ഉപനയനം, വിദ്യാരംഭം, സമാവർത്തനം
എന്താണ് ഉപനയനം?
വിദ്യാരംഭം എന്തിന് ?
എന്താണ് സമാവർത്തനം?
ആദ്യമേ പറയട്ടെ ഇത് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ചടങ്ങുകളാണ്. അതുപോലെ ഗുരുകുലസമ്പ്രദായത്തിൽ അനുവർത്തിച്ച് വന്നവയാണ്. വിദ്യാഭ്യാസകാലത്തെ വിശുദ്ധമായി കാത്തുസൂക്ഷിച്ച കാലത്തെ ചടങ്ങുകളാണ് ഇത്. അറിവിലേക്കായി ഇവിടെ പറയുന്നു എന്ന് മാത്രം.
ഒരു കുഞ്ഞിന് അറിവു സമ്പാദിച്ചു തുടങ്ങാനുളള പ്രായം അഞ്ചു വയസ്സിലാണ് പൂർണ്ണമാകുന്നത്. അറിവ് സമ്പാദിക്കാനുളള അർഹത നേടിയെന്നറിയിക്കുന്ന ചടങ്ങിനെ വേദവിധിപ്രകാരം ഉപനയനസംസ്ക്കാരം എന്ന് പറയുന്നു. അറിവ് സമ്പാദിക്കാനുളള ശ്രദ്ധയുടെ പ്രതീകമായി കുട്ടിക്ക് പൂണൂലോ രുദ്രാക്ഷമാലയോ ഓംകാര മുദ്രയോ രക്ഷയോ ധരിപ്പിക്കാം. ആചാര്യൻറെയോ ഗുരുനാഥൻറെയോ നേതൃത്വത്തിൽ നടക്കുന്ന ഈ ചടങ്ങിനു ശേഷം ഗുരു ശിഷ്യനെ " ശിഷ്യാ, പാറ പോലെ ഉറപ്പുള്ള ശരീരവും മനസ്സും നിനക്ക് ശക്തി നൽകും. നിൻറെ ലക്ഷ്യ സാധുകരണത്തിനായുളള പവിത്രമായ വ്രതം തടസ്സപ്പെടുത്താൻ ആരു ശ്രമിച്ചാലും അതു തടയാനുള്ള കരുത്തും നിനക്ക് ലഭിക്കും. സന്ധ്യാവന്ദനം മാത്രമല്ല നിത്യകർമ്മങ്ങളും നീ വ്രതനിഷ്ഠയോടെ പാലിക്കണം. നീ എപ്പോഴും ഉണർന്നിരിക്കുക. നിൻറെ ലക്ഷ്യം അറിവ് സമ്പാദിക്കുന്നതിനു വേണ്ടി ഉളളതായിരിക്കട്ടെ. " എന്ന് അനുഗ്രഹിക്കുന്നു. ഉപനയനം എന്ന വാക്കിനർത്ഥം അരികിലേക്ക് കൊണ്ടു ചെല്ലുക എന്നാണ്. ഗുരു നല്കുന്ന ജ്ഞാനത്തിലൂടെ ഈശ്വരൻറെ അരികിലേക്ക് ചെല്ലുക. ഈ ചടങ്ങു കഴിഞ്ഞാൽ കുട്ടി ഈശ്വരനിൽ സർവ്വവും സമർപ്പിച്ച് തൻറെ കർമ്മമായ യജ്ഞത്തിലേക്ക് കടക്കുന്നു.
ഉപനയനം കഴിഞ്ഞാൽ അടുത്ത ദിവസം മുതൽ ഒരു വർഷത്തിനകം ഒരുനാൾ വിദ്യാരംഭം കുറിക്കാം. വിദ്യാരംഭം കുറിക്കുന്ന ദിനത്തിൽ, പ്രഭാതത്തിൽ തന്നെ കുട്ടിയെ കുളിപ്പിച്ച് , പുതിയ വസ്ത്രം ധരിപ്പിച്ച് മാതാപിതാക്കൾ കുട്ടിയെ ആചാര്യൻറെ സമീപത്ത് യജ്ഞവേദിയിൽ കൊണ്ടു പോകണം. കുട്ടിയോട് മനസ്സിൽ ഈശ്വരനെ സങ്കല്പിക്കാൻ ആവശ്യപ്പെട്ട്, യജ്ഞവേദിക്ക് പ്രദക്ഷിണം ചെയ്യിപ്പിച്ച് ആചാര്യനഭിമുഖമായി കിഴക്കോട്ട് സൂര്യനഭിമുഖമായി ഇരുത്തണം. അതിനുശേഷം കുട്ടി ഗുരുവിനോട് അപേക്ഷിക്കണം. 'എല്ലാ അറിവുകളും എന്നിലേക്ക് പകരാൻ കൊതിക്കുന്ന മഹാഗുരു, ഭഗവാൽ സ്വരൂപമായ ഓംകാരവും മഹാവ്യാഹൃതിയും ഗായത്രിയും ചേർന്ന ആ പവിത്രമായ മന്ത്രധ്വനി എന്നിലേക്ക് ചൊരിഞ്ഞാലും' തൊഴുകൈകളോടിരിക്കുന്ന കുട്ടിയിലേക്ക് പവിത്രമായ ഗായത്രി മന്ത്രം ഓംകാരത്തോടും മഹാവ്യാഹൃതിയോടും കൂടി പകരുന്നു. അന്ന് മുതൽ ഗുരുവും ശിഷ്യനുമായി ഒരു ഗാഢബന്ധത്തിൽ ഏർപ്പെടുന്നു.
ബ്രഹ്മചര്യവ്രതത്തോടേ വിദ്യാഭ്യാസം പൂർത്തിയാക്കി വീട്ടിൽ എത്തുന്ന കുട്ടിയെ മാതാപിതാക്കളും ബന്ധുമിത്രാദികളും ചേർന്ന് ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു. വിദ്യാർഥിയെ അനുഗമിച്ചെത്തുന്ന ഗുരുവിനെയും സഹപാഠികളെയും സ്വീകരിക്കുകയും, ശിഷ്യൻ ഗുരുവിനെ ഉത്തമമായ ഇരിപ്പിടത്തിൽ ഇരുത്തി സുഗന്ധപൂർണ്ണമായ പൂക്കൾ കൊണ്ട് തീർത്ത മാലയണിയിക്കുകയും ഗുരുദക്ഷിണ സമർപ്പിക്കുകയും ചെയ്യുന്നു. ഗുരു ആത്മാർത്ഥതയോടെ ശിഷ്യന് ബിരുദം സമർപ്പിക്കുന്നു ഈ ചടങ്ങാണ് സമാവർത്തന സംസ്ക്കാരം.
No comments:
Post a Comment