ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

14 June 2017

ഉപനിഷതകഥകൾ - 14 [ബ്രഹ്മവാദിനിയായ മൈത്രേയി]

ഉപനിഷതകഥകൾ - 14

ബ്രഹ്മവാദിനിയായ മൈത്രേയി

യാജ്ഞവല്ക്യൻ മഹാപണ്ഡിതനും വിവാഹിതനുമായിരുന്നു. രണ്ടു ഭാര്യമാരുണ്ട്. മൈത്രേയിയും കാർത്ത്യായനിയും. അവരിൽ മൈത്രേയി താത്ത്വയികവീക്ഷണമേറിയവളും ബ്രഹ്മത്തെപ്പറ്റി സംസാരിക്കുന്നവളുമാണ്. കാർത്ത്യകിനിയാകട്ടെ സാദാരണ സ്ത്രീകളുടെ ബുദ്ധിയോടും പ്രവർത്തികളോടും കൂടിയവളായിരുന്നു.

ഭൗതികജീവിതത്തിന്റെ നശ്വരതയും ക്ലേശങ്ങളും വ്യെർത്യതയും അറിവുള്ളവനായ യാജ്ഞവല്ക്യൻ സന്ന്യാസജീവിതം സ്വീകരിക്കുവാൻ ആഗ്രഹിച്ചു. സർവ്വകർമ്മസന്ന്യാസലക്ഷണമായ പരിവ്രാജ്യമാണ്. പരമപുരുഷാർത്ഥമായ മോക്ഷത്തിന് സാധനമെന്ന് അദ്ദേഹം ദൃഢമായി വിശ്വസിച്ചു.

ഇപ്പോൾ താനൊരു ഗൃഹസ്ഥനാണ്. രണ്ടു ഭാര്യമാരുണ്ട്, അവർ തമ്മിലുള്ള ബന്ധം താൻ നിമിത്തമാണ്. സന്ന്യാസിക്കുമ്പോൾ  ഭൗതികമായെല്ലാം ത്യജിക്കണം. ഭാര്യാഭർത് ബന്ധം സന്ന്യാസത്തിനു ശേഷം ഇല്ല. ഇരുവരെയും സന്ന്യാസത്തിനു മുമ്പ് തന്നെ ഉപേക്ഷിക്കുന്നത് ആണ് നല്ലത്. പക്ഷെ തന്റെ അഭാവത്തിലും അവർക്ക് ജീവിക്കണണമെല്ലോ. അതിന് തന്റെ സമ്പത്തു തുല്യമായി ഭാഗിച് ഇരുവർക്കും നൽകാം.

ഭാര്യമാരിലോ സാമ്പത്തിലോ  യാജ്ഞവല്ക്യനു താൽപര്യയമില്ലാതെയായി തികച്ചും വിരക്തൻ. ആത്മവിദ്യയിൽ അധികാരമുള്ളവനായിത്തീരുന്നവൻ ബ്രഹ്മജ്ഞാനത്തിന്റെ അടയാളമായി സന്ന്യാസം സ്വീകരിക്കണം.

യാജ്ഞവല്ക്യൻ അറിവുള്ളവളായ മൈത്രേയിയോട് പറഞ്ഞു:

"അല്ലയോ മൈത്രേയി, ഞാൻ ഈ ഗൃഹസ്ഥശ്രമത്തിൽ നിന്ന് സന്ന്യാസാശ്രമത്തിലേക്കു പോകുവാൻ ആഗ്രഹിക്കുന്നു. അത് കൊണ്ട് സമ്പത്തുക്കൾ ഭാഗിച്ചുതന്ന് നിങ്ങൾ തമ്മിലുള്ള ബന്ധത്തെ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു."

അതുകേട്ടു മൈത്രേയി നടുങ്ങി വിറച്ചില്ല. അവൾ ശാന്തമായി ചോദിച്ചു.

"അല്ലയോ ഭഗവാനേ, അങ്ങ് സമ്പത്തിന്റെ പകുതി തന്ന് എന്നെ ഉപേക്ഷിച്ചു സന്ന്യസിക്കുവാൻ ആഗ്രഹിക്കുന്നു. എങ്കിൽ ഒന്ന് ചോദിച്ചു കൊള്ളട്ടെ. സമ്പത്തുകൊണ്ടു നിറഞ്ഞ ഈ ഭൂമി മുഴുവൻ എന്റെതായിത്തീർന്നാലും ഞാൻ മരണമില്ലാത്തവളായി തീരുമോ?"

