ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

18 June 2017

സൃഷ്ടി നാടക ചക്രം

സൃഷ്ടി നാടക ചക്രം

ഈ ലോകത്ത് കാണപ്പെടുന്ന ലക്ഷക്കണക്കിനു വ്യത്യസ്ഥ വേഷങ്ങളുടെ ( മനുഷ്യരുടെ) ജീവിത ഉദ്ധേശമെന്താണ്?

ജീവിതത്തിൽ മാറിമാറി വന്നുകൊണ്ടിരിക്കുന്ന നിരവധി രംഗങ്ങളുടെ കാരണമെന്താണ്?

ആദ്യന്ത്യരഹിതമായ ഈ സൃഷ്ടിചക്രത്തിന്‍റെ രഹസ്യങ്ങൾ എന്തെല്ലാമാണ്?

ഒരു ദിവസം ആരംഭിച്ച് ഇനി ഒരിക്കൽ അവസാനിക്കുവാനുള്ള പ്രയാണത്തിലാണോ ഈ പ്രപഞ്ചം ?

അതോ ആദ്യമോ അവസാനമോ ഇല്ലാത്തതും കർമ്മങ്ങളുടെയും കർമ്മഫലങ്ങളുടെയും പുനരാവർത്തനങ്ങളിലൂടെ ചുറ്റികൊണ്ടിരിക്കുന്ന ഒരു ചാക്രിക സ്വഭാവമാണോ  ഈ പ്രപഞ്ചത്തിനുള്ളത്?

സമയമാകുന്ന ചക്രം അനാദിയാണ്.

അനാദി എന്ന ശബ്ദത്തെക്കുറിച്ച് ഗ്രഹിക്കുവാൻ അല്പം ബുദ്ധിമുട്ടുണ്ടാകും. ചിന്താതലം അത്രത്തോളം ഉയർന്നവർക്കു മാത്രമെ അനാദിയായ ഒരു പ്രപഞ്ച വ്യവസ്ഥയെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കൂ. ആദിയുമില്ല, അന്ത്യവുമില്ല. സൃഷ്ടിയുമില്ല മഹാപ്രളയവുമില്ല.  ഇത് വിശ്വസിക്കാൻ കഴിയുന്നുണ്ടോ?  അഥവാ ഈ മഹാവിശ്വ നാടകം ഒരു നിശ്ചിത കാലത്തിൽ ആരംഭിച്ചതാണെങ്കിൽ ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കുന്ന ഒരുപാട് ചോദ്യങ്ങളും ഉത്തരങ്ങളും ഉയരുന്നതായിരിക്കും. ലോകത്തിൽ രണ്ടു തരം സമയഗണന വ്യവസ്ഥയുണ്ട്. ഒന്ന്ലീനിയർ സ്പേസ് ടൈം, രണ്ട് സൈക്ലിക്ക് സ്പേസ് ടൈം. ഇവിടെ പറയുന്ന വിഷയങ്ങൾ ലീനിയർ സ്പേസ് ടൈം ചിന്താഗതി ഉപയോഗിച്ച് മനസ്സിലാക്കുവാൻ കഴിയില്ല. ഇവിടെ കൊടുത്തിരിക്കുന്ന ഈ ചിത്രത്തിലൂടെ സൃഷ്ടിയുടെ പുനരാവർത്തനമാണ് വ്യക്തമാവുന്നത്. ഋതു ചക്രം, ദിനരാത്രചക്രം, ഭൂമിയുടെ പരിക്രമണം ഇവയെല്ലാം സദാ പുനരാവർത്തിച്ചുകൊണ്ടിരിക്കുന്നത് നമ്മൾ കാണുന്നില്ലെ. അതുപോലൊരു ചക്രം തന്നെയാണ് യുഗചക്രം. ഒരു ഘടികാരത്തിലെ സൂചി വൃത്താകാരത്തിൽ ചുറ്റി തുടങ്ങിയ ഭാഗത്തു തന്നെ തിരിച്ചെത്തുകയും വീണ്ടും ചുറ്റുകയും ചെയ്യുന്നതുപോലെ. മഹാസൃഷ്ടിയുടെ സ്ഥിതിഗതികളെല്ലാം കാലാന്തരത്തിൽ പുനരാവർത്തിക്കുന്നതാണ്. മനുഷ്യ കുലത്തിനെയും ഈ പുനരാവർത്തനം ബാധികുന്നതുമാണ്.

