ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

18 June 2017

കര്‍മ്മം

കര്‍മ്മം

നമ്മുടെ ജനനത്തിനു മുമ്പുതന്നെ നമ്മളില്‍ ഉള്‍ചേര്‍ത്തിട്ടുള്ള അറിവുകളാണ് കര്‍മ്മം. ഈ കര്‍മ്മമാണ് യഥാര്‍ത്ഥത്തില്‍ നമ്മുടെ ജന്മത്തിന് കാരണമായിരിക്കുന്നത്. 

എന്താണ്‌ കര്‍മ്മം.
ഓരോ പ്രവര്‍ത്തിയും, ഓരോ വാക്കും, ഓരോ ചിന്തയും കര്‍മ്മങ്ങളാണ്‌. നമ്മുടെ മനോമണ്‌ഡലത്തില്‍ ആഴത്തില്‍ വേരൂന്നിയിട്ടുള്ള പ്രതിഫലനങ്ങളാണ്‌ കര്‍മ്മം. മറ്റൊരു തരത്തിലാണെങ്കില്‍ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞിറങ്ങിയിട്ടുള്ള സ്വാധീനമാണ്‌ അഥവ മുദ്രകളാണ്‌ കര്‍മ്മം.

ദുഷ്‌ കര്‍മ്മങ്ങള്‍ കൊണ്ട്‌ ദുഃഖവും, ആധിയും, വ്യാകുലതയും, അശാന്തിയും ഉണ്ടാക്കുന്നു. എന്നാല്‍ സദ്‌ കര്‍മ്മങ്ങള്‍ കൊണ്ട്‌ സുഖവും, ശാന്തിയും, പരമാനന്ദവും ലഭിക്കുന്നു. പാപം എന്നാല്‍: ഒരു പ്രവര്‍ത്തി (മനസാ-വാചാ-കര്‍മണാ എന്ന ആപ്‌ത വാക്യം ഓര്‍ക്കുക) മൂലം സ്വയമോ, മറ്റുള്ളവര്‍ക്കോ വേദനയോ, അസ്വസ്ഥതയോ, അസന്തുഷ്‌ടിയോ, ദുഃഖമോ, ദുരിതമോ ഉണ്ടാക്കുകയാണെങ്കില്‍ പാപമായി തീര്‍ന്നിടും.

പ്രകൃതിയിലെ അസന്തുലിതാവസ്ഥക്ക്‌ കോട്ടം തട്ടുമ്പോള്‍ പ്രകൃതിക്ഷോഭം ഉണ്ടാകുന്നു. പഞ്ചഭൂതങ്ങളുടെ ഏറ്റക്കുറച്ചിലുകളാണ്‌ ഇതിനടിസ്ഥാനം

വാര്‍ത്താ മാദ്ധ്യമങ്ങളിലും മറ്റും ന്യൂന മര്‍ദ്ദം എന്ന്‌ നാം ധാരാളം കേട്ടിരിക്കുന്നുവല്ലോ. നമ്മുടെ തെറ്റായ പ്രവര്‍ത്തികള്‍ മൂലവും നമ്മുടെ ശരീരത്തിലേയും, ചുറ്റുപാടുകളിലേയും പഞ്ചഭൂതങ്ങള്‍ക്കും കോട്ടം സംഭവിക്കുന്നു. തന്മൂലം നമുക്ക്‌ രോഗ ദുരിതാധികള്‍ ഉണ്ടാകുന്നു. പ്രകൃതിയിലെ കാലാവസ്ഥക്കും, മറ്റു ചരാചരങ്ങള്‍ക്കും കോട്ടവവും, ദുരിതങ്ങളും സംഭവിക്കുന്നു. ഇതില്‍ നിന്നും പഞ്ചഭൂതങ്ങളുടെ സന്തുലിതാവസ്ഥയുടെ പ്രസക്തി മനസ്സിലാക്കിയിരിക്കുമല്ലോ. ഇവിടെ ഈശ്വരവാദികളുടേയും നിരീശ്വരവാദികളടേയും വാദമുഖങ്ങളുടെ പ്രസക്തിയും ഊഹിക്കാമല്ലോ. ഹിന്ദുവും, ഇസ്ലാമും, ക്രിസ്‌ത്യാനിയും ഒക്കെ പഞ്ചഭൂത സൃഷ്‌ടികളാണ്‌. ഒരേ സൂര്യന്റെ താപം സ്വീകരിക്കുന്നു. ഒരേ വായു ശ്വസിക്കുന്നു.

