ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

7 July 2022

പൂർണഗായത്രീ

പൂർണഗായത്രീ

"ഓം തത് സവിതുർ വരേണ്യം
ഭർഗോ ദേവസ്യ ധീമഹി
ധിയോ യോ നഃ പ്രചോദയാത്
പരോരാജസേ സാവദോം"

ഓം - പ്രണവം... 

ഏതൊരു മന്ത്രത്തിന്റെയും ആരംഭത്തിൽ പ്രതിപാദിപ്പിക്കുന്ന പ്രണാവാക്ഷരം ഗായത്രീ മന്ത്രത്തിനും മകുടം ചാർത്തുന്നു. എല്ലായ്പ്പോഴും പ്രകാശിപ്പിച്ചുകൊണ്ടിരിക്കുന്നതും എല്ലാത്തിനേയും സംരക്ഷിക്കുന്നു എന്ന പൊതുവായ അർത്ഥമാണ് ഈ ശബ്ദം കൊണ്ടുദ്ദേശിക്കുന്നത്. എന്നാൽ ഇതിനെ കേവലം ഒരു ശബ്ദമായി കാണുകയുമരുത്.

ഭൂഃ =ഭൂലോകം

ഭരിക്കുന്നത് അഥവാ നിലനിൽക്കുന്നതുകൊണ്ട് "ഭൂഃ" എന്ന് പറയപ്പെടുന്നു. വ്യാഹൃതികളിൽ ഒന്നാമത്തേതായ ഇതിനെ ഭൂഃ എന്നുവിളിക്കപ്പെടുന്നത് ചരങ്ങളും അചരങ്ങളുമായ സമസ്തഭൂതങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നതുകൊണ്ടാണ്.

ഭുവഃ =ഭുവർലോകം

വിശ്വത്തെസ്ഥാപനം അഥവാ ഭാവനം ചെയ്യുന്നതു കൊണ്ട് എന്നു വിളിക്കുന്നു. എല്ലാത്തിനേയും പ്രകാശിപ്പിക്കുന്ന എന്നൊരർത്ഥം ശ്രീശങ്കരചാര്യർ ഇതിനെ സങ്കൽപ്പിക്കുന്നുണ്ട്. എല്ലാ ലോകങ്ങളെയും നിലനിർത്തുന്നത് എന്ന അർത്ഥവും വരാം

സ്വഃ =സ്വർലോകം

വ്യക്തമായ പൂർണത്വം പ്രാപിക്കുന്നതെന്നാണ് "സ്വഃ" കൊണ്ടാർത്ഥമാക്കുന്നത്. സൽക്രിയകൾ ചെയ്തവരുടെ വാസസ്ഥനമെന്നും അർത്ഥം കാണാം. സ്വഃ എന്ന പദത്തിന് സുഖം എന്നർത്ഥം സങ്കൽപ്പിക്കുമ്പോൾ അത് പൂർണ്ണതയിലേക്ക് കടക്കുന്നു

(ഓം പ്രണവവും 'ഭൂർഃഭുവഃസ്വഃ' മൂന്ന് വ്യാഹൃതികളുമാകുന്നു. വ്യാഹൃതികൾ സച്ചിദാനന്ദരൂപമായ ബ്രഹ്മത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്.)

തത് =അത്

 'ഓം ഭൂഃ ഭുവസ്വഃ' എന്നിവ തത് എന്ന പദത്തിന്റെ വിശേഷണമായി നിലകൊള്ളുമ്പോൾ സാക്ഷാൽ പരംബ്രഹ്മം തന്നെയായിത്തീരുകയാണ് 'തത്'

സവിതുർ =സവിതാവിന്റെ 

സവിതവിന്റെ അഥവാ സൂര്യന്റെ എന്നാണ്, 'സവിതുഃ' എന്ന പദത്തിന്റെ അർത്ഥം, സകല തേജസിലും അന്തര്യാമിയായി ഗമിക്കുന്നവൻ എന്നാണിതിനർത്ഥം. എന്നാൽ നഗ്നനേത്രങ്ങളാൽ കാണപ്പെടുന്ന സൂര്യനാണിതെന്ന് കരുതരുത്, കാണപ്പെടുന്ന സൂര്യനേയും പ്രകാശിപ്പിക്കുന്നതിനു കാരണമായിരിക്കുന്ന ശക്തിയാണ് ഇവിടെ പ്രദിപാദിക്കുന്ന സവിതാവ്. സുവർണരഥത്തിൽ സഞ്ചരിക്കുന്ന ദേവതയാണ് സവിതാവ്, പലവിധ വിശേഷങ്ങളാൽ നിറഞ്ഞു നിൽക്കുന്ന സവിതാവ് സ്വശോഭയാലാണ് സ്വർഗത്തേയും ഭൂമിയേയും അന്തരീക്ഷത്തെയും പ്രകാശമാനമാക്കുന്നത്. ഈ ദേവത തന്നെയാണ് സമസ്ത ജീവജാലങ്ങളുടെയും നിലനിൽപ്പിനാധാരം. മനോഹരമായ കേശത്തോടു കൂടിയ സവിതാവ് കിഴക്കുനിന്നാണ്തന്റെ പ്രകാശം ചൊരിഞ്ഞുകൊണ്ടിരിക്കുന്നത്. മറ്റു ദേവന്മാർകൂടി അനുസരിക്കുന്ന സവിതാവ് സ്തോതാക്കളുടെ കർമ്മങ്ങളെ സംരക്ഷിക്കുന്നു, ഋഗ്വേദ സംഹിതയനുസരിച്ച് ഈ ദേവത സൂര്യനിൽ നിന്നും വ്യത്യസ്തമാണ്. സൂര്യനെ കൂടി പ്രേരിപ്പിക്കുകയും, സൂര്യരശ്മികൾക്കൊപ്പം പ്രകാശിക്കുകയും ചെയ്യുന്ന ദേവതയാണ് സവിതാവ്.    