നാടക ചക്രം

ഈ മഹാനാടകത്തിന്‍റെ ചക്രം മനുഷ്യാത്മാക്കളഉടെ ഒരു കഥ കൂടിയാണ്. ഈ ചക്രത്തിന്‍റെ ആദ്യപകുതി ഉയർച്ചയുടെയും ശിഷ്ട പകുതി താഴ്ചയുടേതുമാണ്. അതുപോലെ ജയം – പരാജയം, സന്തോഷം - സങ്കടം, ജ്ഞാനം -അജ്ഞാനം, സ്വാതന്ത്ര്യം - പാരതന്ത്ര്യം, ഈശ്വരീയത - ആസുരീയത, ഇങ്ങനെയുള്ള രണ്ടു എതിർധ്രുവ ഗുണങ്ങൾ ഈ ചക്രത്തിന്‍റെ ആദ്യ പകുതിയിലും രണ്ടാം പകുതിയിലുമായി മനുഷ്യാത്മാക്കളിൽ കാണപ്പെടുന്നു. അഞ്ച് യുഗങ്ങളിലൂടെയാണ് ഈ ചക്രം മുന്നേറുന്നത്. ഇതിലെ അഞ്ചാമത്തെ ചെറിയ യുഗം പഴയ ചക്രത്തിന്‍റെ പരിസമാപ്തിയും പുതിയ ചക്രത്തിന്‍റെ ആരംഭവും സംഭവിക്കുന്ന യുഗമാണ്. മനുഷ്യാത്മാക്കൾ ഈ യുഗത്തിൽ എത്തുന്ന സമയത്ത് പൂർണ്ണമായും ഊർജ്ജക്ഷയം സംഭവിച്ചിരിക്കും. പുതിയ സ്വർണ്ണിമ യുഗത്തിലേക്കുള്ള പ്രവേശനത്തിന് മുന്നോടിയായി ആത്മാക്കൾക്ക് ഊർജ്ജം നിറച്ചു നൽകാനായി പരമോന്നത ഊർജ്ജ സ്രോതസ്സായ പരമാത്മാവ് ഈ യുഗത്തിലാണ് ഈ നാടകചക്രത്തിലാണ് ഇടപെടുന്നത്.

സ്വർണ്ണിമ യുഗം ( സത്യയുഗം)

സൃഷ്ടിചക്രത്തിന്‍റെ പുലർകാലമെന്ന് ഈ യുഗത്തെ പറയാം പൂർണ്ണമായ പവിത്രതയുടെ, സ്നേഹത്തിന്‍റെ, ശാന്തിയുടെ, സന്തോഷത്തിന്‍റെ, ദിവ്യതയുടെ, സത്യതയുടെ യുഗമാണിത്. ഇന്നു നമ്മൾ സമത്വമെന്ന വിഷയത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നു എന്നാൽ അസമത്വം അതുപോലെ തന്നെ നിലനിൽക്കുന്നു.  ഒരു കാലത്തും ഇവിതെ സമത്വം ഉണ്ടായിരുന്നില്ല എങ്കിൽ ഈ ഇല്ലാത്ത സങ്കല്പത്തിനു വേണ്ടി ആരും പ്രയത്നിക്കില്ലായിരുന്നു. സമത്വം എന്നത് ഒരു മാനസികാവസ്ഥയാണ്. അതിനർത്ഥം എല്ലാവരും ഒരുപോലെ എന്നല്ല. ഭൌതിക ലോകത്തിൽ നിൽക്കുന്ന വ്യത്യസ്ഥതയുടെ ആധാരത്തിൽ പരസ്പരം കാണാതെ അങ്ങോട്ടും ഇങ്ങോട്ടും ആത്മാക്കളായി കണ്ട് സഹകരിച്ചും സമർപ്പിച്ചും, സ്നേഹിച്ചും ബഹുമാനിച്ചും ജീവിക്കുന്ന അവസ്ഥയാണ് സമത്വം. ഇത്തരത്തിലുള്ള ഒരു സമത്വം നിലനിന്നിരുന്നത് സത്യയുഗത്തിലായിരുന്നു. അന്നത്തെലോകത്തെ സ്വർഗ്ഗമെന്നും അന്ന് ജീവിച്ചിരുന്നവരെ ദേവി -ദേവതകളെന്നും വിളിക്കാം. ആത്മാക്കൾ തന്‍റെ നൈസർഗ്ഗികമായ ഗുണങ്ങളിലും കലകളിലും രമിച്ച് ജീവിക്കുന്ന ജീവൻമുക്താവസ്ഥയാണ് സത്യയുഗത്തിൽ ഉള്ളത്.

