ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 March 2016

കെട്ടുനിറ

കെട്ടുനിറ:-

ശബരിമല ദര്‍ശനത്തിനു പോകുന്നവര്‍ ഇരുമുടികെട്ടും തലയിലേന്തിയാണ് യാത്ര പോകുന്നത്. ഇരുമുടി കെട്ട്് നിറയ്ക്കുന്ന വിശേഷാല്‍ ചടങ്ങാണ് കെട്ടുനിറ എന്ന് അറിയപ്പെടുന്നത്. ശബരിമലയിലെത്തിയശേഷം നിവേദിക്കാനുള്ള പൂജാസാമഗ്രികളും യാത്രയില്‍ ആഹാരം ഉണ്ടാക്കി കഴിക്കാനുള്ള സാധനങ്ങളുമാണ് ഇരുമുടിക്കെട്ടില്‍ നിറയ്ക്കുക. പലസ്ഥലങ്ങളിലും പലപേരിലാണ് കെട്ടുനിറ എന്ന ചടങ്ങ് അറിയപ്പെടുന്നത്. ചില സ്ഥലങ്ങളില്‍ സ്വാമിക്കെട്ടെന്നും പൊന്നുനിറയെന്നും പറയാറുണ്ട്. ക്ഷേത്രങ്ങളിലോ വീടുകളില്‍ പ്രത്യേകം തയാറാക്കിയ പന്തലുകളിലോവെച്ചാണ് കെട്ടുനിറ നടത്തുന്നത്. രാവിലെയോ സന്ധ്യയ്‌ക്കോ കെട്ടുനിറയ്ക്കുന്നതാണ് ഉത്തമം.ആവശ്യമായ സാധനങ്ങള്‍ ശുദ്ധിയോടെ സൂക്ഷിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കല്‍ക്കണ്ടം, മുന്തിരി, ശര്‍ക്കര, തേന്‍, കദളിപ്പഴം, അവല്‍, മലര്‍, പനനീര്‍, പുഴുക്കലരി, ഉണക്കലരി, കര്‍പ്പൂരം, മഞ്ഞള്‍പ്പൊടി, നെയ്യ്, തേങ്ങ, ചന്ദനത്തിരി, ഭസ്മം, വെറ്റില, പാക്ക് എന്നിവയാണ് കെട്ടുനിറക്കുവേണ്ട സാധനങ്ങള്‍. ശരണമന്ത്രങ്ങള്‍ ഉരുവിട്ടാണ് ചടങ്ങ് നടത്താറ്. കെട്ടുനിറ ചടങ്ങില്‍ മുദ്രയാണ് (നെയ്‌ത്തേങ്ങ) ആദ്യം നിറയ്ക്കുക. പിന്നീട് മുദ്ര, കാണിപ്പണം എന്നിവയും ചന്ദനത്തിരി, കര്‍പ്പൂരം എന്നിവ ഓരോന്നുവീതവും ചെറിയ സഞ്ചിയില്‍ നിറയ്ക്കണം. അതുകഴിഞ്ഞ് ഇരുമുടിയെടുത്ത് മുന്‍കെട്ടില്‍ നിറച്ച മുദ്ര, ഭസ്മം, ചന്ദനത്തിരി, കര്‍പ്പൂരം, മഞ്ഞള്‍പ്പൊടി, അവല്‍, മലര്‍, ശര്‍ക്കര, കല്‍ക്കണ്ടം, മുന്തിരി എന്നിവ വയ്ക്കണം. എന്നിട്ട് മൂന്നുതവണ ഉണക്കലരി വാരിയിടണം. അതോടൊപ്പം കാണിക്കയും ഇരുമുടിയില്‍ സമര്‍പ്പിക്കണം. പിന്നെ ഇരുമുടിയുടെ ആ ഭാഗം കെട്ടണം. മറുഭാഗത്ത് പുഴുക്കലരി, എറിയുവാനുള്ള തേങ്ങ മുതലായവ വയ്ക്കാം. ഇരുമുടി നന്നായി കെട്ടി ഗുരുസ്വാമിയുടെ അനുഗ്രഹംവാങ്ങി തലയിലേന്തണം. കെട്ടുനിറച്ചു തലയിലേറ്റിക്കഴിഞ്ഞാല്‍ സകലതും ഭഗവാനില്‍ അര്‍പ്പിച്ചുകൊണ്ട് മലയാത്ര തുടങ്ങുകയായി. വഴിയില്‍ വിരിവയ്ക്കുന്നിടത്തുമാത്രമേ കെട്ടിറക്കിവയ്ക്കാന്‍ പാടുള്ളൂ. ഇരുമുടികെട്ടില്ലാതെ പതനെട്ടാംപടി ചവിട്ടാന്‍ ആരെയും അനുവദിക്കാറില്ല. കെട്ടുനിറയില്ലാതെ രണ്ടു കുടുംബക്കാര്‍ക്കുമാത്രമാണ് മലകയറാന്‍ അവകാശമുള്ളു. അയ്യപ്പസ്വാമിയുടെ പിതൃസ്ഥാനത്തുള്ള പന്തളം രാജകുടുംബത്തിനും ആചാര്യസ്ഥാനമുള്ള താഴമണ്‍ കുടുംബത്തിനും ഇരുമുടികെട്ടില്ലാതെ മലകയറാം.....

ശരണം വിളിയുടെ ശംഖൊലിയുമായി ഒരു മണ്ഡലകാലം കൂടി സമാഗതമാവുകയാണ്...ഈ അവസരത്തിൽ അയ്യപ്പ ചരിതവും കഥകളും , ആചാരങ്ങളും ഉൾകൊള്ളിച്ചുള്ള ആത്മീയ വിവരണങ്ങൾ നിങ്ങളുടെ മുന്നിലോട്ട്.... ഇനിയുള്ള മണ്ഡലകാലം 41 ദിവസവും കലിയുഗ വരദന്റെ മഹിമ പൂർണ്ണ ഭക്തിയോടെ ലഭ്യമാകുന്നതാണ് .... .എല്ലാ ഭക്ത മനസ്സുകൾക്കും ഹൈന്ദവ ധർമ്മ ക്ഷേത്രം ഭക്തി നിർഭരമായ ഒരു മണ്ഡലകാലം ആശംസിക്കുന്നു ...

No comments:

Post a Comment