ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

4 January 2023

ദ്രൗപദിയുടെ ചെരുപ്പ് നെഞ്ചിൽ ചേർത്തുപിടിച്ച കൃഷ്ണൻ

ദ്രൗപദിയുടെ ചെരുപ്പ് നെഞ്ചിൽ ചേർത്തുപിടിച്ച കൃഷ്ണൻ
                   
ശ്രീകൃഷ്ണഭഗവാനെപ്പോലെ ആശ്രിതവല്‍സലനായ മറ്റൊരു അവതാരപുരുഷനെ പുരാണങ്ങളിലോ ഇതിഹാസങ്ങളിലോ കാണാന്‍ കഴിയില്ല.
ഭഗവാനെക്കുറിച്ചുള്ള അനേകമനേകം കഥകളുണ്ട്.
 അവയുടെയൊക്കെ ആധികാരികത ആര്‍ക്കും ഉറപ്പാക്കാനാവില്ല.
അതുപോലെ ആധികാരികതയുടെ അവകാശ വാദങ്ങള്‍ ഇല്ലാതെ ഭഗവാന്റെ ആശ്രിത വാല്‍സല്യത്തിന്റെ അനുപമമായ ഒരു കഥ ഇവിടെ കുറിക്കുന്നു.

കുരുക്ഷേത്ര യുദ്ധം നടക്കുകയാണ്.
ധ്രുഷ്ടദ്യുമ്‌നന്‍ ആണ് പാണ്ഡവരുടെ മുഖ്യ സേനാ നായകന്‍. കൌരവരുടെ സര്‍വ്വ സൈന്യാധിപന്‍ ഭീഷ്മര്‍ ആണ്.

പാണ്ഡവരെക്കാള്‍ സേനാബലം കൌരവര്‍ക്കാണ്. ആദ്യ രണ്ടുദിവസം കഴിഞ്ഞിട്ടും പാണ്ഡവരില്‍ ഒരാളെപ്പോലും കീഴ്‌പ്പെടുത്താന്‍ ഭീഷ്മര്‍ നയിക്കുന്ന കൌരവസേനയ്ക്ക് കഴിഞ്ഞില്ല.
ദുര്യോധനന്‍ നിരാശനായി. ഭീഷ്മപിതാമഹന് മാനസികമായി പാണ്ഡവരോടാണോ അടുപ്പം എന്നു അയാള്‍ സംശയിച്ചു.

ഭീഷ്മരെ ചെന്നു കണ്ടു അയാള്‍ തന്റെ പരിഭവവും അമര്‍ഷവും അറിയിച്ചു കൊണ്ട് ഇങ്ങനെ പറഞ്ഞു. :-

"അങ്ങയെപ്പോലെ വിശ്വവിഖ്യാതനായ വില്ലാളി വീരന്‍ നയിക്കുന്ന കൌരവസേനയ്ക്ക് എന്തുകൊണ്ട് ഇത് വരെ പാണ്ഡവരില്‍ ഒരാളെപ്പോലും വധിക്കാന്‍ കഴിയുന്നില്ല? അങ്ങയുടെ മനസ്സ് ഇപ്പോഴും പാണ്ഡവരോടു ഒപ്പമാണെന്ന് ഞാന്‍ സംശയിക്കുന്നു. ഇങ്ങനെ ആണെങ്കില്‍ നമുക്ക് ഒരിയ്ക്കലും യുദ്ധം ജയിക്കാന്‍ കഴിയുകയില്ല.

ഭീഷ്മര്‍ കുപിതനായി ഇങ്ങനെ മറുപടി പറഞ്ഞു:-

”ദുര്യോധനാ! നിന്റെ ക്രൂരമായ ഈ വാക്കുകള്‍ക്ക് ഞാന്‍ മറുപടി പറയുന്നില്ല.
നീ എന്റെ ധര്‍മ്മ ബോധത്തെയാണ് ചോദ്യം ചെയ്യുന്നത്. ഞാന്‍ സര്‍വ്വ ശക്തിയും ഉപയോഗിച്ചാണ് യുദ്ധം ചെയ്യുന്നത്.

ദുര്യോധനന്‍ ഉടന്‍ പ്രതികരിച്ചു:

”അങ്ങിനെയെങ്കില്‍ അങ്ങ് എനിക്കു ഒരു വാക്ക് തരണം. രണ്ടു ദിവസത്തിനുള്ളില്‍ പാണ്ഡവര്‍ അഞ്ചു പേരെയും അങ്ങ് വധിക്കുമെന്ന് എനിക്കു ഉറപ്പ് തരണം.
 അങ്ങേയ്ക്ക് അത് നിഷ്പ്രയാസം കഴിയും.
അത്തരം ഒരു ഉറപ്പ് എനിക്കു തന്നില്ലെങ്കില്‍ അങ്ങയുടെ വാക്കുകള്‍ വിശ്വസിക്കാന്‍ എനിക്കാവില്ല.

ഭീഷ്മര്‍ ഒരു നിമിഷം ആലോചിച്ചു. അദ്ദേഹത്തിന്റെ മുഖം ഗൌരവപൂര്‍ണ്ണമായി. ഒടുവില്‍ അദ്ദേഹം പറഞ്ഞു:

”ശരി! നിന്റെ ആഗ്രഹം പോലെ ആകട്ടെ.
 രണ്ടു ദിവസത്തിന്നകം ഞാന്‍ തന്നെ അഞ്ചു പാണ്ഡവരെയും വധിക്കാം.
പോരേ?”

ദുര്യോധനന്‍ ആഹ്ലാദം കൊണ്ട് തുള്ളിച്ചാടി. സ്വന്തം പാളയത്തില്‍ എത്തി അനുചരരോടു ഉറക്കെ വിളിച്ച് പറഞ്ഞു.

”നമ്മള്‍ യുദ്ധം ജയിച്ചു കഴിഞ്ഞു. അഞ്ചു പാണ്ഡവരെയും രണ്ടു ദിവസത്തിനകം വധിക്കാമെന്ന് ഭീഷ്മപിതാമഹന്‍ വാക്ക് തന്നു കഴിഞ്ഞു. ഇനി ഒന്നും ഭയപ്പെടാനില്ല.

കൌരവപാളയത്തില്‍ ആഹ്ലാദാരവങ്ങള്‍ മുഴങ്ങി. ഈ വിവരം ഉടന്‍ തന്നെ പാണ്ഡവരുടെ ചാരന്മാര്‍ ദ്രൗപദിയെ അറിയിച്ചു. അശുഭവാര്‍ത്ത അറിഞ്ഞ ഉടന്‍ ദ്രൗപദി ബോധരഹിതയായി നിലംപതിച്ചു. അല്‍പ്പം കഴിഞ്ഞ് ഉണര്‍ന്നെഴുന്നേറ്റ അവള്‍ ശ്രീകൃഷ്ണ ഭഗവാന്റെ സമീപത്തേക്ക് ഓടിച്ചെന്നു. ഭഗവാന്റെ കാല്‍ക്കല്‍ വീണു കരഞ്ഞുകൊണ്ടു അവള്‍ പറഞ്ഞു:-

രക്ഷിക്കണം....
എന്റെ അഞ്ചു ഭര്‍ത്താക്കന്മാരെയും രണ്ടു ദിവസത്തിനകം വധിക്കുമെന്ന് ഭീഷ്മപിതാമഹന്‍ പ്രതിജ്ഞ ചെയ്തിരിക്കുന്നു.