വെള്ളി യുഗം (ത്രേതായുഗം)

നാടകത്തിലെ രണ്ടാമത്തെ രംഗമാണിത്. ആദ്യരംഗത്തിലുള്ള സുഖമോ സമൃദ്ധിയോ രണ്ടാം രംഗത്തിലില്ല. ആത്മാക്കൾ ഈ യുഗത്തിൽ നൈസർഗിക ഗുണമൂല്യങ്ങളിൽ നിന്ന് അല്പ സ്വല്പം വ്യതിചലിച്ച് തുടങ്ങിയിരിക്കും. പക്ഷെ അത് അവർ അറിയുന്നില്ല. നാടകത്തിലെ അഭിനേതാക്കളുടെ എണ്ണം വർദ്ധിക്കും എന്നാൽ ഗുണം കുറയും. പുനർജന്മത്തിലൂടെ സഞ്ചരിച്ച് ഊർജ്ജം ക്ഷയിക്കുന്നതിനാൽ ഈ ഗുണശോഷണം അനിവാര്യമാണ്. പുതിയ ആത്മാക്കൾ നാടകത്തിലേക്ക് പ്രവേശിക്കുകയും വന്നെത്തിയവരെല്ലാം പുനർജനിക്കുകയും ചെയ്യുന്നതിനാൽ ജനസംഖ്യാവർദ്ധനവും സ്വാഭാവികം തന്നെ. രാവിലെ ഉണർന്നപ്പോൾ ഉണ്ടായിരുന്നത്ര ഉന്മേഷം മദ്ധ്യാഹ്നമാകുന്ന സമയത്ത് ഉണ്ടാവില്ല. അതുപോലെ സൃഷ്ടിയുടെ മദ്ധ്യാഹ്നമാകുന്ന സമയത്തും ആത്മാക്കളുടെ ബോധതലത്തിൽ വലിയ പരിവർത്തനങ്ങൾ സംഭവിക്കും. ഈ യുഗത്തിന്‍റെ അന്ത്യത്തിൽ തന്‍റെ ആത്മീയ വ്യകതിത്വവും അതിൽ നിന്ന് ഉദ്ഭവിക്കുന്ന സംസ്കാരവും മറയപ്പെടും.  ദേഹബോധത്തിൽ അതിഷ്ഠിതമായ ഒരു മിഥ്യയായ വ്യക്തിത്വം രൂപവൽകരിക്കപ്പെടും. അതോടെ മൂന്നാമത്തെ യുഗം ആരംഭിക്കും.

