തുലാഭാരത്തട്ടിൽ ഭഗവാൻ
സത്യഭാമ ഉദ്യാനത്തിൽ സന്തോഷത്തോടെ പൂക്കളെയും ചെടികളെയും വൃക്ഷങ്ങളെയും പരിപാലിച്ച് താമരപൊയ്കയുടേയും പക്ഷികളുടെ കളകള ശബ്ദവും ആസ്വദിച്ചുകൊണ്ടിരിക്കുന്നനേരം. അതാവരുന്നു നാരദമുനി. സദാസഞ്ചാരിയായ ആ മുനിവര്യനെ വേണ്ടവിധം സ്വീകരിച്ച് ഇരുത്തി. ആനേരത്ത് അവിടമാക പ്രത്യേക സുഗന്ധത്താൽ നിറഞ്ഞു. നാരദന്റെ കൈയിൽ സൂക്ഷിച്ചുനോക്കി. അതാ ദിവ്യസുഗന്ധവും നല്ല ഭംഗിയുള്ളതുമായ പാരിജാതമലർ. അത് സത്യഭാമക്കു സമർപ്പിച്ചു. ഇതുപോലെ ഒരെണ്ണം ഈ ഉദ്യാനത്തിൽ ഉണ്ടായിരുന്നാൽ എത്ര നന്നായിരുന്നു എന്നായി നാരദർ. നാരദമഹർഷി അതെല്ലാം പറഞ്ഞ് താമസിയാതെ തന്നെ സ്ഥലവുംവിട്ടു. ഉടൻതന്നെ സത്യഭാമ തന്റെ പ്രാണനാഥനായ കൃഷ്ണനെ വണങ്ങി കാര്യം സാധിച്ചു. പൂന്തോട്ടത്തിൽ അതിസുന്ദരമായ പാരിജാതവൃക്ഷവും അതിൽ നിറയെ പൂക്കളും സത്യഭാമയുടെ സന്തോഷത്തിന് അതിരുണ്ടായിരുന്നില്ല.
പിന്നെ നാരദന്റെ അടുത്ത ഊഴമായ രുഗ്മിണിയുടെ അന്തപ്പുരത്തിലെത്തി. രുഗ്മിണിയോടായി മുനി പറഞ്ഞു. ”കൃഷ്ണൻ സത്യഭാമക്ക് പാരിജാത പുഷ്പവൃക്ഷം നൽകിയിരിക്കുന്നു. അതുണ്ടോ നീയറിയുന്നു” എന്നായി. രുഗ്മിണി കൃഷ്ണനെ വരുത്തി സംഗതി മനസ്സിലാക്കി. പ്രശ്‌നം അതീവ ഗുരുതരമാണെന്നു മനസ്സിലായി ഭഗവാൻ ഒരു ഉപായം ചെയ്തു. സത്യഭാമയുടെ പൂന്തോട്ടത്തിൽ പാരിജാതമലർ വിരിയുന്നതെല്ലാം രുഗ്മിണിയുടെ അന്തഃപുരത്തിൽ വന്നു നിറയുവാനുള്ള അനുഗ്രഹം നൽകി. ഈ വിവരം അറിഞ്ഞ നാരദർ സത്യഭാമയോടായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. സത്യഭാമ ആകെ കോപംകൊണ്ടു വിറച്ചു.
നിനക്കറിയുമോ? കൃഷ്ണന് കൂടുതൽ സ്‌നേഹം രുഗ്മിണിയോടാണ്. അതിനാൽ നീ എങ്ങനെയെങ്കിലും കൃഷ്ണനെ സ്വന്തമാക്കിയേ കഴിയൂ. അതിനുള്ള ഉപായവും നാരദർ പറയുന്നു. ഭർത്താവായ കൃഷ്ണനെ ഒരു ബ്രഹ്മചാരിക്ക് ദാനം നൽകുക. അതിനുശേഷം നിങ്ങളിൽ ഇരുവരും ചേർന്ന് കൃഷ്ണനെ എത്രകണ്ട് വിലകൊടുത്ത് ആരെങ്കിലും ഒരാൾ സ്വന്തമാക്കണം. എന്നായി നാരദർ.
മറ്റൊന്നു നോക്കാതെ ഉടൻതന്നെ സത്യഭാമ കൃഷ്ണനെ നാരദന് തന്നെ ദാനം ചെയ്യുന്നു. അങ്ങനെ ഭഗവാൻ കൃഷ്ണൻ നാരദരുടെ പരിപൂർണ്ണ അടിമയായിത്തീർന്നു. കൃഷ്ണനെ തിരിച്ചെടുക്കാനായി പിന്നീടുള്ള ശ്രമം. കൃഷ്ണ ഭഗവാന്റെ തൂക്കത്തിൽ സ്വർണവും മറ്റും തരാമെന്നായി. അതിനുവേണ്ടി തുലാഭാരത്തട്ടും ഒരുക്കി. സത്യഭാമ സ്വർണം, വെള്ളി മുതലായിട്ടുള്ള ആഭരണങ്ങൾ സഹിതം ഒരു തട്ടിൽ വെച്ചു. മറ്റേത്തട്ടിലുള്ള കൃഷ്ണന് ഒരു അനക്കവും കണ്ടില്ല. തന്റെ ഭാരത്തിലുള്ള ആഭരണങ്ങളും രത്‌നങ്ങളും വിലമതിക്കാനാവാത്ത രത്‌നങ്ങളും സ്വർണക്കട്ടികളും തട്ടിൽനിരത്തി. ഒരനക്കവുമില്ല. സത്യഭാമ എന്തു ചെയ്യണമെന്നറിയാതെ ആകെവിഷമിച്ചു.
രുഗ്മിണിയോട് കാര്യങ്ങളെല്ലാം പറഞ്ഞു. നമ്മുടെ കൃഷ്ണൻ എന്നെന്നേക്കുമായി നമ്മുടെയിടയിൽ നിന്നുംവിട്ടകന്ന് നാരദന്റെ അടിമയായിപ്പോകും. അതിനാൽ നീ എന്നെ സഹായിക്കണം എന്നായി സത്യഭാമ. രുഗ്മിണി പരിസരങ്ങളെല്ലാം നന്നായി ശ്രദ്ധിച്ചു. എന്തൊക്കയോ മന്ത്രങ്ങൾ ജപിച്ചു. അതാ അവിടെ അടുത്തുള്ള തുളസിത്തറയിൽ തഴച്ചുവളർന്നു നിൽക്കുന്ന ഭംഗിയാർന്നതുളസിച്ചെടി വേഗം അതിൽനിന്നും ഒരു തുളസിയില എടുത്തു. ഭഗവാനെ മനസ്സിൽ ധ്യാനിച്ച് ”കൃഷ്ണാർപ്പണ മസ്തു” എന്നു പറഞ്ഞ് ഭക്ത്യാദര പൂർവം ആ തട്ടിൽ തുളസിയില വെച്ചു. എന്തൊരദ്ഭുതം തുലാഭാരത്തട്ടിൽ കൃഷ്ണന്റെ ഭാഗം ഉയർന്നുവന്നു. അങ്ങനെ നാരദരിൽനിന്നും ഭഗവാൻ സ്വതന്ത്രനായി. രുഗ്മിണിയുടെ ഭഗവൽ ഭക്തിയെ എല്ലാവരും പ്രശംസിച്ചു.
No comments:
Post a Comment