”ഓഹോ അങ്ങിനെയോ?
ഭീഷ്മപ്രതിജ്ഞ അല്ലേ? ആകട്ടെ.
നമുക്ക് നോക്കാം....
 
ദ്രൌപദി ഞാന്‍ പറയുന്നതു പോലെ ചെയ്യണം. ഇപ്പോള്‍ സായാഹ്നമായിരിക്കുന്നു. ഇന്നത്തെ യുദ്ധം അവസാനിക്കുകയാണ്. എന്നും യുദ്ധം കഴിഞ്ഞു ഭീഷ്മപിതാമഹന്‍ സ്‌നാനം കഴിഞ്ഞു സ്വന്തം കൂടാരത്തില്‍ ധ്യാനനിമഗ്ദനായി ഏറെ നേരം ഇരിക്കും. അപ്പോള്‍ ദീപങ്ങള്‍ ഒന്നും തെളിക്കാന്‍ അദ്ദേഹം അനുവദിക്കില്ല.
ഇരുളില്‍ ഏകാന്തധ്യാനം നടത്താനാണ് അദ്ദേഹത്തിന് ഇഷ്ടം. ആ സമയത്ത് ആരാധകര്‍ക്ക് അദ്ദേഹത്തിന്റെ പാദപ്രണാമം നടത്തി അനുഗ്രഹം വാങ്ങാം. ഇന്ന് ആ സമയത്ത് ദ്രൗപദി അവിടെ ചെന്നു അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങണം.
എന്നാല്‍ അത് ദ്രൗപദി ആണെന്ന് അദ്ദേഹം തിരിച്ചറിയരുത്.
 അതുകൊണ്ടു നീ നിന്റെ മാലയും വളകളും കാല്‍ത്തളയും എല്ലാം അഴിച്ചു വെച്ചിട്ടു വേണം പോകാന്‍.

അവയുടെ നേരിയ ശബ്ദം കൊണ്ട് പോലും നിന്നെ അദ്ദേഹം തിരിച്ചറിയും.

അത് കൊണ്ട് എന്താണ് പ്രയോജനം ഭഗവാനെ?

അദ്ദേഹം തന്റെ തീരുമാനത്തില്‍ നിന്നു പിന്‍മാറുമോ? ദ്രൗപദി ചോദിച്ചു.

”ഞാന്‍ പറഞ്ഞു തീര്‍ന്നില്ല. ‘കൃഷ്ണന്‍ തുടര്‍ന്ന് പറഞ്ഞു:...

‘ഭീഷ്മര്‍ തന്റെ കാല്‍ തൊട്ട് തൊഴുന്ന എല്ലാവരെയും ശിരസ്സില്‍ കൈ വെച്ചു അനുഗ്രഹിക്കും..
 പുരുഷന്മാരെ ”ആയുഷ്മാന്‍ ഭവ” എന്നും സ്ത്രീകളെ ”ദീര്‍ഘ സുമംഗലീ ഭവ” എന്നും പറഞ്ഞു കൊണ്ടാണ് അദ്ദേഹം അനുഗ്രഹിക്കുക.

നീ ഒരു പ്രാവശ്യം അനുഗ്രഹം വാങ്ങിയത് കൊണ്ട് തൃപ്തിപ്പെടരുത്.
വീണ്ടും ആരാധകരുടെ വരിയില്‍ പോയി നിന്നു അനുഗ്രഹം വാങ്ങണം.
അങ്ങിനെ ഏഴു പ്രാവശ്യം ആവര്‍ത്തിക്കണം..

ദ്രൗപദി ഭയചകിതയായി പറഞ്ഞു.. എനിക്കു പേടിയാകുന്നു ഭഗവാനെ പിതാമഹന്‍ എന്നെ തിരിച്ചറിഞ്ഞാല്‍ ?

തിരിച്ചറിയുകയില്ല, തിരിച്ചറിഞ്ഞാലും ഒന്നും സംഭവിക്കില്ല. അത്രയ്ക്ക് ഭയമാണെങ്കില്‍ പുറത്തു വരെ ഞാന്‍ കൂടെ വരാം. പോരേ?”

അങ്ങിനെ ദ്രൗപദിയും ശ്രീകൃഷ്ണനും കൌരവരുടെ കൂടാരത്തിലേക്ക് ചെന്നു.
 ഭഗവാനെ കണ്ടു ദ്വാരപാലകര്‍ വിനയപൂര്‍വ്വം വഴിമാറിക്കൊടുത്തു.
 ഭീഷ്മരുടെ കൂടാരത്തിന് മുന്നില്‍ കൃഷ്ണന്‍ നിന്നു. ആകാശം മേഘാവൃതമായിരുന്നു, ദ്രൗപദിയുടെ ആകാംക്ഷാഭരിതമായ മനസ്സ് പോലെ...
ദ്രൗപദി പാദുകങ്ങള്‍ അഴിച്ചു വെച്ചു മെല്ലെ മുന്നോട്ട് പോയി.

അകത്തു ആരാധകരുടെ നീണ്ട നിര ഓരോരുത്തരായി ഭീഷ്മരുടെ പാദം സ്പര്‍ശിച്ചു അനുഗ്രഹം വാങ്ങി മടങ്ങി.
ദ്രൌപദിയുടെ ഊഴമായി. പിതാമഹന്റെ കാല്‍ തൊട്ട് അവള്‍ മനസ്സ് നൊന്ത് മൌനമായി പ്രാര്‍ത്ഥിച്ചു.
ഭീഷ്മരുടെ ഘനഗംഭീരമായ ശബ്ദം അവളുടെ ഹൃദയത്തില്‍ കുളിര് കോരിയിട്ടു: ‘ദീര്‍ഘ സുമംഗലീ ഭവ!”

അങ്ങിനെ ഏഴുപ്രാവശ്യം ദ്രൌപദി അനുഗ്രഹം വാങ്ങി. ഏഴാമത് പ്രാവശ്യം ഭീഷ്മര്‍ ചോദിച്ചു:
നീ ആരാണ്?
ഇപ്പോള്‍ പല പ്രാവശ്യമായി നീ എന്റെ അനുഗ്രഹം വാങ്ങുന്നു.?