പുരാണങ്ങളിലും, ഇതിഹാസങ്ങളിലും ഇക്കാര്യങ്ങളെക്കുറിച്ച്‌ ധാരാളം വ്യാഖ്യാനിച്ചിട്ടുണ്ട്‌. ബോധപൂര്‍വ്വമായ കര്‍മ്മങ്ങളില്‍ നിന്ന്‌ കര്‍മ്മങ്ങള്‍ സൃഷ്‌ടിക്കപ്പെടുന്നു. പെട്ടുന്നുള്ള ആവേശത്തില്‍ നിന്ന്‌ പ്രതിക്രിയകള്‍ സൃഷ്‌ടിക്കപ്പെടുന്നു. അത്തരം ആവേശങ്ങള്‍ കര്‍മ്മ ബന്ധങ്ങളുടെ ഒരു പരമ്പര തന്നെ സൃഷ്‌ടിക്കുന്നു.

കര്‍മ്മം രണ്ടു തരത്തില്‍ ഉണ്ട്‌.
1. പ്രതിക്രിയ, 2.അകര്‍മ്മം.
അകര്‍മ്മം എന്നാല്‍ കര്‍മ്മം ചെയ്യാതിരിക്കല്‍ എന്നാണ്‌. ഉദാഹരണമായി ഒരു വഴിപോക്കന്‍ നിങ്ങളോട്‌ ഒരു കാര്യം ചോദിച്ചാല്‍ അതറിഞ്ഞിട്ടും കളവായി പ്രകടിപ്പിച്ചാല്‍ നിരുപദ്രവപരമാണെങ്കില്‍ പോലും അതും ഒരു കര്‍മ്മമാണ്‌. നമ്മുടെ മനഃപൂര്‍വ്വമായ ഒരോ കര്‍മ്മവും എല്ലാവിധ കര്‍മ്മ ബന്ധങ്ങളേയും ഇല്ലാതാക്കുന്നു. ഭക്തി കൊണ്ടും ജ്ഞാനം കൊണ്ടും കര്‍മ്മങ്ങളെ ഇല്ലായ്‌മ ചെയ്യാം. അതുമൂലം കര്‍മ്മങ്ങളില്‍ നിന്ന്‌ സ്വതന്ത്രരാകാം. അഷ്‌ടാംഗ യോഗ ഒന്നു കൊണ്ടു മാത്രം നമ്മുടെ കര്‍മ്മങ്ങളെ ഇല്ലാതാക്കാം.

കര്‍മ്മങ്ങള്‍ മൂന്നു തരത്തിലാണുള്ളത്‌.

1. പ്രാരാബ്‌ധ കര്‍മ്മം
2. സഞ്ചിത കര്‍മ്മം
3. ആഗാമി കര്‍മ്മം.