യാജ്ഞവല്ക്യൻ പറഞ്ഞു,

" ഒരിക്കലുമില്ല, സമ്പത്തുകൊണ്ടു ലഭിക്കുന്നത് ഭൗതികസുഖമാണ്. സുഖകരമായ ഒരു ഭൗതികജീവിതം മറ്റുള്ളവരെ പോലെ നിനക്കുമുണ്ടാകും. അത്രമാത്രം സമ്പത്തുകൊണ്ടു അമൃതത്വം നേടാമെന്ന് ആരും ആശിക്കവേണ്ട."

അപ്പോൾ  മൈത്രേയി പറഞ്ഞു.

"ഭഗവാനേ, അങ്ങേക്ക് വേണ്ടാത്ത സമ്പത്തു കൊണ്ട് എനിക്ക് എന്ത് കാര്യം. പ്രയോജനമില്ലാത്ത ഒന്നിൽ എനിക്കാഗ്രഹമില്ല. ഞാൻ ആഗ്രഹിക്കുന്നത് അമൃതത്വമാണ്. അങ്ങും അതാഗ്രഹിക്കുന്നു. അമൃതത്വമായിത്തീരാൻ ഉപകരിക്കുന്ന വിദ്യ എനിക്ക് ഉപദേശിച്ചു തന്നാലും."

മൈത്രേയിയുടെ വാക്കുകൾ കേട്ട് യാജ്ഞവല്ക്യൻ സന്തോഷിച്ചു. ഭൗതികസമ്പത്തിൽ അവൾക്കു ഒട്ടും ആഗ്രഹമില്ലന്നറിഞ്ഞ യാജ്ഞവല്ക്യൻ പറഞ്ഞു:

"മൈത്രേയി, നിന്റെ ഈ വാക്കുകൾ എന്ന വളരെയധികം സന്തോഷിപ്പിക്കുന്നു. എനിക്ക് നീ എന്നും പ്രിയയായിരുന്നു. ധനന്യാദികളിൽ ആഗ്രഹമില്ലാത്ത നീ ഇപ്പോഴും പ്രിയമായതിനെ പറയുന്നു. വരൂ, ഇവിടെ ഇരിക്കൂ."

യാജ്ഞവല്ക്യൻ അവളെ വിളിച്ചു മുമ്പിൽ ഇരുത്തി. എന്നിട്ട് പറഞ്ഞു. "നീ ഇന്ന് എനിക്ക് ശിഷ്യയാണ്. ഞാൻ നിനക്ക് ഉപദേശം തരാം. ഞാൻ വിവരിച്ചു തരുമ്പോൾ നീ നല്ലവണ്ണം ശ്രദ്ധിച്ച് മനസ്സിലാക്കണം."

"അങ്ങയുടെ അനുഗ്രഹം പോലെ."

"ശരി പറയാം. ബ്രഹ്മവിദ്യ അഭ്യസിക്കണമെങ്കിൽ ശ്രദ്ധ പ്രധാന കാര്യം ആണ്. നിനക്ക് ശ്രദ്ധ ഉണ്ട്. അത് കൊണ്ട് സത്യം എന്താണ് ഇന്ന് പറയാം. എല്ലാവരും പ്രിയം മാത്രം ആഗ്രഹിക്കുന്നവരാണ്. പ്രിയമായതിനെ മാത്രം കാംക്ഷിക്കുന്നതാണ് ലോക സ്വഭാവം. മറ്റുള്ളവരുടെ പ്രിയത്തിനുവേണ്ടി യഥാർത്ഥത്തിൽ ആരും ഒന്നും ചെയ്യുന്നില്ല. എല്ലാം സ്വന്തം പ്രിയത്തിനുവേണ്ടി ആണ് സകലരും ചെയ്യുന്നത്. ഓരോ ജീവനിലും കുടികൊള്ളുന്ന സത്ത ആത്മാവിന്റെയാണ്. അതിനാൽ ആത്മാവിനുവേണ്ടി സകലരും പ്രിയത്തെ ചെയ്യന്നത്. നീ എനിക്ക് പ്രിയയായിരിക്കുന്നത് നിനക്കുവേണ്ടി അല്ല. മറിച് ആത്മാവിനുവേണ്ടിയാണ്. ഞാൻ നിനക്ക് പ്രിയപെട്ടവനായിരിക്കുന്നത് എനിക്കുവേണ്ടി അല്ല, ആത്മാവിനുവേണ്ടിയാണ്."

ഭാര്യ, ഭർത്താവ്, പുത്രന്മാർ, ധനം, പഴു, ബ്രാഹ്മണൻ, ക്ഷത്രിയൻ, ലോകങ്ങൾ, ദേവന്മാർ, വേദങ്ങൾ, ഭൂതങ്ങൾ ഇവയെല്ലാം പ്രിയങ്ങളായിരിക്കുന്നത്. ഇവകൾക്കൊന്നും  വേണ്ടിയല്ല. എല്ലാം ആത്മാവിനുവേണ്ടിയാണ് പ്രിയങ്ങളായിരിക്കുന്നത്.