പരിചാരകരെ വിളിച്ച് അദ്ദേഹം ആജ്ഞാപിച്ചു –
“ആരവിടെ? ദീപങ്ങള്‍ തെളിയ്ക്കൂ”

ദീപങ്ങളുടെ വെളിച്ചത്തില്‍ അദ്ദേഹം ദ്രൗപദിയെ കണ്ടു.

ഓ! ദ്രൗപദിയോ? നിന്നെ ആരാണ് ഇങ്ങോട്ട് പറഞ്ഞയച്ചത്? മറുപടി പറയാന്‍ ദ്രൗപദി മടിച്ച് നിന്നപ്പോള്‍ ഭീഷ്മര്‍ തന്നെ പറഞ്ഞു:-

എനിക്കു ഊഹിക്കാന്‍ കഴിയും. സാക്ഷാല്‍ ഭഗവാന്‍ കൃഷ്ണന്‍ ആയിരിയ്ക്കും നിന്നെ ഇങ്ങോട്ട് പറഞ്ഞയച്ചത്.
എന്നിട്ട് അദ്ദേഹം എവിടെ?

പുറത്തു നില്ക്കുന്നു.
ദ്രൗപദി പ്രതിവചിച്ചു.

നിന്നോടൊപ്പം ഞാനും വരാം.
പുറത്തു മഴ ചാറിത്തുടങ്ങിയിരുന്നു...
ദ്രൗപദിയോടൊപ്പം ഭീഷ്മര്‍ പുറത്തേക്ക് ചെന്നപ്പോള്‍ അരണ്ട വെളിച്ചത്തില്‍ അകലെ നില്‍ക്കുന്ന ഭഗവാനെ കണ്ടു.
 മഴത്തുള്ളികള്‍ ഭഗവാന്റെ കാരുണ്യവര്‍ഷം പോലെ ആ കോമളകളേബരത്തിലൂടെ പെയ്തിറങ്ങുകയാണ്.

അതിനിടയ്ക്ക് ദ്രൗപദി ചോദിച്ചു: ‘എന്റെ പാദുകങ്ങള്‍ എവിടെ?”
കൃഷ്ണന്‍ പറഞ്ഞു... "ഇതാ നിന്റെ പാദുകങ്ങള്‍!”

ദ്രൗപദി നോക്കിയപ്പോള്‍ വിസ്മയകരമായ ഒരു കാഴ്ച കണ്ടു. ദ്രൗപദിയുടെ പാദുകങ്ങള്‍ ഭഗവാന്‍ തന്റെ ശ്രീവല്‍സാങ്കിതമായ മാറില്‍ ചേര്‍ത്തു പിടിച്ചിരിക്കുന്നു. 

”നിനക്കു ഈ അടുത്ത കാലത്ത് യുധിഷ്ഠിരന്‍ പ്രേമപൂര്‍വ്വം നല്കിയ പുതിയ പാദുകങ്ങള്‍ അല്ലേ?
അത് മഴയിലും ചെളിയിലും കുതിരണ്ട എന്നു കരുതി.”

ദ്രൗപദിയുടെ കണ്ണുകളില്‍ നിന്നു കണ്ണുനീര്‍ ധാരധാരയായി ഒഴുകി. ഭഗവാന്റെ കാരുണ്യം ഇങ്ങനെ ലഭിക്കാന്‍ ഞാന്‍ എന്തു മുജ്ജന്‍മ സുകൃതമാണ് ചെയ്തത് ?

ഭീഷ്മര്‍ പറഞ്ഞു:’
കൃഷ്ണാ! അങ്ങ് എന്നെ അക്ഷരാര്‍ത്ഥത്തില്‍ തോല്‍പ്പിച്ചു കളഞ്ഞു. അങ്ങയുടെ സംരക്ഷണവും അനുഗ്രഹവും ഉള്ള പാണ്ഡവരെ വധിക്കാം എന്നു കരുതിയ ഞാന്‍ എത്ര ബുദ്ധിശൂന്യനാണ്!. പക്ഷേ ഒന്നു മാത്രം എനിക്കു മനസ്സിലായില്ല. ദ്രൗപദിയെക്കൊണ്ടു ഏഴു പ്രാവശ്യം അനുഗ്രഹം വാങ്ങിപ്പിച്ചത് എന്തിനാണ്.?”

കൃഷ്ണന്‍ പറഞ്ഞു:-
 ”അങ്ങേക്ക് അറിയാമല്ലോ.
ഏഴു പ്രാവശ്യം അനുഗ്രഹിച്ചാല്‍ അത് വരം ആയി മാറുമെന്നും അങ്ങേയ്ക്ക് പോലും അത് തിരിച്ചെടുക്കാന്‍ കഴിയുകയില്ലെന്ന്.
അത്തരം ഒരു പഴുതു കൂടി അടച്ചെന്നേ ഉള്ളൂ.

പിന്നെ, ഇവിടെ പാണ്ഡവര്‍ തന്നെയേ ജയിക്കുകയുള്ളൂ. കാരണം ധര്‍മ്മം അവരുടെ പക്ഷത്താണ്. ധര്‍മ്മം എവിടെയുണ്ടോ അവിടം ജയിക്കാന്‍ അങ്ങ് ഞങ്ങളെ അനുഗ്രഹിക്കണം”...

വിശ്വവശ്യമായ മന്ദഹാസത്തോടെ കൃഷ്ണന്‍ ദ്രൗപദീയോടൊപ്പം നടന്നു നീങ്ങുന്നത് ഭീഷ്മര്‍ നിര്‍വൃതിയോടെ നോക്കി നിന്നു.


കുബേരന്റെ കാഴ്ച പോയ കണ്ണ്

കുബേരന്റെ കാഴ്ച പോയ കണ്ണ്
                 
രാമായണത്തിൽ വിവരിച്ചിട്ടുള്ള ഐതിഹ്യപ്രകാരം ബ്രഹ്മാവിന്റെ മനസാ പുത്രൻമാരിൽ ഒരാളായ പുലസ്ത്യ മഹർഷിയുടെ പുത്രനായ വിശ്രവസ്സിനും - ഭരദ്വാജമഹർഷിയുടെ പുത്രി ദേവവർണിനി എന്ന ഇളബിളയിൽ ജനിച്ച ആദ്യത്തെ മകനാണ്, ധനത്തിന്റെയും വടക്ക് ദിക്കിന്റെയും അധിപതിയായ വൈശ്രവണൻ എന്നറിയപ്പെടുന്ന കുബേരൻ.

വൈശ്രവണൻ എന്നാൽ സമ്പത്തിനെ വ്യാപിക്കുന്നവൻ" എന്നർത്ഥം.. കുബേരൻ എന്നാൽ നിന്ദിതമായ ശരീരത്തോടുകൂടിയവൻ എന്നും അർത്ഥം. (ദേവനായി ജനിച്ചിട്ടു കൂടി രാക്ഷസ രൂപമായതിനാൽ ദേവൻമാർ അദ്ദേഹത്തെ ആദ്യ കാലത്ത് പരിഗണിച്ചിരുന്നില്ല.)