പ്രാരാബ്‌ധ കര്‍മ്മം:
തുടങ്ങിവെച്ചത്‌ അഥവ ഇപ്പോള്‍ ഫലം അനുഭവിച്ചു കൊണ്ടിരിക്കുന്നത്‌ എന്ന്‌ അര്‍ത്ഥം. ഈ കര്‍മ്മത്തിന്റെ ഫലം ആരാലും മാറ്റുവാന്‍ സാദ്ധ്യമല്ല. എന്നു പറഞ്ഞാല്‍ അനുഭവിച്ചു തന്നെ തീര്‍ക്കണം എന്ന്‌ അര്‍ത്ഥം. എന്നാല്‍ നാം ഇവിടെ പകുതി സ്വതന്ത്രരും പകുതി ബന്ധിതനുമാണ്‌. എന്നു വെച്ചാല്‍ ഇഹ ജന്മത്തിലെ ദോഷങ്ങളുടെ പൂര്‍ണ്ണ ഫലങ്ങള്‍ നാം അനുഭവിച്ചു തീര്‍ക്കണം എന്ന്‌ സാരം. ഉദാഹരണമായി നമ്മുടെ രണ്ടു കാലുകള്‍ ഭൂമിയില്‍ അല്ലെങ്കില്‍ തറയില്‍ ഉറപ്പിച്ചു വെക്കുക. അപ്പോള്‍ നാം തറയില്‍ ബന്ധിതാനാണ്‌. നാം നമ്മുടെ ഒരു കാല്‍ ഉയര്‍ത്തുക. ഒറ്റക്കാലില്‍ നമുക്ക്‌ അധികം നേരം നില്‍ക്കുവാന്‍ കഴിയുകയില്ല. എങ്കിലും ഒറ്റക്കാലില്‍ തനിച്ച്‌ നില്‍ക്കുവാന്‍ കഴിയുമല്ലോ. തല്‍സമയം നാം പകുതി ബന്ധിതനും പകുതി സ്വതന്ത്രനും ആണ്‌. നമ്മുടെ രണ്ടു കാലും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്‌ വായുവില്‍ സ്വതന്ത്രനായി നില്‍ക്കുവാന്‍ കഴിയുകയില്ല. ഊന്നു വടിയുടെ സഹായം കൊണ്ടോ പരസഹായംകൊണ്ടോ കുറച്ചധികം നേരം ഒറ്റക്കാലില്‍ നില്‍ക്കുവാന്‍ കഴിഞ്ഞേക്കും. എന്നാല്‍ ജീവിത കാലമത്രയും അങ്ങിനെ നില്‍ക്കുവാന്‍ സാധിച്ചെന്നു വരികയില്ല. ഊന്നലോ പരസഹായമോ ഇല്ലാതായാല്‍ പഴയ പടി തന്നെ ബന്ധിതനാകും. അതു കൊണ്ട്‌ പ്രാരാബ്‌ദ കര്‍മ്മത്തില്‍ മനുഷ്യന്‍ പകുതി സ്വതന്ത്രനും, പകുതി ബന്ധിതനുമാണ്‌ എന്ന്‌ പറയപ്പെടുന്നു.

സഞ്ചിത കര്‍മ്മം:
ശേഖരിക്കപ്പെട്ടത്‌ അഥവ കൂട്ടി വെക്കപ്പെട്ടത്‌ എന്നര്‍ത്ഥം. കഴിഞ്ഞ ജന്മത്തില്‍ അഥവ പൂര്‍വ്വ ജന്മത്തില്‍ നിന്ന്‌ ഈ ജന്മത്തിലേക്ക്‌ കൊണ്ടു വരപ്പെട്ടത്‌ എന്നര്‍ത്ഥം. ഇവ വാസനാ രൂപത്തില്‍ ഒരു സംസ്‌കാരമായി നമ്മളില്‍ സ്ഥിതി ചെയ്യുന്നു. വാസന ഒരു സൂക്ഷ്‌മമായ ഒരു കര്‍മ്മമാണ്‌. ഈ സൂക്ഷ്‌മ കര്‍മ്മ വാസനയാണ്‌ നമ്മുടെ സ്വഭാവ രൂപീകരണത്തിന്‌ പ്രധാന പങ്ക്‌ വഹിക്കുന്നത്‌. ഈ സ്വഭാവമാണ്‌ നമ്മുടെ പ്രവര്‍ത്തി രൂപത്തിലും സൂക്ഷമ രൂപത്തിലും ഒരു ഓര്‍മ്മയായി വന്നു ചേരുന്നത്‌. മുന്‍ പരിചയമില്ലാത്ത ചിലരെ കാണുമ്പോള്‍ വെറുപ്പോ, ദേഷ്യമോ മറ്റോ അനുഭവപ്പെടുന്നത്‌ ഈ ഒരു ഓര്‍മ്മയിലൂടെയാണ്‌. എന്നാല്‍ ഈ കര്‍മ്മ വാസന നമ്മുടെ പ്രവര്‍ത്തി രൂപത്തില്‍ എത്തുന്നതിനു മുമ്പ്‌ തന്നെ അവയെ നമുക്ക്‌ ഒഴിവാക്കാനോ ഇല്ലാതാക്കാനോ കഴിയും. അതിനാണ്‌ പ്രാര്‍ത്ഥന, സാധന, സേവ, ധ്യാനം, മറ്റുള്ളവരെ സ്‌നേഹിക്കുക തുടങ്ങിയവയുടെ പ്രസക്തി ആത്യാവശമായി വരുന്നത്‌.

