ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 March 2016

നന്മയും തിന്മയും

നന്മയും തിന്മയും

രണ്ടു സുഹൃത്തുക്കള്‍ സംസാരിക്കുകയാണ്‌. ഒരുവന്‍ പിശാചിനെ ഒരു പാട്‌ കുറ്റം പറഞ്ഞു. ഇതു കേട്ടു കൊണ്ടിരുന്ന അപരന്‍ ഇടപെട്ടു. 'പിശാചിനെ അങ്ങനെ അടച്ച്‌ ആക്ഷേപിക്കരുത്‌, അയാളെപ്പറ്റി നല്ലൊരു ഗുണം പറയാനുണ്ട്‌.''എന്തു ഗുണമാ പിശാചിനുള്ളത്‌?' ഒന്നാമന്റെ ചോദ്യം. 'അതേ അവന്‍ രാവും പകലും ഉറക്കമില്ലാതെ അധ്വാനിക്കുന്നവനാ. അവന്‍ ചെയ്യുന്നതും കാട്ടിക്കൂട്ടുന്നതുമൊക്കെ കുഴപ്പം പിടിച്ച പണികള്‍ തന്നെ. എന്നാല്‍ അവന്‍ കഠിനാധ്വാനിയാണ്‌.'
സംഗതി കൊള്ളാമല്ലോ എന്ന്‌ ഇതു കേള്‍ക്കുമ്പോള്‍ നമുക്കും തോന്നും. നമ്മള്‍ മനസിലാക്കേണ്ട യാഥാര്‍ഥ്യം ഇതിലുണ്ട്‌. ജീവിതത്തില്‍ നന്മയും തിന്മയും ഉണ്ട്‌. ചുറ്റിക കൊണ്ട്‌ വീടുപണിയാന്‍ കഴിയും. അതു പോലെ തന്നെ തകര്‍ക്കാനും.ചില ആളുകള്‍ക്ക്‌ മറ്റുള്ളവരാല്‍ വെറുക്കപ്പെട്ട്‌ എപ്പോഴും ജീവിക്കേണ്ടി വരുന്നു. അവര്‍ക്ക്‌ സമൂഹത്തില്‍ അംഗീകാരം കിട്ടാത്തത്‌ എന്തു കൊണ്ടാണെന്ന്‌ ചിന്തിച്ചിട്ടുണ്ടോ? ചില ആളുകള്‍ എത്ര മിടുക്കരാണെങ്കിലും കഴിവുള്ളവരാണെങ്കിലും ഒറ്റപ്പെട്ടു ജീവിക്കുന്നത്‌ എന്തു കൊണ്ടാണെന്ന്‌ മനസിലാക്കണം. നമ്മളെ കാണുമ്പോള്‍ എപ്പോഴും കഴിയാക്കുന്ന അല്ലെങ്കില്‍ വട്ടപ്പേര്‌ വിളിക്കുന്ന ആളുകളോട്‌ ഇടപെടാന്‍ നമ്മള്‍ ഒരിക്കലും ഇഷ്‌ടപ്പെടാറില്ല. സ്‌കൂളില്‍ പഠിച്ചിരുന്ന കാലത്ത്‌ ഇരട്ടപ്പേര്‌ വിളിച്ച സുഹൃത്തിനോട്‌ നിങ്ങള്‍ പ്രതികരിച്ചിരുന്നത്‌ എങ്ങനെയാണെന്ന്‌ ഓര്‍ക്കുന്നുവോ? ആ ഓര്‍മ ഇപ്പോള്‍ പോലും നിങ്ങള്‍ക്ക്‌ വേദനയുണ്ടാക്കുന്നില്ലേ? അങ്ങനെയെങ്കില്‍ നിങ്ങള്‍ വേറൊരാളെ താറടിക്കുന്ന തരത്തില്‍ സംസാരിച്ചാല്‍ അവര്‍ക്ക്‌ നമ്മോട്‌ ദേഷ്യവും വെറുപ്പും തോന്നുന്നതില്‍ അതിശയിക്കാനുണ്ടോ?
നിങ്ങളോട്‌ കുറേ ചോദ്യങ്ങള്‍ ചോദിക്കാം. ഉത്തരം നന്നായി ചിന്തിച്ചിട്ട്‌ വേണം പറയാന്‍.
1. നിങ്ങളുടെ കൂടെ ആരെങ്കിലും അല്‍പസമയം ചെലവഴിച്ചാല്‍ അവര്‍ക്ക്‌ സന്തോഷവും സംതൃപ്‌തിയും മാന്യതയും പരിഗണനയും കിട്ടുന്ന തരത്തിലാണോ നിങ്ങളുടെ പെരുമാറ്റം? അതോ നിങ്ങളുടെ സംസാരം അവര്‍ക്ക്‌ വേദനിക്കുന്നതും ദുഃഖം ഉളവാക്കുന്നതും ആയിരിക്കുമോ?
2. എവിടെപ്പോയാലും ആരെ കണ്ടാലും ഏതു സാഹചര്യത്തിലാണെങ്കിലും തെറ്റുകളും കുറവുകളും മാത്രം കണ്ടുപിടിക്കന്ന ഒരു വ്യക്‌തിയായിട്ടാണോ നിങ്ങളെ ആളുകള്‍ പറയുന്നത്‌?
