ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

7 July 2022

കതിവനൂർ വീരൻ

കതിവനൂർ വീരൻ

കണ്ണൂര്‍ ജില്ലയില മാങ്ങാടുള്ള കുമാരപ്പൻ ചക്കിയമ്മ ദമ്പതികൾക്ക് പിറന്ന ഏക ആൺ തരി. അവനെ അവര്‍ മന്ദപ്പനെന്നു നാമകരണം ചെയ്തു.

കൂട്ടുകാരോടൊന്നിച്ചു നായാടി കളിച്ച ബാല്യം കാലം കഴിഞ്ഞു വലുതായിട്ടും ജോലി ഒന്നും ചെയ്യാതെ ഈ നായാട്ടു ശീലം തുടര്‍ന്നപ്പോള്‍ കുമാരപ്പന്‍ മകനെ അടിക്കാന്‍ തുനിഞ്ഞു. കോപം പൂണ്ട മന്ദപ്പന്‍ തന്റെ ആയുധങ്ങളുമെടുത്തു വീട് വിട്ടിറങ്ങി. ആ യാത്ര അവസാനിച്ചത് കതിവനൂരുള്ള തന്റെ അമ്മാവന്റെ വീട്ടിലായിരുന്നു. അവിടെ മന്ദപ്പനെ അവർ സ്നേഹത്തോടെ വളർത്തി,. കളരിയില്‍ അയച്ചു ആയോധന വിദ്യകൾ പഠിപ്പിച്ചു. 
യുവാവായ മന്ദപ്പന് ചെമ്മരത്തി എന്ന പെണ്ണിനോട് പ്രണയം തോന്നി. അവളെ വിവാഹം കഴിച്ചു സന്തോഷത്തോടെ ജീവിതം മുന്നോട്ടു പൊയ്ക്കൊണ്ടിരുന്ന കാലത്താണ് ചെമ്മരത്തിക്ക് മന്ദപ്പന്‍ ജോലി ചെയ്യാന്‍ മടിയനാണ് എന്നുള്ള വിവരം മനസ്സിലായത്. പക്ഷെ രണ്ടുപേര്‍ക്കും ഉള്ളില്‍ സ്നേഹമുണ്ടായിരുന്നു. മന്ദപ്പന്റെ മടിമാറാന്‍ അവൾ അവനെ എള്ള്മുതിച്ചു എണ്ണയുണ്ടാക്കാന്‍ അങ്ങാടിയിലെക്കയച്ചു .

അങ്ങാടിയില്‍ പോയി തിരിച്ചു വരാന്‍ വൈകിയ സുന്ദരനായ മന്ദപ്പനെ അവള്‍ക്ക് സംശയമായി. വൈകി വിശന്നു വലഞ്ഞു വന്ന മന്ദപ്പനോട് “എണ്ണ വിറ്റുകിട്ടിയ പണംകൊണ്ട് ഏതു പെണ്ണിന്റെ പുറകെ പോയെന്നു” അവള്‍ ചോദിച്ചു. കലഹമില്ലാതിരിക്കാന്‍ മറുപടിയൊന്നും പറയാതെ മന്ദപ്പന്‍ ചോറുണ്ണാനിരുന്നു. ആദ്യ പിടിചോറില്‍ മുടികിട്ടി. അതുകളഞ്ഞു രണ്ടാം പിടിച്ചോറെടുത്തപ്പോള്‍ യുദ്ധകാഹളം കേട്ടൂ. കുടകര്‍ മലയാളത്താന്‍മാരെ ആക്രമിക്കാന്‍ വരുന്നു!!. പടപ്പുറപ്പാട് കേട്ടിട്ടും ഭക്ഷണം കഴിക്കുന്നത് വീരന് ചേര്‍ന്നതല്ല എന്നുമനസ്സില്‍ കരുതിയ മന്ദപ്പന്‍ തന്റെ ആയുധങ്ങളുമെടുത്തു പടയ്ക്കിറങ്ങാന്‍ ഒരുങ്ങി. തല വാതിലിനു മുട്ടി ചോര വന്നു. അതുകണ്ട ചെമ്മരത്തി “പടയ്ക്കിറങ്ങുമ്പോള്‍ ചോര കണ്ടാല്‍ മരണമുറപ്പെന്നു പറഞ്ഞു. എന്നിട്ടും മന്ദപ്പന്‍ ഒന്നും പറഞ്ഞില്ല. അപ്പോള്‍ അവള്‍ തന്റെ സംസാരം തുടര്‍ന്നുകൊണ്ടിരുന്നു .