ആഗാമി കര്‍മ്മം:
ഇതുവരെ സംഭവിച്ചിട്ടില്ലാത്തത്‌ എന്നാണ്‌ സാരം. ഒന്നും കൂടി വിശദമായി പറയുകയാണെങ്കില്‍ ഇപ്പോള്‍ സംഭവിക്കാത്തതും ഇനി വരാന്‍ പോകുന്നതും ആയ ഫലത്തോടുകൂടിയ കര്‍മ്മമാണ്‌ ആഗാമി കര്‍മ്മം. പ്രകൃതിയുടെ നിയമം ലംഘിച്ചാല്‍ ശിക്ഷ ലഭിക്കും എന്നുറപ്പാണ്‌. ഉപ്പ്‌ തിന്നവന്‍ വെള്ളം കുടിക്കും എന്നത്‌ ഇതിന്‌ ഉദാഹരണമാണ്‌. തെറ്റ്‌ ചെയ്‌താല്‍ ശിക്ഷിക്കപ്പെടും.

ഇന്നു ചെയ്യുന്ന ഓരോ കര്‍മ്മവും ശരിയായ രീതിയില്‍ അനുഷ്‌ഠിക്കപ്പെടുമ്പോള്‍ നാളെ അത്‌ നിങ്ങളെ ശല്യപ്പെടുത്തുകയില്ല. ഓരോ ശീലവും, ഓരോ പ്രവര്‍ത്തിയും കര്‍മ്മമായിട്ടാണ്‌ പരിണമിക്കുന്നത്‌. ഒരോ കര്‍മ്മവും സമയ ബന്ധിതമാണ്‌. ഓരോ കര്‍മ്മത്തിന്റേയും പ്രതിക്രിയ വളരെ ക്ലിപ്‌തവുമാണ്‌. നിശ്ചിതമാണ്‌. അനന്തമല്ല. അതിന്‌ ഉദാഹരണങ്ങളാണ്‌ ജയില്‍ ശിക്ഷകള്‍. ഓരോ കുറ്റ കൃത്യങ്ങള്‍ക്കും ഓരോ തരം ശിക്ഷയും അവയുടെയെല്ലാം കാലാവധിയും വ്യത്യസ്ഥങ്ങളാണ്‌. കര്‍മ്മത്തെ പരിപൂര്‍ണ്ണമായും ഇല്ലാതാക്കുന്ന ഒരു വാസനയുണ്ട്‌. അതാണ്‌ ആത്മജ്ഞാനം.

പുനര്‍ജന്മത്തിന്‌ പ്രേരകമാണ്‌ കര്‍മ്മം. ഓരോരുത്തരുടേയും വാസന അഥവ സംസ്‌കാരം എപ്രകാരമാണോ പ്രബലമാകപ്പെടുന്നത്‌ അതിനനുസരിച്ചായിരിക്കും അടുത്ത ജന്മം പിറവിയെടുക്കുക. പൂര്‍ണ്ണ പ്രേമം കൊണ്ടും, അവബോധവും, ആത്മജ്ഞാനം നേടുക കൊണ്ടും നമുക്ക്‌ കര്‍മ്മ മുക്തനാകുവാന്‍ കഴിയും. കര്‍മ്മ മുക്തി നമുക്ക്‌ സ്വാതന്ത്ര്യം തരുന്നു. തന്മൂലം ഒന്നിന്‌ ജന്മം എടുക്കുവാനും എടുക്കുവാതിരിക്കുവാനും കഴിയും.

