ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

14 June 2017

ഉപനിഷതകഥകൾ - 12 [ഭക്തന്‍റെ കര്‍ത്തവ്യം]

ഉപനിഷതകഥകൾ - 12

ഭക്തന്‍റെ കര്‍ത്തവ്യം

ഒരിക്കല്‍ നാരദന്റെ മനസ്സില്‍ ഒരു വിചാരമുണ്ടായി... തന്നെക്കാള്‍ വലിയ ഭക്തന്‍ ലോകത്തിലില്ലെന്നു... കാരണം താന്‍ എപ്പോഴും ഭഗവാന്റെ നാമം ജപിച്ചുകൊണ്ട്‌ ലോകത്തില്‍ ചുറ്റിനടക്കുന്നു.. ഇങ്ങനെ സദാസമയവും ഭഗവാനെപ്പറ്റി ചിന്തിക്കുന്നവര്‍ വേറെ ആരാണ് ഉണ്ടാവുക ?... അതുകൊണ്ട് താന്‍ തന്നെയാണ് ഭഗവാന്റെ പ്രിയഭക്തന്‍ എന്ന് ചിന്തിച്ചുകൊണ്ട് നാരദന്‍ വൈകുണ്ഠത്തിലെത്തി. സര്‍വ്വജ്ഞനായ ഭഗവാന്‍ നാരദന്റെ അഹംഭാവത്തെ അറിഞ്ഞു. കുശലപ്രശ്നങ്ങള്‍ക്കുശേഷം ഭഗവാന്‍ പറഞ്ഞു ; 'നാരദാ, ഇവിടെനിന്നു വളരെ ദൂരെയുള്ള ശ്രീപുരഗ്രാമത്തില്‍ എന്റെ ഒരു വലിയ ഭക്തന്‍ താമസിക്കുന്നുണ്ട്. അവിടെപോയി അയാളെ ഒന്ന് പരിചയപ്പെട്ടുവരൂ.

നാരദന്‍ ഉടന്‍ പുറപ്പെട്ട് ശ്രീപുരത്തിലെത്തി. ഭക്തനെപ്പറ്റി അന്വേഷിച്ചു. അയാളൊരു കര്‍ഷകനായിരുന്നു. നാരദന്‍ അയാളെ സൂക്ഷ്മമായി നിരീക്ഷണം ചെയ്തു, രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ അയാള്‍ 'നാരായണ' എന്ന് മൂന്നു പ്രാവശ്യം ഉച്ചരിക്കുന്നത് കേട്ടു. പിന്നീട് കരിയും നുകവും എടുത്ത് വയലില്‍ പോയി വൈകുന്നേരം വരെ പണി ചെയ്തു. രാത്രി കിടക്കുമ്പോഴും 'നാരായണ' എന്ന് മൂന്നു പ്രാവശ്യം ജപിക്കുന്നത് കേട്ടു. അത്രമാത്രം, നാരദന് ആശ്ചര്യമായി.. ഇയാള്‍ എങ്ങനെയാണ് ഒരു ഭക്തനാകുക!... ദിവസം മുഴുവന്‍ ലൗകിക കാര്യങ്ങളില്‍ മുഴുകിക്കഴിയുന്ന ഇവനെ എങ്ങനെയാണ് ഒരു വലിയ ഭക്തന്‍ എന്ന് ഭഗവാന്‍ പറഞ്ഞത് ?....

നാദരന്‍ മടങ്ങി വൈകുണ്ഠത്തിലെത്തി. തന്റെ അഭിപ്രായം ഭഗവാനെ അറിയിച്ചു. അയാളില്‍ ഭക്തിയുടെ ഒരടയാളവും താന്‍ കണ്ടില്ലെന്നുകൂടി പറഞ്ഞു...

ഭഗവാന്‍ പറഞ്ഞു, " നാരദാ, ഇതാ ഒരു പാത്രം എണ്ണയിരിക്കുന്നു. ഇതെടുത്ത് ഈ നഗരത്തിന് ഒരു പ്രദക്ഷിണം വച്ച് മടങ്ങി വരൂ ". എന്നാല്‍ ഒരു തുള്ളിപോലും പുറത്തുപോകാതിരിക്കാന്‍ സൂക്ഷിക്കുകയും വേണം! നാരദന്‍ ആ പാത്രവുമെടുത്ത് പുറപ്പെട്ടു... വളരെ ശ്രദ്ധയോടെ നഗരപ്രദക്ഷിണം കഴിഞ്ഞു മടങ്ങിവന്നു.

