ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

7 July 2022

ഗണപതിയും കറുകപ്പുല്ലും

ഗണപതിയും കറുകപ്പുല്ലും

കറുകപ്പുല്ല് ഹൈന്ദവ പൂജകളില്‍ പ്രധാനമാണ്. ഗണപതിയ്ക്കുള്ള പൂജകളില്‍ പ്രത്യേകിച്ചും. കറുകപ്പുല്ല് പ്രധാനമായും മൂന്നു ശക്തികളെ വഹിയ്ക്കുന്നുവെന്നാണ് വിശ്വാസം. ശിവന്‍, ശക്തി, ഗണേശന്‍ എന്നിവരാണിവ. പൂവില്ലാത്ത കറുകയാണ് പൂജകള്‍ക്കെടുക്കാറ്. കറുക പൂജകള്‍ക്കു പ്രധാനമായതിനു പുറകില്‍ ഒരു കഥയുണ്ട്. ഒരിക്കല്‍ അനലാസുരന്‍ സ്വര്‍ഗത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കി. ഈ അസുരന്റെ കണ്ണില്‍ നി്ന്നും പ്രവഹിച്ച തീയില്‍ പെടുന്ന എല്ലാം ചാമ്പലായി. ഇതില്‍ നിന്നും രക്ഷപ്പെടാന്‍ ദേവന്മാര്‍ ഗണപതിയെ അഭയം പ്രാപിച്ചു. ഗണപതി അസുരനുമായി യുദ്ധം ചെയ്തു. തന്റെ വിരാടരൂപം പുറത്തെടുത്ത ഗണപതി അസുരനെ വിഴുങ്ങി. എന്നാല്‍ അസുരന്റെ തീ ഗണപതിയുടെ വയറ്റില്‍ ചൂടും അസ്വസ്ഥതകളുമുണ്ടാക്കി. ഗണപതിയുടെ ദേഹം മുഴുവന്‍ ചൂടനുഭവപ്പെട്ടു. ഇതില്‍ നിന്നും സംരക്ഷണം നല്‍കാനായി ചന്ദ്രന്‍ ഗണപതിയുടെ തലയ്ക്കു മീതെ നിന്നു തണല്‍ നല്‍കി. വിഷ്ണുഭഗവാന്‍ തന്റെ താമര നല്‍കി. ശിവന്‍ വയറിനു ചുറ്റും ആശ്വാസം നല്‍കാനായി തന്റെ പാമ്പിനെ നല്‍കി. ഇതൊക്കെക്കൊണ്ടും ഗണപതിയ്ക്ക് ആശ്വാസം ലഭിച്ചില്ല. അവസാനം പല ദിക്കുകളില്‍ നിന്നുള്ള മഹര്‍ഷിമാര്‍ വന്ന് ഗണപതിയ്ക്ക് 21 കറുകപ്പുല്ലുകള്‍ നല്‍കി. ഇതോടെ ചൂടില്‍ നിന്നും ഗണപതി ഭഗവാന് ആശ്വാസം ലഭിയ്ക്കുകയും ചെയ്തു. ഇതെത്തുടര്‍ന്ന് തന്നെ കറുകപ്പുല്ലു കൊണ്ടു പൂജിയ്ക്കുന്നവരില്‍ താന്‍ പ്രസന്നനാകുമെന്ന് ഗണപതി അനുഗ്രഹം നല്‍കി. 21 കറുക കൊണ്ടുള്ള പൂജയാണ് ഏറ്റവും മികച്ചത്. ഇത് ഒരുമിച്ചു കെട്ടി വെള്ളത്തില്‍ മുക്കി ശുദ്ധമാക്കി ഗണപതിയെ പൂജിയ്ക്കണം. ഗണപതിയുടെ കാല്‍ക്കല്‍ നിന്നും തുടങ്ങി കഴുത്തറ്റം കറുക കൊണ്ടു മൂടുന്നത് ഏറ്റവും വിശിഷ്യമായി കരുതാം.

No comments:

Post a Comment