ദ്വാപരയുഗം

സൃഷ്ടിയുടെ സായാഹ്നം ആരംഭിക്കുകയായി. അഭിനേതാക്കൾ ക്ഷീണിച്ചിരിക്കുന്നു. ഒരല്പ ശാന്തിക്കും സ്നേഹത്തിനുമായുള്ള ദാഹത്താൽ അവർ ഈശ്വരാന്വേഷണമാരംഭിക്കുന്നു. എന്നാൽ തന്റെ ആത്മസ്വരൂപത്തിന്‍റെ വിസ്മൃതികൊണ്ടാണ് ഇങ്ങനെ ഒരു അവസ്ഥ വന്നുചേരുന്നത് ആത്മാവിനെ തിരിച്ചറിയാതെ ചെയ്യുന്ന ഈശ്വരാരാധനകൾപോലും ഈ സമയത്ത് ഭിന്നതകൾ സൃഷ്ടിക്കുവാൻ മാത്രമെ ഉപകരിക്കുകയുള്ളൂ. തന്മൂലം അനവധി മാർഗ്ഗങ്ങൾ (മതങ്ങൾ) ഈശ്വരനെ അറിയുവാനായി തുറന്നിട്ടും ആത്മാക്കൾ അനുഭവിക്കുന്ന ശൂന്യതയും പ്രശ്നങ്ങളും വർദ്ധിച്ചുവരുകയാണ് ചെയ്തത്. വിശ്വശാന്തിയുടെയും അളവ് കുറഞ്ഞു വരുകയാണ് ചെയ്യുന്നത്. സംഘർഷങ്ങളാണെങ്കിൽ കൂടുകയും ചെയ്യുന്നു. ഇരുട്ടിൽ ഉഴലുന്ന സമൂഹം പ്രകാശത്തിനു വേണ്ടിയുള്ള അന്വേഷണം ആരംഭിക്കുന്നത് ഈ യുഗത്തിലാണ്. ആദ്യം നിരാകാരമായ ഈശ്വരനെ ഉപാസിച്ചുകൊണ്ട് ഈ യുഗത്തിൽ ഭക്തി ആരംഭിക്കുന്നു. പിന്നീട് ദേഹബോധത്തിന്‍റെ തീക്ഷ്ണത കൂടുന്നതിനനുസരിച്ച് ഈശ്വരനെ വിവിധതരം രൂപങ്ങളിൽ ആരാധിക്കുന്ന സംസ്കാരവും ഉടലെടുത്തു. ഭൌതീക സമൃധിയിലൂടെ സുഖ-ശാന്തി നേടാമെന്ന തെറ്റിധാരണയും ആത്മാക്കളിൽ വളർന്നു. കാമം, ക്രോധം, ലോഭം, മോഹം, അഹങ്കാരം എന്നീ ദുർവ്വികാരങ്ങൾ മനുഷ്യസമൂഹത്തെ മുന്നോട്ടു നയിക്കുവാൻ തുടങ്ങി. ഭൂമിയിലെ സ്വർഗ്ഗം നരകത്തിന് വഴിമാറിക്കൊടുത്തു. അതോടെ ഇരുണ്ട യുഗം ആരംഭിക്കുന്നു.

ഇരുണ്ട യുഗം [കലി യുഗം]

മനുഷ്യാത്മാക്കളുടെ നാടകാഭിനയം നാലാം പാദത്തിലെത്തുന്ന കാലത്തെ കലികാലമെന്നു പറയുന്നു. സൃഷ്ടിയുടെ രാത്രിയാണിത്. ഇവിടെ ആത്മാക്കൾ അജ്ഞാനത്തിന്‍റെ ഗാഢ നിദ്രയിലായിരിക്കും. അതായത് ആത്മാവിലെ ഗുണങ്ങളാകുന്ന വെളിച്ചം ക്ഷയിച്ച് അന്ധകാരം നിറഞ്ഞ അവസ്ഥയിൽ എത്തും. അധാർമ്മികപരമായ ശീലങ്ങളിലൂടെയും അഭ്യാസങ്ങളിലൂടെയും മനുഷ്യ ശൃംഗല ബന്ദിക്കപ്പെട്ടുപോയിരിക്കും. വിഷാദവും ഉത്കണഠയും അസ്വസ്ഥതയും മാനവജനതയുടെ മാനദണ്ടമായി വ്യാപിക്കാൻ ആരംഭിക്കും. ഈ സമയത്ത് വിശ്വം മുഴുവനും പല ഭാഗങ്ങളായി ഭാഗിക്കപ്പെടുന്നു, തന്റെ ഔചിത്യത്തിനും താൽപര്യത്തിനും അനുസരിച്ച് സ്വരൂപിച്ചിട്ടുള്ള ശക്തികൾ ഉപയോഗിച്ച് പരസ്പരം അവർ മത്സരിക്കാൻ തുടങ്ങുന്നു. ധർമ്മം നടപ്പിലാക്കേണ്ടവരിലും അധർമ്മം കുടികൊള്ളുന്ന കാലമായിരിക്കും ഇത്. വ്യക്തിത്വവും കുടുംബങ്ങളും സാമൂഹിക വ്യവസ്ഥയും തകിടം മറിയുന്ന കാലഘട്ടമാണിത്. എന്നാൽ ഈ ഘോര രാത്രിയിൽ  ഭൂമിയിൽ ജീവാത്മാക്കൾ ക്രമാതീതമായി വർദ്ധിക്കുന്നു. ഭൂമിയുടെ നൈസർഗിക സ്രോതസ്സുകൾ ദുരുപയോഗം ചെയ്യപ്പെട്ട് പ്രകൃതിയും അതിന്റെ സന്തുലനം വീണ്ടെടുക്കുവാനായി കേഴുന്ന സമയമാണിത്. എന്നാൽ പ്രതീക്ഷയുടെ ഒരു പുതുകിരണം ഈ യുഗത്തിന്‍റെ അവസാന സമയത്ത് കാണപ്പെടും. പൂർണ്ണ അന്ധകാരത്തിൽ നിന്ന് സൃഷ്ടിയുടെ പുതു പ്രഭാതത്തിലേക്കുള്ള പരിവർത്തനത്തിന്‍റെ സമയമാകും. അതോടെ പുരുഷോത്തമ സംഗമയുഗം ആരംഭിക്കും.