സൂര്യദേവന് ഛായയിൽ ജനിച്ചതും ശനീശ്വരന്റെ സഹോദരിയുമായ ഭദ്രയാണ് (ലക്ഷ്മി, ചർവി, യക്ഷി എന്നീ പേരുകളിലും അറിയപ്പെടുന്നു.) കുബേരന്റെ ഭാര്യ.

നളകുബേരൻ, മണിഗ്രീവൻ, മയൂരജ എന്നീ 3 ആൺമക്കളും മീനാക്ഷി എന്ന പെൺകുട്ടിയും അദ്ദേഹത്തിന് മക്കളായി ഉണ്ട്.

മഹാദേവന്റെ ഭൈരവ രൂപമാകുന്ന സുവർണ ഭൈരവൻ എന്ന സ്വർണ ഭൈരവനെ ആരാധിച്ചാണ് കുബേരൻ ധനത്തിന്റെ ദേവത സ്ഥാനം ഏറ്റെടുത്തത്.. ഒപ്പം യക്ഷ കുലത്തിന്റെ രാജവുമാണ് ഇദ്ദേഹം.

കഥയിലേക്ക്...

തന്റെ അച്ഛന്റെ രണ്ടാമത്തെ ഭാര്യയായ കൈകസിയിൽ ജനിച്ച പുത്രനായ രാവണൻ, കുബേരന് താമസിക്കുവാൻ വിശ്വകർമ്മാവ് പണി കഴിപ്പിച്ച ശ്രീ ലങ്ക ആക്രമിച്ചു വാങ്ങിയപ്പോൾ (അച്ഛന്റെ ആവിശ്യ പ്രകാരം നൽകിയതാണ് എന്നും പറയുന്നു.) മഹാദേവനെ തപസ്സു ചെയ്തു പുതിയ ഒരു നഗരം ലഭ്യമാകുവാൻ തീരുമാനിച്ചു...

കുബേരന്റെ തപസ്സിൽ പ്രീതിപെട്ട ശിവപാർവതിമാരോട് തന്റെ ആവിശ്യം പറയുകയും അവരത് അംഗീകരിക്കുകയും ചെയ്തു. തുടർന്ന് കൈലാസ പർവതത്തിൽ അളകപുരി എന്ന നഗരം നിർമിച്ചു നൽകി.

എന്നാൽ പാർവതി ദേവിയുടെ സൗന്ദര്യത്തിൽ അകൃഷ്ടനായ കുബേരൻ വലതു കണ്ണിനാൽ ദേവിയെ ശ്രദ്ധിച്ചു. അത് കുബേരന് വൻ തിരിച്ചടിയായി. ആ നിമിഷം കുബേരന്റെ ഒരു കണ്ണിന്റെ കാഴ്ച പോയി.

അതുകൊണ്ട് കുബേരൻ ഏക പംഗള നേത്രൻ എന്ന പേരിലും കുത്സിതൻ (ഒരുകണ്ണില്ലാത്തവന്‍) എന്ന പേരിലും അറിയപ്പെടാൻ തുടങ്ങി..

അരൂർ കാർത്യായനി ദേവി ക്ഷേത്രം

അരൂർ കാർത്യായനി ദേവി ക്ഷേത്രം

ആലപ്പുഴ ജില്ലയിൽ അരൂരിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഒരു ദേവീ ക്ഷേത്രമാണ് അരൂർ കാർത്ത്യായനി ദേവി ക്ഷേത്രം. ആലപ്പുഴ നഗരത്തിൽ നിന്ന് ഏകദേശം 22 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം. അരൂരിൻറെ ആദ്യകാല പേര് അതിരൂർ (അതിർത്തിക്കടുത്തുള്ള ഗ്രാമം) എന്നായിരുന്നുവെന്ന് ഒരു വിശ്വാസമുണ്ട്. തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിലെ മുറജപത്തിൽ പങ്കെടുത്തശേഷം ഗുരുവായൂർക്ക് മടങ്ങവേ അതിരൂരിലെത്തിയ (അരൂർ) വില്വമംഗലത്ത് സ്വാമിയാർ ഒരു വലിയ മരത്തിൻറെ ചുവട്ടിൽ വിശ്രമിക്കവെ. പെട്ടെന്ന് അവിടെ ദേവിയുടെ സാന്നിദ്ധ്യം കണ്ടു . തൻറെ ജ്ഞാനത്താൽ അത് കാർത്ത്യായനി ദേവിയാണെന്ന് മനസ്സിലാക്കി ദേവിക്കായി ഒരു ക്ഷേത്രം പണിതു. ദേവിയെ ആരാധിച്ചുകൊണ്ട് അദ്ദേഹം കുറച്ചുകാലം അവിടെ താമസിച്ചുവെന്നും പിന്നീട് ആ ക്ഷേത്രത്തിൻറെ ഭരണം വിവിധ നമ്പൂതിരി കുടുംബങ്ങളെ ഏൽപ്പിച്ചുവെന്നും പഴമൊഴി. കേരളത്തിലെമ്പാടും പരശുരാമൻ പ്രതിഷ്ഠ നടത്തിയ 108 ദേവീക്ഷേത്രങ്ങളിൽ ഒന്നായിരുന്നു ഇത് എന്നും ഇവിടം "കാട്ടിൽ പിഷാരം" എന്നറിയപ്പെട്ടുവെന്നും പരാമർശമുണ്ട്.

അരൂരിൻറെ ദേശപരദേവതയാണ് ശ്രീ കാർത്ത്യായനി ദേവി എന്നാണ് സങ്കല്പം. കണ്ണങ്കുളങ്ങര കൈമൾ അരൂരിൽ ഇപ്പോൾ ക്ഷേത്രം സ്ഥിതിചെയ്യുന്ന ഭാഗത്ത് കാണുന്ന കാഞ്ഞിരത്തിൽ ഇരിക്കുന്ന ദേവിയെ കാണാൻ ഇടയായി. ദേവി അദ്ദേഹത്തോട് കുടിക്കാൻ എന്തെങ്കിലും ആവശ്യപ്പെട്ടു. തന്നോട് ഈ അവശ്യം ഉന്നയിച്ചത് ശ്രീ കാർത്ത്യായനി ദേവി തന്നെ എന്ന് മനസ്സിലാക്കിയ അദ്ദേഹം താൻ തിരിച്ചുവരും വരെ ഇവിടെത്തന്നെ ഇരുന്നുകൊള്ളാമെന്ന് ദേവിയെകൊണ്ട് സത്യം ചെയ്യിച്ചശേഷം അദ്ദേഹം ആത്മഹത്യ ചെയ്തു. അദ്ദേഹത്തോടുള്ള സത്യം പാലിക്കാൻ ദേവിചൈതന്യം ഇവിടെത്തന്നെ നിലനിന്നു. അങ്ങനെയാണ് ഇവിടെ ഈ ക്ഷേത്രം ഉടലെടുക്കാൻ കാരണം എന്ന് ഒരു ഐതിഹ്യം ഉണ്ട്. അദ്ദേഹത്തിൻറെ അറിവ് കൊണ്ട് ഇവിടെ ദേവീപ്രതിഷ്ഠയുണ്ടായി. മാത്രവുമല്ല കൈമളിനെ ഇന്ന് ക്ഷേത്രത്തിൽ അറുകൊല എന്ന പേരിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. ഗണപതി, ശിവൻ, ശ്രീകൃഷ്ണൻ, അയ്യപ്പൻ, നാഗദേവതകൾ എന്നിവരാണ് ഉപദേവതകൾ. ഇവിടുത്തെ ദേവിക്ക് ഏറ്റവും പ്രിയ വഴിപാട് ആണ് ഇടത്തുവലത്തു കൂട്ടുപയസവും നെയ് പായസവും.
ക്ഷേത്രഭരണം രാജഭരണകാലത്ത് മഹാരാജാവിൻറെ പ്രതിനിധികൾ നടത്തിവന്നു. തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡാണ് ഭരണം നടത്തുന്നത്.

