ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

31 March 2016

മായ

മായ


പഞ്ചഭൂതങ്ങള്‍ (ഭൂമി, വായു, വെള്ളം , അഗ്നി , ആകാശം) കൊണ്ടാണ് ശരീരം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് . അന്തഃകരണം (മനസ് , ബുദ്ധി , ചിത്തം , അഹങ്കാരം , ഭോക്തൃ ), ജ്ഞാനേന്ദ്രിയങ്ങള്‍ (കണ്ണ് , കാത് , നാക്ക് , മൂക്ക്, ത്വക്ക് ) , കര്‍മ്മേന്ദ്രിയങ്ങള്‍ (വാക്ക്- സംസാരിക്കുന്നതിനുപയുക്തമായ അവയവങ്ങള്‍ , കൈ , കാല്‍ , ഗുഹ്യം , ഗുദം) , പഞ്ചപ്രാണനുകള്‍ ((പ്രാണന്‍-ശ്വാസകോശങ്ങളിലൂടെ കലകളിലെത്തുന്ന പ്രാണന്‍ , അപാനന്‍-ശരീരത്തില്‍നിന്ന് മാലിന്യങ്ങള്‍ പുറത്തു തള്ളുന്ന അധോവായു, വ്യാനന്‍ - ശരീരംമുഴുവന്‍ നിയന്ത്രിക്കുന്ന പ്രാണന്‍ - നാഡീ ഞരമ്പുകള്‍ രക്തചംക്രമണം എന്നിവയുടെ നിയന്ത്രണം , ഉദാനന്‍- ശരീരത്തില്‍നിന്ന് മാലിന്യങ്ങള്‍ മുകളിലേക്ക് തള്ളുന്ന വായു- ഏമ്പക്കം ഛര്‍ദ്ദി എന്നിവയുണ്ടാക്കുന്നു, സമാനന്‍-വായ മുതല്‍ ചെറുകുടല്‍ വരെ സഞ്ചരിച്ച് ദഹനപ്രക്രിയ ത്വരിതപ്പെടുത്തുന്ന വായു), പഞ്ചേന്ദ്രിയ വിഷയങ്ങള്‍(ശബ്ദം, സ്പര്‍ശം, രൂപം, രസം, ഗന്ധം) എന്നിവയടങ്ങുന്നവയാണ് ജീവികള്‍ . പഞ്ചഭൂതനിര്‍മ്മിതമായ ശരീരത്തില്‍ വ്യാപിച്ച് അതിനെ നയിക്കുന്ന ജീവചൈതന്യമാണ് ജീവാത്മാവ് .  ഇത് വിശ്വം മുഴുവന്‍ വ്യാപിച്ചിരിക്കുന്ന പരമാത്മാവുതന്നെ. ഇത് നാശമില്ലാത്തതാണ് . സുഖദുഃഖങ്ങള്‍, വേദന തുടങ്ങിയവയൊന്നും ഇതിനെ ബാധിക്കുന്നില്ല. ഭൌതികവസ്തുക്കള്‍ക്ക് കാലാവധിയുണ്ട് . അതുകഴിയുമ്പോള്‍ അത് നശിക്കുന്നു . ശരീരത്തിന്‍റെ കാര്യവും ഇതില്‍നിന്നും ഭിന്നമല്ല . എന്നാല്‍ വിശ്വം മുഴുവന്‍ വ്യാപിച്ചിരിക്കുന്ന അനാദിയും അതുകൊണ്ടുതന്നെ അനന്തവുമായ ആത്മാവ് നശിക്കുന്നില്ല. പഞ്ചഭൂതനിര്‍മ്മിതമായ ശരീരം തന്നെയാണ് ജീവാത്മാവെന്ന (തന്‍റെ ശരീരം തന്നെയാണ് താന്‍ എന്ന) മിഥ്യാ ധാരണ വേദന , സുഖദുഃഖങ്ങള്‍ തുടങ്ങിയ അനുഭവങ്ങള്‍ക്കിടയാക്കുന്നു . പരമാത്മാവ്(ഈശ്വരന്‍) തന്നില്‍നിന്ന് അന്യനാണെന്ന മിഥ്യാ ധാരണമൂലം തന്‍റെ വേദനകള്‍ക്കെല്ലാം കാരണം ഈശ്വരനാണെന്ന് കരുതുന്നു . താന്‍ ഈ ജന്മത്തിലോ മുന്‍ജന്മങ്ങളിലോ ചെയ്ത പാപങ്ങളുടെ ഫലം ഈശ്വരന്‍ തന്നതാണെന്ന മിഥ്യാധാരണയ്ക്കടിമപ്പെടുന്നു . അതിന്‍റെ പരിഹാരാര്‍ത്ഥം വഴിപാടുകള്‍ , മന്ത്രവാദം തുടങ്ങിയവ നടത്തുന്നു . തന്നെക്കുറിച്ചുതന്നെയുള്ള അജ്ഞതയാണിതിനു കാരണം. ഈ അജ്ഞതയും അതുമൂലമുണ്ടാകുന്ന ദുഃഖാനുഭവങ്ങളുമാണ് മായ എന്നറിയപ്പെടുന്നത് . അറിവില്ലായ്മയാണ് മായാഹേതു . അറിവ് നേടുക . വിശ്വവ്യാപിയായ പരമാത്മാവിന്‍റെ അംശമാണ് താനെന്ന ബോധമുണ്ടാകുമ്പോള്‍ മായയില്‍ നിന്ന് മുക്തി നേടുന്നു . ചരാചരങ്ങളെല്ലാം തന്നെ ആ പരമാത്മാവിന്‍റെ അംശങ്ങളാണെന്ന തിരിച്ചറിവ് നമ്മെ ഉച്ചനീചവിവേചനങ്ങള്‍ക്കതീതരാക്കുന്നു . അസുഖങ്ങള്‍, വേദന , മരണം ഇതെല്ലാം ഭൌതികശരീരത്തിന്‍റെ അനിവാര്യതകളാണെന്നും നമ്മളില്‍ വ്യാപിച്ചിരിക്കുന്ന ഈശ്വരചൈതന്യം പാപപുണ്യങ്ങളുടെ കണക്കെടുത്ത് നമ്മളെ ശിക്ഷിക്കാനുള്ളതല്ലെന്നും നമ്മുടെ ആത്മാവിനെ ഉന്നതതലങ്ങളിലേക്കുയര്‍ത്താനുള്ളതാണെന്നുമുള്ള സത്യം
മനസ്സിലാക്കുക. പരമാത്മാവിനെ സ്വാംശീകരിച്ച് സമ്പൂര്‍ണ്ണ സമര്‍പ്പണത്തിലൂടെ പരമാത്മാവുമായി താദാത്മ്യം പ്രാപിക്കുന്ന അവസ്ഥയില്‍ നമ്മള്‍ സുഖദുഃഖാനുഭവങ്ങള്‍ക്കതീതരാകുന്നു .

No comments:

Post a Comment