“ആറുമുറിഞ്ഞ് അറുപത്താറു ഖണ്ഡമാകും. നൂറുമുറിഞ്ഞ് നൂറ്റിയെട്ടു തുണ്ടാമാകും. കണ്ട കൈതമേലും മുണ്ടമേലും മേനി വാരിയെറിയും കുടകന്‍” തുടങ്ങി ശാപവാക്കുകള്‍ അവള്‍ ഉരുവിട്ടു. നീ പറഞ്ഞതെല്ലാം സത്യമാകട്ടെ എന്ന് പറഞ്ഞു ഒരു മന്ദഹാസത്തോട് കൂടി മന്ദപ്പന്‍ അവിടെ നിന്നും പുറപ്പെട്ടു. വഴിയില്‍ വച്ച് മച്ചുനനെ കണ്ടു. താന്‍ “മരിച്ചാല്‍ ഇവിടെയുള്ള വാഴകള്‍ മുഴുവന്‍ അന്ന് തന്നെ കുലയ്ക്കുമെന്നു” പറഞ്ഞു പടയ്ക്ക് പോയി. മലയാളത്താന്‍മാര്‍ മന്ദപ്പന്റെ സഹായത്തോടു കൂടി കുടകരെ തോല്‍പ്പിച്ചു .അവര്‍ മന്ദപ്പന്റെ തങ്ങളുടെ രക്ഷകനായി കണ്ടു. അവര്‍ അവനെ വാനോളം പുകഴ്ത്തി. വീട്ടുകാർ സന്തോഷിച്ചു ചെമ്മരത്തിക്ക് തന്റെ നാക്കില്‍ നിന്നും വീണുപോയ വാക്കുകളെക്കുറിച്ച് ഓർത്തു ദുഖം തോന്നി. എങ്കിലും അവന്‍ തിരിച്ചു വരുന്നതിന്റെ, പട ജയിച്ചു വരുന്നതിന്റെ സന്തോഷം അവള്‍ക്കുണ്ടായിരുന്നു. പക്ഷെ ആ സന്തോഷം അധികം നീണ്ടു നിന്നില്ല. വീട്ടിലേയ്ക്കുള്ള യാത്രാ മദ്ധ്യേ, കുടകർ, ഒളിച്ചിരുന്ന്, മന്ദപ്പനെ ചതിയിലൂടെ അരിഞ്ഞു വീഴ്ത്തി, കതിവനൂര്‍ അമ്മാവന്റെ വീട്ടില്‍ മന്ദപ്പന്‍ വച്ച എല്ലാ വാഴയും അന്ന് തന്നെ കുലച്ചു. താന്‍ പറഞ്ഞു പോയ ശാപവാക്കുകൾ ഫലിച്ചതിൽ മനംനൊന്ത് ചെമ്മരത്തി മന്ദപ്പന്റെ ചിതയില്‍ ചാടി ആത്മഹത്യ ചെയ്തു. കുടകര്‍ തുണ്ടം തുണ്ടമായി അരിഞ്ഞു വീഴ്ത്തിയ ദേഹത്തിലെ ഓരോ കഷണങ്ങളും അവിടെ നിന്നും ജീവന്‍ വച്ചത് പോലെ അനങ്ങി. വീരനായ അവന്‍ ദൈവമായി മാറിയെന്നു അവര്‍ക്ക് മനസ്സിലായി. മന്ദപ്പനെ കതിവനൂര്‍ പടിഞ്ഞാറ്റയില്‍ വച്ചു ദൈവമായി കണ്ടവര്‍ ആരാധിച്ചു...

No comments:

Post a Comment