ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

12 July 2025

എന്താണ് നാരായണീയം?നാരായണീയ മാഹാത്മ്യം എന്ത്?

എന്താണ് നാരായണീയം?
നാരായണീയ മാഹാത്മ്യം എന്ത്?

നാരായണീയം ഭാഗവത മഹാഗ്രന്ഥത്തിന്റെ സംഗൃഹീത രൂപമാണ്.
ഗുരുവായൂരപ്പ‌നെക്കുറിച്ചുളള ഭക്തിസാന്ദ്രമായ കാവ്യമാണിത്.
സംസ്കൃത പണ്ഡിതനായ മേൽപ്പത്തൂർ നാരായണഭട്ടതിരിയാണ് നാരായണീയത്തിന്റെ സ്രഷ്ടാവ്.
നാരായണീയ ഉദ്ഭവ കഥ ഇങ്ങനെ:-

മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാടിന്റെ വ്യാകരണഗുരുവായ അച്യുതപിഷാരടി പക്ഷവാതം പിടിപെട്ടു കിടപ്പിലായി.
അദ്ദേഹത്തിന്റെ വേദന കാണുവാൻ കഴിയാതെ ഗുരുദക്ഷിണയായി തന്റെ യോഗശക്തിയാൽ ഭട്ടതിരി വാതരോഗത്തെ തന്റെ ശരീരത്തിലാക്കി ഗുരുവിന്റെ കഷ്ടത അകറ്റി.

പിന്നീട് ഭട്ടതിരി രോഗശാന്തിക്ക് ഉപായമന്വേഷിച്ച് ഒരാളിനെ സംസ്കൃത പണ്ഡിതനും മലയാളഭാഷാ പിതാവുമായിരുന്ന തുഞ്ചത്തു രാമാനുജൻ എഴുത്തച്ഛന്റെ പക്കലേക്ക് അയച്ചു.
അദ്ദേഹം ‘‘മീൻ തൊട്ടുകൂട്ടു’’വാൻ ഉപദേശിക്കുകയും ചെയ്തു.
ബുദ്ധിമാനായ മേൽപ്പത്തൂർ അതിന്റെ സാരം മനസ്സിലാക്കുകയും ഗുരുവായൂരപ്പ സന്നിധിയിൽ എത്തി മത്സ്യാവതാരം മുതലുളള ഭാഗവത കഥകളും കണ്ണന്റെ ലീലാവിലാസങ്ങളും ഉൾപ്പെടുത്തിയുളള നാരായണീയം എന്ന സംസ്കൃത സ്തോത്ര കാവ്യത്തിന്റെ രചന ആരംഭിക്കുകയും ചെയ്തു.

14000 ശ്ലോകങ്ങളുളള ഭാഗവതപുരാണത്തെ അതിന്റെ സാരം ഒട്ടും നഷ്ടപ്പെടുത്താതെ തന്നെ 1034 ശ്ലോകങ്ങൾ ആക്കി ശ്രീഗുരുവായൂരപ്പനു സമർപ്പിച്ചു. ഭട്ടതിരിപ്പാടിന്റെ 27 വയസ്സിലാണ് ഇതു രചിച്ചത്. നൂറു ദശകങ്ങളായി നൂറു ദിവസം കൊണ്ടാണ് ഇത് എഴുതിത്തീർത്തത്.
ഓരോ ദിവസവും ഓരോ ദശകം വീതം അദ്ദേഹം ഗുരവായൂരപ്പനു സമർപ്പിച്ചു.

നൂറാം ദിവസം രോഗവിമുക്തനാകുകയും ആയുരാരോഗ്യ സൗഖ്യത്തോടെ സ്വഗൃഹത്തിലേക്കു മടങ്ങുകയും ചെയ്തു. പ്രസിദ്ധമായ കേശാദിപാദവർണന നൂറാം ദശകത്തിലാണ്.
നാരായണീയസ്തോത്രം ഒരു ദിവ്യൗഷധത്തിന്റെ ഫലമാണു ഭട്ടതിരിപ്പാടിനു നൽകിയത്.
നാരായണീയ നിത്യപാരായണത്തിലൂടെ രോഗങ്ങളും കടബാധ്യതകളും നീങ്ങുവാൻ സഹായിക്കുന്നു. ഭക്തിമാർഗമായിരുന്നു ഭട്ടതിരിയുടേത്. അദ്ദേഹത്തിന്റെ ഭക്തിമാർഗം നാരായണീയത്തിലുടനീളം തെളിഞ്ഞുനിൽക്കുന്നു.
നാരായണീയ പാരായണം ഭക്തവത്സലനും മുക്തിദായകനുമായ ശ്രീഗുരുവായൂരപ്പന്റെ പ്രീതിക്കു കാരണ‌മാകുന്നു. ചുരുക്കത്തിൽ ഗുരവായൂരപ്പനു മേൽപ്പത്തൂർ നൽകിയ കാണിക്കയാണു നാരായണീയം.

നമ്മുടെ ഉളള ചൈതന്യം കൂട്ടാൻ ഒരേ ഒരു മാർഗ്ഗമേ ഉള്ളു. നമ്മുടെ ഹൃദയം അടിച്ചുവാരി ഒന്ന് വൃത്തിയാക്കുക. വേണ്ടാത്ത ദുഷിച്ച ചിന്തകളെല്ലാം തൂത്തുവാരികളയുക. പായലു പിടിച്ച ഭിത്തികളിൽ പുതിയ പെയിന്റ് അടിക്കുന്ന പോലെ നമ്മുടെ ഹൃദയ ഭിത്തികളിൽ ശാന്തമായ വർണ്ണങ്ങൾ നല്കുക.
ദേഷ്യം, അഹങ്കാരം, അത്യാർത്തി, അപകർഷത, നിരാശ, ദുഷ്ചിന്തകൾ ഇതെല്ലാം നിറഞ്ഞ മനസ്സുകളിൽ ആ ചൈതന്യത്തിനു നിലനില്പ്പില്ല. അതു നശിച്ചുപോകും.
ശാന്തമായ, സ്വച്ഛമായ, സദ് ചിന്തകളുള്ള സദാ ഈശ്വര ചിന്തയുള്ള മനസ്സിൽ ഭഗവാൻ സ്വയം കളി പന്തലിട്ടു വിളയാടും എന്നാണ്.                                                                           

ആഗ്രഹങ്ങൾ ബാക്കി നിന്നാൽ ജന്മങ്ങൾ തുടർന്നുകൊണ്ടിരിക്കും.
അതു കൊണ്ട് ഈശ്വര ചിന്തയിൽ മുഴുകി പ്രാർത്ഥനകളോടെ ഏതൊരു മനുഷ്യ ജന്മത്തിന്റെയും അടിസ്ഥാന ലക്ഷ്യമായ തൃപ്പാദത്തിൽ സായൂജ്യം അടിയുക...

ഓം നമോ ഭഗവതേ വാസുദേവായ

No comments:

Post a Comment