വരേണ്യം =ശ്രേഷ്ഠമായ
       
ഈ പദത്തിന്റെ അർത്ഥം പ്രാർത്ഥിക്കപ്പെടുവാൻ ധ്യാനിക്കപ്പെടുവാൻ യോഗ്യമെന്നാണ്.

ഭർഗോഃ = തേജസ്

ഭജിക്കുന്നവരുടെ ദുഃഖങ്ങളെയും അന്തഃകരണത്തേയും നശിപ്പിക്കുന്നവൻ എന്നർത്ഥം, അങ്ങനെയെങ്കിൽ ജ്ഞാനസ്വരൂപം, ഈശ്വരതേജസ്സ് എന്നൊക്കെയും നിർവചിക്കാം.

ദേവസ്യ = ദേവന്റെ
  
ശ്രേഷ്ഠതേജസ്സാർന്ന ദേവന്റെ എന്നാണർത്ഥം. ഇതിന് പ്രകാശസ്വരൂപനെന്നും സകലചരചങ്ങളെയും പ്രകാശിപ്പിക്കുന്ന പരമാത്മാവെന്നും പറയാം.

ധീമഹി = ഞങ്ങൾ ധ്യാനിക്കുന്നു.

ഞങ്ങൾ ചിന്തിക്കുന്നു, അഥവാ ധ്യാനിക്കുന്നു.

ധിയോ = ബുദ്ധിവൃത്തികൾ

ഈ പദം സൂചിപ്പിക്കുന്നത് ബുദ്ധിയേയും ബുദ്ധിയുടെ വൃത്തികളെയുമാണ്,

യോ = ഭർഗ എന്ന ശബ്ദത്തിന്റെ വിശേഷണം

നഃ = ഞങ്ങളുടെ

ഞങ്ങളുടെ ഞങ്ങളെ സംബന്ധിച്ച്, 

പ്രചോദയാത് = പ്രചോദിപ്പിക്കട്ടെ

പ്രചോദിപ്പിക്കട്ടെ, പ്രേരിപ്പിക്കട്ടെ എന്നാണ് ഇതുകൊണ്ടർത്ഥമാക്കുന്നത്. ഭഗവനാൽ ഞങ്ങളുടെ ബുദ്ധി പ്രചോദിതമാകട്ടെ.

ജീവിത സാഫല്യത്തിനായി തങ്ങളുടെ ബുദ്ധിയെ നിർമലമാക്കി തരേണമേയെന്നാണ് ഗായത്രീമന്ത്രത്തിലൂടെ ഓരോ സാധകനും പ്രാർത്ഥിക്കുന്നത്. ബുദ്ധിവൈഭവം ഉണർത്തുകയും ആത്മബലം വർദ്ധിപ്പിക്കുകയും ചെയ്യുന്ന ഈ മഹാമന്ത്രത്തിന്റെ മനനത്തിലൂടെയും ധ്യാനത്തിലൂടെയും സാധകൻ സഞ്ചരിക്കുന്നതു സഫലജീവിതത്തിലേയ്ക്കാണ്. എവിടെയാണോ ഗായത്രീമന്ത്രധ്വനി ഉയരുന്നത് അവിടെ ബ്രഹ്മപ്രകാശം നിലനിൽക്കുകയും വിന്യസിക്കപ്പെടുകയും ചെയ്യുന്നു എന്നാണ് വിശ്വാസം. ആചാര്യന്മാരുടെ അഭിപ്രായമനുസരിച്ച് ആരണോ ഗായത്രീമന്ത്രം പ്രണവത്തോടും വ്യാഹൃതികളോടും ചേർന്ന് ജപിക്കുന്നത് അവർക്ക് ഋഗ്വേദങ്ങളൊക്കെയും പഠിച്ചതിന്റെ ഗുണഫലമായിരിക്കും ലഭ്യമാവുക. ബുദ്ധിയെ നല്ല മാർഗത്തിലേക്ക് തിരിച്ചുവിടുന്ന ഈ മന്ത്രം സംസ്കാരത്തെ സംരക്ഷിക്കുക കൂടിചെയ്യുന്നു. 


No comments:

Post a Comment