"ന വാ അരേ സർവസ്യകാമായ സർവ്വം പ്രിയം ഭവതി, ആത്മാനസ്തു കാമായ സർവ്വം പ്രിയം ഭവതി "

എല്ലാം പ്രിയമായിരിക്കുന്നത് അവക്കൊന്നും വേണ്ടി അല്ല. ആത്മാവിനുവേണ്ടിയാണ് എല്ലാം  പ്രിയമായിരിക്കുന്നത്. അത് കൊണ്ട് അല്ലയോ  മൈത്രേയി," ആ ആത്മാവാണ് നമ്മളാൽ സാക്ഷാത്ക്കരിക്ക്പ്പെടേണ്ടത്. ആത്മാവിനെ പറ്റിയാണ് കേൾക്കേണ്ടതും വിചാരം ചെയ്യേണ്ടതും. ആത്മാവിനെ ദർശിക്കുകയും ശ്രവിക്കുകയും മനനം ചെയ്യുകയും അറിയുകയും ചെയ്താൽ സകലതിനെയും അറിഞ്ഞതായും പ്രിയപെട്ടതായും തീരുന്നു."

പരാമപുരുഷാർത്ഥo മോക്ഷം തന്നെയാണ്. ആത്മാവിൽ നിന്ന് അന്യമായി മറ്റൊരു സത്തയുണ്ടന്നു വിചാരിക്കുന്നവൻ പരാമപുരുഷാർത്ഥത്തെ അറിയുന്നില്ല. ബ്രാഹ്മണനേയും ക്ഷത്രിയനേയും ലോകങ്ങളേയും ദേവന്മാരേയും വേദങ്ങളേയും ഭൂതങ്ങളെയുമൊക്കെ ആത്മാവിൽനിന്ന് അന്ന്യങ്ങളായി കരുതുന്നവനെ അവതന്നെ പരാമപുരുഷാർത്ഥത്തിൽനിന്നും അകറ്റുന്നു.

ബ്രാഹ്മണനും ക്ഷത്രിയനും ലോകങ്ങളും  ദേവന്മാരും വേദങ്ങളും ഭൂതങ്ങളും ഇവയെല്ലാം തന്നെ ഈ ആത്മാവു മാത്രമാകുന്നു.

നനഞ്ഞ വിറക് കത്തിക്കാൻ വെച്ചാൽ അതിൽ നിന്ന് പുകയുയരുന്നത് കണ്ടിട്ടില്ലേ ? പിന്നീട് തീനാമ്പും, തീപൊരികളുമുണ്ടാകും, അത് പോലെ ഇതെല്ലാം മഹത്തായ ബ്രഹ്മത്തിന്റെ നീശ്വസിതമാകുന്നു. ഋഗ്വേദം, യജുർവേദം, സാമവേദം, അഥർവ്വവേദം, ഇതിഹാസം, പുരാണം, വിദ്യകൾ, ഉപനിഷദത്തുകൾ, മന്ത്രങ്ങൾ, സൂത്രങ്ങൾ, മന്ത്രവിവരണങ്ങൾ, വ്യാഖ്യാനങ്ങൾ എന്നിവയെല്ലാം പരബ്രഹ്മത്തിന്റെ നീശ്വസിതങ്ങൾ മാത്രമാണെന്നറിയുക.

അല്ലയോ  മൈത്രേയി, നീ ഉപ്പുകട്ടയെ ശ്രദ്ധിച്ചിട്ടില്ലേ? അതിന്റെ അകവും പുറവുമെല്ലാം ഉപ്പുരസം തന്നെ. യഥാർത്ഥത്തിൽ ഉപ്പുകട്ടക്ക് ഉള്ളോ പുറമോ ഇല്ല. സർവ്വം ഉപ്പുരസം. അത് പോലെ ആത്മാവ്‌ ഉള്ളും പുറവുമില്ലാതെ സമഗ്രമായ പ്രജ്ഞാനഘനം തന്നെയാകുന്നു. ഓരോ ഭൂതങ്ങളും ആവിർഭവിക്കുമ്പോൾ ഓരോ പേരുകളുണ്ടാവാവുന്നു. ഭൂതങ്ങൾ നശിക്കുമ്പോൾ ആ പേരുകളും നശിക്കുന്നു. ആത്മാവിന് വാസ്തവത്തിൽ ഈ പേരുകളൊന്നുമില്ല.

ഇത്രയും കാര്യങ്ങൾ യാജ്ഞവല്ക്യൻ വിസ്തരിച്ചു പറഞ്ഞപ്പോൾ മൈത്രേയിക്കു സംശയമായി. അവൾ വല്ലാതെ പരിഭ്രമിച്ചു.