3 January 2023

വലരി

വലരി
         
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉപയോഗത്തിലിരുന്ന അനവധിയായ ആയുധങ്ങളിൽ പ്രമുഖമായ പേരാണ് വലരിയുടേത്.
       
ബ്രിട്ടീഷ് ഭരണകൂടം തങ്ങളുടെ സാമ്രാജ്യതാൽപര്യകൾക്കെതിരായി ചെറുത്തു നിന്ന പോരാളി വർഗ്ഗങ്ങളെ നിയമത്തെ ഉപയോഗപ്പെടുത്തി തകർക്കുവാൻ സ്വീകരിച്ച പ്രധാനമാർഗ്ഗങ്ങളിൽ ഒന്ന് ക്രിമിനൽ ട്രൈബ് ആക്ട് ആയിരുന്നു. അതിനോട് ചേർത്ത് വച്ചതായിരുന്ന വലരിയുടെയും നിരോധനം.

സുദീർഘമായ പാരമ്പര്യമാണ് വലരികൾക്കുള്ളത് , വേട്ട ആയുധമാക്കിയ ഉത്തരേന്ത്യയിലെ കോലികൾ അവരുടെ ദക്ഷിണേന്ത്യൻ വിഭാഗമായ വലയർ തുടങ്ങിയവരാണ് പുരാതന കാലത്ത് വലരിയെ ഉപയോഗിച്ചിരുന്നത്.
          
കരടിയെപോലുള്ള മൃഗങ്ങളെ ദൂരെ നിന്നും ആക്രമിച്ച് കൊലപ്പെടുത്തുവാൻ കഴിയുന്ന വലരിയുടെ ആദ്യരൂപം തടിയിൽ തീർത്തിരുന്നതാണ്.
            
പിൽക്കാലത്ത് ലോഹനിർമ്മിതമായ വരികൾ രൂപപ്പെടുത്തപെട്ടു. ഗ്രാമ കാവൽക്കാർ കൊള്ളക്കാർക്കെതിരെയും , സൈനികർ ശത്രുക്കൾക്ക് നേരെയും ഉപയോഗിക്കുവാൻ കഴിയുന്ന ഫലപ്രദമായ ആയുധമായി വലരി രൂപപ്പെട്ടു.
               
പുറനാനൂറ് മുതലായ സംഘകാല സാഹിത്യങ്ങളിൽ വലരികയപറ്റി സൂചനകളുണ്ട്.
വാളരിയുടെ പേരുകൾ:         
                   
തിഗിരി, വളരി, രംഗം, വലി തടി, എരിതടി, വാളടി, പാറൈവേല, സുഖൽപടൈ, എരിക്കോൾ, കുറുങ്കോൽ, തടി എന്നിങ്ങനെ പല പേരുകളാൽ സൂചിപ്പിക്കപ്പെട്ടിരിക്കുന്നു.


തമിഴ് സാഹിത്യത്തിൽ വലരി വീരനായ വീരമല്ല മുത്തരായരെ പരാമർശ്ശിക്കുന്നു.

എ.ഡി പതിനൊന്നാം നൂറ്റാണ്ടിൽ മധുര ഭരിച്ച സുന്ദരപാണ്ഡ്യനെ കാണാൻ, സൈന്യാധിപനും മന്ത്രിയുമായ സിമ്മ പെരുമ്പിടുക്ക് മുത്തരായർ തന്റെ സുഹൃത്ത് വീരമല്ലനെ ഒപ്പം കൊണ്ടുപോയി. കുടിക്കാഴ്ചക്കു ശേഷം പുറത്ത് വരുമ്പോൾ , വൈഗാ നദിക്കരയിൽ ആകാശത്ത് കൊക്കുകൾ പറക്കുന്നുണ്ടായിരുന്ന
"നിനക്ക് നന്നായി പലരി എറിയാൻ അറിയാമെന്ന് മുത്തരായർ പറയുന്നു, വീരമല്ലാ, കൊക്കിനെ വീഴ്ത്തുവാൻ നിനക്കാകുമോ ?

പെരുമ്പിടുഗ് മുത്തരയ്യർ തിടുക്കപ്പെട്ട് ഒരു വില്ല് (വളരി) കൊണ്ടുവന്ന് വീരമല്ലന്റെ കയ്യിൽ കൊടുത്തു. വലരി കൈയിൽ കിട്ടിയ ഉടനെ വീരമല്ലൻ യോദ്ധാവായി മാറി.

ഇവയിൽ ഏതിനെ വീഴ്ത്തണം?
"ആദ്യത്തെ കൊമ്പൻ ! അതിനിടയിലുള്ളതിൽ ഒന്ന് ! അവസാനം പറക്കുന്നത്?"

സുന്ദരപാണ്ഡ്യർ ഞെട്ടി അവന്റെ നേരെ തിരിഞ്ഞു. വീരമല്ലൻ കണ്ണുകൾ ഇറുക്കി ആകാശത്തേക്ക് നോക്കി, "പറയൂ രാജാവേ" അവൻ നിർബന്ധിച്ചു.

"ആദ്യത്തെ കൊക്ക്!" പണ്ഡ്യയൻ പറഞ്ഞു. പത്തോ പതിനഞ്ചോ പക്ഷികളിൽ ഒന്നിനെ താഴെ വീഴ്ത്തുന്നത് എത്ര ബുദ്ധിമുട്ടാണെന്ന് അറിയാമല്ലോ?

