ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

24 May 2018

കീർത്തനത്തിന്റെ മേന്മ

കീർത്തനത്തിന്റെ മേന്മ

കീർത്തനങ്ങള്‍, ഭക്തിഗാനങ്ങള്‍ എന്നിവ നമ്മെ ഈശ്വരനുമായുള്ള ബന്ധം ഓര്‍മ്മപ്പെടുത്തുന്നു. അവിടെ വികാരങ്ങള്‍ക്കുപകരം ഈശ്വരീയ ഗുണങ്ങളാണ് ഉണരുന്നത്. വികാരങ്ങളെ നിയന്ത്രിക്കുവാന്‍ സാധിക്കുന്നു. പാടുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും അത് ശാന്തി പകരുന്നു. .
കീര്‍ത്തനങ്ങള്‍ പാടുന്നതിലൂടെ ഈശ്വര സാക്ഷാത്കാരം മാത്രമല്ല ലക്ഷ്‍യമാക്കുന്നത്, ഇവ  നല്ലതരംഗങ്ങള്‍ നമ്മുടെ ചുറ്റിലും ഉണര്‍ത്തുന്നു. പ്രതികാര ചിന്ത അവിടെയില്ല. ശത്രുഭാവമില്ല. സകലരെയും മിത്രമാക്കാനുള്ള ഭാവമാണവിടെയുള്ളത്.

കീര്‍ത്തനം എന്നത് മനസ്സിന് സന്തോഷം പകരലാണ്. അത് പൂര്‍ണ്ണമായി ലഭിക്കുന്നതിന് "ഞാനൊന്നുമല്ല, എല്ലാം അവിടുന്നാണ് ’"എന്നഭാവം ഉണ്ടാക്കണം. അതാണ് ശരിയായ പ്രാര്‍ഥന. എന്നാല്‍,  ഈ ഭാവം അത്രവേഗം കിട്ടില്ല.  ജ്ഞാനം ഉദിക്കുമ്പോഴേ ആ അവസ്ഥ പൂര്‍ണമാകൂ.

കീര്‍ത്തനവും പ്രാര്‍ഥനയും ഒക്കെ വെറും ആഗ്രഹപൂര്‍ത്തിക്കു മാത്രം ആവരുത്. ഇന്ന് പലരും പ്രാര്‍ഥനയെ സ്വാര്‍ഥലാഭത്തിനുള്ള ഉപാധിയായിട്ടാണ് കാണുന്നത്. പ്രാര്‍ഥനയിലൂടെ നല്ല ഗുണങ്ങള്‍, നല്ല തരംഗങ്ങള്‍ ഉണര്‍ത്താനാണ് നമ്മള്‍ ശ്രമിക്കേണ്ടത്.

നല്ല ചിന്തകളോടെയുള്ള പ്രാര്‍ഥന നല്ല തരംഗത്തെയും ചീത്ത ചിന്തകളോടെയുള്ള പ്രാര്‍ത്ഥന ചീത്ത തരംഗത്തെയും സൃഷ്ടിക്കും. 

സുഗന്ധദ്രവ്യങ്ങള്‍ നിറക്കുന്നിടത്തു ചെന്നാല് നമ്മുടെ ദേഹത്തിനും ആ സുഗന്ധം ലഭിക്കും. അതുപോലെ കീര്‍ത്തനങ്ങള്‍ ചൊല്ലുന്നിടത്തും പ്രാര്‍ത്ഥനാഗാനങ്ങള്‍ ആലപിക്കുന്നിടത്തും ചില സൂക്ഷ്മ തരംഗങ്ങള്‍ ഉണ്ട്. അത് നമ്മുടെ ശരീരത്തിലേക്ക് കടന്നുവരും. അതോടൊപ്പം ഹൃദയം കൂടി തുറക്കണം. അതുകൊണ്ട് കീര്‍ത്തനവേളകളിലും പ്രാര്‍ത്ഥനാ വേളകളിലും നമ്മുടെ ഹൃദയത്തെക്കൂടി സ‍ജ്ജമാക്കാന്‍ നമുക്ക് കഴിയണം. ദിവസവും കുറച്ചു നേരമെങ്കിലും ഇഷ്ടമുള്ള ഒരു കീര്‍ത്തനം, ഭക്തിഗാനം ആലപിക്കുവാന്‍ നാം തയ്യാറാകണം. ആ ഗാനതരംഗങ്ങള്‍ നമ്മളിൽ  ഏറെ മാറ്റങ്ങള്‍ സൃഷ്ടിക്കും. മാത്രമല്ല ഈശ്വരനോട് നാം  അടുക്കുകയും ചെയ്യും.

No comments:

Post a Comment