"അങ്ങ് എന്ന വല്ലാതെ മോഹത്തിൽ വീഴ്ത്തിയിരിക്കുന്നു. സത്യത്തിൽ എനിക്കയതൊന്നും അത്രയങ്ങു മനസ്സിലായില്ല.

"മൈത്രേയി, നിന്നെ പരിഭ്രമിക്കത്തതായി ഞാൻ ഒന്നും പറയുന്നില്ല. ആത്മാവ്‌ ഒന്നുമാത്രമാണ് നിത്യ സത്യം. അത് മാറ്റമില്ലാത്തതും ഒരിക്കലും നശിക്കാത്തതുമാണ്. അത് സർവ്വവ്യാപിയും ഏകവും അദ്വിതിയവുമാണ്."

എപ്പോൾ ആര് ഇതിനെ ദ്വൈതമെന്നപോലെ വിചാരിക്കുന്നവോ അപ്പോൾ തന്നിൽനിന്നു അന്യമായവകളെ കാണാനും കേൾക്കാനും ദർശിക്കാനും തുടങ്ങുന്നു. അജ്ഞാനമാകുന്ന അവിദ്യകൊണ്ടാണ് ഈ വിധം സംഭവിക്കുന്നത്. ഒരുവൻ തന്നിൽ നിന്ന് അന്യമായി മറ്റൊന്നിനെ അറിയുന്നതും, കേൾക്കുന്നതും, മണക്കുന്നതും, സ്പർശിക്കുന്നതും, രുചിക്കുന്നതും, സംസാരിക്കുന്നതും, കാണുന്നതുമെല്ലാം സ്വന്തം ആത്മാവ് തന്നെയെന്ന്അറിയാത്തതുകൊണ്ടാണ്. എപ്പോൾ ഒരുവന് എല്ലാം സ്വന്തം ആത്മാവുതന്നയായിത്തീരുന്നുവോ പിന്നെ അവനു ദ്വൈതഭാവനയില്ല. മറ്റൊന്നിനെയും അറിയുന്നില്ല. വിഷയങ്ങളിൽ ആസക്തി ഇല്ല. ദുഖമില്ല മരണമില്ല. അല്ലയോ മൈത്രേയി, എല്ലാം അറിയുന്നവനെ എന്ത് കൊണ്ട് അറിയാൻ കഴിയും.

ദ്വൈതഭാവo തോന്നുമ്പോഴാണ് കർത്താവ് കർമ്മം ക്രിയ എന്ന ഭേദങ്ങൾ ഉണ്ടാകുന്നത്. ദ്വൈതഭാവo നശിച്ചാൽ ഈ വിധ ഭേദങ്ങൾ ഇല്ല. ദ്വൈതഭാവo അവിദ്യ കൊണ്ടുമാണ് ഉണ്ടാകുന്നത്. അവിദ്യ നശിക്കുമ്പോൾ ദ്വൈതഭാവo നശിക്കും. പിന്നെ തന്നിൽനിന്നന്യമായി മറ്റൊന്നിനെ ഒരുവനും കാണണോ കേൾക്കാനോ അറിയണോ സാധിക്കില്ല. എല്ലാം താനാകുന്ന ആത്മാവു മാത്രമാണെന്ന് ബോധം വന്നു കഴിഞ്ഞാൽ പിന്നെ കർത്താവ്, കർമ്മം ക്രിയാദികളൊന്നും ഇല്ല.  എല്ലാം ഒന്നിൽ ലയിച്ചു ഒന്നായിത്തീരുന്നു,

ഇങ്ങനെ സാമാന്ന്യമായി ഞാൻ എല്ലാം നിനക്ക് പറഞ്ഞു തരുന്നു. ഇങ്ങനെഎല്ലാമുള്ള ആത്മാവിനെ അറിയുകയാണ് അമൃതത്വത്തിനുള്ള ഉപായം. നീ അത് ചെയ്താലും.

മൈത്രേയിക്കു ഈ വിധം ഉപദേശം നല്കിട്ടു യാജ്ഞവല്ക്യൻ വീടുവിട്ടു പോയി. യഥാശാസ്ത്രം സന്ന്യസിച്ചു മഹർഷിയായി തീരുന്നു, യാജ്ഞവല്ക്യനിൽ നിന്ന് ആത്മീയ ഉപദേശം ലഭിച്ച  മൈത്രേയി തപസ്സനുഷ്ഠിച്ചു പരമപദത്തെ പ്രാപിച്ചു.

2 comments:

  1. മൈത്രേയിയെക്കുറിച്ച് കൂടുതൽ വിവരണങ്ങൾ പുരാണങ്ങളിലുണ്ടോ ?

    ReplyDelete