ഉദാഹരണമായി ഒരു വിദ്യാലയത്തെ എടുക്കാം. ക്ലാസ്സു മുറികളില്‍ പ്രവേശിച്ചു കഴിഞ്ഞ കുട്ടികള്‍ക്ക്‌ പിരീഡു കഴിയാതെ പുറത്തു കടക്കുവാന്‍ കഴിയുകയില്ല. അവര്‍ക്ക്‌ ആ പിരിഡ്‌ മുഴുവനായും സഹിച്ചേ പറ്റൂ. എന്നാല്‍ പ്രധാന അദ്ധ്യാപകന്‌ എപ്പോള്‍ വേണമെങ്കിലും ക്ലാസ്സില്‍ പ്രവേശിക്കുവാനും പുറത്ത്‌ പോകുവാനും സാധിക്കും. അവര്‍ എപ്പോഴും സര്‍വ്വ സ്വതന്ത്രരാണ്‌.

കര്‍മ്മം എന്നത്‌ വളരെ അനന്തമാണ്‌.

1. ഓരോ വ്യക്തിയുടേയും കര്‍മ്മം. അതാണ്‌ ഓരോ വ്യക്തിയും വ്യക്തിപരമായി അനുഭവിച്ചു കൊണ്ടിരിക്കുന്നത്‌. അതില്‍ ഓരോ വ്യക്തിയുടേയും സുഖവും ദുഃഖവും അതില്‍ തന്നെ പെടുന്നു.

2. കടുംബത്തിന്റെ കര്‍മ്മം. ഇതില്‍ ഒരു കുടുംബത്തിലെ എല്ലാവ്യക്തികള്‍ക്കും ഒരു പോലെ സുഖവും സന്തോഷവും, ദുഃഖവും അനുഭവപ്പെടുന്നു.

3. സമൂഹത്തിന്റെ കര്‍മ്മം. ഒരു സമൂഹത്തിന്‌ മൊത്തം ബാധിക്കുന്ന സുഖവും സന്തോഷവും, ദുഃഖവും ഇവിടെ പ്രകടമാകുന്നു. നാട്ടിലെ കൂട്ടക്കൊലകള്‍, വിമാന അപകടങ്ങള്‍ എന്നിവ ഇതിനുദാഹരണങ്ങളാണ്‌.

4. അതാത്‌ സമയത്തിന്റെ കര്‍മ്മം.

കർമ്മ നിയമം

ഒരു ശ്വാസമെടുക്കുകയും പുറത്തേക്കു വിടുകയും ചെയ്യൂ…… ഇപ്പോൾ ഒരു കൊടുക്കൽ വാങ്ങൽ സംഭവിച്ചുകഴിഞ്ഞു. ഇതു തന്നെയാണ് കർമ്മ നിയമം. സദാ നമ്മെ നിലനിർത്തുന്ന പ്രപഞ്ചം എല്ലാവരുടെയും നന്മക്കും നീതിക്കുമായി ചില നിയമങ്ങളിലൂടെയാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത് . ഗുരുത്വാകർഷണ നിയമം പോലെ എല്ലാവരെയും ബാധിക്കുന്ന ഒന്നാണിത്. നിങ്ങൾക്ക് ഈ നിയമം അറിയുമോ ഇല്ലയോ എന്നത്  ഇവിടെ വിഷയമേയല്ല.  ഈ നിയമം സൂക്ഷമായി നീരീക്ഷിച്ചാൽ ആർക്കും മനസ്സിലാക്കാവുന്നത്ര സഹജമാണ്.  ഈ നിയമം ആർക്കും മുറിക്കുവാൻ കഴിയാത്ത ചങ്ങലയാണ്.