3. ആരെങ്കിലും ഒരാളെക്കുറിച്ച്‌ നല്ലതു പറയുമ്പോള്‍ ഇടയ്‌ക്കു കയറി അയാളെക്കുറിച്ച്‌ ദോഷം പറയുന്ന വ്യക്‌തിയാണോ നിങ്ങള്‍? അയാള്‍ പറഞ്ഞ നന്മകള്‍, ഗുണങ്ങള്‍ എല്ലാം തല്ലിക്കെടുത്തി അതില്‍ വെള്ളം ചേര്‍ത്ത്‌ അതിന്റെ വില നഷ്‌ടപ്പെടുത്തുന്ന സ്വഭാവമാണോ നിങ്ങള്‍ക്കുള്ളത്‌?
4. മറ്റുള്ളവരെ താഴ്‌ത്തിക്കെട്ടി സംസാരിച്ചു കൊണ്ട്‌ സ്വയം വലുതാകാന്‍ ശ്രമിക്കുന്ന വ്യക്‌തിയാണോ നിങ്ങള്‍? ഇത്‌ വേറെ ആര്‍ക്കും അറിയില്ല; നിങ്ങള്‍ക്ക്‌ മാത്രമേ അറിയൂ.
5.മറ്റുള്ളവരെ വീക്ഷിക്കുമ്പോള്‍ അവരില്‍ എന്തെങ്കിലും നല്ലകാര്യങ്ങള്‍, ഗുണങ്ങള്‍ കാണുവാന്‍ മനഃപൂര്‍വം ചിന്തിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന വ്യക്‌തിയാണോ നിങ്ങള്‍? അതോ മറ്റുള്ളവരുടെ കുറവുകള്‍ മാത്രമേ കാണാന്‍ കഴിയാറുള്ളോ?
കുറവുകള്‍ ഇല്ലാത്ത ആളുകള്‍ ആരുമില്ല. എന്നാല്‍ എല്ലാവരിലും എന്തെങ്കിലും ഗുണഗണങ്ങളുമുണ്ടാകും. കേള്‍ക്കുന്നവര്‍ക്ക്‌ ഉത്തേജനം ലഭിക്കേണ്ടതിന്‌ ആവശ്യം പോലെ ആത്മിക ബലപ്പെടുത്തലിനായി നല്ല വാക്കല്ലാതെ ആകാത്തത്‌ ഒന്നും നിങ്ങളുടെ വായില്‍ നിന്ന്‌ പുറപ്പെടരുതെന്ന്‌ വചനം പറയുന്നു. അതായത്‌, മറ്റുള്ളവര്‍ക്ക്‌ നന്മ ഉണ്ടാകുവാനും ആത്മിക വെളിച്ചം പകരുന്നതിനും നിങ്ങളുടെ വാക്കുകള്‍ക്ക്‌ കഴിയണം.
നിങ്ങളില്‍ ചിലര്‍ കുഞ്ഞുങ്ങളോട്‌ പറയുന്നത്‌ 'നീ മുടിഞ്ഞു പോകുമെടാ..., നീയൊക്കെ എന്തിനാ പഠിക്കുന്നത്‌? എന്നൊക്കെയായിരിക്കും. ഒരു കാര്യം നമ്മള്‍ അറിയേണ്ടതുണ്ട്‌. തോല്‍വി നിങ്ങളുടെ കുഞ്ഞുങ്ങളുടെ ഭാവിയെ തീരുമാനിക്കുന്നില്ല. പിന്നെയോ അവര്‍ കേള്‍ക്കുന്ന, അവര്‍ക്ക്‌ ഉത്തേജനം നല്‍കുന്ന, ധൈര്യപ്പെടുത്തുന്ന വാക്കുകള്‍ ആണ്‌ അവരെ ഉയര്‍ച്ചയിലേക്ക്‌ നയിക്കുന്നത്‌. ഒരിക്കലും മറ്റുള്ളവരെ ചെറുതാക്കുവാനോ വെട്ടിമുറിച്ച്‌ ഇല്ലായ്‌മ ചെയ്യുവാനോ നമ്മുടെ നാവ്‌ ഉപയോഗിക്കരുത്‌.
ഏതു ഭോഷനും കുറ്റം കണ്ടു പിടിക്കുവാന്‍ കഴിയും. എന്നാല്‍ നല്ലവശങ്ങള്‍ കാണാന്‍ കഴിയുന്നത്‌ പക്വതയുള്ള, നല്ല സ്വഭാവമുള്ള വ്യക്‌തിക്കാണ്‌. നിങ്ങള്‍ ലോകത്തില്‍ ഏതു തരം വ്യക്‌തിയായി അറിയപ്പെടണമെന്ന്‌ നിങ്ങള്‍ തന്നെ തീരുമാനിക്കണം. നമ്മുടെ സംസാരവും പ്രവൃത്തിയും മറ്റുള്ളവരെ ബലപ്പെടുത്തുന്നതും പ്രോത്സാഹിപ്പിക്കുന്നതും ജീവിതത്തിന്‌ അനുഗ്രഹം പകരുന്നതും ആയിത്തീരണം. അങ്ങനെയായാല്‍ തേനിന്‌ ചുറ്റും ഉറുമ്പും വെളിച്ചത്തിന്‌ ചുറ്റും ഈയലും അടുക്കുന്നതു പോലെ നിങ്ങള്‍ക്കു ചുറ്റിലും ആളുകള്‍ എത്തിച്ചേരും. അവര്‍ നിങ്ങളെ അംഗീകരിക്കും. ബഹുമാനിക്കും. വാക്കുകള്‍ കൊണ്ട്‌ മറ്റുള്ളവരെ ബലപ്പെടുത്തുന്നതിനും ധൈര്യപ്പെടുത്തുന്നതിനും ഈശ്വരന്‍ നിങ്ങളെ അനുഗ്രഹിക്കട്ടെ.

No comments:

Post a Comment