വീരമല്ലന്റെ വലരി ചെറിയൊരു വളവ് തിരിഞ്ഞ് മുകളിലേക്ക് പറന്നു. അത് ഒരു ദിശയിൽ പോയി മറ്റൊരു ദിശയിലേക്ക് മടങ്ങി. മൂന്നാമത്തെ ദിക്കിലേക്ക് പറക്കുന്ന ആദ്യത്തെ കൊക്കിനെ വീഴ്ത്തി.

സുന്ദരപാണ്ഡ്യർ അഭിമാനത്തോടെ അഭിനന്തിച്ചു., "മുത്തരായരേ ! വീര മല്ലൻ - വല്ലവൻ താൻ." 

അവലംബം : രാജേന്ദ്ര ചോളന്റെ വേങ്ങൈയുടെമിണ്ടൻ എന്ന നോവലും ചരിത്രവും).

പുതുക്കോട്ട ജില്ലയിലാണ് വളരി വ്യാപകമായി കാണപ്പെടുന്നത്.ആലങ്കുടി, തിരുമയ്യാം., പൊന്നമരാവതി , വളയപ്പട്ടി, തൊട്ടിയാംപട്ടി, തേനിമല, രേകുനാഥപ്പട്ടി, വീരണമ്പട്ടി, തെമ്മാവൂർ തുടങ്ങി നിരവധി മുത്തരയ്യർ ഗ്രാമത്തിൽ വളരി സൂക്ഷിക്കുന്നത് കാണാം...

ഉത്തരേന്ത്യയിൽ കോലികൾ കതാരിയ എന്ന പേരിൽ വലരി ഉപയോഗിച്ചിരുന്നു.

ശിവഗംഗൈ പാളയക്കാരർ ആയിരുന്ന മരുദു സഹോദരന്മാർ ബ്രിട്ടീഷ് കാർക്കെതിരെ പോരാടുകയും വലരി ഫലപ്രദമായി ഉപയോഗിക്കുകയും ഒടുവിൽ പരാജയപ്പെടുകയും ചെയ്തതിനെ തുടർന്ന്.ഈസ്റ്റ് ഇന്ത്യാ കമ്പനി 1801-ൽ ആയുധ നിരോധന നിയമം കൊണ്ടുവന്നു, അത് ലംഘിച്ചാൽ (കണ്ടെത്തുകയാണെങ്കിൽ) ആ ആളുകൾക്ക് വധശിക്ഷ ലഭിക്കുന്ന കുറ്റമാക്കി. ആളുകളോട് അവരുടെ എല്ലാ ആയുധങ്ങളും ബ്രിടീഷ്കാർക്ക് സമർപ്പിക്കാൻ ഉത്തരവിടുകയും ചെയ്തു, അത് ആളുകളിൽ നിന്ന് 22,000 വലരികളെ പിടിച്ചെടുക്കുകയും പിടിച്ചെടുത്തവ നശിപ്പിക്കുകയും ചെയ്തു.

വലരി പൂർണ്ണായും നശിപ്പിക്കുവാൻ ബ്രിട്ടീഷുകാർക്ക് കഴിഞ്ഞിരുന്നില്ല. തമിഴ് നാടിന്റെ തെക്കൻ ജില്ലകളിൽ വലയർ തങ്ങളുടെ ഗ്രാമ ക്ഷേത്രങ്ങളിൽ ഒളിപ്പിക്കുകയും ചെയ്തു കൊണ്ട് വലരികൾ സംരക്ഷിച്ചിച്ചു.
 

രാവണൻ തപസ്സ് ചെയ്ത രാവണേശ്വരം

രാവണൻ തപസ്സ് ചെയ്ത രാവണേശ്വരം

കാസറഗോഡ്‌ ജില്ലയിൽ കാഞ്ഞങ്ങാടിനടുത്ത ഒരു ഗ്രാമമാണ് രാവണേശ്വരം

ഇവിടെ ഒരു ശിവക്ഷേത്രമുണ്ട് രാവണേശ്വരം ശ്രീ പെരുംതൃക്കോവിലപ്പൻ ക്ഷേത്രം. ഭാരതത്തിൽ തന്നെ രാവണന്റെ പേരിലുള്ള അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണിത്. ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട കഥയുണ്ട്

രാവണൻ ഗോകർണ്ണത്തു നിന്നും ഉടുപ്പി വഴി ഈ പ്രദേശത്ത് വന്നതായും പരമശിവനെ തപസ്സ് ചെയ്തതായും അങ്ങനെയാണ് ഈ ദേശത്തിന് രാവണന്റെ ഈശ്വരന്റെ സന്നിധി എന്ന നിലയിൽ #രാവണേശ്വരം 
എന്ന പേര് വന്നുചേർന്നത്
എന്നാണ് വിശ്വസിക്കുന്നത്.

ലങ്കയിൽ കൊടും വരൾച്ചയും ,
കൊടിയ ദാരിദ്ര്യവും കൊടികുത്തി 
വാഴുന്നൊരു കാലം. ആ കൊടിയ വിഷമകാലത്തെ അതിജീവിക്കാൻ
ശിവപെരുമാളിന്റെ അനുഗ്രഹം തേടി രാവണൻ പുഷ്പക വിമാനത്തിൽ കൈലാസത്തിലെത്തി, പ്രാർത്ഥന തുടങ്ങി, രാവണന്റെ പ്രാർത്ഥനയിൽ മനസ്സലിഞ്ഞ ശിവൻ രാവണന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. പരമശിവനോട് രാവണൻ ഒന്നേ ചോദിച്ചുള്ളു. "ലങ്കയിൽ ദാരിദ്യമകറ്റി ഐശ്വര്യമുണ്ടാകാൻ ഭഗവാന്റെ ആത്മലിംഗം അടിയന് വരമായി തരണം."

പരമശിവന്റെ സമ്മത പ്രകാരം 
ആത്മലിംഗവുമായി ആകാശമാർഗ്ഗം പോകാൻ തുടങ്ങിയ രാവണനോട് ആത്മലിംഗം ആകാശമാർഗം കൊണ്ടുപോകാൻ പാടില്ലെന്നും കടൽ കടന്നാൽ ലങ്കയിലെ ഇന്നത്തെ അവസ്ഥ ഭാരത ദേശത്തിനും വന്നു ചേരുമെന്നും 
ഭഗവാൻ അരുളിചെയ്തു.

ആയത് മറികടക്കാൻ കരമാർഗ്ഗം കൊണ്ടു പോകണമെന്നും വഴിയിൽ ആത്മലിംഗം ഒരിക്കൽ പോലും തറയിൽ വയ്ക്കരുതെന്നും പരമശിവൻ ഉപാധികൾ നിർദ്ദേശിച്ചു.

അപ്രകാരം സമ്മതിച്ച് ആത്മലിംഗവുമായി രാവണൻ ഗോകർണ്ണത്തെത്തിയപ്പോൾ തീരെ ഗത്യന്തരമില്ലാതെ ആത്മലിംഗം താഴെ വയ്ക്കേണ്ടി വന്നു.