നമ്മുടെ കർമ്മേന്ദ്രിയങ്ങളിലൂടെ ബഹിർഗമിക്കുന്ന സംഭവങ്ങളെ നിയന്ത്രിക്കുന്ന മനോഭാവത്തെയാണ് വാസ്തവത്തിൽ കർമ്മമെന്ന് വിളിക്കുന്നത്.  നിങ്ങൾ എന്തു ചെയ്തു എന്നല്ല. ഏത് മനോഭാവത്തോടെ ചെയ്തു എന്നതാണ് കർമ്മത്തിന്‍റെ രേഖയായി സൂക്ഷിക്കപ്പടുക. ഒരു കത്തികൊണ്ട് ഒരാളുടെ ഉദരം കുത്തികീറുന്ന പ്രവൃത്തി ഉദാഹരണമായി എടുത്തു നോക്കൂ.  അത് ഒരു വൈദ്യൻ ചെയ്യുകയാണെങ്കിൽ നല്ല കർമ്മമെന്നും ഒരു കൊലപാതകി ചെയ്യുകയാണെങ്കിൽ ദുഷ്ടകർമ്മമെന്നും പറയും. വൈദ്യൻ ജീവൻ രക്ഷിക്കാനായും കൊലപാതകി ജീവൻ എടുക്കാനായും ഒരേകർമ്മത്തെ ആശ്രയിക്കുന്നു. അഥവാ ശസ്ത്രക്രിയക്കിടെ രോഗി മരിച്ചാലും വൈദ്യന്‍റെ കർമ്മം സത്കർമ്മം തന്നെയാണ്. എന്തുകൊണ്ടെന്നാൽ വധിക്കുവാൻ ഉദ്ധേശം വെച്ചിട്ടല്ല വൈദ്യൻ ആ കർമ്മം ചെയ്തത്. എന്നാൽ മറുവശത്ത് കുത്തേറ്റ വ്യക്തി രക്ഷപ്പെട്ടാലും കൊലപാതകി ചെയ്തത് ഹിംസ തന്നെയാണ്. ചെയ്യുന്ന കർമ്മങ്ങൾ നിഴലുപോലെ ആത്മാവിനെ പിൻതുടരുന്നു. അതൊരു കർമ്മ ഫലമായോ സംസ്കാരമായോ ചുമക്കേണ്ടി വരുന്നു. കർമ്മത്തിന്‍റെ രഹസ്യം മനസ്സിലായവർ തന്നിൽ നിന്നും മോശകർമ്മങ്ങൾ ഉണ്ടാകാതിരിക്കുവാൻ സദാ ജാഗരൂകരായിരിക്കും.

കർമ്മവും കർമ്മഫലവും

ന്യൂട്ടന്‍റെ മൂന്നാം ചലനനിയമത്തിൽ ഓരോ ക്രിയകൾക്കും ഉണ്ടാവുന്ന തതുല്യമായ പ്രതിക്രിയയെക്കുറിച്ച് പ്രതിപാദിക്കുന്നു. [Newton's third law is: For every action, there is an equal and opposite reaction. The statement means that in every interaction, there is a pair of forces acting on the two interacting objects. The size of the forces on the first object equals the size of the force on the second object.]

ഏതൊരു കാര്യത്തിനും പിറകിൽ ഒരു കാരണമുണ്ടെന്ന് കോസ് ഏന്‍റ് ഇഫക്റ്റ്സിദ്ധാന്തത്തിലും പറയുന്നു. [Cause and effect is a relationship between events or things, where one is the result of the other or others. This is a combination of action and reaction.]

എന്നാൽ ഇതെല്ലാം ഭൌതീക ലോകത്തിലെ ചലനങ്ങളെക്കുറിച്ചു മാത്രമെ വിശദീകരിക്കുന്നുള്ളൂ. മനുഷ്യന്‍റെ ബോധതലത്തിൽ നടക്കുന്ന ചലനങ്ങൾക്കും ഈ നിയമം ബാധകമാണെന്ന് മനസ്സിലാക്കുന്നവർക്കു മാത്രമെ കർമ്മവും കർമ്മ ഫലവും എന്താണെന്ന ബോധ്യമാകൂ. ചുരുക്കി പറയുകയാണെങ്കിൽ വിശ്വത്തിൽ നന്മയുടെ തരംഗങ്ങൾ പ്രസരിപ്പിക്കുന്ന ചിന്തകളും വാക്കുകളും കർമ്മങ്ങളും സത്കർമ്മശ്രേണിയിലും ദുഃഖവും അശാന്തിയും പരത്തുന്നവ ദുഷ്കർമ്മ ശ്രേണിയിലും പെടുന്നു. സത്കർമ്മങ്ങളുടെ ആധാരം ആത്മീയ ഗുണങ്ങളും ദുഷകർമ്മങ്ങളുടെ ആധാരം അവഗുണങ്ങളുമാണ്.

