നിരന്തര പരിശ്രമങ്ങളിലൂടെ നേടുന്നത്...
ശിവപ്രീതിക്കായി പാർവ്വതി തപസ്സു ചെയ്യുന്നു.’
പ്രപഞ്ചത്തിലെ സുന്ദരമായ എല്ലാ വസ്തുക്കളുടേയും സമഗ്രതയാണ് പാർവ്വതീ രൂപം.
സൗന്ദര്യത്തിന്റെ അനുപമ രൂപം.
ഭൂമിയിലുള്ള എല്ലാ സൗന്ദര്യത്തേയും ഒരിടത്ത് കാണാനാണത്രെ ബ്രഹ്മാവ് പാർവ്വതിയെ സൃഷ്ടിച്ചിരിക്കുന്നത്.
പക്ഷെ എന്നിട്ടും തപസ്സു ചെയ്തു കൊണ്ടിരുന്ന ശിവന്റെ മനസ്സ് ഒരു നിമിഷം ഒന്നു വ്യതിചലിപ്പിക്കാനേ ആ സുന്ദരരൂപത്തിന് സാധിച്ചുള്ളൂ.
ഉമാ മുഖത്ത് തന്റെ കണ്ണുകൾ ഉടക്കി, മനസ് പതറുന്നത് തിരിച്ചറിഞ്ഞ ശിവൻ ഉടൻ സ്വയം നിയന്ത്രിച്ചു, കാമദേവനെ ഭസ്മമാക്കി.
തന്റെ കൺമുന്നിൽ വെച്ച് കാമദേവൻ കത്തിച്ചാമ്പലാകുന്നതു കണ്ട പാർവ്വതി, സ്വന്തം രൂപ സൗന്ദര്യത്തിൽ ആശ കൈ വെടിഞ്ഞ്, തപസ്സുകളെക്കൊണ്ട് തന്റെ മനസ്സിനെ കീഴടക്കി തന്റെ രൂപത്തെ സഫലമാക്കാൻ തീരുമാനിച്ചു. അല്ലെങ്കിൽ അത്തരമൊരു ഭർത്താവിനേയും, പ്രേമത്തേയും എങ്ങനെ ലഭിക്കാനാണ്?...
ശിവനെപ്പോലെയുള്ള ഒരു മഹദ് വ്യക്തിയെ ലഭിക്കാൻ രൂപ സൗന്ദര്യം മാത്രം പോരെന്ന് പാർവ്വതി തിരിച്ചറിഞ്ഞു. മനസ്സിന്റെ പക്വത കൂടിയാണ് പ്രണയത്തിന്റെ പരിപൂർണത.
അത്രയും ഉത്തമനായ ഭർത്താവിനേയും, പരിപാവനവും, ഉദാത്തവും, പൂർണതയുള്ളതുമായ പ്രണയത്തേയും നേടുക….
അതായിരുന്നു അവളുടെ ലക്ഷ്യം… അതിനുള്ള ഉപായമായി തപസ്സും……
നിരന്തര പരീക്ഷണങ്ങളിലൂടെ മനസ് പരിപാകം വരുമ്പോൾ മാത്രമാണ് ഏത് കാര്യത്തിലും തികഞ്ഞ ഉൾക്കാഴ്ച ഉണ്ടാകുന്നത്. ജീവിതത്തിൽ ഏത് കാര്യം നേടുന്നതിലും ഒരു പാട് കഷ്ടപ്പാടുകൾ അനുഭവിക്കുമ്പോൾ ആ നേട്ടം നമുക്ക് വിലയുള്ളതാകുന്നു.
ഒരു നേട്ടവും പെട്ടെന്ന് കൈവരിക്കണമെന്ന് ആഗ്രഹിക്കാതിരിക്കുക. അത് പണമായ്ക്കോട്ടെ, ബന്ധങ്ങൾ ആയ്ക്കോട്ടെ, സ്ഥാനമാനങ്ങൾ ആയ്ക്കോട്ടെ. എന്ത് തന്നെയായാലും തപസ്സ് (നിരന്തര പരീക്ഷണങ്ങളിലൂടെ) ചെയ്ത് നേടുക.
തീർച്ചയായും അത് നിലനിൽക്കും.
അതിൽ തികഞ്ഞ സംതൃപ്തിയും കാണാനാകും.
No comments:
Post a Comment