ഭഗവാന്‍ ചോദിച്ചു : " നാരദാ, എണ്ണ തുളുമ്പിപ്പോകാതെ മടങ്ങി വന്നു.. നന്നായി, എന്നാല്‍ ഇതിനിടയില്‍ എത്ര പ്രാവശ്യം എന്നെ സ്മരിച്ചു "?. നാരദന്‍ പറഞ്ഞു "ഒരു പ്രാവശ്യം പോലും സ്മരിച്ചില്ല. എണ്ണ പുറത്തുപോകാതിരിക്കുവാന്‍ എനിക്ക് അതില്‍ത്തന്നെ ശ്രദ്ധിക്കേണ്ടിവന്നു".  അതുകേട്ടു ഭഗവാന്‍ പറഞ്ഞു : 'ഈ ഒരു പാത്രം എണ്ണ നിന്റെ ശ്രദ്ധ തിരിച്ചുവിട്ട് എന്നെ അപ്പാടെ മറക്കാനിടവരുത്തി. എന്നാല്‍ അത്രയും ഭാരമേറിയ കുടുംബജോലികള്‍ക്കിടയിലും ദിവസവും രണ്ടുപ്രാവശ്യവും എന്നെ ഓര്‍മ്മിക്കുവാന്‍ അവന്‍ മറക്കാറില്ല. അപ്പോള്‍ അവന്‍ വലിയ ഭക്തനല്ലേ ?'. നാരദന്‍ മൗനിയായിനിന്നതേയുള്ളൂ...

ഭക്തിയുടെ പുറമെയുള്ള പ്രദര്‍ശനമല്ല ഭഗവാന്‍ നോക്കുന്നത്... എത്രത്തോളം ആത്മാര്‍ത്ഥതയോടുകൂടി നാം ഭഗവാനെ ആശ്രയിക്കുന്നു എന്നുള്ളതാണ്. മര്‍ക്കടധ്യാനം ബകധ്യാനം എന്നെല്ലാം പറഞ്ഞു സാദാരണധ്യാനത്തെ കളിയാക്കാറുണ്ട്. മാര്‍ക്കടം ധ്യാനിക്കുന്നതുപോലെ കണ്ണുമടച്ചിരിക്കുന്നു. എന്നാലതിന്റെ വിചാരം ഏതു തോട്ടത്തിലാണ് പഴം പഴുത്തുനില്‍ക്കുന്നത് എന്നായിരിക്കും. കൊറ്റി കുളക്കരയില്‍ ധ്യാനത്തിലിരിക്കുന്നു. എന്നാല്‍ അതിന്റെ ശ്രദ്ധ മുഴുവന്‍ മുമ്പില്‍ വരുന്ന മത്സ്യത്തിലായിരിക്കും. അതുപോലെ പുറമേക്കു വലിയ ഭക്തന്മാരെന്നു കാണികള്‍ക്ക് തോന്നും. എന്നാല്‍ മനസിലെ വിചാരം മുഴുവന്‍ ഭൗതികവിഷയങ്ങളായിരിക്കും. പല ജോലിത്തിരക്കുകളുണ്ടെങ്കിലും ഭഗവാനെ സ്മരിക്കുകയും ചെയ്യുന്നവനാണ് യഥാര്‍ത്ഥ ഭക്തന്‍. അതിട്നെ പ്രകടനം പുറത്തേക്കില്ലെങ്കിലും ഭഗവാന്‍ അത് ശ്രദ്ധിക്കുന്നു. കാരണം "ഭാവഗ്രാഹീ ജനാര്‍ദ്ദന: " മനുഷ്യരുടെ ഉള്ളിലുള്ള ഭാവത്തെയാണ് ഭഗവാന്‍ ശ്രദ്ധിക്കുന്നത്. കര്‍ത്തവ്യകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്ന കാര്യത്തില്‍ നാം അലസരായിരിക്കരുത്. ഈശ്വരാര്‍പ്പണമായ കര്‍ത്തവ്യകര്‍മ്മങ്ങളെല്ലാം അനുഷ്ഠിക്കുക... ഇതാണ് ഭക്തന്റെ കര്‍ത്തവ്യം

No comments:

Post a Comment