ആത്മലിംഗം അതോടെ അവിടെ ഉറച്ചുംപോയി. ബലവനായ രാവണന് പിന്നിട് അതെടുക്കാൻ പോയിട്ട് അനക്കാൻ പോലും കഴിഞ്ഞില്ല.

രാവണൻ കൊടിയ വിഷമത്തോടെ തെക്കോട്ട് വന്ന് ഇന്നത്തെ രാവണേശ്വരത്ത് ഒരിടത്ത് ഒരു ഗുഹയിൽ പരമശിവനെ ധ്യാനിച്ച് പ്രായശ്ചിത്ത തപസ്സ് ആരംഭിച്ചു 

(രാവണൻ തപസ്സ് ചെയ്തു എന്നു പറയുന്ന ഗുഹ ഇന്നും ഇവിടെ പരിപാലിച്ചു വരുന്നു.)

രാമൻ പ്രതിഷ്ഠിച്ച ഈശ്വരന് രാമേശ്വരത്തു ക്ഷേത്രം ഉയർന്നതു പോലെ രാവണൻ പ്രതിഷ്ഠിച്ച ഈശ്വരന് രാവണേശ്വരത്തും ക്ഷേത്രമുണ്ടായി എന്നർത്ഥം.

തളിപ്പറമ്പ് ശ്രീരാജരാജേശ്വര ക്ഷേത്രം പോലെ രാവണേശ്വരത്തും 
പെരുംതൃക്കാവിലപ്പനാണ് വാഴുന്നത്. ഇരു ക്ഷേത്രങ്ങൾക്കും 
സമാനതകളും ഏറെയാണ്.


അനന്ദീശ്വര൦ ശ്രീമഹാദേവ ക്ഷേത്ര൦

അനന്ദീശ്വര൦ ശ്രീമഹാദേവ ക്ഷേത്ര൦

ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂരിനടുത്ത് പാണ്ടനാട്ടിൽ സ്ഥിതിചെയ്യുന്ന പുരാതനക്ഷേത്രമാണ് അനന്ദേശ്വരം മഹാദേവക്ഷേത്രം. ഈ പ്രദേശത്തെ ഒരു പഴയക്ഷേത്രമാണിത്. ഈ ക്ഷേത്രത്തിലേക്ക് ചെങ്ങന്നൂരിൽ നിന്നും ആറ് കിലോമീറ്ററും മാന്നാറിൽ നിന്ന് നാല് കിലോമീറ്ററും ദൂരമാണുള്ളത്.

പെരുന്തച്ചൻ പണിത ഈ ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ മഹാദേവനാണ്. പണ്ട് ഈ ക്ഷേത്രം പമ്പാനദിക്ക് സമീപമായിരുന്നത്രെ. ഒരിക്കൽ ഗതിമാറിയൊഴുകിയ നദി ആ ക്ഷേത്രത്തിന് കേടുപാടുകൾ വരുത്തുകയും പിന്നീട് ക്ഷേത്ര ഊരാഴ്മകാരായ വഞ്ഞിപ്പുഴ മഠത്തിന്റെ കൈവശമിരുന്ന ആനന്ദീശ്വരം ക്ഷേത്രത്തിലേക്ക് ക്ഷേത്രം മാറ്റി സ്ഥാപിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്നു.

പ്രധാന ദിവസങ്ങൾ: കുംഭമാസത്തിലെ മഹാശിവരാത്രി. ധനുമാസത്തിലെ തിരുവാതിര എന്നിവയാണ്.

എല്ലാ വർഷവും അന്നദാനത്തോടെ ഇവിടെ സപ്താഹയജ്ഞം പതിവുണ്ട്. കൂടാതെ എല്ലാവർഷവും നവാഹയജ്ഞവും പതിവുണ്ട്, മഹാശിവരാത്രിക്കുമുമ്പ് പാണ്ടനാട്ട് ഭാഗത്ത് എല്ലാ വീടുകളിലും ചെന്ന് പറയെടുപ്പ് നടത്തുന്നു.

ഉപദേവന്മാർ: മഹാവിഷ്ണു, പാർവ്വതി, ഭുവനേശ്വരി,, ഗണപതി,  
ശാസ്താവ്, യക്ഷിയമ്മ,, നാഗരാജാവ്, നാഗയക്ഷി, ബ്രഹ്മരക്ഷസ്. എന്നിവരാണ്.