വജ്രയുഗം

ഇവിടെ നാടകത്തിലെ സംവിധായകനാണ് ആദ്യത്തെ അഭിനേതാവ്. നാടകവേദിയിലെ ഒരു കോണിൽ വളരെയധികം നിശബ്ധമായി പരമാത്മാവ് അതീവ രഹസ്യമായി പ്രത്യക്ഷപ്പെടുന്നു, എന്നിട്ട് മനുഷ്യ ജീവിതത്തിന്‍റെ കഥയെക്കുറിച്ചുള്ള രഹസ്യത്തിന്‍റെ ചുരുളഴിക്കുന്നു. ആത്മാവിന്റെ അനശ്വരതയെക്കുറിച്ചുള്ള സത്യത, ആത്മാവും പരമാത്മാവുമായുള്ള സത്യമായ ബന്ധം, ആത്മാവിനകത്ത് നിദ്രപൂണ്ടിരിക്കുന്ന അനന്ദശക്തികളെക്കുറിച്ചുള്ള ജ്ഞാനം എന്നിവ സമസ്ത മാനവരാശിക്കും പ്രദാനം ചെയ്യുന്നു. എന്നാൽ ഈശ്വരന്‍റെ പേരിൽ പലരും പല അഭിപ്രായങ്ങളുമായി അണിനിരന്നിരിക്കുന്ന ഈ കാലത്ത് സത്യം പലരും വിശ്വസിക്കാതാകും. ഈ സത്യമായ ജ്ഞാനം  അഭിനേതാക്കളായ ആത്മാക്കളുടെ സ്മൃതി തലങ്ങളലേക്ക്  സ്വാധീനിക്കുകയും കഴിഞ്ഞുപോയ യുഗങ്ങളിലെ പ്രഭാവത്തെക്കുറിച്ച് ബോധവാൻമാരാവുകയും ചെയ്യുന്നു. സംഗമയുഗമെന്ന ഈ പുലർകാലത്തിൽ  ജ്ഞാനസൂര്യനായ പരമാത്മാവിനെ നോക്കി കണ്ണു തുറക്കുന്നവരെ രാജയോഗികൾ എന്നു വിളിക്കുന്നു. ദൈവീകതയിൽ നിന്നും ആസുരീയതയിലേക്ക് ഞങ്ങളെങ്ങനെ എത്തിചേർന്നു എന്ന് ആത്മാക്കൾക്ക് ബോധ്യമാകന്നു. ഒരിക്കൽക്കൂടി ആത്മാവ് പൂർണ്ണത നേടേണ്ട സമയമായെന്നും അതിനായി തന്‍റെ ഉള്ളിലേക്ക് പതുക്കെ - പതുക്കെ ആഴ്ന്നിറങ്ങേണ്ടത് ആവശ്യമാണെന്നും ആത്മാക്കൾ തിരിച്ചറിയുന്നു. ഈ പൂർണ്ണത നേടിക്കഴിഞ്ഞാൽ പഴയ നാടകത്തിന് തിരശ്ശീല വീഴും. പിന്നീട് തിരശ്ശീല ഉയരുന്ന സമയത്ത് കാണപ്പെടുന്നത് നവീന സൃഷ്ടിയുടെ സുപ്രഭാതമായിരിക്കും. എന്നാൽ ഇത് വളരെ സാവധാനത്തിൽ നടക്കുന്ന സംഗമയുഗത്തിലെ ആത്മീയ വിപ്ലവത്തിലൂടെയാണ് സാധ്യമാവുക. ഇപ്പോൾ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് ചേക്കേറുവാൻ സദാ വെളിച്ചമായിരിക്കുന്ന ഈശ്വരൻ നമ്മെ ക്ഷണിക്കുകയാണ്. ഒരിക്കൽകൂടി പൂർണ്ണത നേടുവാൻ താങ്കൾ തയ്യാറാണോ ?

കര്‍മ്മം ചെയ്യാന്‍ പഠിക്കാനായിട്ടെന്താണുള്ളത്? ലോകത്തിലുള്ള സകലരും ഏതെങ്കിലും ഒരു കര്‍മ്മം എപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നുവല്ലോ, പിന്നെ എന്താണ്‌ കൂടുതലായി അതില്‍ അറിയാനുള്ളത്‌ എന്നു നിങ്ങള്‍ വിചാരിക്കുന്നുണ്ടാകും. എന്നാല്‍ നമ്മുടെ ശക്തികളെ ചിന്നിച്ചിതറിച്ചുകളയുക എന്നൊന്നുണ്ട്. കാമ-ക്രോധ-ലോഭ-മോഹ-മദ-മാത്സര്യങ്ങളുടെ അടക്കലുകള്‍ ശീലിക്കാത്തിടത്തോളം വെറുതെ കര്‍മ്മം ചെയ്തു തളരുകയേ ഉള്ളൂ. അങ്ങനെ സംഭവിക്കാതെ, സാമര്‍ത്ഥ്യത്തോടുകൂടി ശാസ്ത്രീയമായ രീതിയില്‍ കര്‍മ്മം ചെയ്യുന്നതിനെയാണ്‌ കര്‍മ്മയോഗം എന്നു നമ്മള്‍ ഭാരതീയര്‍ പറയുന്നത്.

ജ്ഞാനവും ശക്തിയും ഓരോ മനുഷ്യനിലുമുണ്ട്. അവയെ പുറത്തേക്കു കൊണ്ടുവരാനുള്ള ആഘാതങ്ങളെപ്പോലെയായിരിക്കണം വിവിധതരത്തിലുള്ള കര്‍മ്മങ്ങള്‍. മനുഷ്യന്‍ വിവിധ ഉദ്ദേശ്യങ്ങളാല്‍ കര്‍മ്മം ചെയ്യുന്നു. ഉദ്ദേശ്യമില്ലാത്ത ഒരു കര്‍മ്മവുമില്ല. ചില മനുഷ്യര്‍ക്കു കീര്‍ത്തി വേണമെന്നുണ്ട്. അവര്‍ അതിനുവേണ്ടി കര്‍മ്മം ചെയ്യുന്നു. വേറെ ചിലര്‍ക്ക്‌ പണം വേണം. അവര്‍ അതിനു വേണ്ടി പ്രവര്‍ത്തിക്കുന്നു. മറ്റു ചിലര്‍ക്ക്‌ അധികാരശക്തിയാണാവശ്യം. അവര്‍ അതിലേക്കായി പ്രവര്‍ത്തിക്കുന്നു. ഇനിയും ചിലര്‍ മരണാനന്തരം തങ്ങളുടെ പേരു നിലനില്‍ക്കാനായി കര്‍മ്മം ചെയ്യുന്നു.

ചൈനയില്‍ മരിച്ചതിനുശേഷമല്ലാതെ ആര്‍ക്കും ഒരു ബഹുമതി ലഭിക്കുകയില്ല. നമ്മുടെ രീതിയേക്കാള്‍ എത്രയോ മെച്ചപ്പെട്ട ആചാരമാണത്. ചൈനയില്‍ ഒരാള്‍ എന്തെങ്കിലും ഉത്കൃഷ്ടമായ ഒരു പ്രവൃത്തി ചെയ്താല്‍ അവര്‍ അയാളുടെ പിതാവിനോ, പിതാമഹനോ പ്രഭുസ്‌ഥാനം നല്‍കും. അതുകൊണ്ട് ചിലര്‍ അതിനായി കര്‍മ്മം ചെയ്യുന്നു.

ചിലര്‍ പ്രായശ്ചിത്തത്തിന്റെ രൂപത്തില്‍ കര്‍മ്മം ചെയ്യുന്നു. എല്ലാ തരത്തിലുമുള്ള ദുഷ്‌കര്‍മ്മങ്ങളും ചെയ്തിട്ട്‌ ഒടുവില്‍ ഒരു ക്ഷേത്രം നിര്‍മ്മിക്കുകയോ ദൈവങ്ങള്‍ക്കു വഴിപാടുകള്‍ നടത്തുകയോ ചെയ്യും. എന്നിട്ട് പുരോഹിതന്റെ പക്കല്‍ നിന്നും സ്വര്‍ഗ്ഗത്തിലേക്ക്‌ ഒരു പ്രവേശനപത്രം ലഭിക്കാന്‍ കൈക്കൂലിയായി അവര്‍ക്കു വല്ലതും ദാനം ചെയ്യും. എന്തു പാപം ചെയ്താലും ഈ വിധം ദാനധര്‍മ്മത്താല്‍ പാപമോചനം ലഭിക്കുമെന്നുംയാതൊരു ശിക്ഷയും അനുഭവിക്കേണ്ടി വരികയില്ലായെന്നും അവര്‍ വിചാരിക്കുന്നു. അതിനായാണ്‌ അവര്‍ കര്‍മ്മങ്ങള്‍ ചെയ്യുന്നത്. ഇങ്ങനെയുള്ള നാനാവിധ ഉദ്ദേശ്യങ്ങളാണ്‌ കര്‍മ്മാനുഷ്ഠാനങ്ങള്‍ക്ക്‌ പ്രേരകമായി വര്‍ത്തിക്കുന്നത്‌.

എന്നാല്‍ കീര്‍ത്തിയോ സ്വര്‍ഗ്ഗപ്രാപ്തിയോ യാതൊന്നും ആഗ്രഹിക്കാതെ കര്‍മ്മത്തിനുവേണ്ടി കര്‍മ്മം ചെയ്യുന്ന വിശിഷ്ടപുരുഷന്‍മാര്‍ ഏതു രാജ്യത്തുമുണ്ട്‌. അവരാണ്‌ ലോകത്തിലെ യഥാര്‍ത്ഥ ധര്‍മ്മസേതുക്കള്‍. തന്റെ കര്‍മ്മത്തില്‍ നിന്നും നന്‍മ ലഭിക്കും എന്നുള്ളതുകൊണ്ടു മാത്രം കര്‍മ്മം ചെയ്യുന്നവര്‍. ആയതിനാല്‍ ഇവര്‍ പാവങ്ങള്‍ക്കു നന്‍മ ചെയ്യുകയും മനുഷ്യരെ സഹായിക്കുകയും ചെയ്യുന്നു. പേരും പെരുമയും ലാക്കാകിക്കൊണ്ടുള്ള കര്‍മ്മങ്ങള്‍പ്രായേണ ഉടനടി ഫലം തരുന്നില്ല. വൃദ്ധാവസ്ഥയിലെത്തുമ്പോഴായിരിക്കും അവ വന്നു ചേരുക. ഒരു മനുഷ്യന്‍ സ്വാര്‍ത്ഥപരമായ യാതൊരു ഉദ്ദേശ്യവുമില്ലാതെ കര്‍മ്മം ചെയ്താല്‍ അയാള്‍ക്ക്‌ യാതൊരു നേട്ടവും കൈ വരുന്നില്ലേ? ഉണ്ട്‌. അയാള്‍ക്കു പരമമായ നേട്ടം ഉണ്ടാകുന്നു. നിസ്സ്വാര്‍ത്ഥതയാണ്‌ അധികം ലാഭകരം. അതഭ്യസിക്കാനുള്ള ക്ഷമ ജനങ്ങള്‍ക്കില്ലായെന്നേയുള്ളൂ.

പ്രേമം, സത്യം, നിസ്സ്വാര്‍ത്ഥത ഇവ സദാചാരപരമായ വെറും അലങ്കാരവാക്കുകളല്ല. പരമമായ ആദര്‍ശങ്ങളാകുന്നു. അവയില്‍ നിന്നാണ്‌ ഒരു മനുഷ്യന്‌ ശക്തിയുടെ ഗംഭീരപ്രകാശനം ഉണ്ടാകുന്നത്‌. 

യാതൊരു സ്വാര്‍ത്ഥതാത്പര്യമില്ലാതെ, ഭാവിയെക്കുറിച്ചുള്ള ആധിയില്ലാതെ, സ്വര്‍ഗ്ഗനരക വിചാരമില്ലാതെ, അഞ്ചുനിമിഷമെങ്കിലും ഒരാള്‍ക്കു കര്‍മ്മം ചെയ്യാന്‍ സാധിക്കുമെങ്കില്‍ ഗംഭീരനായ ഒരു ധര്‍മ്മാത്മാവായി തീരാനുള്ള കഴിവ്‌ ആ മനുഷ്യനിലുണ്ട്. അങ്ങനെ കര്‍മ്മം ചെയ്യാന്‍ വളരെ പ്രയാസമാണ്‌.

എന്നാല്‍ അത്തരം കര്‍മ്മത്തിന്റെ വിലയും അതുകൊണ്ടുണ്ടാകുന്ന നന്‍മയും നമ്മള്‍ ഓരോ ഭാരതീയന്റേയും ഹൃദയാന്തര്‍ഭാഗങ്ങളില്‍ നമുക്ക്‌ അറിയാം. അവിടെയാണ്‌ നമ്മുടെ സംസ്കാരത്തിന്റെ മഹിമ കുടികൊള്ളുന്നതും.

ധൃത്യാ ശിശ്‌നോദരം രക്ഷേത്, പാണിപാദം ച ചക്ഷുഷാ
ചക്ഷു:ശ്രോത്രേ ച മനസാ മനോ വാചം ച വിദ്യയാ

(ലൈംഗികാവയവം, ഉദരം എന്നിവയെ തന്റേടം കൊണ്ടും, കൈകാലുകളുടെ ചാപല്യങ്ങളെ കണ്ണുകള്‍ കൊണ്ടും, കണ്ണിനേയും കാതിനേയും മനസ്സു കൊണ്ടും, മനസ്സും വാക്കും വിദ്യകൊണ്ടും രക്ഷിക്കപ്പെടണം. അങ്ങനെയുള്ളവരില്‍ അഭൌമമായ ശക്തി ഉണ്ടാകുന്നു.)

പരാഞ്ചീ ഖാനി വ്യതൃണത്‌ സ്വയംഭൂ-
സ്തസ്‌മാത്‌ പരാങ് പശ്യതി നാന്തരാത്മന്‍
കശ്ചിദ്ധീര: പ്രത്യഗാത്മാനമൈക്ഷദാ-
വൃത്ത ചക്ഷുര മൃതത്വമിച്ഛന്‍.

(മനുഷ്യശരീരത്തിലെ എല്ലാ സുഖദായികളായ ഇന്ദ്രിയങ്ങളേയും പുറത്തേക്കു തള്ളിനില്‍ക്കുന്ന രീതിയിലാണ്‌ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ട് പുറത്തുള്ള വിഷങ്ങളല്ലാതെ അന്തരാത്മാവിനെ ഈ ഇന്ദ്രിയങ്ങള്‍ കാണുന്നില്ല. എന്നാല്‍ ഒരു ധീരന്‍ അമൃതത്വം ആഗ്രഹിക്കുന്നുവെങ്കില്‍ കണ്ണു തുടങ്ങിയ ഇന്ദ്രിയങ്ങളെ വിഷയങ്ങളില്‍ നിന്നും പിന്‍മടക്കി ഉള്ളില്‍ വിളയുന്ന ആത്മാവിനെ കാണേണ്ടതാണ്‌.)

No comments:

Post a Comment