ഞാൻ ചെയ്യാത്ത ഒരു കർമ്മത്തിന്‍റെയും ഫലം ഞാൻ അനുഭവിക്കേണ്ടാതായിട്ടില്ല. അതുപോലെ ഞാൻ ചെയ്തൊരു കർമ്മത്തിന്‍റെ ഫലം അനുഭവിക്കാതെ രക്ഷപ്പെടുവാനും സാധിക്കില്ല. ചിലപ്പോൾ അതിന് ജന്മങ്ങൾ പിന്നിടേണ്ടി വന്നേക്കാം. ഇത് മനസ്സിലാക്കുന്ന ഒരാൾക്ക് ആകസ്മികമായി വന്നുചേരുന്ന പ്രതികൂല സാഹചര്യങ്ങളെ ധൈര്യപൂർവ്വം തരണം ചെയ്യാനാകും. അവർ തനിക്കുണ്ടാകുന്ന പ്രശ്നങ്ങളുടെ ഉത്തരവാദിയായി ആരുടെ നേർക്കും വിർൽ ചൂണ്ടില്ല. നമ്മൾ ചിന്തിക്കുന്ന നീതിയും വിധിയുമെല്ലാം കാല്പനികമാണ്.

എന്നാൽ പ്രപഞ്ചം വിധിക്കുന്ന വിധിയും അതിന്‍റെ ആധാരമായിരിക്കുന്ന നീതിയും അനശ്വരമായ കർമ്മനിയമം മനസ്സിലാക്കിയവർക്കു മാത്രമെ തിരിച്ചറിയുവാൻ കഴിയൂ. ഭൂതകാലത്തിൽ ഞാൻ ചെയ്ത കർമ്മങ്ങൾക്ക് വർത്തമാന സമയത്തിൽ അനുഭവിക്കേണ്ടി വരുന്നതു പോലെ ഇപ്പോഴത്തെ എന്‍റെ കർമ്മങ്ങൾ എന്‍റെ ഭാവിയെ സ്വാധീനിക്കും. അതെന്‍റെ വിധിയായി പരിണമിക്കും.

കർമ്മം നല്ലതാക്കാനുള്ള വിധി

 ചിന്തയെന്ന അച്ചിൽ വാർക്കുന്ന രൂപങ്ങളാണ് കർമ്മങ്ങൾ. മറ്റൊരു തരത്തിൽ പറഞ്ഞാൽ ചിന്തയെന്ന വിത്തിൽ നിന്നും മുളക്കുന്ന വൃക്ഷമാണ് കർമ്മം. കർമ്മത്തെ നല്ലതാക്കുക എന്നത് ഏറെ ശ്രമകരമായ കാര്യമാണ്. എന്നാൽ അല്പം കൂടെ എളുതായ കാര്യമാണ് ചിന്തകളെ ശുദ്ധീകരിക്കുക എന്നത്. ഗുണമേൻമയുള്ള ചിന്തകളുടെ ഉടമസ്ഥനു മാത്രമെ നല്ല കർമ്മങ്ങൾ ചെയ്യുവാൻ കഴിയൂ. ചിന്തകളിൽ ശ്രദ്ധ വെക്കുന്നവനെ യോഗീ എന്നു വിളിക്കുന്നു. ഒരു രാജയോഗി ഒരു ദിവസം എനിക്കെന്തു നേട്ടമുണ്ടായി എന്നതിൽ ഉപരി  ഒരു ദിവസത്തിൽ എത്ര സത്കർമ്മങ്ങൾ ( ചിന്തകൾ) സൃഷ്ടിച്ചു എന്നതിലായിരിക്കും ശ്രദ്ധ കൊടുക്കുക.

ഇന്നുവരെ ചെയ്ത കർമ്മങ്ങളെക്കുറിച്ച് ചിന്തിച്ചു വ്യസിനിക്കാതെ ഇനി ചെയ്യാനുള്ളതിനെക്കുറിച്ച് ആലോചിച്ച് ഉത്കണ്ഠാകുലരാകാതെ ഇപ്പോൾ ഞാനെന്തു ചെയ്യണം. എന്നതിൽ ഉറച്ചു നിൽക്കുന്നവർ തന്നെയാണ് രാജയോഗീ.

2 comments: