ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

4 July 2022

മഹത്തായ ക്ഷേത്രസങ്കല്പം

മഹത്തായ ക്ഷേത്രസങ്കല്പം

ക്ഷേത്രത്തിന്റെ ഹൃദയമാണ് ശ്രീകോവിൽ. ക്ഷേത്രങ്ങളിലെ ആത്മാവ് പ്രതിഷ്ഠാ വിഗ്രഹമാണല്ലോ. ആ വിഗ്രഹത്തിന്റെ മഹിമയാണ് ക്ഷേത്രമാഹാത്മ്യത്തിന്റെ മൂലകാരണം. പ്രതിമാനിർമ്മാണ കലയുടെ പരമസീമ പ്രതിഷ്ഠാവിഗ്രഹമാണ്. മിക്കക്ഷേത്രങ്ങളിലും പ്രതിഷ്ഠാബിംബങ്ങൾ കരിങ്കല്ലുകൊണ്ടാണ്. ദാരുബിംബങ്ങള്‍ ഓടുകൊണ്ടോ ഐമ്പൊന്നുകൊണ്ടോ വാർത്തുണ്ടാക്കിയ ബിംബങ്ങളും ദുർബലമായിക്കാണാം. വിഷ്ണു, ശിവന്‍, സുബ്രഹ്മണ്യന്‍, ശങ്കരനാരായണന്‍, ദുര്‍ഗ്ഗ, ശാസ്താവ്, ഗണപതി, ഭദ്രകാളി, ദുര്‍ഗ്ഗ എന്നീമൂര്‍ത്തികളാണ് കേരളക്ഷേത്രങ്ങളിൽ അധികവുംകാണുക. പലരൂപത്തിലും ഭാവത്തിലുമുളള ആ പ്രതിഷ്ഠാബിംബങ്ങളിൽ ശില്പികൾ വരുത്തുന്ന തന്മയത്വമാണ് ദിവ്യചൈതന്യത്തിന്റെ ഉത്ഭവസ്ഥാനം. 

ഇനി നമുക്ക് ബിംബം പ്രതിഷ്ഠിക്കുന്ന ശ്രീകോവിലിന്റെ നിർമ്മാണകലയെപ്പറ്റി ഒരു പര്യവലോകനം നടത്താം.

സർവ്വവ്യാപിയും സർവാധാരഭൂതരും ഹിരണ്യഗർഭരുമായ മഹാവിഷ്ണുവിന്റെ നാഭിയിൽനിന്ന് ഒരു താമര മുളച്ചു. അതിന്‍മേൽ വിരിഞ്ഞ ചെന്താമരപൂവിൽ നമ്മുടെ പിതാമഹനായ ആദിമകലാകാരൻ സ്വയംഭൂവായി പ്രത്യക്ഷപ്പെട്ടു. ആ ദേവൻ തന്റെ ജന്മസ്ഥാനപത്മം കൊണ്ട് ഈ ലോകം സൃഷ്ടിച്ചു. നാഭീപത്മത്തിന്റെ കിഴങ്ങാണ് ആദികൂർമ്മം. അതിന്റെ തണ്ടാണ് അനന്തൻ. ആ പത്മംതന്നെയാണ് ഭൂഗോളം. ഇതാണ് ലോകോത്പത്തിയെക്കുറിച്ചുള്ള ഒരു പൗരാണിക സങ്കല്പം. ആ സങ്കല്പത്തിനെ ആസ്പദമാക്കിയാണ് ക്ഷേത്രങ്ങളെല്ലാം സ്ഥാപിച്ചിട്ടുള്ളത്. ക്ഷേത്രനിർമ്മാണ വിധികളും പൂജാവിധികളും പരിശോധിച്ചാൽ ഈ പരമാർത്ഥം വ്യക്തമാകുന്നതാണ്. ഭൂഗർഭത്തിൽ അടിയിൽ ഒരു നിധികുംഭം, അതിന്മേൽ ശിലാപത്മം, അതിന്മേൽ ശിലാകൂർമ്മം, അതിന്റെമേലെ നാളം, ആ നാളത്തിന്മേൽ വിടർന്നു നിൽക്കുന്ന ചെന്താമരപ്പൂവത്രേ ശ്രീകോവിലിന്റെ ഉൾഭാഗമായ ഗർഭഗൃഹം. അതിന്റെ മദ്ധ്യത്തിലുള്ള കർണ്ണികയാണ് പീഠം. പീഠമദ്ധ്യത്തിൽ ബിംബം പ്രതിഷ്ഠിക്കുന്നു. ഇതാണ് ബിംബപ്രതിഷ്ഠാ വ്യവസ്ഥ. ഇതനുസരിച്ച് നോക്കുമ്പോൾ ലോകത്തിന്റെ ചെറിയൊരുരൂപംതന്നെയാണ് ശ്രീകോവിലിന്റെ ഗർഭഗൃഹമെന്ന് വ്യക്തമാണല്ലോ 

പീഠപൂജ ചെയ്താണ് മൂർത്തിയെ ആവാഹിക്കുന്നത്. അധർമ്മം, അജ്ഞാനം, വൈരാഗ്യം, അനൈശ്വര്യം ഇവകൊണ്ടാണ് പീഠത്തിന്റെ ചട്ടം കൂട്ടിയിട്ടുള്ളത്. സത്വരജസ്തമസുകളാകുന്ന ഗുണത്രയം ആ ചട്ടത്തിന് നടുവിൽ മേലെ വലിച്ചുകെട്ടി അതിനുമീതെ മായയെന്ന മെത്തവിരിച്ച് വിദ്യകൊണ്ട് മേല്‍വിരിപ്പിട്ട് അതിനുമുകളിൽ വികസിച്ചൊരു അഷ്ടദളപദ്മം വച്ചതായി സങ്കല്പിച്ചു പൂജിക്കുന്നു. ഈ പത്മമത്രേ സർവ്വശക്തിയുക്തനായ ആത്മാവിന്റെയും അന്തരാത്മാവിന്റെയും പരമാത്മാവിന്റെയും ജ്ഞാനാത്മാവിന്റെയും അധിഷ്ഠാനം. വിമല, ഉൽക്കർഷിണി, ജ്ഞാനി, ക്രിയ, യോഗ, പ്രഹ്വി, സത്വ, ഈശ, അനുഗ്രഹ ഇങ്ങനെ ഒമ്പത് ശക്തികളാണ് ആത്മാവിന് ഉള്ളത്. ഇതൊക്കെയാണ് പീഠപൂജാ സങ്കല്പത്തിലെ ക്രമം. മൂർത്തിഭേദമനുസരിച്ച് പീഠസങ്കല്പത്തിൽ അല്പാല്പം ഭേദംകാണാം. ഏതുവിധത്തിലായാലും ലോകപത്മത്തിന്റെ ഭാവനാ കല്പിതമായ ഒരു പ്രതിരൂപമാണ് പൂജാപീഠമെന്ന് സംശയമില്ല. ബ്രഹ്മാണ്ഡത്തിലുള്ളതെല്ലാം പിണ്ഡാണ്ഡത്തിലും അതായതു ശരീരത്തിലും ഉണ്ടെന്ന് തത്ത്വജ്ഞാനികൾ പറയാറുണ്ട്. ആ വഴി നോക്കുമ്പോൾ ലോകപത്മത്തിന്റെ സ്ഥാനം വഹിക്കുന്നത് നമ്മുടെ ഹൃദയ കമലമാണ്. ആ ഹൃദയ കമലത്തിന്റെ പ്രാതിനിധ്യം വഹിക്കുന്നുണ്ട് ശ്രീകോവിലും പൂജാപീഠവും. വിശ്വദേവിയായ ഈശ്വരനെ ആദ്യം ഹൃദയകമലത്തിൽ സാക്ഷാത്കരിക്കുന്നു. പിന്നെ ആ ഈശ്വരനെ ശ്രീകോവിലിൽ പ്രതിഷ്ഠാവിഗ്രഹത്തിൽ ആവാഹിക്കുന്നു. അങ്ങനെ വിശ്വാത്മാവും, ജീവാത്മാവും വിഗ്രഹചൈതന്യവും മൂന്നും ഒന്നൊന്നുള്ള അദ്വൈതബോധത്തിൽ ജനങ്ങളെ എത്തിക്കുവാൻ പണ്ടുള്ളവർ കലാപരമായി ചെയ്തിട്ടുള്ള പരിശ്രമങ്ങളുടെ പരിണിതഫലങ്ങളാണ് നമ്മുടെ ക്ഷേത്രങ്ങളെല്ലാം. എത്ര വിശാലവും ഉദാത്തവുമായ ഭാവനാ വിശേഷം.

No comments:

Post a Comment