തിരുനക്കരയിലെ ശ്രീ നന്ദികേശ്വരൻ

തിരുനക്കരയിലെ ശ്രീ നന്ദികേശ്വരൻ

ഭാരതത്തിലെ എല്ലാ ശിവക്ഷേത്രങ്ങളിലും ശ്രീപരമ ശിവന്റെ നടയ്ക്ക് നേരെമുന്നിലോ, അല്പം മാറിയോ ശിവവാഹനമായ ശ്രീ നന്ദിയുടെ പ്രതിഷ്ഠയുണ്ടാകും. ശിവക്ഷേത്രങ്ങളിലെ കൊടിമരത്തിന് മുകളിലും നന്ദിയുടെ രൂപമുണ്ടാകാറുണ്ട്. ശ്രീപരമശിവനെ തൊഴുന്നതിനുമുമ്പ് ശ്രീ നന്ദിയെ തൊഴണമെന്നാണ് ചിട്ട. ശ്രീ നന്ദിയുടെ ചെവിയിൽ ഭക്തർ ആഗ്രഹങ്ങൾ പറഞ്ഞാൽ അദ്ദേഹം അവ ഭഗവാന്റെ അടുത്തുചെന്ന് പറയുമെന്നാണ് വിശ്വാസം. എങ്കിലും ശ്രീ നന്ദിയ്ക്ക് വിശേഷാൽ പ്രാധാന്യം ലഭിയ്ക്കുന്ന ക്ഷേത്രങ്ങൾ കുറവാണ്. തിരുനക്കര ക്ഷേത്രം അവയിലൊന്നാണ്. ക്ഷേത്രത്തിലെ ശ്രീ ശിവലിംഗത്തോടൊപ്പം ഉദ്ഭവിച്ചതാണ് ഇവിടത്തെ ശ്രീ നന്ദിവിഗ്രഹവും. മാത്രവുമല്ല, ശ്രീ നന്ദിയെ ഒരു ദേവനായിത്തന്നെ ഇവിടെ ആരാധിച്ചുവരുന്നു. ശ്രീ നന്ദിയ്ക്ക് നിത്യവും വിളക്കുവയ്പും നിവേദ്യവുമുണ്ട്. ഇത്തരത്തിൽ വരാൻ കാരണമായ ഒരു സംഭവമുണ്ട്. മേല്പറഞ്ഞ ഐതിഹ്യത്തിന്റെ തുടർച്ചയായി കൊട്ടാരത്തിൽ ശങ്കുണ്ണി ഐതിഹ്യമാലയിൽ പറയുന്ന കഥയാണിത്. അതിങ്ങനെ:
തിരുനക്കര ക്ഷേത്രത്തിലെ പ്രതിഷ്ഠ കഴിഞ്ഞപ്പോൾ അന്നാട്ടുകാർക്ക് ഒരു വലിയ ഉപദ്രവമുണ്ടായി. തിരുനക്കരയിലും അടുത്തുള്ള സ്ഥലങ്ങളിലും നെല്ലോ സസ്യലതാദികളോ കൃഷിചെയ്താൽ എത്രയൊക്കെ വേലികെട്ടി വച്ചാലും അവയെല്ലാം പൊളിച്ചുകൊണ്ട് രാത്രിയിൽ ഒരു വെളുത്ത കാള കടന്നുവന്ന് അവയെല്ലാം തിന്നാൻ തുടങ്ങി. ഈ കാള ആരുടേതാണെന്നോ എവിടെനിന്ന് വരുന്നുവെന്നോ ആർക്കും നിശ്ചയമുണ്ടായിരുന്നില്ല. നല്ല നിലാവുള്ള രാത്രികളിൽ ദൂരെനിന്ന് നോക്കിയാൽ അവനെ കാണാൻ കഴിയുമായിരുന്നു. എന്നാൽ, അടുത്തെത്തുമ്പോഴേയ്ക്കും അവൻ അപ്രത്യക്ഷനായിക്കളയും! ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിച്ചപ്പോൾ ജനങ്ങൾ കഷ്ടപ്പെട്ടു. അവർ രാജാവിനടുത്ത് പരാതി പറയുകയും രാജാവ് നടപടിയെടുക്കുകയും ചെയ്തു. എന്നാൽ, ഇതുകൊണ്ടൊന്നും ഫലമുണ്ടായില്ല. ഉപദ്രവങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. അങ്ങനെയിരിയ്ക്കേ നല്ല നിലാവുള്ള ഒരു രാത്രിയിൽ, തിരുനക്കരയിൽ നിന്ന് അല്പം പടിഞ്ഞാറുമാറി സ്ഥിതിചെയ്യുന്ന 'വേളൂർ' എന്ന സ്ഥലത്ത് ഒരു പാടത്ത് മേല്പറഞ്ഞ കാള പ്രത്യക്ഷപ്പെടുകയും വിളകൾ തിന്നാൻ തുടങ്ങുകയും ചെയ്തു. ഈ സമയത്ത് കാഴ്ച കണ്ട അവിടത്തെ പണിക്കാരനായ ഒരു പറയൻ, കാളയ്ക്കുനേരെ കല്ലെറിയുകയും അതിനെ ആട്ടിയോടിയ്ക്കുകയും ചെയ്തു. ആ സമയത്തുതന്നെ രാജാവിന് ഒരു സ്വപ്നദർശനമുണ്ടായി. ഒരു വെളുത്ത കാള തന്റെയടുത്തുവന്ന് ഇങ്ങനെ പറയുന്നതായായിരുന്നു സ്വപ്നം:
മഹാരാജൻ, അങ്ങ് ഭഗവാന് വേണ്ടതെല്ലാം ഒരുക്കിവയ്ക്കുന്നുണ്ടല്ലോ. ഉപദേവതകൾക്കും ആവശ്യത്തിനുണ്ടാകുന്നുണ്ടല്ലോ. എന്താണ് എനിയ്ക്കുമാത്രം ഇല്ലാത്തത്? ഞാൻ ഭഗവാന്റെ വാഹനമല്ലേ? എനിയ്ക്കൊന്നും കിട്ടാത്തതുകൊണ്ടല്ലേ ഞാൻ നാട്ടുകാരുടെ വിളവുമുഴുവൻ തിന്നുതീർക്കുന്നത്. അതുമൂലം എനിയ്ക്കിന്ന് ഒരു പറയന്റെ കല്ലേറ് കൊള്ളുകയും ചെയ്തു. ഇങ്ങനെയൊക്കെയായാൽ എന്തുചെയ്യും? കഷ്ടം തന്നെ!
പിറ്റേന്ന് രാവിലെ, സ്ഥലത്തെ പ്രധാന ജ്യോത്സ്യരെ വിളിപ്പിച്ച രാജാവ് തനിയ്ക്കുണ്ടായ സ്വപ്നത്തെക്കുറിച്ച് അദ്ദേഹത്തോട് പറഞ്ഞു. പ്രശ്നം വച്ചുനോക്കിയപ്പോൾ കണ്ടത്, സ്വപ്നത്തിൽ കണ്ട കാള, ശ്രീ ശിവവാഹനമായ നന്ദികേശ്വരൻ തന്നെയാണെന്നും അതിനുകൂടി നിവേദ്യം വേണമെന്നാണ് ദേവഹിതമെന്നുമാണ്. തുടർന്ന് രാജാവ്, വേളൂരിൽ കാളയ്ക്ക് ഏറുകൊണ്ട സ്ഥലം തിരുനക്കര ദേവസ്വം വകയാക്കുകയും, അവിടത്തെ നെല്ലുകൊണ്ട് നിവേദ്യമുണ്ടാക്കണമെന്ന് നിർദ്ദേശിയ്ക്കുകയും ചെയ്തു. അങ്ങനെയാണ് ശ്രീ നന്ദിയ്ക്ക് നിവേദ്യം തുടങ്ങിയത്.
ഈ നന്ദിവിഗ്രഹത്തിൽ ഇടയ്ക്ക് ചില വ്രണങ്ങളുണ്ടാകാറുണ്ട്. ഇത് മറ്റൊരു അത്ഭുതമാണ്. എന്നാൽ, ഇത്തരം വ്രണങ്ങളുണ്ടാകുന്നത് ഒരു അപശ്ശകുനമായാണ് കണക്കാക്കപ്പെടുന്നത്. രാജ്യത്ത് വലിയ അത്യാഹിതങ്ങൾ നടക്കുമ്പോഴാണ് വ്രണമുണ്ടാകുന്നതും അവ പൊട്ടുന്നതും എന്നാണ് കഥ. തിരുവിതാംകൂർ രാജാക്കന്മാർ നാടുനീങ്ങിയ വർഷങ്ങളിലെല്ലാം ഇത്തരത്തിൽ സംഭവിച്ചിട്ടുണ്ട്. രാജ്യത്തെ നടുക്കിയ വൻ ദുരന്തങ്ങൾക്കുമുമ്പും ഇത്തരത്തിൽ വന്നിരുന്നു. ഇപ്പോൾ ഈ നന്ദിവിഗ്രഹം പിച്ചളയിൽ പൊതിഞ്ഞ് സ്വർണ്ണം പൂശിവച്ചിട്ടുണ്ടെങ്കിലും വ്രണമുണ്ടാകുന്നത് തുടർന്നുകൊണ്ടേയിരിയ്ക്കുന്നു.