന്നില്ല. ഭക്തി മാത്രമാണ് ഭഗവാൻ ഗണിക്കുന്നത്. ആരു എന്തു ഭക്തിയോടെ കൊടുത്താലും ഭഗവാൻ സ്വീകരിക്കുന്നു. ഭഗവാൻ നല്കുന്ന ആളിന്റെ സ്ഥിതിയെയോ, അല്ലെങ്കിൽ വസ്തുവിന്റെ ഗുണത്തിനെയോ നോക്കുന്നില്ല. അതിലുള്ള ഭക്തിയെ മാത്രമാണ് കണക്കാക്കുന്നത്.തനിക്കുള്ളത് എല്ലാം തന്നെ ഭാഗവാനുകൊടുക്കണം എന്ന ഭാവം ഉണ്ടാകണം. ഭഗവാനോട് പ്രീതി ഉണ്ടാവണം. ഭഗവാൻ ഉത്തമനാണ്. മൂന്നു വിധം ആൾകാർ ഉണ്ട് അധമൻ, മധ്യമൻ ഉത്തമൻ ! അധമൻ - ആർക്കു എന്തു സംഭവിച്ചാലും കുഴപ്പമില്ല തന്റെ സുഖം തന്നെ പ്രാധാന്യം എന്നുചിന്തിക്കുന്നവൻ അധമൻ. മധ്യമൻ - താനും സുഖമായിരിക്കണം, മറ്റുള്ളവരും സുഖമായിരിക്കണം എന്നു ചിന്തിക്കുന്നവൻ മധ്യമൻ. ഉത്തമൻ - തനിക്കു എന്തു തന്നെ സംഭവിച്ചാലും വേണ്ടില്ല മറ്റുള്ളവർ സുഖമായിരിക്കണം എന്നു ചിന്തിക്കുന്നവൻ ഉത്തമൻ ! ഭഗവാൻ ഉത്തമാനാണ്. തനിക്കു എത്ര പ്രയാസങ്ങൾ ഉണ്ടായാലും തന്നെ ആശ്രയിക്കുന്നവർക്ക് സന്തോഷം കിട്ടണം എന്നു വിചാരിക്കുന്നു. ആ ഉത്തമന്റെ അടുക്കൽ ഉത്തമമായ ഭക്തി ഉണ്ടാകണം. ഭഗവാനു ഭക്തരിൽ യാതൊരു ഭേദവും ഇല്ല.  

കർമ്മങ്ങൾ ചെയ്യുന്നത് കൊണ്ടു നാം ഭക്തിയിൽ നിന്നും അകലുന്നില്ല. ചെയ്യുന്ന കർമ്മങ്ങൾ ഭഗവാന് വേണ്ടി ചെയ്തു കൊണ്ടിരുന്നാൽ മാത്രം മതി. താൻ ചെയ്യേണ്ട കർമ്മങ്ങൾ, പറയേണ്ട വാക്കുകൾ, എല്ലാം ഭഗവാന്റെ ഇഷ്ടം പോലെ ഭവിക്കട്ടെ എന്ന് പ്രാർത്ഥിക്കാം. ഭക്തന്മാർ ഒരിക്കലും തോൽക്കുന്നില്ല. അവരുടെ ദൃഢ വിശ്വാസം അവരെ സദാ രക്ഷിക്കുന്നു. എന്ത് നടന്നാലും അത് ഭഗവാന്റെ ഇഷ്ടം എന്ന് കരുതിയിരിക്കുക. അനന്യ ചിന്തകളൊക്കെ വിട്ടിട്ടു ഭഗവാനെ തന്നെ ചിന്തിക്കണം. അങ്ങനെയായാൽ നമ്മുടെ ജീവിതവും വിജയിക്കും.   

ഹേ മനസ്സേ! ഉണരൂ! ഉണരൂ! എത്രയോ ജന്മങ്ങള് നീ ഉറങ്ങിപ്പോയി. ഇനിയെങ്കിലും ഉണരൂ! നിനക്ക് ഇപ്പോള് ഭാഗ്യം ലഭിച്ചിരിക്കുകയാണ്. പൂര്വ ജന്മ പുണ്യമാണ് ഇപ്പോള് നിനക്ക് ഭഗവാനെ ധ്യാനിക്കാന് കിട്ടിയ അവസരം. അത് കളയരുത്. ധ്യാനിക്കുമ്പോള് അനുഭവങ്ങള് ലഭിക്കും. അനുഭവിക്കു! അനുഭവിക്കും തോറും കിട്ടിക്കോണ്ടേ ഇരിക്കും. ഇലയില് വിളമ്പിയ ഭക്ഷണം കഴിച്ചാല് ഉടനെ അടുത്തത് വിളമ്പില്ലേ അത് പോലെ! അനുഭവിച്ചു കൊണ്ടെ ഇരിക്കു! ഹൃദയം തൃപ്തിയാകുന്നത് വരെ അനുഭവിക്കണം. പൂര്ണ്ണ ബ്രഹ്മം കൃഷ്ണ രൂപത്തില് വന്നിരിക്കുമ്പോള് അത് അനുഭവിക്കാതെ കളയരുത്!

No comments:

Post a Comment